2012, മാർച്ച് 4, ഞായറാഴ്‌ച

പെണ്ണ് കാണല്‍

ഈയിടെ ആയി എന്തിലും ഏതിലും ഒരു കല്യാണം മണം ആണ്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ആണ് പോലും. അടുത്ത ബന്ധുക്കള്‍ മുതല്‍ അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ കണ്ടാല്‍ ചോദിക്കുന്നത് " കല്യാണം ... എന്തായി? " എന്നായിരിക്കും.

" അതൊക്കെ പതുക്കെ നോക്കാം... കുറച്ചു കാലം കൂടി ഇങ്ങനെ അങ്ങ് പോട്ടെ " എന്നായിരുന്നു ആദ്യമൊക്കെ ഞാന്‍ മറുപടി കൊടുത്തത്. അത് പറഞ്ഞാല്‍ അടുത്ത മറുപടി ഇങ്ങനെ ആയിരിക്കും "ഇപ്പൊ പെണ്‍പിള്ളേര് കുറവാണ്. നമ്മുടെ ജാതിയില്‍ പെട്ടവര്‍ തീരെ കുറവാ. അതുകൊണ്ട് പെട്ടെന്ന് നോക്കിക്കോ."

അതല്ലേലും അങ്ങനെ ആണല്ലോ.. നമുക്ക് എന്തേലും വേണമെന്ന് തോന്നുമ്പോ അത് കിട്ടാന്‍ ഉണ്ടാവില്ല. കുറച്ചു കാശിനു ആവശ്യം വന്നിട്ട് കൊപ്ര വില്‍ക്കാന്‍ വേണ്ടി മലഞ്ചരക്ക് കടയ്ല്‍ ചെന്നപ്പോ കടക്കാരന്‍ പറഞ്ഞു "ഇപ്പൊ കൊപ്രക്കൊന്നും വേലയെ ഇല്ല." അത് പോലെ തന്നെ ബാംഗളൂരില്‍    താമസിക്കാന്‍ ഒരു വീട് അന്വേഷിച്ചു ബ്രോക്കര്മാരുറെ അടുത്ത്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു "ഇപ്പൊ വീട് കിട്ടാനേ ഇല്ല.... വല്യ ബുദ്ധിമുട്ടാ" എന്ന്.

ആ  ഒരു  ലാഘവത്തോടെ മാത്രമേ ഈ ഉപദേശങ്ങളെ ഞാന്‍ ആദ്യമൊക്കെ ഉള്‍ക്കൊണ്ടിരുന്നുള്ളൂ.  പക്ഷെ പെണ്ണന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ആണ് ഈ ഒരു ഉദ്യമം വിജയത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും അറിഞ്ഞത്.
നമുക്ക് പെണ്ണിനെ ഇഷ്ടമാകണം...പെണ്ണിന് നമ്മളെ ഇഷ്ടമാകണം... പിന്നെ വീട്ടുകാരെ ഇഷ്ടപ്പെടണം... അങ്ങനെ അങ്ങനെ എല്ലാം ശരിയായി വരുമ്പോഴായിരിക്കും  ശുക്രനും ചന്ദ്രനും ഒക്കെ വില്ലന്മ്മാരായി വരുന്നത്.
പെണ്ണിന്റെ അച്ഛന്‍ ചന്ദ്രേട്ടന്‍ സമ്മതിച്ചാലും അങ്ങ്  ആകാശത്തിലെ ചന്ദ്രന്‍റെ സമ്മതം കിട്ടിയാലേ സംഗതി നടക്കു എന്നതാണ് അവസ്ഥ! രാത്രിയില്‍ മഞ്ഞള്‍ തേച്ചു മിനുക്കി പ്രത്യക്ഷപ്പെടുന്ന  ഈ ചന്ദ്രന്‍റെ ഒക്കെ നല്ല മുഖങ്ങള്‍ മാത്രമേ പലരും  കണ്ടിട്ടുണ്ടാവു.. പക്ഷെ തനിക്കു റോള്‍ ഉണ്ട് എന്ന് തോന്നിക്കഴിഞ്ഞാല്‍ ചന്ദ്രന്‍ എന്നോ ഗുളികന്‍ എന്നോ ഇല്ല. എല്ലാവരും തനി നിറം കാണിക്കും.


ഇങ്ങനെ അന്യ ഗ്രഹങ്ങളാല്‍ വേട്ടയാടപ്പെട്ടു കല്യാണം വൈകി പോകുന്ന കുറെ മാനവ സുഹൃത്തുക്കള്‍ ഈ ഭൂമിയില്‍ എനിക്കുണ്ട്. അവരില്‍ മിക്കവരും ഇപ്പൊ കേരള മാട്രിമണിയില്‍ കുടിയേറി പാര്‍ത്തിരിക്കുന്നു.മിക്ക സുഹൃത്തുക്കളോടും ചാറ്റ് ചെയ്യണമെങ്കില്‍ ഇപ്പൊ കേരള മാട്രിമണിയില്‍ ലോഗിന്‍ ചെയ്യേണ്ട അവസ്ഥ ആണ് !


ഇങ്ങനെ ഒക്കെ ആണ് ഞാനും എന്റെ കൂട്ടുകാരും ഒക്കെ ഉള്‍പ്പെടുന്ന ലോകത്തിന്‍റെ ഇന്നത്തെ ചിത്രം.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ എനിക്ക് നാട്ടിലെ  ഒരു കൂട്ടുകാരന്റെ ഒരു  കോള്‍ വന്നു. അതി കാലത്ത് തന്നെ വന്ന കോള്‍ ആയതു കൊണ്ട് ആദ്യം ഞാന്‍ വിചാരിച്ചു "പണി കിട്ടി" എന്ന്. സാധാരണ ഇത് പോലെ വരുന്ന കൊളില്‍ കേള്‍ക്കാന്‍ പറ്റുക ഒരു തരം അപേക്ഷ ആയിരിക്കും. "അളിയാ ഞാന്‍ ബാംഗളൂരില്‍ എത്തീട്ടുണ്ട്. ഇപ്പൊ ധാ ഞാന്‍ മജസ്റ്റിക്കില്‍ ബസ്സിറങ്ങി. നീ ഫ്രീ ആണെകില്‍ ഒന്ന് ഇവിടം വരെ വന്നു എന്നെ പിക്ക് ചെയ്യുമോ?"

പക്ഷെ ഇതങ്ങനെ ആയിരുന്നില്ല. സംഭവം ഇത്രയേ ഉള്ളു. അവനു ഒരു പെണ്ണ് കാണാന്‍ പോകണം. കൂടെ പോകാന്‍ ഞാന്‍ കൂടി ഉണ്ടെങ്കില്‍ ഒരു സന്തോഷം. എനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ഒക്കെ ആയി ഒരു നാലഞ്ചു പെണ്ണ്  കാണല്‍ ചടങ്ങില്‍ പങ്കെടുത്ത അനുഭവ പരിചയം ഒരു മുതല്‍ക്കൂട്ട് ആയിരിക്കും എന്ന് കരുതിയായിരിക്കും ഈ കാര്യത്തില്‍ തികച്ചും നവാഗതനായ അവന്‍ എന്നെ കൂട്ടിനു വിളിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ പര്യടനത്തിനു പോകുമ്പോള്‍ അനുഭവ പരിചയം ഉള്ള കുറച്ചുപേര്‍ വേണം എന്നും പറഞ്ഞു വി വി എസ ലക്ഷ്മണിനെ ഒക്കെ ചുമന്നോണ്ട് പോകാറുണ്ടല്ലോ.. ഏതാണ്ട് അതുപോലെ!


എന്തായാലും എന്നെ വിളിച്ചതില്‍  അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം  ആദ്യമായിട്ട് പോകുമ്പോള്‍ അല്പം പരിഭ്രമം സാധാരണമാണല്ലോ . "ഗായത്രിയില്‍ വരുമ്പോള്‍ സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ "

ഞാന്‍ പറഞ്ഞു "എടാ,, ഇന്ന് ബുധനാഴ്ച അല്ലെ .. ഞാന്‍ ശനിയാഴ്ച നാട്ടിലോട്ടു വരാം. എന്നിട്ട്  ശനിയോ ഞായറോ പോകാം... സൗകര്യം പോലെ. എന്തെ? "

അവന്‍ സമ്മതിച്ചു. ഇനി കൂട്ടുകാരനെ കുറിച്ച് രണ്ടു വാക്ക്.

എന്റെ പണ്ട് തൊട്ടേ ഉള്ള കൂട്ടുകാരന്‍ ആണ് അവന്‍.., പേര് അനീഷ്‌ . നല്ല പയ്യന്‍ ആണ്. നല്ല സ്വഭാവം എന്ന് വെച്ചാല്‍ തങ്കപ്പെട്ട സ്വഭാവം. നാട്ടില്‍ തന്നെ ചെറിയ ജോലി ഒക്കെ ആയി കഴിഞ്ഞു കൂടുന്നു. അവന്റെ വീട്ടിനടുത്ത് ഒരു അമ്പലം ഉണ്ട്. അവിടെ ഉത്സവം നടത്തുക , നോട്ടീസ് ഒട്ടിക്കുക. ഉത്സവ പിരിവിനു പോകുക ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍  വ്യാപൃതനായി   സന്തുഷ്ട ജീവിതം നയിച്ച്‌ പോരുന്നു. കണിമംഗലത്തെ ജഗന്നാഥന്‍ എന്നാണ് അവന്‍ അവനെ സ്വയം വിളിച്ചിരുന്നത്.

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ഞാന്‍ നാട്ടില്‍ എത്തി. എത്തിയ ഉടനെ  തന്നെ ഞാന്‍ അവനെ ഫോണ്‍ ചെയ്തു.

"എടാ ഞാന്‍ നാട്ടില്‍ എത്തി. അപ്പൊ എങ്ങനെയാ പരിപാടി? "

     "എത്തിയോ.. ഓക്കേ . നമുക്കപ്പോ  ഒരു പത്തു മണി ആവുമ്പോ പോകാം. എന്തെ? ഞാന്‍ സജിയോടും പറഞ്ഞിട്ടുണ്ട്. അവനും വരുന്നുണ്ട്."

"ഓക്കേ ശരി . പത്തു മണി ആവുമ്പോ ഞാന്‍ സജിയെയും   കൂട്ടി നിന്റെ ബസ്സ്‌ സ്റ്റോപ്പില്‍ എത്താം . അവിടുന്ന് നമുക്ക് ഒരുമിച്ചു പോകാം."

അവനും സമ്മതിച്ചു. സജി  കൂടി ഉള്ളത് കാരണം എന്‍റെ ടെന്‍ഷന്‍ കുറച്ചു കുറഞ്ഞു. കാരണം , അല്ലെങ്കില്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തിയാല്‍ ഞാന്‍  ഒറ്റയ്ക്ക് വല്യ കാരണവരെ പോലെ കാര്യങ്ങള്‍ സംസാരിക്കണമല്ലോ. പയ്യന്‍ ഒത്തിരി ഒന്നും സംസാരിക്കാന്‍ പാടില്ല എന്നാണല്ലോ പൊതുവേ ഉള്ള വെപ്പ്.

പത്തു മണിക്ക് തന്നെ ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചു പെണ്‍ വീട്ടിലേക്കു തിരിച്ചു.ബസ്സിലാണ് യാത്ര.അനീഷിന്‍റെ  വീട്ടില്‍ നിന്നും ഒരു അഞ്ചെട്ടു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു പെണ്‍കുട്ടിയുടെ വീട്ടിലേക്കു എന്നവന്‍ പറഞ്ഞപ്പോ ഞങ്ങള്‍ ചോദിച്ചു

"എടാ പഹയ.. അപ്പൊ ലവ് ആണല്ലേ.. ? !"

"ഹേ അല്ലടാ.. എന്‍റെ ഒരു കൂട്ടുകാരന്‍റെ പരിചയത്തില്‍ ഉള്ള കുട്ടിയ, ഞാന്‍ കണ്ടിട്ടേ ഇല്ല " അനീഷ്‌ പറഞ്ഞു

"ഓഹോ .. എന്നാല്‍ പിന്നെ അവനെ കൂടി വിളിച്ചൂടായിരുന്നോ ? അതാവുമ്പോ ഒരു മീഡിയെറ്റര്‍ ആയല്ലോ. " സജി ചോദിച്ചു.

"ഇല്ല അവന്‍ ഇപ്പൊ നാട്ടില്‍ ഇല്ല. എന്ന് മാത്രമല്ല അവങ്ങനെ വല്യ പരിചയം ഒന്നും ഇല്ല. ജസ്റ്റ്‌ കണ്ടു പരിചയം ഉണ്ട് . അത്രേ ഉള്ളു. "

അവിടെ ചെന്നാല്‍ എന്തൊക്കെ പറയണം എന്തൊക്കെ പറയാന്‍ പാടില്ല എന്നൊക്കെ ഉള്ള സ്ക്രിപ്റ്റ് യാത്രയില്‍ ഉടനീളം ഞാന്‍ മനസ്സില്‍ മെനഞ്ഞു കൊണ്ടേ ഇരുന്നു.

അങ്ങനെ പെണ്ണിന്‍റെ വീടിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. ഒരു മൂന്നു മിനിറ്റ് നടന്നപ്പോള്‍ അല്പം ദൂരെ ആയി വീട് കണ്ടു. അനീഷ്‌  സ്വന്തം വീട്ടിലേക്കു പോകുന്നതു പോലെ ഒരു സംശയവും കൂടാതെ ആ വീട് ലക്ഷ്യമാക്കി നടക്കുന്നത് കണ്ടപ്പോ ഞങ്ങള്‍ക്ക് ഒരു സംശയം

 "എടാ, നിനക്കെങ്ങനെ കൃത്യമായി വീട് കണ്ടു പിടിക്കാന്‍ പറ്റി? ഒരു സംശയം പോലും ഇല്ലല്ലോ.. ?"

"എടാ, വഴി ഒക്കെ ആ കൂട്ടുകാരന്‍ പറഞ്ഞു തന്നിരുന്നു. പിന്നെ ഉത്സവ പിരിവിനും നോട്ടീസ് വിതരണത്തിനും ഒക്കെ ആയി നമ്മള്‍ എത്താത്ത നാടുണ്ടോ ! "

അവന്‍  തെല്ലൊരു അഹങ്കാരത്തോടെ ആണ് അത് പറഞ്ഞത്.
പക്ഷെ  ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം അവനു അറിയാവുന്നതിന്‍റെ   പത്തില്‍ ഒന്ന് പോലും സ്ഥലങ്ങളോ  ആള്‍ക്കാരെയോ  എനിക്കറിയില്ലല്ലോ ! പ്രവാസി ജീവിതത്തിന്റെ സംഭാവന ആണ് നാടിനെയും നാട്ടുകാരെയും കുറിച്ചുള്ള ഈ അറിവില്ലായ്മ.

നാലഞ്ചു സ്റെപ്പു കൂടി മുന്നോട്ട് വെച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നിന്ന് ഞങ്ങളോടായി അനീഷ്‌ പറഞ്ഞു
"എടാ പിന്നൊരു കാര്യം. ഞാന്‍ കാര്യമായി ഒന്നും ശ്രദ്ധിക്കില്ല കുട്ടിയെ. എല്ലാം നിങ്ങള്‍ വേണം നോക്കാന്‍.!. . . മനസ്സിലായല്ലോ....കാര്യം മനസ്സിലായല്ലോ ? "

"ആ കാര്യം നമ്മള്‍ ഏറ്റു ! പിന്നൊരു കാര്യം .. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ ചോദിച്ചത് പോലെ ഓരോ മണ്ടത്തരങ്ങള്‍ ചോദിച്ചു നീ ആയിട്ട് കുളമാക്കതിരുന്നാല്‍ മതി " ഒരു ചിരിയോടെ  സജി പറഞ്ഞു.


"എടാ പിന്നൊരു കാര്യം... അവര്‍ ചായയുടെ കൂടെ എന്തേലും ഒക്കെ കഴിക്കാന്‍ തരും. പെണ്ണിനെ നിനക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ , ഇനി ഒരിക്കലും അവരെ കാണേണ്ടി വരില്ല എന്ന് ഉറപ്പാണെങ്കില്‍...., അങ്ങനെ ആണെങ്കില്‍ മാത്രം  നീ വാരി വലിച്ചു കഴിച്ചോളു .. വേണേല്‍ കുറച്ചു പോക്കറ്റിലും ഇട്ടോ " - എന്നാല്‍ ആവുന്ന ഉപദേശം ഞാനും കൊടുത്തു.

എന്തായാലും നടന്നു നടന്നു വീടിന്റെ അടുത്തെത്തി... നടത്തത്തിനു അല്പം സ്പീട് കുറഞ്ഞു.

"ഇനി ഡീസെന്‍റ് ആവു ..ഡീസെന്‍റ് ആവു !" അനീഷ്‌  ഞങ്ങളെ തോണ്ടി.

വീടിന്‍റെ മുറ്റത്തെത്തി.കൊച്ചു വീട്. പക്ഷെ നല്ല അടക്കവും ഒതുക്കവും വൃത്തിയും ഉണ്ട്. വാതില്‍ അടഞ്ഞു കെടക്കുന്നു. പക്ഷെ അകത്തു ആള്‍ ഉണ്ടെന്നു ഉറപ്പു.അടുക്കളയില്‍ നിന്ന് ആണെന്ന് തോന്നുന്നു ... ചെറിയ ശബ്ദങ്ങള്‍ പുറത്തേക്കു കേള്‍ക്കാമായിരുന്നു.

ഞങ്ങള്‍ മുറ്റത്തു  തന്നെ നിന്നു . ഒന്ന് ചുമച്ചു നോക്കി . ആരും വന്നില്ല. ഒടുവില്‍ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി.വാതില്‍ പതുക്കെ തുറന്നു. ഒരു സുന്ദരികുട്ടി വാതില്‍ തുറന്നു. എന്നിട്ട് ഞങ്ങളുടെ മൂന്നു പേരുടെയും മുഖത്തേക്ക് നോക്കി.

"നല്ല കുട്ടി. എന്തൊരു ഐശ്വര്യം. കൊള്ളാം ഡാ."ഞാന്‍ മനസ്സില്‍ അനീഷിനെ  പ്രശംസിച്ചു.

 പാതി തുറന്ന വാതില്‍ മുഴുവന്‍ ആയി തള്ളി നീക്കി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു

"കേറി ഇരിക്ക്"  - എന്നിട്ട് വരാന്തയിലെ കസേരയിലേക്ക് അവള്‍ കണ്ണോടിച്ചു കാണിച്ചു.

കൊള്ളാം നല്ല തറവാടിത്തവും ആതിഥ്യ മര്യാദയും ഉള്ള കുട്ടി.

അപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം  "ആരാ മോളെ? "

അവള്‍ അടുക്കള ഭാഗത്തേക്ക് നോക്കി അല്പം ഉറക്കെ പറഞ്ഞു

"അമ്മെ,പിരിവിനു വന്നവരാ.. . ഉത്സവത്തിന്‍റെ പിരിവിനു!! " അവള്‍ അകത്തേക്ക് പോയി.

ടപ്പേ... എല്ലാ തകര്‍ന്നു!!! ഞങ്ങള്‍ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി.
"സന്ദേശം ... ശ്രീനിവാസന്‍...... ... ചായ ..സ്ക്രിപ്റ്റ് ! ഹോ എന്തൊക്കെ ആയിരുന്നു !" എല്ലാം പോയില്ലേ ! ഞാന്‍ പതുക്കെ ഉരുവിട്ടു

അനീഷിന്റെ മുഖം വിളറി വെളുത്തിരുന്നു. ചമ്മല്‍ എന്ന് പറഞ്ഞാല്‍ നല്ല എ ക്ലാസ്സു ചമ്മല്‍ !!!

 ഇങ്ങനെ ഒരു ഇമേജില്‍ ഇനി എങ്ങനെ പെണ്ണ് ചോദിക്കും!

"തോമസ്‌ കുട്ടീ വിട്ടോട" എന്ന് പറഞ്ഞു മുകേഷും കൂട്ട്കാരും ഓടുന്നത് പോലെ  അമ്മ വരാന്തയില്‍ എത്തുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കിയാലോ  എന്ന് ഓര്‍ത്തതാ ... പക്ഷെ ഇത് സിനിമ അല്ലല്ലോ! അപ്പഴേക്കും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് അമ്മ എത്തിയിരുന്നു.

അവര്‍ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ അനീഷ്‌ ചാടി കേറി അങ്ങോട്ട്‌ പറഞ്ഞു "ഏച്ചീ, ഞങ്ങള്‍ ഇവിടെ അടുത്ത് ഒരിടം വരെ പോയതാ. വല്ലാത്ത ദാഹം . അപ്പൊ  ഇവിടെ വന്നു കുറച്ചു വെള്ളം കുടിക്കാലോ  എന്ന് കരുതി  കേറിയത ""ഓഹ്.. അതിനെന്താ ...ഇപ്പൊ തരാം " അവര്‍ അടുക്കളയില്‍ പോയി വെള്ളം കൊണ്ട് വന്നു. മൂന്നു പേരും ശരിക്കും വെള്ളം കുടിച്ചു.ഒരു പക്ഷെ അങ്ങനെ ചാടി കേറി ചോദിച്ചില്ലായിരുന്നു എങ്കില്‍ അവര്‍ കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ടിനെയോ ഉത്സവത്തെയോ കുറിച്ച് എന്തെങ്കിലും ഒക്കെ പരാമര്‍ശനങ്ങള്‍ നടത്തിയേക്കും എന്ന് ഓര്‍ത്തിട്ടാണ് അവന്‍ ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് പിന്നീടു അവന്‍ തന്നെ പറഞ്ഞു ഞാന്‍ അറിഞ്ഞു.വെറുതെ എന്തിനാ ശവത്തില്‍ കുത്തിക്കുന്നെ എന്ന് പാവം ഓര്‍ത്ത്‌ പോയിക്കാണും!

കല്യാണ കഴിക്കാത്ത യുവാക്കള്‍ ജാഗ്രതൈ ! പിരിവിനു പോകുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.അല്ലെങ്കില്‍ പെണ്ണ് കാണാന്‍ പോകുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടി വരും! :)                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...