2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

"കാർ എൻജിൻ ഔട്ട് കമ്പ്ലീറ്റ്‌ലി "


സായം സന്ധ്യ നേരത്ത് പൊടിക്കാറ്റ് ഏറ്റ് , വാഹനങ്ങളുടെ  പുകയും ശ്വസിച്ച് , തട്ടുകടയിലെ പാന്‍ പരാഗിന്‍റെ  മണമുള്ള ചായയും നുണഞ്ഞുകൊണ്ട് ഹോണ്‍ അടി ശബ്ദങ്ങളും അസ്വദിച്ചു  നില്‍ക്കുമ്പോഴാണ് ആ വാര്‍ത്ത എന്നെ തേടിയെത്തിയത് .

സഹമുറിയനായ നന്ദന്‍ കാര്‍ വാങ്ങിക്കാന്‍ പോകുന്നു !

ഫ്തൂ ... ആ ചായ ഞാന്‍ തുപ്പികളഞ്ഞു.

ഡസ്പ് !!!

കൂടെയുള്ളവന്‍ നല്ല നിലയില്‍ എത്തുന്നു എന്നറിയുമ്പോള്‍ മനസ്സിലുണ്ടാവുന്ന വ്യസനവും നമ്മളെ കൊണ്ട് ഇതൊന്നും പറ്റുന്നില്ലല്ലോ എന്നറിയുമ്പോ ഉണ്ടാവുന്ന നിരാശയും എന്നില്‍ പൊട്ടി മുളച്ചു ."രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലെറ്റുന്നതും ഭവാന്‍" - പണ്ട് രാധ ടീച്ചര്‍ ചൊല്ലിത്തന്ന മലയാളം കവിത മനസ്സില്‍ ഓടിയെത്തി.

സുഖ ഭോഗങ്ങള്‍ ക്ഷണപ്രഭാചന്ജലങ്ങള്‍ ആണെന്ന കവി വചനം പലവട്ടം മനസ്സില്‍ ഉരുവിട്ടെങ്കിലും മനസ്സിന് തീരെ ആശ്വാസം ലഭിച്ചില്ല എന്ന് മാത്രമല്ല കാര്‍ ഓടിച്ചോണ്ട് പോകുന്ന നന്ദന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വരികയും ചെയ്തു

അല്‍പ നേരത്തിനു ശേഷം ഞാന്‍ യാതാർത്ഥ്യവുമായി പൊരുത്തപ്പെട്ടു. നമുക്ക് തോൽപ്പിക്കാൻ പറ്റാത്തതിനോട് യുദ്ധം പ്രഖ്യാപിച്ചിട്ട് കാര്യമില്ല. അപ്പോൾ രമ്യതയിൽ പോകുന്നതാണ് നല്ലത് അതാണ് ലോക നിയമം.

എന്നിലെ ഡ്രൈവിംഗ് സ്വപ്നങ്ങളെ ഞാൻ  ഉദ്ദീപിപ്പിച്ചു . ഡ്രൈവിംഗ് പഠിക്കാനുള്ള ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് പൂവണിയുന്നത്. അങ്ങനെ രണ്ടു പേരും ഡ്രൈവിംഗ് ക്ലാസ്സിലൊക്കെ പോയി വിജയകരമായി ലൈസൻസ് നേടി എടുത്തു.

കാർ ഓടിക്കാൻ പഠിച്ചതും ലൈസൻസ് കിട്ടിയതും എല്ലാം വെറും മൂന്ന് ആഴ്ച മുന്നേ മാത്രം ആയതുകൊണ്ട് ആ സമയത്തെ ഓട്ടം ശരിക്കും രസകരമായിരുന്നു. ജീവിതത്തിൽ  എന്ത് കാര്യവും പഠിച്ചു വരുന്ന ആ സമയത്ത്, അല്ലെങ്കിൽ പഠിച്ചു കഴിഞ്ഞ ഉടനെയുള്ള കുറച്ചുനാൾ ആയിരിക്കും ഏറ്റവും ആസ്വാദ്യകരം. അതിൽ തഴക്കവും പഴക്കവും നേടിക്കഴിഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും പോലെ അതും നിത്യ  ജീവിതത്തിന്റെ ഭാഗമാകുന്നതു കൊണ്ടാവാം  അതിലെ രസം അവിടെ തീരുന്നു. ആദ്യമായി സൈക്കിൾ ഉരുട്ടിയപ്പോഴും പിന്നെ അത്  ഓടിക്കാൻ പഠിച്ചപ്പോഴും ഉണ്ടായിരുന്ന ത്രില്ല് പിന്നീടൊരിക്കലും സൈക്കിളിൽ പോകുമ്പോൾ ഉണ്ടായിരുന്നില്ല. അത് പോലെ പലതിലും.

വണ്ടി നന്ദന്റേത് ആയിരുന്നെങ്കിലും, അവൻ എടുക്കാത്ത ദിവസങ്ങളിൽ എല്ലാം ഞാൻ അതും എടുത്തോണ്ട് ഓഫീസിൽ പോകുമായിരുന്നു.വെറും മൂന്നാഴ്ച തഴക്കമുള്ള ഡ്രൈവർ ആണ് നമ്മൾ എന്നത് ആർക്കും തോന്നാൻ പാടില്ല എന്ന കോംപ്ലക്സ് ഉണ്ടായിരുന്നത് കൊണ്ട്  ഒരു കൂൾ ഡ്രൈവർ ആണെന്നും വര്ഷങ്ങളായി വണ്ടി ഓടിക്കുന്നവൻ ആണെന്നും ഉള്ള ഒരു തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കാനായി - വെറുതെ ഇരിക്കുമ്പോൾ പുതിയ കാറുകളുടെ ഫീച്ചറുകൾ ഗൂഗിളിൽ നോക്കി പഠിച്ചു മനസ്സിൽ വെച്ച് നാലുപേർ കൂടുന്നെടുത്തു ചെന്ന് സ്വന്തം കണ്ടെത്തലുകൾ പോലെ വിളമ്പുക,  കാറിൽ ഉറക്കെ പാട്ട്  വെക്കുക, പാട്ടുകേട്ടുകൊണ്ട് സ്റ്റീറിങ്ങിൽ താളം പിടിക്കുക , ഒറ്റ കൈ കൊണ്ട് ഓടിക്കുക ഈ വിഭാഗത്തിൽ പെട്ട ചില പൊടിക്കൈകൾ ഒക്കെ ഞാനും പ്രയോഗിച്ചു എന്റെ ഉള്ളിൽ ഞാൻ തന്നെ സൃഷ്‌ടിച്ച - കാൽ നടയാത്രക്കാരനെയും , സഹ വാഹനങ്ങളിലെ യാത്രക്കാരെയും  ഒക്കെ അത്ഭുതപ്പെടുത്തി വർണ്ണ വിരാചിത അത്ഭുത ലോകത്തിൽ ഞാൻ ഷുമാക്കർ ആയി  അലിഞ്ഞു ചേർന്ന് പുളകിതനായി നിമിഷങ്ങൾ കടന്നു പോകുമ്പോഴായിരുന്നു തൊട്ടു മുന്നിലുള്ള സെന്റ് ജോൺസ് സിഗ്നൽചുവപ്പു മാറ്റി പച്ചയാക്കിയത്.

പച്ചയായി എന്ന് ഞാൻ അറിഞ്ഞതു തുരുതുരെ ഉള്ള ഹോണടി കേട്ടാണ്. സിഗ്നലിൽ ഏറ്റവും മുന്നിലെ നിരയിൽ ആയിരുന്നു എന്റെ കാർ.പൊതുവെ  മുൻ നിരയിൽ സിഗ്നൽ കാത്തു കിടക്കുന്ന വണ്ടികൾ സിഗ്നൽ പച്ചയായി എന്നറിയുന്നത് പുറകിലെ വണ്ടികളുടെ ഗർജ്ജനങ്ങൾ കേട്ടായിരിക്കും. അതങ്ങനെയാണ്. മുന്നിൽ നിൽക്കുന്നവന്റെ മുന്നിൽ ലോകം പരന്നങ്ങനെ   കിടക്കുവാണ്.അവന്റെ മുന്നിലുള്ള നൂറു കണക്കിന് കാഴ്ചകളിൽ ഒന്ന് മാത്രമാണ് സിഗ്നൽ ലൈറ്റുകൾ. അതുകൊണ്ട് തന്നെ അവൻ അലസനും ആയിരിക്കും.  എന്നാൽ പിറകിൽ നിൽക്കുന്നവർക്ക് ആകെ കൂടിയുള്ള കാഴ്ച മുന്നിലെ വണ്ടികളുടെ ആസനങ്ങളും , സിഗ്നൽ ലൈറ്റുകളും മാത്രമാണ് . അതിൽ നിന്നും രക്ഷപ്പെട്ട് ഓടാനുള്ളഏതവസരവും കാത്തിരിക്കുന്ന അവർക്ക്  വിജിലന്റ്ആയെ പറ്റു.

ഞാൻ പെട്ടെന്ന് കാര് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. സ്റ്റാർട്ട് ആവുന്നില്ല. ചെറിയ ഞരക്കം മാത്രം. വീണ്ടും ശ്രമിച്ചു. നോ രക്ഷ. പിറകിൽ നിന്നുള്ള ഹോണടികൾ ചീത്ത വിളികളായി എന്നെ തേടിയെത്താൻ തുടങ്ങി. വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആവുന്നില്ല.പുറകിലുള്ള വണ്ടികൾ എന്റെ വലതു വശത്തൂടെയും ഇടതു വശത്തൂടെയും തൊട്ടു തൊട്ടില്ല എന്ന മട്ടിലും, എന്നാൽ കണ്ണുരുട്ടൽ, തെറി പറച്ചിൽ, പുച്ഛം തുടങ്ങിയ ഐറ്റംസ് എന്നെ നല്ല പോലെ സ്പര്ശിച്ചും തന്നെ കടന്നു പോയി. വീണ്ടും സിഗ്നൽ ചുവപ്പായി. പുറകിലെ നാടകങ്ങൾക്ക് തൽക്കാലം ഇടവേളയായി.

ഞാൻ വേഗം ഇറങ്ങിചെന്ന് അടുത്തുള്ള പോലീസുകാരനോട്
" സർ വണ്ടി സ്റ്റാർട്ട് ആവുന്നില്ല. എന്തോ കംപ്ലയിന്റ് ഉണ്ട് "
പ്രത്യേകിച്ച് സഹായം ഒന്നും കിട്ടിയില്ല .
പക്ഷെ എന്റെ അവസ്ഥ കണ്ടു സങ്കടം തോന്നിയ രണ്ടു ചെറുപ്പക്കാർ ഓടി വന്നു വണ്ടി തള്ളി തന്നു. വണ്ടി റോഡിൽ നിന്നുംമാറ്റി സെന്റ് ജോൺസ് പള്ളിയുടെ അടുത്തേക്ക് കൊണ്ടുവച്ചു. അങ്ങനെ ഞാൻ എന്ന പ്രതിബന്ധംമാറ്റിക്കൊടുത്തു. പക്ഷെ എന്റെ പ്രതിബന്ധങ്ങൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ഞാൻ ആണെങ്കിൽ "എം.സി.എ" ആയതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച്  ഒരു പിടിപാടും എനിക്ക് ഇല്ലായിരുന്നു. അടുത്താണെങ്കിൽ ഒരു മെക്കാനിക് നെയും കാണാനുമില്ല.

" നന്ദനെ വിളിച്ചു പറഞ്ഞാലോ കാര്യങ്ങൾ ?"

" വേണ്ട." കാരണം അവനെ ഇതൊന്നും അറിയിക്കണ്ട. അവനു താങ്ങാൻ പറ്റില്ല എന്നതുകൊണ്ടല്ല ,പിന്നെ ഭാവിയിൽ എനിക്ക് അവൻ വണ്ടി തന്നില്ലെങ്കിലോ എന്ന പേടി! പ്രതിസന്ധികളിലും നമ്മൾ ബുദ്ധിശക്തി കൈവിടരുത്.

ഒന്നും നോക്കിയില്ല.  വണ്ടികളുടെ സർവവിജ്ഞാനകോശമായ , " മനുഷ്യരേക്കാൾ നന്ദിയുള്ള വർഗമാണെടോ വണ്ടികൾ " എന്ന് പറയുന്ന , ജനങ്ങൾ " വണ്ടി മേനോൻ, വണ്ടി മേനോൻ" എന്ന് വിളിക്കുന്ന എന്റെ  കൂട്ടുകാരൻ സിജോയെ ഞാൻ ഫോൺ വിളിച്ചു കാര്യം പറഞ്ഞു.
" സിജോ, വണ്ടിക്ക് എന്തോ ഒരു കംപ്ലയിന്റ്. സ്റ്റാർട്ട് ആവുന്നില്ല.  ഇവിടെ റോഡ് സൈഡിൽ നിർത്തിയേക്കുവാ. എന്തെങ്കിലും ഐഡിയ ?"

പുള്ളിക്കാരൻ  ഫുൾ ഡീറ്റെയിൽസും  കളക്ട് ചെയ്തു . എന്നിട്ട് ഐഡിയകൾ ഓരോന്നായി പറഞ്ഞു തരാൻ തുടങ്ങി.

" മിക്കവാറും സ്പാർക്ക്  പ്ലഗ്ഗ് തകരാർ ആയിട്ടുണ്ടാവും"

 " എന്ത് ... ഇത്രേം കാലം വണ്ടി ഓടിച്ചിട്ടും അങ്ങനൊരു പ്ളഗ് ഞാൻ കണ്ടിട്ടില്ലല്ലോ" (ആത്മഗതത്തിൽ നിർത്തി) "

" അല്ലെങ്കിൽ ചിലപ്പോ വണ്ടിയുടെ ബാറ്ററി ഡൌൺ ആയിട്ടുണ്ടാവാം "

 " ഹേ അതാവില്ല സിജോ . എന്നും ഓടുന്ന വണ്ടിയല്ലേ.. അങ്ങനെയൊക്കെ ഡൌൺ ആവോ?" (ഹോ എന്തെങ്കിലും ഒക്കെ പറഞ്ഞു നിക്കാൻ പറ്റി. ഭാഗ്യം ! ഡക്കിൽ ഔട്ട് ആയില്ല )

പക്ഷെ സിജോ എറിഞ്ഞിട്ടു " ആയിക്കൂടാ എന്നില്ല .വീക്ക് ബാറ്ററിയും നോൺ-ചാർജിങ് ഡയനാമോയും ആണേൽ സംഭവിക്കാവുന്നതേ ഉള്ളു "

ഒരു മാതിരി " വിഘടന വാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തർധാര " സിദ്ധാന്തം പോലെ തോന്നിയപ്പോ കൂടുതൽ ഒന്നും പറയാതെ , " ഓക്കേ , ഞാൻ നോക്കട്ടെ. വിളിക്കാം " എന്ന് മാത്രം പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു .

ചുറ്റിലും നോക്കി . ഒരു വർക്ക് ഷോപ്പും  കാണാനില്ല. കണ്ടാൽ ഒറ്റ നോട്ടത്തിൽ മെക്കാനിക് ആണെന്ന് തെറ്റിദ്ധരിക്കാൻ വക ഒരാൾ പോലും അത് വഴി പോയതുമില്ല. നേരം ഇരുട്ടി തുടങ്ങി.

ശെടാ പുലിവാല് ആയല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ,പഴെയൊരു വണ്ടി ഫ്രണ്ട് -സരുൺ നെ  വിളിച്ചാലോ എന്ന് തോന്നിയത്.

അവൻ പറഞ്ഞു " ചെലപ്പോ ലൂസ് കോൺടാക്ട് ആവാം. അല്ലേൽ ക്ലച്ച് ബേൺ . അതിപ്പോ വന്നു നോക്കിയാലേ പറയാൻ പറ്റു ഡാ. വേണേൽ ഞാൻ വരാം. പക്ഷെ ഏതാണ് 2  മണിക്കൂർ പിടിക്കും."

" ഓഹ് .. ഓക്കേ. ശരി ഞാൻ വേറെ വല്ല വഴിയും ഉണ്ടോന്നു നോക്കട്ടെ " ന്നു പറഞ്ഞു ആ കോളും കട്ട് കിയ.


ഒരാളെ കൂടിയേ ഇനി  വിളിച്ചു  നോക്കാനുള്ളു . ഷൈജു . ഷൈജു തോമസ്. ഫോണെടുത്തു ഞെക്ക്കി.കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം അവൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ അങ്ങോട്ട് പറഞ്ഞു " ബാറ്ററി ഡൗൺ ,സ്പാർക്ക്  പ്ലഗ്ഗ് തകരാർ,ലൂസ് കോൺടാക്ട്,ക്ലച്ച് ബേൺ  ഇതൊന്നുമല്ലാതെ ലളിതമായി എന്തെങ്കിലും മൊഴിയാൻ ഉണ്ടോ?

" ഇതൊന്നുമല്ലെങ്കിൽ സ്റ്റാർട്ടിങ് മോട്ടോർ ഇഷ്യൂ എന്നൊരു വകുപ്പ് അടിയൻ പറഞ്ഞാൽ? ഹ ഹ . ഒരു കാര്യം ചെയ്യാം . എനിക്ക് പരിചയം ഉള്ള ഒരു മെക്കാനിക് ഉണ്ട്. ഞാൻ പുള്ളിയെ അങ്ങോട്ട് വിടാം. ഒരു മുപ്പത് മിനിറ്റ് എടുക്കും എത്താൻ . ഓക്കേ ആണോ ? "

" ഡബിൾ ഓക്കേ." സമാധാനമായി.

ഈ കാർ എന്ന് പറയുന്നത് ഒരു വലിയ സംഭവം ആണെന്നും , മുകളിൽ പറഞ്ഞ മാതിരി നൂറു കൂട്ടം സാധനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ഇത് ഓടുന്നതെന്നും , അതിന്റെ അകത്തു കേറിയിരുന്നു വളയം തിരിക്കുന്ന എനിക്ക് ഒരു കണയും  അറിയില്ലാ എന്നും ഇതോടെവെളിപാടുണ്ടായി.

ഏതാണ്ട് പറഞ്ഞ സമയം ആയപ്പോൾ മെക്കാനിക്ക് എത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വന്ന ഉടനെ ബോണറ്റ് പൊക്കി. എന്നോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. സ്റ്റാർട്ട് ആവുന്നില്ല .

"ഹാവു  ഭാഗ്യം . ഇഷ്യൂ ഈസ് റീ പ്രൊഡ്യൂസബ്ൾ !!!"

സാധാരണ ഇത് പോലുള്ള ഘട്ടങ്ങളിൽ ടെക്‌നിഷ്യൻ വരുമ്പോൾ അത് വരെ വർക്ക് ചെയ്യാതിരുന്ന ഉപകരണങ്ങൾ വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട് .ഏതായാലും ഇന്നങ്ങനെ ഉണ്ടായില്ല.മെക്കാനിക്കിന് വെറുതെ പണം കൊടുക്കണ്ടല്ലോ.

മെക്കാനിക് വന്നു പണി തുടങ്ങി. പൊക്കി വെച്ച ബോണറ്റിന്റെ ഇടയിൽ കൂടി തല പുറത്തേക്കു വലിച്ചു ഒരു അലസ മട്ടിൽ , ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന എനിക്ക് നേരെ കണ്ണെറിഞ്ഞുകൊണ്ട്  ചോദിച്ചു . " പെട്രോൾ ഉണ്ടല്ലോ അല്ലെ ? "

ടക്ക് !!! പെട്രോൾ !!!  ഞാൻ തകർന്നു പോയി. നാണക്കേടിന്റെ പടുകുഴിയിൽ
ഒരു തുരങ്കം ഉണ്ടാക്കി അതിന്റെ അങ്ങേ അറ്റത്ത് വെറും നിലത്ത് ഇനിയുള്ള കാലം കഴിഞ്ഞു കൂടാൻ എനിക്ക് തോന്നി.

എന്തോ പന്തികേട് തോന്നിയ അയാൾ ഉടനെ എന്റെ അടുത്ത് വന്നുഫ്യുവൽ ഇൻഡിക്കേറ്റർ നോക്കി . എന്നിട്ടു പറഞ്ഞു " സാറേ, പെട്രോൾ ഇല്ലാതെ എങ്ങനെ വണ്ടി സ്റ്റാർട്ട് ആവും " !!

കൂടുതൽ ഒന്നും പറഞ്ഞില്ല. പുതുതായി ആരും അറിയേണ്ട എന്ന് കരുതി പുള്ളി അർഹിക്കുന്നതിലും ഒരു നൂറു രൂപ കൂടുതൽ ഞാൻ അങ്ങ് കൊടുത്തു അയാളെ യാത്രയാക്കി.ഒരു പണിയും എടുക്കാതെ, ചുളുവിൽ എന്റെ മാനത്തിന്റെ വിലയും മടക്കി പോക്കറ്റിലാക്കി മടിവാളയിലെ തെരുവിലൂടെ അയാൾ കട്ടപ്പയെ പോലെ നടന്നകന്നു.

കാലം കടന്നു പോയി ...ചീറി പായുന്ന വാഹനങ്ങളെ നോക്കി വീടിന്റെ ഉമ്മറത്തു വെറുതെ ഇരുന്നു പാഴാക്കുന്ന ചില നേരത്തൊക്കെ ഈ ജാള്യത കഥ ഒരു ഓക്കാനം പോലെ തീകട്ടിയെത്തും. പക്ഷെ അപ്പോഴൊക്കെ ആശ്വസിക്കാൻ ഞാൻ ഒരു വഴി കണ്ടെത്തിയിരുന്നു .  "വണ്ടിയുടെ കൊമ്പത്തെ ആൾക്കാർ ആയിരുന്നിട്ടും ഷൈജു,സിജോ,സരുൺ ഇവർ  ആർക്കും  തോന്നിയില്ലല്ലോ പെട്രോളിന്റെ കാര്യം. അപ്പൊ അത്രയൊക്കെയേ ഉള്ളു!!!

" എന്നാലും ആ സരുണിന്റെ ഒക്കെ വീട് എന്റെ വീടിത്തെ അടുത്താ.. എന്നിട്ടും അവനെന്നോട് ഇങ്ങനെ ... !! " 

2018, ജനുവരി 29, തിങ്കളാഴ്‌ച

ഒരു പേരും കുറേ പേരും



" മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

 " എന്താന്ന് ???"

"  മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

HR കാരൻ ദയനീയമായി എന്നെ നോക്കി. ദയനീയതയുടെ ബുർജ്ജ് ഖലീഫയിലിരുന്നു ഞാൻ തിരിച്ചും.

പാവം അയാൾക്ക് ഒരെത്തും പിടീം   കിട്ടീല്ല.

അത് പറഞ്ഞപ്പഴാ ,വായനക്കാരായ  നിങ്ങൾക്ക് ഇതെന്താന്ന് പുടികിട്ടിയ?

ഇല്ലെങ്കിൽ ബാക്കി കൂടി പറയാം . അപ്പൊ പുടി കിട്ടും .

" ഞാൻ ടൈപ് ചെയ്തു  തരാം "  അയാളുടെ കയ്യിൽനിന്നും   കീബോർഡ് വാങ്ങിച്ചു ഞാൻ ടൈപ്പ് ചെയ്തു.

PRAJITH MOOLAKKAL KUNHUMPIDUKKA

"എന്തോന്നെടേയ് വല്ല  കാട്ടുജാതിയും ആണോ" എന്ന മട്ടിൽ ഒന്നുടെ എന്നെ നോക്കി അയാൾ ഊറിയൂറി ചിരിച്ചു.

ഞാനും കൂടെ ചിരിച്ചു. ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിച്ച പോലെ ഏതാണ്ട് ഞാനും അങ്ങ് ചിരിച്ചപ്പോ അയാൾ ജനാർദ്ദനനെ  പോലെ സീരിയസ് ആയി. എന്റെ മുഴുവൻ പേര് പറഞ്ഞ വേളയിലെല്ലാം ഒരു പുച്ഛ ചിരി ജീവിതത്തിൽ പലപ്പോഴായി ഞാൻ കേട്ടിട്ടുണ്ട്. ആദ്യമൊക്കെ അരോചകമായി എനിക്ക് തോന്നിയെങ്കിലും ചിരിയെ ചിരി കൊണ്ട് നേരിടണം എന്ന ശ്രീനിവാസൻ മോഡൽ പയറ്റാൻ തുടങ്ങിയതിൽ പിന്നെ ഈ രംഗങ്ങൾ അധികം വലിച്ചു നീട്ടലില്ലാതെ പെട്ടെന്ന് കർട്ടൻ ഇട്ട് അവസാനിപ്പിക്കാൻ എനിക്ക് പറ്റാറുണ്ട്. ശ്രീനിയേട്ടന് വീണ്ടും നന്ദി.

ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞു ജോലികിട്ടിയ ആദ്യ കമ്പനിയിലെ ജോയ്‌നിങ് ഡെയിൽ HR കാരന് ഡീറ്റെയിൽസ് കൊടുക്കുന്നതാണ് ഇപ്പഴത്തെ ഈ രംഗം. പുള്ളി മലയാളി ആയതുകൊണ്ട് കാര്യങ്ങൾ സുഗമമായി നടക്കുമെന്ന പ്രത്യാശയിൽ ആണ് ഒരു ഹിന്ദിക്കാരൻ HR എന്നെ വിളിച്ചപ്പോൾ , പെട്ടെന്ന് എന്തോ പേപ്പർ മിസ് ആയ പോലെ ഞാൻ എന്റെ ഫയൽ എടുത്ത് എണ്ണിയ പേപ്പർ വീണ്ടും വീണ്ടും വീണ്ടും വീണ്ടും എണ്ണിക്കൊണ്ട് , തൊട്ടു പിറകിൽ നിന്ന പയ്യനെ, സന്ദേശത്തിലെ മാമൂക്കോയ പറഞ്ഞ പോലെ  " എന്ത് വിലകൊടുത്തും നിങ്ങൾ ഈ  മണ്ഡലം പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കണം " എന്ന മട്ടിൽ ഞാൻ സ്വയപ്രഖ്യാപിത മണ്ഡലം പ്രെസിഡന്റായി  ദുരന്തമുഖത്തേക്ക് തള്ളിവിട്ടു.

പക്ഷെ ജോഷി ചതിച്ചാശാനെ !

ഇതിലും ഭേദം ഒരു പക്ഷെ ആ ഹിന്ദിക്കാരൻ HR ആയേനെ.

" അല്ല ഇതിപ്പോ എന്തിനാ ഫുൾ നെയിം എക്സ്പാന്റ് ചെയ്യണേ. SSLC  ബുക്ക് ലും ബാക്കി എല്ലാ സർട്ടിഫിക്കറ്റ് ലും പ്രജിത്ത് എം കെ എന്ന് മാത്രല്ലേ ഉള്ളു "

" അത് ശരിയാണ് പ്രജിത്ത്. പക്ഷെ ഈ കമ്പനിയിൽ ഈമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നത്  "ഫസ്റ് നെയിം ഡോട്ട് ലാസ്‌റ്  നെയിം @കമ്പനി നെയിം.കോം " എന്ന ഫോർമാറ്റിൽ ആണ്. പാസ്പോര്ട്ട് കൊണ്ടുവരണം എന്ന് പ്രത്യേകം പറഞ്ഞത് ഈ ഒരു ആവശ്യത്തിന് കൂടിയാണ്.

" ഓഹ് ഒക്കെ. അപ്പൊ എന്റെ മെയിൽ ഐഡി എങ്ങനെ വരും ? "

" നിങ്ങളുടെ ഐ ഡി ഇങ്ങനെ ആയിരിക്കും. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ ക്യാരിറ്റർ ഡോട്ട് കോം"

ഒന്നുടെ അയാൾ ചിരിച്ചോ എന്നൊരു സംശയം.

" സർ ഒരു ഹെല്പ് . ലാസ്‌റ് നെയിമിന് പകരം മിഡിൽ നെയിം ആയാൽ കുഴപ്പമുണ്ടോ? പ്ളീസ് "

HR കാരനിലെ മനുഷ്യ സ്‌നേഹി ഉണർന്നു. പുളളി പറഞ്ഞു അത് കുഴപ്പമില്ല. അങ്ങനെ ചെയ്യാം. അപ്പോൾ പ്രജിത്ത് ഡോട്ട് മൂലയ്ക്കൽ @ക്യാരിറ്റർ ഡോട്ട് കോം "

തമ്മിൽ ഭേദം മൂലയ്ക്കൽ ആണെന്നും  കുഞ്ഞുംപിടുക്ക എന്നത് മാറ്റി മൂലയ്ക്കൽ എന്നാവുമ്പോൾ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നുമാണ്  ഞാൻ കരുതിയത്. എന്നാൽ "പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നെ" ഉണ്ടായിരുന്നുള്ളു . മലയാളികൾ തിങ്ങി പാർത്തിരുന്ന ഒരു കമ്പനി ആയിരുന്നതുകൊണ്ട് എന്റെ പേരും കൂട്ടത്തിൽ ഞാനും അങ്ങ് പെട്ടന്ന് ഹിറ്റ് ആയി തുടങ്ങി.

പേരിന്റെ ആദ്യഭാഗം ഒഴിവാക്കി പലരും എന്നെ മൂലക്കൽ എന്ന് വിളിച്ചു തുടങ്ങി. ചിലർ അതിനെ " മൂലം കൽ " , " മുലക്കൽ " എന്നിങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം  " മൂലം കുഴിയിൽ " വരെ എത്തിച്ചു. ഓഫീസിൽ എനിക്ക് ഇരിക്കാൻ വേണ്ടി മാനേജർ തന്ന സ്ഥലം ഒരു മൂലയിൽ ആയിരുന്നു എന്നതും കണ്ടപ്പോൾ "എല്ലാവരും കുമ്പിടിയുടെ ആൾക്കാരാ " ണെന്നു എനിക്ക് മനസ്സിലായി.

അങ്ങനെ മൂന്നുവർഷം കടന്നു പോയി. ഒരു ശരാശരി സോഫ്റ്റ്‌വെയർ എഞ്ചിനീയർ പുതിയ കമ്പനി യിലേക്ക് ചാടേണ്ട സമയം സമാഗതമായി. അടുത്ത പോർക്കളം ഇൻഫോസിസ് ആയിരുന്നു.

വീണ്ടും ജോയ്‌നിങ് ഡേ... ഫോം ഫില്ലിംഗ് വിത്ത് HR . എല്ലാം പഴേ പോലെ തന്നെ. പക്ഷെ മെയിൽ ഐഡി ആണ് ഞാൻ കാത്തിരിക്കുന്ന ഐറ്റം. എന്നാൽ ആദ്യ കമ്പനിയിലെ പോലെ എന്റെ കൈകടത്തലുകൾക്കൊന്നും അവർ തുനിഞ്ഞില്ല എന്ന് മാത്രമല്ല ഞാൻ എന്ത് പറഞ്ഞാലും " പോളിസി ഇങ്ങനെയാണ് " , " പോളിസി മാറ്റാൻ പറ്റില്ല "  എന്ന മറുപടികൾ മാത്രമായപ്പോൾ ഞാൻ ഏറെ ഭയന്ന കുഞ്ഞുംപിടുക്ക തന്നെ എന്റെ മെയിൽ ഐ ഡി ആയി മാറി. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ഇൻഫോസിസ് ഡോട്ട് കോം ആയി ഞാൻ തളയ്ക്കപ്പെട്ടു.

പഴയ കമ്പനിയിലെ പോലെ പൊങ്കാല ഇടാൻ ഒരു അവസരം ഞാൻ ആയി ഉണ്ടാക്കി കൊടുക്കേണ്ട എന്നോർത്തു സൊ കോൾഡ് മലയാളീസിൽ നിന്നും ഞാൻ പരമാവധി ഓടിയൊളിച്ചു. എങ്കിലും ചില വിരുതൻമാർ മണത്തറിഞ്ഞു അടുത്ത് വന്നു " ഹായ് കുഞ്ഞും പീടിക" , " ഹായ് പിടുക്കാ " " ഹായ് കുന്നിൻ പീടിക" എന്നൊക്കെ തോണ്ടിയിട്ട് പോകാൻ ഒരു വൈക്ലഭ്യവും കാണിച്ചില്ല.

അമേരിക്കയിലെ സായിപ്പൻമ്മാരുമായുള്ള ടെലിഫോൺ  മീറ്റിങ്ങിൽ ആയിരുന്നു ഏറ്റവും രസം. കുഞ്ഞും പിടുക്കയിലെ "ഞ്ഞ" എന്ന ത്രയംബക വില്ലൊടിക്കാനായി ഭൂമി അമേരിക്കയിൽ നിന്നും ഒരു കൂട്ടം സായിപ്പൻമ്മാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വില്ലൊടിക്കാൻ പോയിട്ട് ഒന്നനക്കാൻ പോലും പറ്റാതെ ഇന്ത്യയുടെ ഈ വീരപുത്രന് മുന്നിൽ കുമ്പിട്ടപ്പോൾ ഭാരതാംബയുടെ യശസ്സ് പാറി പറന്നുകാണണം.   ഒടുവിൽ അവർ " മിസ്റ്റർ എം കെ " എന്ന സുന്ദരമായ രണ്ടക്ഷരത്തിൽ സമരസപ്പെട്ടു.

കാലം കുറെ മുന്നോട്ടു പോയപ്പോൾ ഞാൻ  വീണ്ടും കമ്പനി ചാടി. പുതിയ കമ്പനി എന്നെ ഓൺസൈറ്റ് എന്നും പറഞ്ഞു അമേരിക്കയിലേക്ക് കേറ്റിവിട്ടു.പല എയർപോർട്ടിലും ഡിപാർചർ ടെർമിനലിൽ എന്റെ പേര് ഉറക്കെ വിളിച്ചത് എന്റെ ശരിക്കും പേരുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു. എന്റെ പേരിന്റെ എല്ലാ അവസ്ഥാന്തരങ്ങളും ഞാൻ നേരിട്ട് കണ്ടത് അവിടെ വെച്ചായിരുന്നു. പിന്നീട് അമേരിക്കയിലെ ഓഫീസിൽ എത്തിയപ്പോഴും ,പല സായിപ്പൻമ്മാരും അക്ഷരങ്ങൾ കൂട്ടിച്ചൊല്ലാൻ പറ്റാത്ത  കിടാങ്ങളെ പോലെ  വിഷമിക്കുന്ന വേളയിൽ ഞാൻ രക്ഷകനെ പോലെ അവതരിച്ചു പറഞ്ഞു " യു കാൻ കോൾ  മി എം കെ ".

അങ്ങനെ കുഞ്ഞുംപിടുക്കയുമായുള്ള മൽപ്പിടുത്തം ഇപ്പഴും തുടരുന്നു. തറവാട്ടു പേരാണിത് എന്നതിൽ കവിഞ്ഞു  എങ്ങനെ ഇത് വന്നു , എന്താണിതിന്റെ അർഥം എന്നൊന്നും എനിക്ക് ഇപ്പഴും അറിയില്ല.ഇനി കുഴപ്പമില്ല പേരിലെ ഒരു കൗതകമായി അതവിടെ അങ്ങനെ കിടക്കട്ടെ എന്ന് ഞാനുംകരുതി . ഹോ  ബാക്കി എല്ലാം അറിയണ പോലെ !





                    

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...