2012, മാർച്ച് 4, ഞായറാഴ്‌ച

പെണ്ണ് കാണല്‍

ഈയിടെ ആയി എന്തിലും ഏതിലും ഒരു കല്യാണം മണം ആണ്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ആണ് പോലും. അടുത്ത ബന്ധുക്കള്‍ മുതല്‍ അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ കണ്ടാല്‍ ചോദിക്കുന്നത് " കല്യാണം ... എന്തായി? " എന്നായിരിക്കും.

" അതൊക്കെ പതുക്കെ നോക്കാം... കുറച്ചു കാലം കൂടി ഇങ്ങനെ അങ്ങ് പോട്ടെ " എന്നായിരുന്നു ആദ്യമൊക്കെ ഞാന്‍ മറുപടി കൊടുത്തത്. അത് പറഞ്ഞാല്‍ അടുത്ത മറുപടി ഇങ്ങനെ ആയിരിക്കും "ഇപ്പൊ പെണ്‍പിള്ളേര് കുറവാണ്. നമ്മുടെ ജാതിയില്‍ പെട്ടവര്‍ തീരെ കുറവാ. അതുകൊണ്ട് പെട്ടെന്ന് നോക്കിക്കോ."

അതല്ലേലും അങ്ങനെ ആണല്ലോ.. നമുക്ക് എന്തേലും വേണമെന്ന് തോന്നുമ്പോ അത് കിട്ടാന്‍ ഉണ്ടാവില്ല. കുറച്ചു കാശിനു ആവശ്യം വന്നിട്ട് കൊപ്ര വില്‍ക്കാന്‍ വേണ്ടി മലഞ്ചരക്ക് കടയ്ല്‍ ചെന്നപ്പോ കടക്കാരന്‍ പറഞ്ഞു "ഇപ്പൊ കൊപ്രക്കൊന്നും വേലയെ ഇല്ല." അത് പോലെ തന്നെ ബാംഗളൂരില്‍    താമസിക്കാന്‍ ഒരു വീട് അന്വേഷിച്ചു ബ്രോക്കര്മാരുറെ അടുത്ത്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു "ഇപ്പൊ വീട് കിട്ടാനേ ഇല്ല.... വല്യ ബുദ്ധിമുട്ടാ" എന്ന്.

ആ  ഒരു  ലാഘവത്തോടെ മാത്രമേ ഈ ഉപദേശങ്ങളെ ഞാന്‍ ആദ്യമൊക്കെ ഉള്‍ക്കൊണ്ടിരുന്നുള്ളൂ.  പക്ഷെ പെണ്ണന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ആണ് ഈ ഒരു ഉദ്യമം വിജയത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും അറിഞ്ഞത്.
നമുക്ക് പെണ്ണിനെ ഇഷ്ടമാകണം...പെണ്ണിന് നമ്മളെ ഇഷ്ടമാകണം... പിന്നെ വീട്ടുകാരെ ഇഷ്ടപ്പെടണം... അങ്ങനെ അങ്ങനെ എല്ലാം ശരിയായി വരുമ്പോഴായിരിക്കും  ശുക്രനും ചന്ദ്രനും ഒക്കെ വില്ലന്മ്മാരായി വരുന്നത്.
പെണ്ണിന്റെ അച്ഛന്‍ ചന്ദ്രേട്ടന്‍ സമ്മതിച്ചാലും അങ്ങ്  ആകാശത്തിലെ ചന്ദ്രന്‍റെ സമ്മതം കിട്ടിയാലേ സംഗതി നടക്കു എന്നതാണ് അവസ്ഥ! രാത്രിയില്‍ മഞ്ഞള്‍ തേച്ചു മിനുക്കി പ്രത്യക്ഷപ്പെടുന്ന  ഈ ചന്ദ്രന്‍റെ ഒക്കെ നല്ല മുഖങ്ങള്‍ മാത്രമേ പലരും  കണ്ടിട്ടുണ്ടാവു.. പക്ഷെ തനിക്കു റോള്‍ ഉണ്ട് എന്ന് തോന്നിക്കഴിഞ്ഞാല്‍ ചന്ദ്രന്‍ എന്നോ ഗുളികന്‍ എന്നോ ഇല്ല. എല്ലാവരും തനി നിറം കാണിക്കും.


ഇങ്ങനെ അന്യ ഗ്രഹങ്ങളാല്‍ വേട്ടയാടപ്പെട്ടു കല്യാണം വൈകി പോകുന്ന കുറെ മാനവ സുഹൃത്തുക്കള്‍ ഈ ഭൂമിയില്‍ എനിക്കുണ്ട്. അവരില്‍ മിക്കവരും ഇപ്പൊ കേരള മാട്രിമണിയില്‍ കുടിയേറി പാര്‍ത്തിരിക്കുന്നു.മിക്ക സുഹൃത്തുക്കളോടും ചാറ്റ് ചെയ്യണമെങ്കില്‍ ഇപ്പൊ കേരള മാട്രിമണിയില്‍ ലോഗിന്‍ ചെയ്യേണ്ട അവസ്ഥ ആണ് !


ഇങ്ങനെ ഒക്കെ ആണ് ഞാനും എന്റെ കൂട്ടുകാരും ഒക്കെ ഉള്‍പ്പെടുന്ന ലോകത്തിന്‍റെ ഇന്നത്തെ ചിത്രം.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ എനിക്ക് നാട്ടിലെ  ഒരു കൂട്ടുകാരന്റെ ഒരു  കോള്‍ വന്നു. അതി കാലത്ത് തന്നെ വന്ന കോള്‍ ആയതു കൊണ്ട് ആദ്യം ഞാന്‍ വിചാരിച്ചു "പണി കിട്ടി" എന്ന്. സാധാരണ ഇത് പോലെ വരുന്ന കൊളില്‍ കേള്‍ക്കാന്‍ പറ്റുക ഒരു തരം അപേക്ഷ ആയിരിക്കും. "അളിയാ ഞാന്‍ ബാംഗളൂരില്‍ എത്തീട്ടുണ്ട്. ഇപ്പൊ ധാ ഞാന്‍ മജസ്റ്റിക്കില്‍ ബസ്സിറങ്ങി. നീ ഫ്രീ ആണെകില്‍ ഒന്ന് ഇവിടം വരെ വന്നു എന്നെ പിക്ക് ചെയ്യുമോ?"

പക്ഷെ ഇതങ്ങനെ ആയിരുന്നില്ല. സംഭവം ഇത്രയേ ഉള്ളു. അവനു ഒരു പെണ്ണ് കാണാന്‍ പോകണം. കൂടെ പോകാന്‍ ഞാന്‍ കൂടി ഉണ്ടെങ്കില്‍ ഒരു സന്തോഷം. എനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ഒക്കെ ആയി ഒരു നാലഞ്ചു പെണ്ണ്  കാണല്‍ ചടങ്ങില്‍ പങ്കെടുത്ത അനുഭവ പരിചയം ഒരു മുതല്‍ക്കൂട്ട് ആയിരിക്കും എന്ന് കരുതിയായിരിക്കും ഈ കാര്യത്തില്‍ തികച്ചും നവാഗതനായ അവന്‍ എന്നെ കൂട്ടിനു വിളിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ പര്യടനത്തിനു പോകുമ്പോള്‍ അനുഭവ പരിചയം ഉള്ള കുറച്ചുപേര്‍ വേണം എന്നും പറഞ്ഞു വി വി എസ ലക്ഷ്മണിനെ ഒക്കെ ചുമന്നോണ്ട് പോകാറുണ്ടല്ലോ.. ഏതാണ്ട് അതുപോലെ!


എന്തായാലും എന്നെ വിളിച്ചതില്‍  അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം  ആദ്യമായിട്ട് പോകുമ്പോള്‍ അല്പം പരിഭ്രമം സാധാരണമാണല്ലോ . "ഗായത്രിയില്‍ വരുമ്പോള്‍ സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ "

ഞാന്‍ പറഞ്ഞു "എടാ,, ഇന്ന് ബുധനാഴ്ച അല്ലെ .. ഞാന്‍ ശനിയാഴ്ച നാട്ടിലോട്ടു വരാം. എന്നിട്ട്  ശനിയോ ഞായറോ പോകാം... സൗകര്യം പോലെ. എന്തെ? "

അവന്‍ സമ്മതിച്ചു. ഇനി കൂട്ടുകാരനെ കുറിച്ച് രണ്ടു വാക്ക്.

എന്റെ പണ്ട് തൊട്ടേ ഉള്ള കൂട്ടുകാരന്‍ ആണ് അവന്‍.., പേര് അനീഷ്‌ . നല്ല പയ്യന്‍ ആണ്. നല്ല സ്വഭാവം എന്ന് വെച്ചാല്‍ തങ്കപ്പെട്ട സ്വഭാവം. നാട്ടില്‍ തന്നെ ചെറിയ ജോലി ഒക്കെ ആയി കഴിഞ്ഞു കൂടുന്നു. അവന്റെ വീട്ടിനടുത്ത് ഒരു അമ്പലം ഉണ്ട്. അവിടെ ഉത്സവം നടത്തുക , നോട്ടീസ് ഒട്ടിക്കുക. ഉത്സവ പിരിവിനു പോകുക ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍  വ്യാപൃതനായി   സന്തുഷ്ട ജീവിതം നയിച്ച്‌ പോരുന്നു. കണിമംഗലത്തെ ജഗന്നാഥന്‍ എന്നാണ് അവന്‍ അവനെ സ്വയം വിളിച്ചിരുന്നത്.

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ഞാന്‍ നാട്ടില്‍ എത്തി. എത്തിയ ഉടനെ  തന്നെ ഞാന്‍ അവനെ ഫോണ്‍ ചെയ്തു.

"എടാ ഞാന്‍ നാട്ടില്‍ എത്തി. അപ്പൊ എങ്ങനെയാ പരിപാടി? "

     "എത്തിയോ.. ഓക്കേ . നമുക്കപ്പോ  ഒരു പത്തു മണി ആവുമ്പോ പോകാം. എന്തെ? ഞാന്‍ സജിയോടും പറഞ്ഞിട്ടുണ്ട്. അവനും വരുന്നുണ്ട്."

"ഓക്കേ ശരി . പത്തു മണി ആവുമ്പോ ഞാന്‍ സജിയെയും   കൂട്ടി നിന്റെ ബസ്സ്‌ സ്റ്റോപ്പില്‍ എത്താം . അവിടുന്ന് നമുക്ക് ഒരുമിച്ചു പോകാം."

അവനും സമ്മതിച്ചു. സജി  കൂടി ഉള്ളത് കാരണം എന്‍റെ ടെന്‍ഷന്‍ കുറച്ചു കുറഞ്ഞു. കാരണം , അല്ലെങ്കില്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തിയാല്‍ ഞാന്‍  ഒറ്റയ്ക്ക് വല്യ കാരണവരെ പോലെ കാര്യങ്ങള്‍ സംസാരിക്കണമല്ലോ. പയ്യന്‍ ഒത്തിരി ഒന്നും സംസാരിക്കാന്‍ പാടില്ല എന്നാണല്ലോ പൊതുവേ ഉള്ള വെപ്പ്.

പത്തു മണിക്ക് തന്നെ ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചു പെണ്‍ വീട്ടിലേക്കു തിരിച്ചു.ബസ്സിലാണ് യാത്ര.അനീഷിന്‍റെ  വീട്ടില്‍ നിന്നും ഒരു അഞ്ചെട്ടു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു പെണ്‍കുട്ടിയുടെ വീട്ടിലേക്കു എന്നവന്‍ പറഞ്ഞപ്പോ ഞങ്ങള്‍ ചോദിച്ചു

"എടാ പഹയ.. അപ്പൊ ലവ് ആണല്ലേ.. ? !"

"ഹേ അല്ലടാ.. എന്‍റെ ഒരു കൂട്ടുകാരന്‍റെ പരിചയത്തില്‍ ഉള്ള കുട്ടിയ, ഞാന്‍ കണ്ടിട്ടേ ഇല്ല " അനീഷ്‌ പറഞ്ഞു

"ഓഹോ .. എന്നാല്‍ പിന്നെ അവനെ കൂടി വിളിച്ചൂടായിരുന്നോ ? അതാവുമ്പോ ഒരു മീഡിയെറ്റര്‍ ആയല്ലോ. " സജി ചോദിച്ചു.

"ഇല്ല അവന്‍ ഇപ്പൊ നാട്ടില്‍ ഇല്ല. എന്ന് മാത്രമല്ല അവങ്ങനെ വല്യ പരിചയം ഒന്നും ഇല്ല. ജസ്റ്റ്‌ കണ്ടു പരിചയം ഉണ്ട് . അത്രേ ഉള്ളു. "

അവിടെ ചെന്നാല്‍ എന്തൊക്കെ പറയണം എന്തൊക്കെ പറയാന്‍ പാടില്ല എന്നൊക്കെ ഉള്ള സ്ക്രിപ്റ്റ് യാത്രയില്‍ ഉടനീളം ഞാന്‍ മനസ്സില്‍ മെനഞ്ഞു കൊണ്ടേ ഇരുന്നു.

അങ്ങനെ പെണ്ണിന്‍റെ വീടിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. ഒരു മൂന്നു മിനിറ്റ് നടന്നപ്പോള്‍ അല്പം ദൂരെ ആയി വീട് കണ്ടു. അനീഷ്‌  സ്വന്തം വീട്ടിലേക്കു പോകുന്നതു പോലെ ഒരു സംശയവും കൂടാതെ ആ വീട് ലക്ഷ്യമാക്കി നടക്കുന്നത് കണ്ടപ്പോ ഞങ്ങള്‍ക്ക് ഒരു സംശയം

 "എടാ, നിനക്കെങ്ങനെ കൃത്യമായി വീട് കണ്ടു പിടിക്കാന്‍ പറ്റി? ഒരു സംശയം പോലും ഇല്ലല്ലോ.. ?"

"എടാ, വഴി ഒക്കെ ആ കൂട്ടുകാരന്‍ പറഞ്ഞു തന്നിരുന്നു. പിന്നെ ഉത്സവ പിരിവിനും നോട്ടീസ് വിതരണത്തിനും ഒക്കെ ആയി നമ്മള്‍ എത്താത്ത നാടുണ്ടോ ! "

അവന്‍  തെല്ലൊരു അഹങ്കാരത്തോടെ ആണ് അത് പറഞ്ഞത്.
പക്ഷെ  ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം അവനു അറിയാവുന്നതിന്‍റെ   പത്തില്‍ ഒന്ന് പോലും സ്ഥലങ്ങളോ  ആള്‍ക്കാരെയോ  എനിക്കറിയില്ലല്ലോ ! പ്രവാസി ജീവിതത്തിന്റെ സംഭാവന ആണ് നാടിനെയും നാട്ടുകാരെയും കുറിച്ചുള്ള ഈ അറിവില്ലായ്മ.

നാലഞ്ചു സ്റെപ്പു കൂടി മുന്നോട്ട് വെച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നിന്ന് ഞങ്ങളോടായി അനീഷ്‌ പറഞ്ഞു
"എടാ പിന്നൊരു കാര്യം. ഞാന്‍ കാര്യമായി ഒന്നും ശ്രദ്ധിക്കില്ല കുട്ടിയെ. എല്ലാം നിങ്ങള്‍ വേണം നോക്കാന്‍.!. . . മനസ്സിലായല്ലോ....കാര്യം മനസ്സിലായല്ലോ ? "

"ആ കാര്യം നമ്മള്‍ ഏറ്റു ! പിന്നൊരു കാര്യം .. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ ചോദിച്ചത് പോലെ ഓരോ മണ്ടത്തരങ്ങള്‍ ചോദിച്ചു നീ ആയിട്ട് കുളമാക്കതിരുന്നാല്‍ മതി " ഒരു ചിരിയോടെ  സജി പറഞ്ഞു.


"എടാ പിന്നൊരു കാര്യം... അവര്‍ ചായയുടെ കൂടെ എന്തേലും ഒക്കെ കഴിക്കാന്‍ തരും. പെണ്ണിനെ നിനക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ , ഇനി ഒരിക്കലും അവരെ കാണേണ്ടി വരില്ല എന്ന് ഉറപ്പാണെങ്കില്‍...., അങ്ങനെ ആണെങ്കില്‍ മാത്രം  നീ വാരി വലിച്ചു കഴിച്ചോളു .. വേണേല്‍ കുറച്ചു പോക്കറ്റിലും ഇട്ടോ " - എന്നാല്‍ ആവുന്ന ഉപദേശം ഞാനും കൊടുത്തു.

എന്തായാലും നടന്നു നടന്നു വീടിന്റെ അടുത്തെത്തി... നടത്തത്തിനു അല്പം സ്പീട് കുറഞ്ഞു.

"ഇനി ഡീസെന്‍റ് ആവു ..ഡീസെന്‍റ് ആവു !" അനീഷ്‌  ഞങ്ങളെ തോണ്ടി.

വീടിന്‍റെ മുറ്റത്തെത്തി.കൊച്ചു വീട്. പക്ഷെ നല്ല അടക്കവും ഒതുക്കവും വൃത്തിയും ഉണ്ട്. വാതില്‍ അടഞ്ഞു കെടക്കുന്നു. പക്ഷെ അകത്തു ആള്‍ ഉണ്ടെന്നു ഉറപ്പു.അടുക്കളയില്‍ നിന്ന് ആണെന്ന് തോന്നുന്നു ... ചെറിയ ശബ്ദങ്ങള്‍ പുറത്തേക്കു കേള്‍ക്കാമായിരുന്നു.

ഞങ്ങള്‍ മുറ്റത്തു  തന്നെ നിന്നു . ഒന്ന് ചുമച്ചു നോക്കി . ആരും വന്നില്ല. ഒടുവില്‍ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി.വാതില്‍ പതുക്കെ തുറന്നു. ഒരു സുന്ദരികുട്ടി വാതില്‍ തുറന്നു. എന്നിട്ട് ഞങ്ങളുടെ മൂന്നു പേരുടെയും മുഖത്തേക്ക് നോക്കി.

"നല്ല കുട്ടി. എന്തൊരു ഐശ്വര്യം. കൊള്ളാം ഡാ."ഞാന്‍ മനസ്സില്‍ അനീഷിനെ  പ്രശംസിച്ചു.

 പാതി തുറന്ന വാതില്‍ മുഴുവന്‍ ആയി തള്ളി നീക്കി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു

"കേറി ഇരിക്ക്"  - എന്നിട്ട് വരാന്തയിലെ കസേരയിലേക്ക് അവള്‍ കണ്ണോടിച്ചു കാണിച്ചു.

കൊള്ളാം നല്ല തറവാടിത്തവും ആതിഥ്യ മര്യാദയും ഉള്ള കുട്ടി.

അപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം  "ആരാ മോളെ? "

അവള്‍ അടുക്കള ഭാഗത്തേക്ക് നോക്കി അല്പം ഉറക്കെ പറഞ്ഞു

"അമ്മെ,പിരിവിനു വന്നവരാ.. . ഉത്സവത്തിന്‍റെ പിരിവിനു!! " അവള്‍ അകത്തേക്ക് പോയി.

ടപ്പേ... എല്ലാ തകര്‍ന്നു!!! ഞങ്ങള്‍ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി.
"സന്ദേശം ... ശ്രീനിവാസന്‍...... ... ചായ ..സ്ക്രിപ്റ്റ് ! ഹോ എന്തൊക്കെ ആയിരുന്നു !" എല്ലാം പോയില്ലേ ! ഞാന്‍ പതുക്കെ ഉരുവിട്ടു

അനീഷിന്റെ മുഖം വിളറി വെളുത്തിരുന്നു. ചമ്മല്‍ എന്ന് പറഞ്ഞാല്‍ നല്ല എ ക്ലാസ്സു ചമ്മല്‍ !!!

 ഇങ്ങനെ ഒരു ഇമേജില്‍ ഇനി എങ്ങനെ പെണ്ണ് ചോദിക്കും!

"തോമസ്‌ കുട്ടീ വിട്ടോട" എന്ന് പറഞ്ഞു മുകേഷും കൂട്ട്കാരും ഓടുന്നത് പോലെ  അമ്മ വരാന്തയില്‍ എത്തുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കിയാലോ  എന്ന് ഓര്‍ത്തതാ ... പക്ഷെ ഇത് സിനിമ അല്ലല്ലോ! അപ്പഴേക്കും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് അമ്മ എത്തിയിരുന്നു.

അവര്‍ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ അനീഷ്‌ ചാടി കേറി അങ്ങോട്ട്‌ പറഞ്ഞു "ഏച്ചീ, ഞങ്ങള്‍ ഇവിടെ അടുത്ത് ഒരിടം വരെ പോയതാ. വല്ലാത്ത ദാഹം . അപ്പൊ  ഇവിടെ വന്നു കുറച്ചു വെള്ളം കുടിക്കാലോ  എന്ന് കരുതി  കേറിയത "



"ഓഹ്.. അതിനെന്താ ...ഇപ്പൊ തരാം " അവര്‍ അടുക്കളയില്‍ പോയി വെള്ളം കൊണ്ട് വന്നു. മൂന്നു പേരും ശരിക്കും വെള്ളം കുടിച്ചു.



ഒരു പക്ഷെ അങ്ങനെ ചാടി കേറി ചോദിച്ചില്ലായിരുന്നു എങ്കില്‍ അവര്‍ കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ടിനെയോ ഉത്സവത്തെയോ കുറിച്ച് എന്തെങ്കിലും ഒക്കെ പരാമര്‍ശനങ്ങള്‍ നടത്തിയേക്കും എന്ന് ഓര്‍ത്തിട്ടാണ് അവന്‍ ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് പിന്നീടു അവന്‍ തന്നെ പറഞ്ഞു ഞാന്‍ അറിഞ്ഞു.വെറുതെ എന്തിനാ ശവത്തില്‍ കുത്തിക്കുന്നെ എന്ന് പാവം ഓര്‍ത്ത്‌ പോയിക്കാണും!

കല്യാണ കഴിക്കാത്ത യുവാക്കള്‍ ജാഗ്രതൈ ! പിരിവിനു പോകുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.അല്ലെങ്കില്‍ പെണ്ണ് കാണാന്‍ പോകുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടി വരും! :)







2012, ഫെബ്രുവരി 1, ബുധനാഴ്‌ച

ഐ ആം ദി കമ്പനി !!! [ ഇംഗ്ലീഷും ഞാനും ഓര്‍മ്മകളും ]

വീടിന്റെ വരാന്തയില്‍ ഇരുന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഒരു ഓട്ടോ റിക്ഷ  തെക്കോട്ടും മറ്റൊരു  ഓട്ടോ റിക്ഷ  വടക്കോട്ടും  പോകുന്നത് ഞാന്‍ കാണാറുണ്ട്. തെക്കോട്ടുള്ളതു ഹാരീസിന്റെ ചിക്കന്‍ സ്റ്റാളിലേക്ക് കോഴികളെയും നിറച്ചു പോകുന്നതായിരിക്കും. വടക്കൊട്ടുള്ളത് അടുത്തുള്ള  സര്‍ക്കാര്‍ സ്കൂളിലേക്ക് പിള്ളേരെയും കൊണ്ട് പോകുന്നതും!

കയ്യില്‍ ചൊളയുള്ളവര്‍ മക്കളെ രണ്ടാമതൊന്നു ആലോചിക്കാതെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ചൊള ഇല്ലാത്ത പാവം അപ്പന്മാരെ ബ്രെയിന്‍ വാഷ് ചെയ്തു വീഴ്ത്തി തല എണ്ണം തികയ്ക്കേണ്ട ഗതികേടില്‍ ആയി പാവം സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ !  പിസ ഓര്‍ഡര്‍ ചെയ്‌താല്‍ "ഫ്രീ ഹോം ഡെലിവറി" എന്ന് പറയുന്നത് പോലെ പിള്ളേരെ തന്നാല്‍ ഫ്രീ ട്രാന്‍സ്പോര്‍ട്ടെഷന്‍"". ഓഫര്‍ ചെയ്തു. അങ്ങനെ ആ ഓഫറില്‍ അറിഞ്ഞോ അറിയാതെയോ വീണു പോയ ദരിദ്ര കുടുംബങ്ങളിലെ അച്ഛനമ്മമാരുടെ  ചുണക്കുട്ടന്മ്മാരും കുട്ടികളുമാണ് വടക്കോട്ടുള്ള വാനില്‍ നിറയെ.

ഇതാണ് ഇന്നത്തെ കാഴ്ച. 

പക്ഷെ എന്റെ ചെറുപ്പത്തില്‍ ചെക്കനെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കണോ മലയാളം മീഡിയം സ്കൂളില്‍ ചേര്‍ക്കണോ എന്ന കണ്ഫ്യൂഷന്‍ ഒരു ദിവാ സ്വപ്നത്തില്‍ പോലും എന്റെ അച്ഛന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. കാരണം  ഇംഗ്ലീഷ് മീഡിയം എന്ന വാക്ക് ഗ്രാമത്തില്‍ എത്തുന്നതിനു ഏറെ മുന്പ് ആയിരുന്നു ഞാന്‍ എന്ന അവതാരത്തിന്റെ ഒന്നാം ക്ലാസ്സ്‌ പ്രവേശനം. പിറന്നു വീഴുന്ന ഓരോ ഉണ്ണിയും ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ജന്മാവകാശം ആയിരുന്നു അന്ന്. ആ അലിഖിത നിയമത്തില്‍ നാട്ടുക്കൂട്ടങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഒരു എതിര്‍പ്പും ഉണ്ടായിട്ടുള്ളതായി എവിടെയും പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. 

അങ്ങനെ പത്താം ക്ലാസ്സു വരെ മലയാളം മീഡിയത്തില്‍ ഞാന്‍ പഠിച്ചു വളര്‍ന്നു. പഠിച്ചോ എന്നുറപ്പില്ല എന്തായാലും വളര്‍ന്നു.  

ഏതൊരു മലയാളം മീഡിയം കാരനേയും പോലെ എനിക്കും ഇംഗ്ലീഷ് ഭാഷ കടുത്ത വെല്ലുവിളി ആയിരുന്നു. പരീക്ഷ സമയങ്ങളില്‍ ആയിരുന്നു ഇംഗ്ലീഷ് ഭാഷ അതിന്റെ ദംഷ്ട്രകള്‍ കാണിച്ചു  പേടിപ്പിച്ചത്.

  ഇംഗ്ലീഷ് സെക്കന്റില്‍ എസ്സേ ക്വെസ്റ്റ്യനു ഉത്തരം എഴുതുമ്പോള്‍ അവിടവിടെ ആയി  ഇംഗ്ലീഷ് വേര്‍ഡുകള്‍  കിട്ടാതെ വന്നാല്‍ മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിയും , രണ്ടു ഇംഗ്ലീഷ് വേര്‍ഡുകള്‍ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ വേണ്ടി സായിപ്പ് തന്ന "ഈസ്‌" , "ആസ്", "ആര്‍ " എന്നീ  ഗണത്തില്‍ പെട്ടവയില്‍ ഏതു ഉപയോഗിക്കണം എന്നറിയാതെ വരുമ്പോള്‍ ആദ്യം ഈസ്‌ എഴുതി പിന്നെ അതിന്റെ മുകളില്‍ ആസും ആറും എഴുതി ഇംഗ്ലീഷ് മാഷിന്റെ സൌകര്യാര്‍ത്ഥം ഏതു വേണമെങ്കിലും ഉപയോഗിച്ചോട്ടെ ഒന്നിനും ഒരു കുറവും വരരുത് എന്ന് കരുതി അങ്ങനെ വിടും. സഹപാഠികള്‍ പലരും ഇംഗ്ലീഷില്‍ ഉള്ള എന്റെ നൈപുണ്യമായി ഇതിനെയൊക്കെ നോക്കി കണ്ടു. ക്രിക്കറ്റ്‌ ടൂര്ന്നമെന്റില്‍  കെനിയ, ബംഗ്ലാദേശ്,കാനഡ, ഹോളണ്ട് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന സ്വപ്ന ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ ഗ്രൂപ്പ്‌ ചാമ്പ്യന്‍ ആകുന്നതുപോലെ  ഞാന്‍ അവരുടെ ഇടയില്‍ വിരാജിച്ചു എന്നതാണ് സത്യം. 

 "വെള്ളം പോലെ തന്നെ ഇംഗ്ലീഷും അമൂല്യമാണ്‌ .. പാഴാക്കരുത് ഒരു വാക്ക് പോലും"  എന്ന് പോളിസി മുറുകെ പിടിച്ചു നടന്നതിനാല്‍ അനാവശ്യമായി ... എന്തിനു ആവശ്യത്തിനു പോലും ഇംഗ്ലീഷ് ഉപയോഗിക്കാതെ പറ്റുമെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ പത്താം ക്ലാസ് വരെ ഒരു തരത്തില്‍ പിടിച്ചു നിന്നു. 

അടുത്ത അങ്കത്തട്ട് പ്ലസ്‌ ടു ആയിരുന്നു. അവിടെ നിര്‍ബന്ധമായും ഇംഗ്ലീഷ് ആണ് മീഡിയം ! കുടുങ്ങി എന്ന് പറഞ്ഞാ മതിയല്ലോ. എന്നും എസി കോച്ചില്‍ മാത്രം  യാത്ര ചെയ്തിരുന്ന ഒരാളെ പിടിച്ചു മലബാര്‍  എക്സ്പ്രസ്സിന്റെ   ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കെട്ടിയിട്ടു യാത്ര ചെയ്യിപ്പിച്ചത് പോലെ ആയി എന്റെ കാര്യം.ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു വന്ന പിള്ളേര്‍ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഇംഗ്ലീഷില്‍ സംശയങ്ങള്‍ ചോദിച്ചു  എന്നെ പോലുള്ള സര്‍ക്കാരിന്റെ ഉച്ചക്കഞ്ഞി പ്രൊഡക്ട്കളുടെ മുന്നില്‍ ഷൈന്‍ ചെയ്തു വിലസാന്‍ തുടങ്ങി. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന് പറയുന്നത് പോലെ നിറ മിഴികളോടെ ഇതൊക്കെ നോക്കി കാണാനേ എനിക്ക് കഴിഞ്ഞുള്ളൂ.

 ക്ലാസ്സില്‍ എന്നെ പോലെ വേറെയും കുറച്ചു പേരുള്ളതുകൊണ്ട് നേരിയ ആശ്വാസം തോന്നിയിരുന്നു. പൊതുവായ ഇഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ ഉള്ളതിനേക്കാള്‍ അടുപ്പം പൊതുവായ എതിര്‍പ്പുകള്‍ പ്രകടിപ്പുക്കുന്ന വിഭാഗത്തിന്റെ ഇടയില്‍ കാണുമല്ലോ. അങ്ങനെ ഞങ്ങളുടെ ഇടയില്‍ നല്ല ഒരു ബോണ്ട്‌ രൂപപ്പെട്ടു. 

 അങ്ങനെ രണ്ടാഴ്ച പൊട്ടന്‍ ആട്ടം കാണുന്നത് പോലെ കഴിഞ്ഞു പോയി.. അപ്പോഴാണ്‌ ഞാന്‍ ഉള്‍പ്പെടെ ഉള്ള സമുദായത്തിന്റെ ഉദ്ദരണത്തിനായി   പിന്നൊക്കെ ക്ഷേമ വകുപ്പ് മന്ത്രിയെ പോലെ കെമിസ്ട്രി സര്‍ ഒരു ഇടക്കാല ആശ്വാസവുമായി അവതരിച്ചത്. "മലയാളം മീഡിയത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് ആദ്യത്തെ മൂന്നു മാസം അല്പം ബുദ്ധിമുട്ട് ഫീല്‍ ചെയ്യും. അത് കഴിഞ്ഞാല്‍ കംഫെര്‍ട്ടബിള്‍ ആവും. അത്കൊണ്ട് വിഷമിക്കണ്ട" ഇതായിരുന്നു ദൈവിക വചനം!

ആദ്യത്തെ മൂന്നു മാസം ഉഴപ്പാന്‍ ഉള്ള ലൈസന്‍സ് മാത്രമായി അത് മാറി. കണ്ണടച്ച് തുറക്കുംബഴേക്കും മൂന്നു മാസം പിന്നിട്ടു. നാലാം മാസം ഒന്നാം ദിവസം തൊട്ടു ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കാര്യമായി ശ്രമിച്ചു. പക്ഷെ കാര്യങ്ങള്‍ തഥൈവ! പി എസ സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പോലെ ,കെമിസ്ട്രി സര്‍ നെ ഒന്ന്  കണ്ടു പഴയ പ്രസ്താവനയുടെ  കാലാവധി നീട്ടി തരാന്‍ ഒരു നിവേദനം സമര്‍പ്പിക്കാന്‍ മനസ്സ് കെഞ്ചി എങ്കിലും അതിന്റെ പ്രായോഗികതയെ കുറിച്ച് ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ച്. ഇംഗ്ലീഷ് മീഡിയം പിള്ളേരും ഞങ്ങളും തമ്മിലുള്ള സ്പര്‍ദ്ദ വര്‍ദ്ധിച്ചു വന്നു. അവര്‍ തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുമായി ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഒന്നും പുറത്തു കാണിച്ചില്ല.

മാസങ്ങള്‍ പിന്നെയും മുന്നോട്ടു ചെന്നപ്പോള്‍ എപ്പഴോ എങ്ങിനയോ ഒരു വിധം ഞങ്ങള്‍ ഇംഗ്ലീഷ് നോട്  പൊരുത്തപ്പെട്ടു.ക്ലാസ്സില്‍  സംശയങ്ങള്‍ ചോദിക്കുന്ന ശീലം പണ്ട് തൊട്ടേ ഇല്ലാതിരുന്നത് കൊണ്ടും ചോദ്യങ്ങള്‍ ചോദിച്ചാല്‍ മിണ്ടാതെ വടി പോലെ നില്‍ക്കുന്ന ശീലം ഉള്ളതും കൊണ്ടും ഇംഗ്ലീഷ് ഏറെ അങ്ങ്  ഉപദ്രവിച്ചില്ല എന്ന് പറയുന്നതാവുംശരി.

പ്ലസ്‌ ടു വില്‍ നിന്നും ഉള്‍ക്കൊണ്ട് ഊര്‍ജ്ജം ഉപയോഗിച്ച് മൂന്നു വര്ഷം ബി എസ സി ഡിഗ്രി ഓടി തീര്‍ത്തു.

ഒടുവില്‍ എം സി യെ ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയി. അത് വരെ കണ്ണൂരില്‍ മാത്രം ജീവിച്ചു വളര്‍ന്ന ഞാന്‍ തിരുവനന്തപുരത്തെക്കു ചെല്ലുമ്പോള്‍ മനസ്സ് ഉദ്ദ്വേക ഭരിതമായിരുന്നു. പാന്റും ഷര്‍ട്ടും ടൈ യും ഒക്കെ ഇട്ടു ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു കൂട്ടം പിള്ളേര്‍ ആയിരിക്കും അവിടെ എന്ന് കരുതി പേടിച്ചാണ് അങ്ങോട്ട്‌ ചെന്നത്. പക്ഷെ അവിടെ എത്തിയപ്പോള്‍ എല്ലാ പേടിയും അസ്ഥാനത്തായി. ഞാന്‍ പണ്ടേ ഇങ്ങോട്ട് വരേണ്ടതായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു പലരുടെയും ഇംഗ്ലീഷ് ലെ നിപുണത. 

ഇത് തന്നെ തക്കം... ഇനിയെങ്കിലും ഇംഗ്ലീഷ് പഠിക്കണം എന്ന് കരുതി,  കാഴ്ചയില്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവന്‍ എന്ന് പറയുന്ന , ഒറ്റ നോട്ടത്തില്‍ ഇംഗ്ലീഷ് അറിയില്ലെന്ന് തോന്നിപ്പിക്കുന്ന മൂന്നു നാല് പേരെ ഞാന്‍ തിരഞ്ഞു പിടിച്ചു ക്ലാസിനു വെളിയില്‍ കൊണ്ട് പോയി രഹസ്യ യോഗം ചേര്‍ന്നു. ഇംഗ്ലീഷ് അറിഞ്ഞിരിക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു പോകുന്നതിന്റെ  പ്രസ്കതിയെ കുറിച്ചും ഒരു ചെറു പ്രഭാഷണം തന്നെ നടത്തി.  അതില്‍ രണ്ടു പേര്‍  യോഗത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാതെ മൌനം അവലംബിച്ച് നിന്നപ്പോള്‍ അതിനുള്ള മൂല കാരണം അവര്‍ മലയാളത്തെക്കാള്‍ നന്നായി  ഇംഗ്ലീഷ് അറിഞ്ഞിരുന്നവര്‍ ആയിരുന്നതു കൊണ്ടാണ് എന്ന സത്യം ഏറെ വൈകിയാണ് എനിക്ക് മനസ്സിലായത്. എന്തായാലും മീറ്റിംഗ് വെറുതെ ആയില്ല. വരുണ്‍  എന്ന കൂട്ടുകാരന്‍ എന്നോടൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു വാരാന്‍ സമ്മതിച്ചു.

പിറ്റേ ദിവസം വൈകീട്ട് തന്നെ ഞങ്ങള്‍ രണ്ടു പേരും  തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ല്‍  സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു രണ്ടായിരം രൂപ കൊടുത്തു ജോയിന്‍ ചെയ്തു.   ആദ്യ രണ്ടു ദിവസത്തെ ക്ലാസ്സു കഴിഞ്ഞപ്പോള്‍ തന്നെ ഇത് നമുക്ക് പറഞ്ഞ സ്ഥലമല്ലെന്നും ചെറുതല്ലാത്ത  ധനനഷ്ട്ടവും മാനഹാനിയും പിണഞ്ഞിരിക്കുന്നു എന്നും ഞങ്ങള്‍  മനസ്സിലാക്കി. പിറ്റേ ദിവസം രാവിലെ ചെന്ന് ഇനി ഞങ്ങള്‍ ക്ലാസിനു വരുന്നില്ല എന്നും ബാക്കി കാശ് തിരിച്ചു തരണം എന്നും ആവശ്യപ്പെട്ടു നോക്കി എങ്കിലും അവരത് തരാന്‍ തയ്യാറായില്ല.എന്ന് മാത്രമല്ല  ക്ലാസ്സിനു വരാതിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ അവര്‍ ശ്രമം തുടങ്ങുകയും ചെയ്തപ്പോള്‍ ഒരു മാനഭംഗത്തിന് കൂടി  ഇരയാവാതിരിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും അവശേഷിക്കുന്ന മാനം മുറുക്കെ പിടിച്ച് അവിടുന്ന് ഇറങ്ങി ഓടി.  

വര്‍ഷങ്ങള്‍ മുന്നോട്ടു പോയി. ഫൈനല്‍ ഇയര്‍ പകുതി ആയി. ക്യാമ്പസ് റിക്രൂട്ട്മെന്റിനായി അങ്ങും ഇങ്ങും ഓടി നടക്കുന്ന സമയം. ഏതോ ഒരു ദയാനുകമ്പന്‍ എന്നെയും സെലക്ട്‌ ചെയ്തു! കോളേജ് ലെ നിയമം അനുസരിച്ച് ഒരു കമ്പനിയില്‍ സെലക്ഷന്‍ കിട്ടിയവര്‍ മറ്റ് കംപനികളിലെക്കുള്ള ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. 

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ ഒരു പ്രശസ്തമായ കോളേജില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി റിക്രൂട്ടുമെന്റിനായി വരുന്നു എന്നും എന്റെ കോളേജ് ലെ കുട്ടികള്‍ക്ക് അറ്റന്‍ഡ് ചെയ്യാന്‍ പെര്‍മിഷന്‍ ഉണ്ട് എന്നും പ്രിന്സിപാല്‍ അറിയിച്ചത്. സ്വന്തം തട്ടകമായ കണ്ണൂരില്‍ ആണ് സംഭവം നടക്കാന്‍ പോകുന്നത് എന്നതുകൊണ്ട് പിള്ളേരുടെ കൂടെ ഞാനും തിരിച്ചു. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ബോംബും വടിവാളും ഒക്കെ ആയിരുന്നു പലരുടെയും മനസ്സില്‍ . അതുകൊണ്ട് തന്നെ "ഇതൊക്കെ എന്ത് !!" എന്ന ഭാവത്തില്‍ അവരുടെ മുന്നില്‍ ഷൈന്‍ ചെയ്തു നടക്കാന്‍ പറ്റിയ ഒരു അവസരം ആയതുകൊണ്ടും സ്വന്തം നാട് ആയതുകൊണ്ടും ആ യാത്രയിലെ ജാഥാ ലീഡര്‍ ആയി ഞാന്‍ സ്വയം സ്ഥാനാരോഹണം ചെയ്തു. 

ബോംബ്‌ ഞാന്‍ കണ്ടിട്ടുണ്ട് ,,, തൊട്ടിട്ടുണ്ട് .... അതുണ്ടാക്കുന്ന ഒന്ന് രണ്ടു  ചെട്ടന്മ്മാരെ പരിചയം ഉണ്ട് എന്നൊക്കെ ഞാന്‍ പണ്ടേ തട്ടി വിട്ടിട്ടുണ്ടായിരുന്നു . കണ്ണൂരില്‍ നിന്നും വരുന്ന ഒരു ചെറുപ്പക്കാരന്‍ ബോംബും വടിവാളും ഒന്നും കണ്ടിട്ടില്ല എന്ന് പറയുന്നതില്‍ പരം നാണക്കേട്‌ വേറെ ഉണ്ടോ !പക്ഷെ ബോംബെന്ന് കേട്ടാല്‍ ആദ്യം ഓടുന്നത് ഞാന്‍ ആയിരിക്കും എന്ന സത്യം അവര്‍ക്കറിയില്ലല്ലോ. 

അങ്ങനെ കണ്ണൂരില്‍ എത്തി. എന്നിലെ ഉത്തരവാദി കര്‍മനിരതനായി. എല്ലാവരെയും ഒന്‍പതു മണിക്ക് മുന്‍പ് തന്നെ കോളേജില്‍ എത്തിച്ചു. റിക്രൂട്ടുമെന്റ് നടക്കുന്ന ഹാളിനകത്ത് കേറ്റി ഇരുത്തി.കയ്യില്‍ ഒരു ബാഗും പിടിച്ചു ഞാന്‍ പുറത്തു വെയിറ്റ് ചെയ്തു. 

റിക്രൂട്ടുമെന്റ് നടത്താന്‍  വരാമെന്ന് പറഞ്ഞ കമ്പനിയിലെ ആള്‍ക്കാര്‍ ഇത് വരേം എത്തിയിട്ടില്ല. എല്ലാവരും വെയിറ്റ് ചെയ്യുകയാണ്. അപ്പോഴാണ്‌ ചെറിയ ഒരു മൂത്രശങ്ക തോന്നി ഞാന്‍ ടോയിലെറ്റ് ലക്ഷ്യമാക്കി വലതു വശത്തേക്ക് നടന്നത്. എന്റെ കഷ്ടകാലത്തിനു ഞാന്‍ നടന്നു പോയത് സ്റ്റാഫ്‌ റൂം ഭാഗത്തേക്ക് ആയിരുന്നു. കയ്യില്‍ ഒരു ബാഗുമായി അല്പം ജാടയോടെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കുന്ന എന്നെ കണ്ടപ്പോള്‍ രണ്ടു വളണ്ടിയര്‍മ്മാര്‍ ഓടി വന്നു.  

റിക്രൂട്ട് മെന്റില്‍ പങ്കെടുക്കുന്നവര്‍ ആ ഹാളില്‍ ആണ് ഇരിക്കേണ്ടത് എന്ന്  പറഞ്ഞു അവര്‍ ഹാള്‍ ഭാഗത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ചു.അവര്‍ പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു എങ്കിലും അവരുടെ നിലവാരം എന്റെ അത്രയൊക്കെയേ ഉള്ളു എന്ന് ആ ഇംഗ്ലീഷ് കേട്ടപ്പോ എനിക്ക് മനസ്സിലായി. അപ്പൊ രണ്ടും കല്‍പ്പിച്ചു ഒന്ന് കൊമ്പ് കോര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.ഒന്നുമില്ലേലും ഞാന്‍ തലസ്ഥാന നഗരിയിലെ കോളേജില്‍ നിന്നും വരുന്നതല്ലേ !

ഞാന്‍ ടെസ്റ്റ്‌ അറ്റന്‍ഡ് ചെയ്യാന്‍ വന്നതല്ല എന്നും അറ്റന്‍ഡ് ചെയ്യുന്ന അഞ്ചു പത്തു പേര്‍ക്ക് ഒരു കമ്പനിയായി വന്നതാണ് എന്നും അവരെ പറഞ്ഞു മനസ്സിലാക്കിക്കാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു.

"ഐ ആം ദി കമ്പനി"

അത് കേട്ടപ്പോ ആ അല്‍പ ജ്ഞാനികള്‍ ഒന്ന് പകച്ചു പോയി. അവര്‍ മുഖത്തോടു മുഖം നോക്കി. എന്നിട്ട്  അല്‍പ്പം വിനയത്തോടെ സൌമ്യമായ ഭാഷയില്‍  അതില്‍ ഒരുത്തന്‍ എന്നോട് തിരിച്ചു ചോദിച്ചു. 

"സര്‍, യു ആര്‍ ദി കമ്പനി ? ?? "

"ഭാഗ്യം ഞാന്‍ ഉദ്ദേശിച്ചത് അവര്‍ക്ക് മനസ്സിലായി. സ്മാര്‍ട്ട്‌ ബോയ്സ് !" ഞാന്‍ മനസ്സില്‍ പറഞ്ഞു .

"യെസ്... ഐ ആം ദി കമ്പനി " ആത്മവിശ്വാസത്തോറെ ഞാന്‍ പറഞ്ഞു. 

"സര്‍ വണ്‍ മിനിറ്റ് " എന്നും പറഞ്ഞു അവര്‍ രണ്ടു പേരും സ്റ്റാഫ്‌ റൂമിലേക്ക്‌ ഓടി പോയി ഒരു മാഡത്തിനെയും കൂട്ടി തിരിച്ചു വരുന്നത് കണ്ടപ്പോ എനിക്ക് തോന്നി എന്തോ പന്തികേട്‌ സംഭവിച്ചിരിക്കുന്നു എന്ന്. പക്ഷെ എന്താണെന്ന് ഒരു പിടിയും കിട്ടീല്ല. 

മാഡം  എന്റെ അടുത്ത് വന്നു പുഞ്ചിരിയില്‍ കുതിര്‍ന്ന ബഹുമാനത്തോടെ ചോദിച്ചു .

"സര്‍, ആര്‍ യു ഫ്രം ദി കമ്പനി ? "

അത് ശരി.. അപ്പൊ അതാണ്‌ സംഭവം. ചെറിയൊരു മിസ്സ്‌ അണ്ടര്‍സ്റ്റാണ്ടിംഗ്... !!! അതിവിടെ സംഭവിച്ചിരിക്കുന്നു. തീര്തുകൊടുക്കാം. 

ഞാന്‍ പറഞ്ഞു - "നോ നോ ... മൈ ഫ്രണ്ട്സ് ആര്‍ ദേര്‍. ഇന്‍ ദി ഹാള്‍ ...... ഐ ആം ജസ്റ്റ്‌ എ  കമ്പനി !"

"ഓഹ്.. യു ആര്‍ നോട്ട് ഫ്രം ദി കമ്പനി!! യു ആര്‍ ജസ്റ്റ്‌ എക്കംപനിയിംഗ് ദെം!"

"യ യ...  എക്കംപനിയിംഗ്!! എക്കംപനിയിംഗ്!! "

അത് പറയുമ്പോള്‍ എന്റെ മുഖത്തുണ്ടായിരുന്ന ചമ്മല്‍ ഇപ്പഴും എനിക്ക് വര്‍ണ്ണിക്കാന്‍ പറ്റുന്നില്ല. 

പിന്നെ അവിടെ ഒരു പൊട്ടി ചിരി ആയിരുന്നു. ഞാന്‍ ഒഴികെ എല്ലാവരും ആസ്വദിച്ചു ചിരിച്ചു. മാഡം ചിരിച്ചതിനു എനിക്ക് പരാതിയില്ല . പക്ഷെ ആ രണ്ടു വളണ്ടിയര്‍മ്മാര്‍.... അവരുടെ ചിരി... അത് എന്നെ കുറെ കാലം നൊമ്പരപ്പെടുത്തി. !!

വര്‍ഷങ്ങള്‍ കുറെ മുന്നോട്ടു പോയി.ഇന്ന് ഞാന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.വലിയ തരക്കേടില്ലാതെ ഒരു വിധം പിടിച്ച് നില്‍ക്കാനുള്ള ഇംഗ്ലീഷ് ഒക്കെ ദൈവ കൃപയാല്‍ ഞാന്‍ എങ്ങനെയൊക്കെയോ സ്വായത്തമാക്കി.

എന്തായാലും ഇന്ന്  ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ആസ്വദിച്ചു ചിരിക്കാന്‍ എനിക്ക് പറ്റുന്നുണ്ട് ! :)   

                                      --------------------------



2012, ജനുവരി 26, വ്യാഴാഴ്‌ച

കഴുകന്മാര്‍

ഇന്നലെ വരെ താമസിച്ച സ്ഥലമല്ലേ .... ഒന്ന് പോയി കണ്ടിട്ട് വരാം.അത് മാത്രമല്ല ആരോടും ഒരു വാക്ക് പോലും പറയാതെയല്ലേ ഞാന്‍  അവിടം വിട്ടത്. 

 ഇപ്പൊ പണ്ടത്തെ പോലെ അല്ല.. എവിടെ വേണേലും നിമിഷ നേരം കൊണ്ട് പറന്നെത്താം. ദൂരം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. 

നേരെ നാട്ടിലേക്ക് വച്ചുപിടിച്ചു. വീടിനടുത്തുള്ള കവലയില്‍ ഒരാള്‍കൂട്ടം. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഒരു അനുശോചന യോഗം ആണെന്ന് മനസ്സിലായി. 

"അനന്തന്‍ നായരുടെ നിര്യാതം ഒരു മഹാ നഷ്ടം. നാടിനു വേണ്ടി ജീവിതം ഹോമിച്ചയാള്‍ " - പ്രഭാഷകന്‍ സ്ഥലത്തെ പഞ്ചായത്ത് പ്രസിടണ്ട് കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്നു. 


ഞാന്‍  പതുക്കെ അവിടുന്ന് മാറി വാസുവേട്ടന്റെ ചായക്കടയുടെ തിണ്ണയില്‍ ഇരുന്നു. അവിടെയും സംസാരം അനന്തന്‍ നായരുടെ മരണത്തെ കുറിച്ച് മാത്രം.
"കല്യാണം പോലും കഴിക്കാതെ നാടിനു വേണ്ടി ജീവിച്ചയാളാ! " 

വേണ്ട.. ഇവിടെയും ശരിയാവില്ല. 
ഞാന്‍  അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക് കേറി. അവിടെ  ആണെകില്‍ "അനന്തന്‍ നായരെ കുറിച്ച്  ഘോര ഘോരമായ ചര്‍ച്ച. 

അനന്തന്‍ നായരുടെ നിര്യാണത്തില്‍ എല്ലാവരും തുല്യദുഖിതര്‍ ! 

നാട്ടുകാര്‍ ഒക്കെ ഇത്രേം ദുഖിതര്‍ ആണോ ഈ അനന്തന്‍ നായരുടെ നിര്യാണത്തില്‍ !

തെണ്ടികള്‍ ! ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കത്തവരാ.ആദ്യമൊക്കെ ഒരു സ്വാതന്ത്ര സമര സേനാനി എന്ന ബഹുമാനം എങ്കിലും കൊടുത്തിരുന്നു. പക്ഷെ  ഒന്ന് രണ്ടു അഴിമതി കേസുകള്‍ പുറത്തു കൊണ്ട് വരാന്‍ വേണ്ടി ഒന്ന് ശ്രമിച്ചപ്പഴേക്കും രാഷ്ട്രീയക്കാര്‍ എല്ലാവരും കൈ വിട്ടു. കയ്യില്‍ കാശോ മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കാത്ത വീടോ ഇല്ലായിരുന്നു. അവസാനം ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരാഴ്ച പനി പിടിച്ചു കിടന്നു ഒടുവില്‍ ന്യൂമോണിയ പിടിപെട്ടാ  മരിച്ചത്.

സമയത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള കാരുണ്യം എങ്കിലും ഇതില്‍ ഏതെങ്കിലും ഒരുത്തന്‍ കാണിച്ചിരുന്നെങ്കില്‍ .... ഒരു പക്ഷെ ഇവരെ വിട്ടു പിരിയാതെ ഇന്നും ഞാന്‍ ഇവിടെ കാണുമായിരുന്നു. 

വേണ്ട ..ഒരു തരത്തില്‍ നോക്കിയാല്‍  മരിച്ചത് തന്ന്യാ നല്ലത്. അങ്ങനെ എങ്കിലും നാല് പേര്‍ എന്നെ കുറിച്ച് നല്ലത് പറഞ്ഞല്ലോ!










2012, ജനുവരി 12, വ്യാഴാഴ്‌ച

മരണമേ ഇവനെ തലോടു ...


ഏപ്രില്‍ മാസം. ചുട്ടു പൊള്ളുന്ന ചൂട് ...ന്നു വെച്ചാല്‍ " പോപ്‌ കോണ്‍ ചുമ്മാ കയ്യില്‍ വെച്ചാല്‍ വറുത്തു കിട്ടും" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തി കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ.  തലയില്‍  നിന്നും  മുഖത്ത്  നിന്നും  വെള്ളം  ധാര  ധാരയായി ഒഴുകി ശരീരം മുഴുവന്‍ നനച്ചുകൊണ്ട് ഭൂമിയിലേക്ക്‌ പതിക്കുകയാണ്.അല്പം  മുന്‍പേ  മുഖം  ഒന്ന്  തോര്‍ത്തിയിട്ട്  പിഴിഞ്ഞ് വെച്ച  കര്‍ചീഫ്‌  പോക്കെറ്റില്‍ നിന്നും വീണ്ടും  എടുത്തു  ഞാന്‍  മുഖവും തലയും  ഒന്നുകൂടി  തുടച്ചു.

 എ.സി . ഫിറ്റ്‌ ചെയ്ത ചൈനീസ്‌ കുടകള്‍ ഉണ്ടായിരുന്നെങ്കില്‍... അതൊരു 69 രൂപയ്ക്ക് കിട്ടിയിരുന്നെകില്‍ ... മനസ്സ് ചുമ്മാ മോഹിച്ചു പോയി.


 ഇതിനു  മുന്‍പ്  ഇത്രയും  വിയര്‍പ്പ്  ഞാന്‍  കണ്ടിട്ടുള്ളത്  മരം  വെട്ടുകാരന്‍  മമ്മദ്  ഇക്കായ്ക്കും   ക്രിക്കറ്റ്‌  കളിക്കാരന്‍  രാഹുല്‍ ദ്രാവിഡിനും  മാത്രമാണ്.

സൂര്യന്‍  വെയിലാണോ  അതോ ചൂട്  വെള്ളമാണോ   തലയിലേക്ക്  ഒഴിക്കുന്നത് !

ചൂട്  ഓരോ  വര്‍ഷവും  കൂടിവരികയെ ഉള്ളു  എന്ന്  പത്രത്തില്‍ വായിച്ചിരുന്നത്  കൂടി  ഓര്‍ത്തപ്പോ
ഭാവിയില്‍  സൂര്യനും  ഭൂമിയും   തമ്മില്‍  വലിയ  അന്തരം  ഒന്നും  ഉണ്ടാവില്ല  എന്ന്  ഞാന്‍ മനസ്സില്‍  കുറിച്ചു.

 വെയിലിനെ  പഴി  ചാരിയിട്ടു  കാര്യമില്ല.ഒരു  പാട്  ആവശ്യങ്ങള്‍  നിറവേറ്റാനുണ്ട്   എനിക്ക്. പട്ടണത്തില്‍  നിന്നും വാങ്ങിക്കേണ്ട  സാധനങ്ങളുടെ ഒരു  വലിയ  ലിസ്റ്റ്  അമ്മ ഇന്നലെ  രാത്രി  തന്നെ  എഴുതി  തയ്യാറാക്കി  എന്റെ  പേഴ്സിനകത്ത്  വെച്ചിട്ടുണ്ട് .

പട്ടണത്തിന്റെ  നാനാ  ഭാഗങ്ങളില്‍   ചിതറികെടക്കുന്ന   ഷോപ്പുകളില്‍ പലതവണ കേറി  ഇറങ്ങി  ഏറ്റവും  നല്ലത്  നോക്കി  വേണം  വാങ്ങിക്കാന്‍.അത്  കഴിഞ്ഞു  തിരിച്ചു  ബാംഗളൂര്‍ക്ക് പോകാന്‍  ഉള്ള  ടിക്കറ്റ്‌  ബുക്ക്‌  ചെയ്യണം. അങ്ങനെ  ഓരോരോ  കാര്യങ്ങള്‍  ആയി  സാധിപ്പിക്കാന്‍  വേണ്ടിയുള്ള  നെട്ടോട്ടത്തിനിടയിലാണ്  ഹൃദയഭേദകമായ  ഒരു  കാഴ്ച  എന്നെ പിടിച്ചുലക്കിയത്.


പട്ടണത്തിലെ  ഏറ്റവും  തിരക്കുള്ള  വീഥിയില്‍  ഒരു  യാചകന്‍  കെടക്കുന്നു. യാചകര്‍  കിടക്കുന്നത് ആദ്യമായല്ല ഞാന്‍ കാണുന്നത്. പക്ഷെ  ഈ  കാഴ്ച  കണ്ണുകള്‍ക്ക്‌ തീര്‍ത്തും  ദുസ്സഹമായിരുന്നു.


 പൊരി  വെയിലില്‍  വെറും  നിലത്തു  ഫുട്പാത്തില്‍  അയാള്‍  നിശ്ചലനായി  കമിഴ്ന്നു  കിടക്കുന്നു. വലത്തേ  കൈ,  മുട്ടിനു  താഴെ  വെച്ച് ഇല്ല. ഇടത്തേ  കൈക്കാണെങ്കില്‍ കൈപ്പത്തിയും ഇല്ല. ഷര്‍ട്ട്‌  ധരിച്ചിട്ടില്ല. സാമാന്യം  വണ്ണമുള്ള ശരീരം. അയാളുടെ  ഇടത്തെ  കാല്‍,  മുട്ടിനു  താഴെ വെച്ച് മുറിച്ചു മാറ്റിയതിന്റെ പാടുകള്‍ കാണാം.എന്ന്  മാത്രമല്ല  കാല്‍മുട്ടില്‍   വ്രണങ്ങളും  അതില്‍
നിറയെ  ഈച്ചകളെയും  കാണാം. തീര്‍ത്തും  നിശ്ചലനായി  കെടക്കുന്ന  അയാളെ  ശവം  എന്ന്  വിളിക്കുന്നതിനു  ഒരു അപവാദം ഇടയ്ക്കിടെ  തുറക്കുകയും അടക്കുകയും ചെയ്യുന്ന കണ്‍പോളകള്‍   മാത്രം.അയാള്‍  കിടന്നതിനു  അടുത്തായി  തറയില്‍ ഒരു  കുഞ്ഞു  തൂവാലയും  വിരിച്ചിട്ടുണ്ട്. അതില്‍  ധാരാളം  നാണയതുട്ടുകളും  അല്പം  നോട്ടുകളും  കാണാം.


ഞാന്‍ വഴിയില്‍  നിന്നും  രണ്ടടി  പിറകോട്ടു  മാറി  കമ്പി  വേലിയില്‍  ചാരി  നിന്ന്  നിര്‍ന്നിമേഷനായി  ആ മനുഷ്യനെ തന്നെ നോക്കി നിന്നു.

 പൊതുവേ  യാചകരെ  കാണുമ്പോള്‍  മനസ്സില്‍  പറയാറുള്ളത്  "നല്ല  ആരോഗ്യം   ഉണ്ടല്ലോ ... എവിടെയെങ്കിലും  പോയി മാന്യമായി  അദ്ധ്വാനിച്ചു  ജീവിച്ചു  കൂടെ ? "എന്നായിരുന്നു .

 തീര്‍ത്തും  ശുഷ്കിച്ച്   ആരോഗ്യം  തൊട്ടു  തീണ്ടിയിട്ടില്ലാത്ത ചിലരെ  കണ്ടാലും  ഞാന്‍ കാശ്  കൊടുത്തിരുന്നില്ല. കാരണം  ഇതൊക്കെ  ഭിക്ഷാടനത്തെ  പ്രോത്സാഹിപ്പിക്കുകയെ  ഉള്ളു.മലയാളികള്‍  ഇങ്ങനെ  കാശ്  എറിയുന്നത്  കൊണ്ടാണ്  ഇവിടെ  ഭിക്ഷക്കാരുടെ  എണ്ണം  അനുദിനം കൂടിവരുന്നത് .

 ഇങ്ങനെ ഒക്കെ ഉള്ള ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചായിരുന്നു ഇത്രേം കാലം പട്ടണത്തില്‍ വന്നത്.

പക്ഷെ ഇത്തവണ .... ആ കാഴ്ച കണ്ടപ്പോ പത്തു  പതിനഞ്ചു  മിനുട്ടോളം  ഞാന്‍  ആ  യാചകനെ  തന്നെ  നോക്കി  നിന്നു. ഇടയ്ക്ക്  ചില  കുഞ്ഞു  കുട്ടികള്‍ പട്ടിക്കു  ബിസ്സുറ്റ്  എറിഞ്ഞു  കൊടുക്കുന്നത്  പോലെ  എറിഞ്ഞു  കൊടുത്ത  നാണയ  തുട്ടുകള്‍  തറയില്‍  വീണു  തെറിച്ച്   ആ മനുഷ്യന്റെ   കണ്ണില്‍  കൊണ്ടപ്പോള്‍  എന്റെ കണ്ണും വേദനിച്ചു .

 എന്റെ മനസ്സില്‍  ചിന്തകള്‍  കൂടുകെട്ടി  തുടങ്ങി.

 ഇയാള്‍ക്ക്  ഒരു  കുടുംബം  ഉണ്ടാവുമോ ?
 ഭാര്യയോ  മക്കളോ  ആരെങ്കിലും  ഒക്കെ  ഉണ്ടാകില്ലേ ?
 അല്ല  ഇനി  ജന്മനാ   ഇയാള്‍  ഇങ്ങനെ  ആണോ ?
 ഇനിയിപ്പോ  ഇങ്ങനെ  ആണെങ്കില്‍  തന്നെ  ജന്മ്മം  കൊടുത്ത  ഒരു  അച്ഛനും  അമ്മയും  ഉറപ്പായിട്ടും  ഉണ്ടാവില്ലേ ?

ഉത്തരം  കിട്ടാത്ത  ഒരു  പാട്  ചോദ്യങ്ങള്‍  അനര്‍ഗ്ഗളമായി  പ്രവഹിച്ചുകൊണ്ടിരുന്നു.

ഒരു  പക്ഷെ  ഇയാളുടെ  അച്ഛനും  അമ്മയും  മരിച്ചു  പോയി  കാണും. അല്ലെങ്കില്‍  ചെറുപ്പത്തില്‍  സ്കൂളില്‍  പോകുന്ന  വഴിയില്‍ വല്ലവരും  ഇയാളെ  തട്ടിക്കൊണ്ടു  പോയി  കൈ  കാലുകള്‍  വെട്ടി  കളഞ്ഞു ഭിക്ഷാടനത്തിന് വിട്ടതാവാം. സ്കൂളില്‍ പോയി വരുമ്പോള്‍ ഏതോ കള്ളസ്വാമി വന്നു  മിഠായി കൊടുത്ത്  കുട്ടികളെ തട്ടിക്കൊണ്ടു പോയ കഥകള്‍ എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അപ്പൊ അതിലൊക്കെ വാസ്തവം ഉണ്ടെന്നാണോ? 

" സര്‍വൈവല്‍ ഓഫ്  ദി  വീകെസ്റ്റ് " എന്നായിരിക്കും പിച്ചക്കാരുടെ  വിജയ മന്ത്രം.

 ഇയാളെ  എന്നും രാവിലെ  നേരം  വെളുക്കുന്നതിനു  മുന്‍പ്  ഇവിടെ  കൊണ്ട് വന്നു  വിടുന്നത്  ആരായിരിക്കും?
വൈകീട്ട്   അയാളെ  തിരിച്ചു  കൊണ്ട്  പോകുന്നത്  ആരായിരുക്കും?
 അല്ല ഇയാള്‍ ഇവിടെ തന്നെ മരണവും കാത്തു കിടക്കുകയാണോ?
അങ്ങന എങ്കില്‍ ഇയാള്‍ക്ക് കാശ് എന്തിനാണ് ?
ഈ  കാശൊക്കെ  ഇയാള്‍ക്ക്  തന്നെ  കിട്ടുന്നുണ്ടാവുമോ?

ഒരു  പക്ഷെ  ഇയാളുടെ  വേണ്ടപ്പെട്ട  ആരെങ്കിലും  ഒക്കെ  ആയിരിക്കാം എന്നും ഇവിടെ കൊണ്ട് വരുന്നതും കൊണ്ട് പോകുന്നതും. അല്ലെങ്കില്‍ പിച്ചക്കാരെ  വെച്ചു  മുതലെടുക്കുന്ന  ഒരു  സംഘം  ആയിരിക്കാം ഇതിനു പിന്നില്‍. അങ്ങനെ  ഉള്ള  സംഘം  പട്ടണത്തില്‍  വ്യാപകമാണെന്ന് 
പത്രത്തില്‍  വായിച്ചിരുന്നു ഞാന്‍. 

ആ  നിലയ്ക്ക്  നോക്കുമ്പോള്‍  ഈ  കൊടുക്കുന്ന  കാശ്  ഇയാള്‍ക്ക്  തന്നെ  കിട്ടുമോ? കിട്ടുന്നില്ലെങ്കില്‍  , കാശ്  കൊടുക്കുന്നതില്ലൂടെ  പരോക്ഷമായി  ഞാനും ആ ക്രൂരതയ്ക്ക്  കൂട്ട് നില്‍ക്കുകയല്ലേ  ചെയ്യുന്നത്? 

ചോദ്യങ്ങള്‍ക്ക്  പഞ്ഞമില്ല. ഉത്തരങ്ങള്‍  പറയേണ്ട  മനുഷ്യനാണ് ഇവിടെ ശവം  പോലെ  കിടക്കുന്നത്. 

പെട്ടെന്ന് മൊബൈല്‍ ശബ്ദിച്ചത് കേട്ടാണ് ചിന്തകളുടെ ആ ലോകത്ത് നിന്നും ഞാന്‍ തിരിച്ചു വന്നത്.
" മോനെ  നീ  വരുമ്പോള്‍  രണ്ടു  പാക്കറ്റ്  പാലും  കുറച്ചു  ചിക്കനും  വാങ്ങിക്കണേ "- അമ്മ  ആയിരുന്നു. ഇത് എന്നും പതിവുള്ളതാണ്. എത്ര വലിയ ലിസ്റ്റ് തന്നു വിട്ടാലും എന്തെങ്കിലും ഒക്കെ വിട്ടു പോയി കാണും. 

 ഓഫീസില്‍ സഹ പ്രവര്‍ത്തകര്‍ ആരെങ്കിലും ഇത് പോലെ റിക്വസ്റ്റ് ഉം ആയി വന്നിരുന്നു എങ്കില്‍   "സോറി, ലാസ്റ്റ് മിനിറ്റ് ചേഞ്ചസ് ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല " എന്ന് പറഞ്ഞു നിഷ്കരുണം തള്ളിയേനെ. 

കാഴ്ച  കണ്ടു  കളയാന്‍  തനിക്കു  സമയമില്ല.ആ  യാചകനെ സഹായിക്കണം. കാഴ്ചകളു ടെ ദൈന്യതയ്ക്കു മുന്നില്‍ ഒടുവില്‍ ഞാന്‍ എന്റെ ആദര്‍ശ കുപ്പായം ഊരി വെച്ചു.

അനുകമ്പയാര്‍ന്ന മനസ്സോടെ പതിയെ ഞാന്‍  ആ  ജീവച്ഛവത്തിന്റെ  അടുത്തു  ചെന്ന്. പോക്കെറ്റില്‍ നിന്നും 20 രൂപ   നോട്ട് എടുത്തു  നിലത്തുള്ള  തൂവാലയില്‍  വെച്ചു. 

ചെയ്തത് ശരിയോ തെറ്റോ എന്ന് എനിക്കറിഞ്ഞുകൂട. എന്നാലും   ദൈന്യതയുടെ  നേര്‍ക്കഴ്ചയ്ക്ക്  നേരെ  നീട്ടിയ  കണ്ണീരില്‍   പൊതിഞ്ഞ  ഈ  ഇരുപതു  രൂപ , ഒരിക്കലും  ...ഒരിക്കലും  ... കൊടും  ക്രൂരതയ്ക്ക്  വില  പേശുന്ന നരാധമന്മാരുടെ   ഭണ്ടാരങ്ങളില്‍   ചെന്ന് വീഴരുതേ  എന്ന് ഞാന്‍  പ്രാര്‍ത്ഥിച്ചു.

 മെല്ലെ അവിടെ  നിന്നും  എഴുന്നേല്‍ക്കുമ്പോള്‍ അവസാനമായി ഞാന്‍ ആ  മനുഷ്യന്റെ  കണ്ണുകളില്‍ ഒന്ന്  നോക്കി. ആ  കണ്ണുകളില്‍  ഒന്നോ  രണ്ടോ  തുള്ളി  കണ്ണുനീര്‍  തങ്ങി  നില്‍ക്കുന്നതായി എനിക്ക് തോന്നി. 

ഒരു  പക്ഷെ  എന്നോടുള്ള  നന്ദി  അയാള്‍  കണ്ണുകളില്‍ കൂടി  ആനന്ദാശ്രു  ആയി  പ്രകടിപ്പിച്ചതാവാം .അല്ലെങ്കില്‍  ഈച്ചകള്‍  കാലിലെ  വ്രണത്തില്‍  കുത്തുമ്പോള്‍  ഉണ്ടാകുന്ന  അസ്വസ്ഥത  ആ  കണ്ണുകളില്‍  കൂടി പെയ്തിറങ്ങിയതാവാം . 

നാളെ ഇതും ഒരു പതിവ് കാഴ്ചയായി മാറുമ്പോള്‍ ഇതിലും വലിയ ക്രൂരതകള്‍ നടമാടിയ മറ്റൊരു ശരീരം ഇതേ സ്ഥാനത്ത് നിക്ഷേപിക്കപ്പെടും! അതറിയാഞ്ഞിട്ടല്ല!

 ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു.ഇനി എന്താണ് വാങ്ങിക്കേണ്ടത് എന്നറിയാന്‍  പോക്കെറ്റില്‍ നിന്നും ലിസ്റ്റ് എടുത്ത്  ഞാന്‍ കണ്ണോടിച്ചു. അതില്‍ മല്ലിയും മുളകും ഒന്നുമല്ല ഞാന്‍ കണ്ടത്. ആ പാവം മനുഷ്യന്റെ ദയനീയ ചിത്രം മാത്രമായിരുന്നു. 












2012, ജനുവരി 7, ശനിയാഴ്‌ച

മുഖംമൂടികള്‍

 അലമാരിയില്‍  ചിതലുകള്‍  ഘോഷയാത്ര  നടത്തുന്നത്  കണ്ടപ്പോഴാണ്  അതിനകത്ത് വെച്ചിട്ടുള്ള  സാധനങ്ങള്‍ ഓരോന്നായി അയാള്‍  വലിച്ചു പുറത്തേക്കിട്ടത്..അപ്പോഴാണ്‌  കൂടോത്രം  പോലെ  പൊതിഞ്ഞു  വെച്ചിരിക്കുന്ന  എന്തോ  ഒന്ന്  തികച്ചും യാദ്രിശ്ചികമായി  അയാളുടെ കയ്യില്‍ വന്നുപെട്ടത്. സ്വച്ചന്ദമായി  വിഹരിക്കുന്ന ചിതലുകള്‍ ആ പൊതിയുടെ  ഒരു ഭാഗം കാര്‍ന്നു തിന്നതിന്റെ പാടുകള്‍ അവിടവിടെയായി കാണാമായിരുന്നു.


  ചിതലുകളെ  തട്ടി  മാറ്റി അയാള്‍  പൊതി  തുറന്നു  നോക്കി. ഒരു  കീ  ചെയിന്‍ !അതിനോട്  ഒരു  ടാഗും  കെട്ടിയിട്ടിട്ടുണ്ട്. ആ  ടാഗില്‍  ഇങ്ങനെ  എഴുതിയിരുന്നു.

"വിത്ത്‌  ലവ് , യുവര്‍ ... "  ബാക്കി  ഭാഗം കാണാനില്ല . ചിതലുകള്‍ തിന്നിരിക്കുന്നു.

 ആര്  തന്നതായിരിക്കും  ഇത് ? റീമ ?...ലീഷ്മ ?....പ്രീത ?... സമീറ? ..ഇന്ദു ?

ബി.ടെക്  പഠന കാലത്ത് തന്റെ  പിറന്നാളിന്  ഏതോ  ഒരു കൂട്ടുകാരി  തന്നതാണ്  ഇത് .

കൂട്ടുകാരന്‍ അല്ല കൂട്ടുകാരി ആണ് എന്നുറപ്പാണ് .കാരണം  ഒരു  ആണ്‍കുട്ടി  മറ്റൊരു  ആണ്‍കുട്ടിക്ക്  ഗിഫ്റ്റ്  കൊടുക്കാറില്ലല്ലോ. അങ്ങനെ  ചിന്തിക്കുന്നത് പോലും  ആണ്‍  തറവാട്ടിലെ  അലിഖിത  നിയമ പ്രകാരം കുറ്റകരമാണ് .സൊ  പെണ്‍കുട്ടി  തന്നെ.

അയാള്‍ വിചാരണ നടത്തി തുടങ്ങി... വിധിയും പ്രഖ്യാപിച്ചു

 റീമ  ആവാന്‍  വഴിയില്ല ... അവള്‍  ജീരക മിഠയി   പോലും  ആര്‍ക്കും വെറുതെ കൊടുക്കാറില്ല. ലീഷ്മ യുനിവേര്സല്‍  ആക്സപ്ടര്‍ ആണ് .ഡോണേഷന്‍ ഇല്ല.
പിന്നെ  ചാന്‍സ്   ഉള്ളത്  പ്രീതയ്ക്കും  സമീറയ്ക്കും   ഇന്ദുവിനും  ആണ്.

 അയാള്‍  കണ്ണടച്ച്  ഒരു  നിമിഷം ആലോചിച്ചു. എന്നിട്ട്  മൊബൈല്‍  എടുത്തു രണ്ടും കല്‍പ്പിച്ചു   പ്രീതയുടെ  നമ്പര്‍  കുത്തി.

"ഹൈ  പ്രീത , ഞാന്‍  ആശിഷ്  ആണ് "
"ഹേയ്  ആശിഷ് ! വാട്ട്‌  എ  സര്‍പ്രൈസ് !! എന്താ  ഇപ്പൊ ? എവിടെയാ  നീ ?"

ഒരു  ദീര്‍ഘകാലത്തെ  ഇടവേളയ്ക്കു  ശേഷമാണ്  സംസാരിക്കുന്നത്  എന്ന്  തോന്നിപ്പിക്കുന്ന  എല്ലാം  അവരുടെ സംസാരത്തില്‍  ഉണ്ടായിരുന്നു. അല്പനേരത്തെ  കുഷലാന്വേഷനങ്ങള്‍ക്ക്  ശേഷം  അയാള്‍  പറഞ്ഞു

"പ്രീത , നിനക്കറിയോ ... നീ  പണ്ട്  എന്റെ  ബര്‍ത്ത്ഡേക്ക്  ഒരു  ഗിഫ്റ്റ്  തന്നിരുന്നില്ലേ . ഒരു  കീ  ചെയിന്‍ ?? ഓര്‍മ്മയുണ്ടോ ?? ഒരു നീല കളര്‍ ?"

 "ഹ്മം ...കീ  ചൈനോ?... ഏതു ? ഓഹ് ..ഓക്കേ  ഓക്കേ . ബര്‍ത്ത്ഡേ ഗിഫ്റ്റ്  ആയിട്ട്  തന്നത്... അല്ലെ ? ഒരു ബ്ലൂ കളര്‍ അല്ലെ? ... എന്താടാ  എന്ത്  പറ്റി  അതിനു?

(ഹാവൂ .. അപ്പൊ  എന്റെ  ഗസ്  കറക്റ്റ് !. ഇനി  ഞാന്‍  ഏറ്റു  ) വിജയശ്രീ ലാളിതനായി അയാള്‍ മനസ്സില്‍ പറഞ്ഞു.

"ഓര്‍മയുണ്ടല്ലെ ! ... ആ  കീ  ചെയിന്‍ ... അതാണ്‌  ഞാന്‍  ഇപ്പഴും  യൂസ്   ചെയ്യുന്നത് ... എനിക്കത്  കളയാന്‍  തോന്നുന്നില്ലെട"

( പണ്ട്തൊട്ടേ  പെണ്‍കുട്ടികളെ ഓരോന്ന് പറഞ്ഞു  സുഖിപ്പിക്കുന്നതില്‍ ഒരു വല്ലാത്ത ആനന്ദം അയാള്‍ കണ്ടെത്തിയിരുന്നു)

. " ഈ ഭൂമിയില്‍ ഒരു സൃഷ്ടിയും പാഴല്ല. ഒരു പെണ്ണിനെ വിളിക്കാന്‍ ഒരു കാരണവുമായി ചിതലുകള്‍ വന്നത് കണ്ടില്ലേ. ചിതലുകളെ നിങ്ങള്ക്ക് നന്ദി "-  അയാള്‍ മനസ്സില്‍ ചിതലുകളെ പ്രശംസിച്ചു.

" റിയലി ?.. ഈവെന്‍   ആഫ്റ്റര്‍  8 യിയെര്‍സ് !   സ്റ്റില്‍  യൂസിംഗ്  ദാറ്റ്‌ !!  സൊ  നൈസ്  ഓഫ്  യു  ഡിയര്‍ . ഹാപ്പി ടു ഹാവ് എ ഫ്രണ്ട് ലൈക്‌ യു !" അവള്‍  ആനന്ദ പുളകിതയായി.

 " ഐ  ടൂ  ലവ്  യു  ഡിയര്‍ "

 "കോള്‍  യു  ലേറ്റര്‍   ഡാ.. ബിറ്റ്  ബിസി  നവ് ..ചലോ...ബൈ "

"ബൈ . ക്യാച്ച് യു ലേറ്റര്‍"

അയാള്‍ കോള്‍ കട്ട്‌ ചെയ്തു.ഒരു കള്ള ചിരിയോടെ കീ  ചെയിന്‍  ഒരിടത്ത്  മാറ്റിവെച്  വീണ്ടും  ക്ലീനിങ്ങിലെയ്ക്ക് തിരിഞ്ഞു. അവിശ്വസനീയം എന്ന് പറയട്ടെ  ചിതല്‍  തിന്നു  തീര്‍ത്തു  എന്ന്  കരുതിയ ടാഗിന്റെ ആ  ബാക്കി  ഭാഗം അലമാരിയില്‍  ഒരിടത്ത് നിന്നും അയാള്‍ കണ്ടെടുത്തു!
 ആ  ടാഗുകള്‍ അയാള്‍  കൂട്ടി  യോജിപ്പിച്ചു. അതിലെ വാചകം കണ്ടു അയാള്‍ ഞെട്ടിപ്പോയി.

"വിത്ത്‌  ലവ് , യുവര്‍  ഫ്രണ്ട്  ഇന്ദു" !!!!








2012, ജനുവരി 5, വ്യാഴാഴ്‌ച

ബാല്യകാലം


   പ്രകൃതിയുമായി  തുന്നി  ചേര്‍ത്ത ഒരു ബാല്യകാലം എനിക്കുണ്ട്. അതിന്റെ  താളുകള്‍  മറിച്ചുനോക്കുമ്പോള്‍  കിളികളുടെ ചിറകടി  ഒച്ച  കേള്‍ക്കാം ...കണ്ടത്തിലെ ചെളിയുടെ മണമറിയാം ... ഇളംകാറ്റില്‍  മാങ്ങകള്‍  വീഴുന്ന  ശബ്ദം കേള്‍ക്കാം ...വേനലവധിക്കാലത്തെ  വെയില്‍  ഊറ്റിക്കുടിച്ച  വിയര്‍പ്പിന്റെ  ശേഷിച്ച  തുള്ളികള്‍ കാണാം...ചൂണ്ടയില്‍  കുരുങ്ങി പിടയുന്ന  മീനിന്റെ  വെപ്രാളം  കാണാം.ഒരുപക്ഷെ  ഇങ്ങനെയൊക്കെ അവകാശപ്പെടാന്‍  പറ്റുന്ന ബാല്യകാലം സ്വന്തമായുള്ള  അവസാനത്തെ  ജനറേഷന്‍ എന്റെതായിരിക്കാം!


 ജോലിക്ക്  പ്രവേശിച്ചതിന്  ശേഷം  ആദ്യമായാണ്   ഒരാഴ്ച  ലീവിന്  നാട്ടില്‍  വരാന്‍   പറ്റുന്നത്. സാധാരണ  രണ്ടോ  മൂന്നോ  ദിവസം  മാത്രമായിരിക്കും  അവധി .നമ്മള്‍ക്ക്  മാത്രം  ചെയ്യാന്‍  പറ്റുന്ന ജോലി  ആയതുകൊണ്ടോ  നമ്മളെ  കൊണ്ട്  പ്രത്യേകിച്ച്   എന്തെങ്കിലും   കാര്യം  ഉള്ളതുകൊണ്ടോ  ഒന്നുമല്ല. എന്നാലും ഒരാഴ്ചത്തെ  ലീവ്  ചോദിക്കുമ്പോള്‍  തന്റെ  ഒരേക്കര്‍  സ്ഥലം  വെറുതെ  കൊടുക്കുന്ന  പോലെ  ആണ്  മനേജറിനു .

  അതുകൊണ്ട് ഇത്തവണ അപ്രതീക്ഷിതമായി  കിട്ടിയ  ഒരാഴ്ചത്തെ   അവധിക്കാലം  ഞാന്‍  ശരിക്കും  അങ്ങാഘോഷിച്ചു.ബന്ധുജനങ്ങളെയും  സുഹൃത്തുക്കളെയുമെല്ലാം സന്ദര്‍ശിച്ചതിനു  ശേഷം വെറുതെ  കടന്നു  പോകുമായിരുന്ന ഒരു ശനിയാഴ്ച ദിവസം ഞാന്‍  പഴയ  സ്കൂളില്‍  ഒന്ന്  പോകാന്‍  തീരമാനിച്ചു.

   വിദ്യയുടെ  ആദ്യാക്ഷരങ്ങള്‍  പകര്‍ന്നു  തന്ന ആ  സരസ്വതി  മന്ദിരം സന്ദര്‍ശിക്കുന്നത്  ഏറെ  കാലത്തിനു  ശേഷമാണ് . ചീറിപായുന്ന  ബസ്സുകള്‍ ആരാധനാലയങ്ങള്‍ക്കു  മുന്നില്‍  എത്തുമ്പോള്‍  യാത്രക്കാരില്‍  ചിലര്‍  ഒരു  മിന്നായം  പോലെ  ഒന്ന്  കണ്ണടച്ച്  പ്രാര്‍ഥിക്കുന്നത്  പോലെ  ഞാനും  ഇത്  വഴി  ബസ്സില്‍  സഞ്ചരിക്കുമ്പോള്‍  മനസ്സില്‍  ഒന്ന്  വന്ദിക്കാറുണ്ട് - ഈ  വിദ്യാലയത്തെ.

 സ്കൂളിലേക്ക്  പോകുന്ന  ഈ  വഴിയുടെ  ഇരു  വശത്തും  ഒരുപാട്  ഓര്‍മ്മകള്‍  വീണു  കിടപ്പുണ്ട് . മിക്കതിനും   മുകളില്‍ ഇന്ന്  കോണ്‍ക്രീറ്റ്  സൌധങ്ങള്‍  കെട്ടിപടുത്തിട്ടുണ്ട് .ശ്രീരാമന്റെ  പാദസ്പര്‍ശം  ഏറ്റപ്പോള്‍  അഹല്യ എന്നപോലെ  എന്റെ  ഓരോ കാല്‍വെപ്പിലും  ഓര്‍മ്മയുടെ  തുടിപ്പുകള്‍  ഉയിര്‍ത്തെഴുന്നേറ്റു  വന്നു.


 വീട്ടില്‍ നിന്നും  കഷ്ടിച്ച്  ഒരു  കിലോമീറ്റര്‍  അകലെയാണ്  സ്കൂള്‍. 10 മണിക്ക്  തുടങ്ങുന്ന  ക്ലാസിനു  9.45 ആവുമ്പോള്‍ വീട്ടില്‍  നിന്നും  ഇറങ്ങും.വീട്ടില്‍  നിന്നും  സ്ചൂളിലെക്കുള്ള  റോഡിന്റെ  ഒരു  വശത്ത്‌  തോടാണ്.ഒരു  കയ്യില്‍  കുറേ പുസ്തകങ്ങളും  പെന്നും  പെന്‍സിലുകളും മഞ്ചാടിക്കുരുക്കളും  നിറച്ച  ഒരു  അലുമിനിയം  പെട്ടി. മറ്റേ  കയ്യില്‍  ഉച്ചയൂണ്‍ നിറച്ച  ഒരു  കുഞ്ഞി  ഡബ്ബ.

"മോനെ  വണ്ടി  വരുമ്പോള്‍  ശ്രദ്ധിക്കണം. റോഡിന്റെ  സൈഡിലൂടെ  മാത്രമേ  നടക്കാവൂ" എന്ന്  ഉപദേശിച്ച്  മുടി  ചീകിത്തന്നു അമ്മ  എന്നെ  യാത്രയാക്കും.

  വീട്ടില്‍  നിന്നും  ഇറങ്ങി  അല്പദൂരം  ചെന്ന്  അമ്മയുടെ  കണ്‍വെട്ടത്തു   നിന്നും  ഒത്തിരി അകലെ  എത്തിയതിനു  ശേഷം  രണ്ടു  കയ്യിലേയും  സാധനങ്ങള്‍  താഴെ  റോഡില്‍  ഇറക്കിവെച്ച്  വഴിയോരത്ത്  നിന്നും ഒരില  പിഴുതെടുത്ത്  തോട്ടിലെ  വെള്ളത്തിലേക്ക്‌  ഇടും. മഴക്കാലത്ത്  നല്ല  ഒഴുക്കായിരിക്കും  വെള്ളത്തിന്‌. എന്നിട്ട്  ആ  ഇലയുടെ  കൂടെ  അതിനെ  നോക്കിക്കൊണ്ട്  പാതയോരത്ത്  കൂടി  ഞാനും  നടക്കും. തോട്ടിലെ  കല്ലുകളിലോ  കുറ്റിക്കാടിലോ വെള്ളത്തിന്റെ ചുഴിയിലോ  പെട്ട്  തങ്ങിനിന്ന്  ഒഴുകാന്‍  പറ്റാതെ  ആയാല്‍  വഴിയില്‍നിന്നും  കല്ലുകള്‍  പെറുക്കി  ഇലയുടെ ചുറ്റും എറിഞ്ഞു ഓളങ്ങള്‍ സൃഷ്ടിച്  വീണ്ടും ട്രാക്കിലേക്ക് തിരിച്ചു കൊണ്ടുവരും.അങ്ങനെ  പലദിവസങ്ങളിലും സ്ചൂളിലെക്കുള്ള  യാത്രയില്‍  എന്റെ ഉറ്റചങ്ങാതി  ഇലയായിരുന്നു.കൂട്ടുകാര്‍ കൂടെ ഉണ്ടെങ്കില്‍ എല്ലാവരും സ്വന്തം പേരില്‍  ഇലകള്‍ ഇറക്കി ആദ്യം ലക്ഷ്യസ്ഥാനത്ത് എത്താന്‍ വേണ്ടി മത്സരിക്കുമായിരുന്നു.


10 മണിക്ക്  പ്രാര്‍ത്ഥന  ചൊല്ലിയത്തിനു  ശേഷം  ക്ലാസ്സ്‌  തുടങ്ങും .പിന്നെ  മുളവടി  കഷണങ്ങള്‍  കൊണ്ട്  100  വരെ  എണ്ണിയും ടീച്ചരുറെ കയ്യില്‍നിന്നും   സ്ലേറ്റില്‍  "ശെരി"   വാങ്ങാന്‍  വേണ്ടി  മത്സരിച്ചും  ശെരി   കിട്ടികഴിഞ്ഞാല്‍  അതിന്റെ  വലുപ്പചെറുപ്പങ്ങള്‍  കൂട്ടുകാരുടെ
ശെരിയുമായി  താരതമ്യം  ചെയ്തു  കലഹിച്ചും  ഇടവേളകളില്‍  കളിച്ചും  ചിരിച്ചും  നാല്  മണി  വരെ  സമയം  കളഞ്ഞത് ഈ  വിദ്യാലയത്തില്‍  ആയിരുന്നു. ചില  വിരുതന്മാര്‍  ക്ലാസ്സ്‌ റൂം  ഒരു  കക്കൂസ് ആക്കിയപ്പോഴും  അവരെ  ചെറുതായി  ഒന്ന് ഉപദേശിച്ചതിന്  ശേഷം  സ്വന്തം  മക്കളെ  പോലെ  അവരുടെ  ചന്തി  കഴുകിക്കൊടുത്ത  മാതൃതുല്യരായ അധ്യാപികമാര്‍  ഈ  വിദ്യാലയത്തില്‍
ഉണ്ടായിരുന്നു. വേറെ ചിലര്‍  ക്ലാസ്സില്‍  ശര്‍ദ്ദിക്കുമ്പോള്‍  ആഘോഷം   പോലെ  പുറത്തേക്കോടി  മണല്‍  വാരി   കൊണ്ട്  വന്നു അവിടം  മൂടിയതുമെല്ലാം  സ്കൂള്‍ ജീവിതത്തിലെ നനുത്ത ഓര്‍മ്മകളാണ്


കുരുത്തക്കേട്‌  കാണിച്ചതിന്   കൃഷ്ണനെയും  ഉത്തമനെയും  മോഹനന്‍  മാഷ്‌  തല്ലുന്നതും, തല്ലിന്റെ  നിലവാരം  കൂട്ടാന്‍  വേണ്ടി ചില  വിദ്വാന്മാര്‍   പറമ്പത്ത്  നിന്നും  ചൂരല്‍  കൊണ്ട് വന്നു  മാഷിനു  കൊടുത്തതും,സ്കൂള്‍  ലീഡര്‍  ആയ  ഞാന്‍ ലോങ്ങ്‌  ബെല്‍  അടിക്കാന്‍  വേണ്ടി  കയ്യില്‍  മുട്ടിയും  പിടിച്ചു  4 മണി  ആവാന്‍  വേണ്ടി  കാത്തിരുന്നതുമെല്ലാം  ഇന്നും മനസ്സില്‍  നിന്നും  മാഞ്ഞിട്ടില്ല.


വൈകീട്ട്  ക്ലാസ്സ്‌  കഴിഞ്ഞാല്‍  കൂട്ടുകാരോടൊപ്പം  ആടിയും  പാടിയും  ആണ്  വീട്ടില്‍  എത്തിയിരുന്നത് .വഴിയോരത്ത്  നിന്നും സ്ലേറ്റ്‌  മായിക്കാനുള്ള  മഷി  തണ്ടുകള്‍  പറിച്ചെടുത്ത്  പെട്ടിയില്‍  വെക്കുമായിരുന്നു. പിന്നെ  ഗോപാലന്‍ മണിയാണിയുടെ  മാവിലെ ഉണ്ണി  മാങ്ങകള്‍  പിഴുതെടുത്തതും  അമ്പുഅച്ചാച്ചന്റെ  മാവിലേക്ക്‌  കല്ലെറിഞ്ഞും  ഒടുവില്‍  "ആരെടാ  മാങ്ങയ്ക്ക്  കല്ലെറിയുന്നത്‌ ????"എന്ന്  അമ്പു  അച്ചാച്ചന്‍   ഉറക്കെ  അലറുമ്പോള്‍  പേടിച്ചോടിയതുമെല്ലാം  ഈ  വിദ്യാലയ  ഓര്‍മകളുമായി  കൂട്ടിചേര്‍ത്തു  വായിക്കേണ്ടതാണ്.


സ്കൂള്‍  വിട്ടു  വീട്ടിലെത്തികഴിഞ്ഞാല്‍   പുസ്തകപ്പെട്ടി  വലിച്ചെറിഞ്ഞു  നേരെ  ഒരു  പോക്കാ... കളിക്കാന്‍.ആ കാലത്ത് ക്രികെറ്റിലോ ഫുട്ബാളിലോ മാത്രമായി തളചിട്ടിരുന്നില്ല ഞങ്ങളെ ആരും.  വൈവിധ്യമാര്‍ന്ന ഒരു  പാട് കളികളില്‍ വ്യാപ്രുതരായിരുന്നു  അന്നത്തെ ബാലകന്മ്മാര്‍. കൂട്ടുകാരികളോടൊപ്പം  ചോറും  കറിയും  വെച്ചുള്ള  കളിയും,മണ്ണപ്പം  ചുട്ടുള്ള   കളിയും,നിലത്തു കളം വരഞ്ഞു ഒറ്റക്കാലില്‍  ചാടിക്കൊണ്ടുള്ള  "മല"  കളിയും  പിന്നെ  കൂട്ടുകാരന്മാരോടൊപ്പം  കാക്ക  കളി, ഡപ്പ  കളി  (ചട്ടി  കളി) , ക്രിക്കറ്റ്‌  , ഫുട്ബോള്‍  എന്നീ  കളികളും കളിച്ചു ഉല്ലസിച്ചു. പിന്നെ  എല്ലാവരും  ഒരുമിച്ച്  ആണെങ്കില്‍  "ആകാശം  ഭൂമി"  കളിയും, "കുളം  കര " കളിയും
കണ്ണ്  പൊത്തി  കളിയും  "കള്ളനും  പോലീസും"  കളിയും , "കളര്‍ കളര്‍ " കളിയും  അങ്ങനെ  അങ്ങനെ  എന്തോരം  കളികള്‍!

ഈ  കളികള്‍  എല്ലാം  കൊടികുത്തി  വാണിരുന്നത്‌  ഓണം,ക്രിസ്മസ്, മധ്യവേനലവധി  സമയത്ത്  ആയിരുന്നു.മറ്റൊരു പ്രധാന  കളി  ഗോട്ടി  കളി  ആയിരുന്നു.ഗോട്ടികളിയിലെ രാജാക്കന്മാരായിരുന്നു  സിനീഷും  ജെനുവും. അവധിക്കാലം തീരുമ്പോള്‍  തങ്ങളുടെ  ആ സീസണിലെ സമ്പാദ്യമായ ഗോട്ടികള്‍  കാലിയായ  പാല്‍പ്പൊടി  ടിന്നിലും  പല വലുപ്പത്തിലുള്ള അളുവിലും  കുത്തി നിറച്ച്
ഇവര്‍  രണ്ടു   പേരും  അവരുടെ  വീട്ടു  പറമ്പില്‍  കുഴിചിടുമായിരുന്നു. അടുത്ത അവധിക്കാലം വരെ അവ കുഴിക്കുള്ളില്‍ നിര്‍വൃതിയാണ്ട് കിടന്നു.

മറ്റൊരു പ്രധാന വിനോദം മാങ്ങ  എറിഞ്ഞിടലാണ് . ഒത്തിരി  പൊക്കമുള്ള  മാവില്‍ മാങ്ങകള്‍ ഏറെയുള്ള ചില്ലകള്‍ ലക്ഷ്യമിട്ട്  എറിഞ്ഞു  വീഴ്ത്തുമ്പോള്‍ ആ മാങ്ങകള്‍ ഓടി ചെന്നെടുത്ത് ചുന കളയുന്ന ജോലി കൂട്ടുകാരികള്‍ക്കായിരുന്നു.ഏറെ എറിഞ്ഞിട്ടും  മാങ്ങ  ഒന്നും  വീണില്ലെങ്കില്‍ എവിടെ  നിന്നോ  മെല്ലെ  ഓടിയെത്തുന്ന  ഇളം  കാറ്റിന്റെ ചെവിയില്‍  "കാറ്റേ  കാറ്റേ
വീശു  നീ .. മാങ്ങേ  മാങ്ങേ  വീഴ്  നീ " എന്ന്  കൂട്ടത്തോടെ  പാടിയതും  ഒടുവില്‍  ദാനം  പോലെ ഒന്നോ  രണ്ടോ  മാങ്ങ വീണതും  അത്  ഓടി  ചെന്നെടുത്തതും  എല്ലാം  ഇന്നലെ  കഴിഞ്ഞ  പോലെ.

ഓണക്കാലത്ത്  പൂക്കള്‍  തേടി  വളപ്പില്‍  ഓടി  നടന്നിട്ടുണ്ട്. അപ്പോള്‍   അറിയാതെ  ഒന്ന്  മുട്ടി  പോയതിനു തൊട്ടാല്‍വാടി  ചെടി പരിഭവം കാണിച്ചിട്ടുണ്ട്. ഉപ്പിലയുടെ  ഇലകള്‍  കോട്ടിപിടിച്ച്   ഈര്‍ക്കില്‍ കഷണങ്ങള്‍ കൊണ്ട് തുന്നി ചേര്‍ത്ത്  അതില്‍  ചുവന്ന  മുരിക്കിന്‍  പൂക്കള്‍  നിറച്ചിട്ടുണ്ട് .. ചെമ്പക മരത്തില്‍  കല്ലെറിഞ്ഞു  വെള്ള  ചെമ്പകപ്പൂക്കള്‍  വീഴ്ത്തിയിട്ടുണ്ട്...ഒരു പകല്‍ മാത്രം ആയുസുള്ള മഞ്ഞ കളറിലുള്ള പൂക്കളുടെ ഉള്ളില്‍ നിന്നും വണ്ടിനെ പിടികൂടി തീപ്പെട്ടി കൂട്ടിലാക്കി അതിന്റെ മുരളല്‍ കേട്ട് രസിച്ചിട്ടുണ്ട്...മറ്റുള്ളവരെ രസിപ്പിച്ചിട്ടുണ്ട് .മഞ്ഞിന്‍  കണങ്ങള്‍  കടിച്ചു  തൂങ്ങിനില്‍ക്കുന്ന  പുല്ലിന്റെ  അറ്റം  എടുത്ത്  കണ്ണില്‍  തലോടിയപ്പോള്‍  അനുഭവപ്പെട്ട  ആ  കുളിര്‍മ്മ ... അച്ചടി  ഇലകള്‍  പിഴുതെടുത്  തുടയില്‍  വെച്ച്   ശക്തിയായി   ഒന്ന് അമര്‍ത്തിയത്തിനു   ശേഷം  ഇല  മാറ്റി  തുടയില്‍ പതിഞ്ഞിരിക്കുന്ന  ഇലയുടെ  വെള്ള  ചിത്രം  നോക്കി  രെസിചിട്ടുണ്ട് ...തരിശു  ഭൂമിയില്‍  തഴച്ചു  വളരുന്ന പുല്ലിന്റെ  കൂര്‍ത്ത മുനയുള്ള  ഭാഗം  പിഴുതെടുത്  മുന്നില്‍  നടന്നു  പോകുന്ന  കൂട്ടുകാരന്റെ  യുനിഫോം ഷര്ട്ടിലേക്ക് എറിഞ്ഞു  വേദനിപ്പിച്ചിട്ടുണ്ട് ...പച്ച  തെങ്ങോല  മടഞ്ഞു  അതുകൊണ്ട്  തിരിട്ടം  ഉണ്ടാക്കി ...ബോള്‍  ഉണ്ടാക്കി ... ആ ബോള്‍  വെച്ച്   തലമ  കളിച്ചു ...ഈര്‍ക്കില്‍  ചെറിയ  കഷണങ്ങള്‍  ആക്കി  മുറിച്ചു ഈര്‍ക്കില്‍  കളി  കളിച്ചു...സമചതുര  കളങ്ങള്‍  വരഞ്ഞു   നിര  കളിച്ചു ... തീരെ  ചെറുതല്ലാത്ത  ഉരുണ്ട  കല്ലുകള്‍  കൊണ്ട്  "കൊത്തന്‍  കല്ലു"കള്‍ കളിച്ചു ...ചിരട്ടകള്‍  വടിയുടെ  രണ്ടറ്റത്തും  വാഴനാരു  കൊണ്ട്  കെട്ടിതൂക്കി  ത്രാസ്  ഉണ്ടാക്കി  കച്ചവടം  ചെയ്തു  ...വാഴയില  കൊണ്ട്  കുഞ്ഞി പായ  മെടഞ്ഞു ... മാവിന്റെ  കൊമ്പത്ത്  ഊഞ്ഞാല  കെട്ടി അതില്‍  ഓല  മടല്‍  കൊണ്ട്  സീറ്റ്‌  ഉണ്ടാക്കി...ഫിഷര്‍  ഹവായ്  ചപ്പലുകള്‍  വട്ടത്തില്‍  വെട്ടിയെടുത്ത്  ടയറുകള്‍  ഉണ്ടാക്കിയിട്ട്  ഉജാലപ്പാട്ടായുടെ താഴെ ഭാഗത്ത്‌ കൂടെ തുളച്ചു കേറ്റിയ കമ്പിന്റെ രണ്ടറ്റത്തും ഈ ടയറുകള്‍ ഫിറ്റ്‌ ചെയ്ത്   അടപ്പിന്റെ  ഭാഗത്ത്‌ നീളം കൂടിയ എന്നാല്‍ വണ്ണം  കുറഞ്ഞ  ഓല  മടല്‍  കുത്തിക്കേറ്റി  വണ്ടി  ഉണ്ടാക്കി  ഓടിച്ചു  കളിച്ചു ... തക്കാളി  പെട്ടിയ്ക്ക്‌  ഈ  ടയറുകള്‍ ഫിറ്റ്‌  ചെയ്ത്  ലോറി   ഉണ്ടാക്കി  കെട്ടി  വലിച്ചു.

അങ്ങനെ രസകരമായ എന്തോരം കളികള്‍... ഇതൊക്കെ ഓര്‍ക്കുന്ന ഈ വേളയില്‍ ഞാനും ഒരു കൊച്ചു കുഞ്ഞിനെ പോലെ ചെറുതായതായി എനിക്ക് തോന്നി.


തുറസ്സായ  സ്ഥലത്ത്  അല്പം  ഭക്ഷണം  വിതറി  അതിനു മുകളില്‍  ഒരു  കമ്പിന്റെ  സഹായത്തോടെ  ഒരു കൂട്ട  പകുതി  ഉയര്‍ത്തിവെച്ച്  കംബിനോട് ഒരു  കയര്‍  കെട്ടി  അതിന്റെ  മറ്റേ  അറ്റം കയ്യില്‍  പിടിച്ചു   ദൂരെ  വരാന്തയില്‍ മൈനയെ കാത്തിരുന്നു ഒടുവില്‍ മൈന വന്നു ഭക്ഷണം  കൊത്തുമ്പോള്‍  കയര്‍  വലിച്ചു  കൂട്ട  വീഴ്ത്തി മൈനയെ പിടിക്കുന്ന ഷിജു..
ചൂണ്ടയില്‍  മണ്ണിരയെ  കോര്‍ത്ത്‌  മീനിനെ  വഞ്ചിച്ച  പ്രിനീഷ് ...
തോട്ടിന്റെ  വക്കത്തുള്ള  മാളങ്ങളില്‍  നിന്നും  വല്ലപ്പോഴും  പുറത്തേക്കു  എത്തി  നോക്കുന്ന  ഞാന്ടിനെയും  കാത്ത്  ഊരാംകുടുക്കുമായി  കാത്തു  നിന്ന  അനൂപ്‌...
കലക്കവെള്ളത്തില്‍  തോര്‍ത്തുമുണ്ട്  ഇറക്കി  മീന്‍  വേട്ട  നടത്തുന്ന  റിജു...

ഇവരെല്ലാം എന്റെ കളിക്കൂട്ടുകാര്‍ ... ലോകത്തിന്റെ പലകോണുകളില്‍ ഇരുന്നു ഇതൊക്കെ വല്ലപ്പോഴുമൊക്കെ ഇവര്‍ ഓര്‍ക്കുന്നുണ്ടാവും.. കാരണം  ഈ  ഓര്‍മകളുടെ  ലഹരിയില്‍ നിന്നും മുക്തി നേടാന്‍ ആര്‍ക്കും ആവില്ല.

ഇന്നത്തെ  ബാല്യമേ  പറയൂ .. ഇത്രയും  സമ്പല്‍സമ്രിദ്ധി   അവകാശപ്പെടാന്‍ നിനക്ക് പറ്റുമോ? പറ്റില്ലെങ്കില്‍  നീ   അല്ല  കുറ്റക്കാരന്‍ ... ഞാന്‍  ആണോ  എന്നെനിക്കറിയില്ല. കമ്പ്യൂട്ടര്‍  ഗെയിമുകളിലും ട്യൂഷന്‍  സെന്‍റരുകളിലും വിരാജിക്കുവാന്‍ വിധിക്കപ്പെട്ടതായി പോയി നിന്റെ കാലം. നിനക്ക്  കളിക്കാന്‍ പറമ്പുകളോ പറിക്കാന്‍ പൂക്കളോ എറിയാന്‍ മാവുകളോ ഒന്നും ഞാന്‍  ബാക്കി വെച്ചില്ല...അങ്ങനെ ബാക്കി വെക്കുന്നതിനെ കുറിച്ച ഞാന്‍  ചിന്തിച്ചിരുന്നോ എന്നും എനിക്കറിഞ്ഞൂടാ.














2012, ജനുവരി 1, ഞായറാഴ്‌ച

(അ)പരിചിതന്‍


"നല്ല   പരിചയമുള്ള  ആള്‍"  എന്ന്  മനസ്സ് തറപ്പിച്ച്  പറയുന്നു.പക്ഷെ  എപ്പോ  എവിടെവച്ച്  ഇതിനു  മുന്‍പ്  അയാളെ  കണ്ടെന്നോ  അയാളുടെ പേര്  എന്തെന്നോ  ഓര്‍ത്തെടുക്കാന്‍  പറ്റുന്നില്ല. ഇങ്ങനെ   ഒരു  അവസ്ഥയിലേക്ക്  എന്നെ  തള്ളിവിട്ടിട്ട്   കടന്നുപോയ  നിമിഷങ്ങള്‍ എന്റെ  ജീവിതത്തില്‍  പലപ്പോഴായി  ഉണ്ടായിട്ടുണ്ട്. "ഇതൊരു  രോഗമാണോ  ഡോക്ടര്‍? " എന്നെഴുതി  വല്ല  പട്ടാംബിയിലെയോ  പൊന്കുന്നത്തെയോ രമണിയുടെയോ  യെശോഥയുടെയോ പേരില്‍  "ഡോക്ടറോട്  ചോദിക്കാം" പംക്തിയില്‍  ഏതെങ്കിലും  വാരികകളില്‍  അയച്ചുകൊടുത്താലോ  എന്ന്
ചിലപ്പോള്‍ ഒക്കെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട് .എന്തായാലും അതിനു ഞാന്‍ ഇത് വരെ തുനിഞ്ഞിട്ടില്ല

  അവസാനമായി  ഇങ്ങനെ  ഒരു  അവസ്ഥയില്‍  ഞാന്‍  എത്തിപ്പെട്ടത്  കഴിഞ്ഞ  വെള്ളിയാഴ്ച  ദിവസം  ആയിരുന്നു. ഫുഡ്‌  കോര്‍ട്ടില്‍  നിന്നും  ഉച്ച ഭക്ഷണവും  കഴിച്ചു   സഹ  ഉച്ചഭക്ഷികരെ  കുറിച്ച്   കുറെ  ഉള്ളതും  ഇല്ലാത്തതും  പറഞ്ഞു  കളിയാക്കി  ഞാന്‍ തിരിച്ച് ഓഫീസിലേക്ക്  നടന്നു  പോവുകയായിരുന്നു .അപ്പൊ  എതിരെ  വരുന്നു  ഒരു  പരിചിത  മുഖം.ദൂരെ  നിന്ന്  തന്നെ അയാളുടെ കണ്ണുകള്‍ അല്പം  അത്ഭുതത്തോടെ  എന്റെ  മുഖത്തോട്ടു  നോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പുള്ളിക്ക്  എന്നെ  മനസ്സിലായി  എന്നുറപ്പ്.പക്ഷെ എനിക്കങ്ങട് ആളെ പിടി കിട്ടുന്നില്ല.എന്റെ നാട്, ബന്ധുവീടുകള്‍, ഞാന്‍  പഠിച്ച  സ്കൂളുകള്‍, കോളേജുകള്‍ എല്ലായിടത്തും  ഞാന്‍  ഒരു  ഓട്ടപ്രദക്ഷിണം നടത്തി.ഒരു  രെക്ഷേം ഇല്ല. പുള്ളിയുടെ  വിലാസം കിട്ടുന്നില്ല. നടത്തം  പുരോഗമിക്കുംതോറും  പുള്ളിയും  ഞാനും  തമ്മിലുള്ള  അകലം  കുറഞ്ഞു  കുറഞ്ഞു വരികയാണ്. പഠിപ്പിച്ച  പാഠഭാങ്ങളിലെ   ചോദ്യം  മാഷ്  ചോദിച്ചിട്ട്  എക്സ്ട്രാ  ടൈം  കഴിഞ്ഞിട്ടും  ഉത്തരം കൊടുക്കാന്‍  പറ്റാതെ  എന്നാല്‍ നാക്കിന്‍തുമ്പില്‍  ഉത്തരം   ഉണ്ടെന്ന  ഒരു  ഫീലിങ്ങില്‍  നില്‍ക്കുന്ന  ഒരു  വിദ്യാര്‍ഥിയെ   പോലെ  ഞാന്‍  പരുങ്ങി.



അവസാനം  പുള്ളി  ഒരു  കൈ  അകലത്തില്‍  എത്തി .രണ്ടുപേരും  ഒന്ന്  നിന്നു .അയാള്‍  എന്നെ  നോക്കി  ഒന്ന്  പുഞ്ചിരിച്ചു.അപരിചിതത്വം  നടിക്കാതെ ഞാനും  ഒന്ന്  മന്ദഹസിച്ചു.ചിരിയുടെ  റോള്‍  തീര്‍ന്നു. "അടുത്തതായി  രംഗത്ത്  വരുന്നത്  ചെസ്റ്റ്  നമ്പര്‍  36" എന്ന്  സ്കൂള്‍  യുവജനോത്സവ വേദിയില്‍  അനൌണ്‍സ്   ചെയ്യുന്നത്  പോലെ  ആരോ  നിശബ്ദമായി   നാക്കിനെ  അരങ്ങത്തേക്ക്   വിളിച്ചു.

 നാക്ക്  വന്നു.പക്ഷെ   എന്ത്  ചോദിക്കണം  എവിടെ  തുടങ്ങണം  എന്നൊരു  ധാരണയും  ഇല്ല.ആദ്യം  ഇയാള്‍  ഏതു  ഭാഷക്കാരന്‍  ആണെന്ന്  അറിയണം. എന്നാലേ  "എടാ എന്തുണ്ട് ?" എടുക്കണോ  "hi, how are you" എടുക്കണോ  എന്ന്  തീരുമാനിക്കാന്‍  പറ്റു. ഒരു  ലോക  ഭാഷ  എന്ന  നിലയില്‍  "hi how are you" എടുക്കുന്നത്  സൈദ്ധാന്തികമായി   തെറ്റില്ല  പക്ഷെ  പ്രതിക്രിയാ  വാദികളും  ബൂര്‍ഷ്വാസികളും  തക്കം  പാര്‍ത്തിരിക്കുന്നത്  കാരണം അത്  പറ്റില്ല. ഒരു  മലയാളി  മറ്റൊരു  മലയാളിയോട്  ഇംഗ്ലീഷില്‍  സംസാരിച്ചാല്‍ ( അതും  ഏറെ  കാലത്തിനു  ശേഷം  കാണുന്ന  ഒരാളോട് ) അഹങ്കാരത്തിന്റെ  തലതൊട്ടപ്പന്‍  ആയി  ആ  ആംഗലേയ  മലയാളിയെ  വാഴ്ത്തിക്കൊണ്ട്   തനിമലയാളി  ഒരു  അമ്പലം  തന്നെ  പണിയും.എന്നിട്ട  അവന്‍  അറിയാവുന്ന  ആള്‍ക്കാരെ   ഒക്കെ  വിളിപ്പിച്ച്  മിനിമം  100 പുഷ്പാഞ്ജലി എങ്കിലും  കഴിപ്പിച്ചേ  അടങ്ങു. നമ്മളും
ചെയ്തിട്ടുള്ളതാണിതൊക്കെ. അതുകൊണ്ട്  നല്ല  ധാരണ  ഉണ്ട്.


 പെണ്‍കുട്ടി  ആയിരുന്നു  എങ്കില്‍  ഒറ്റ  നോട്ടത്തില്‍  മലയാളി  ആണോ  അല്ലയോ  എന്ന്  പറഞ്ഞേനെ. ഇതിപ്പോ  ആണാ  വര്‍ഗ്ഗം. ആണ്‍ പിള്ളേരുടെ   സ്വദേശ നിര്‍ണ്ണയത്വം നടത്തി  ശീലിച്ചിട്ടില്ല



അയാള്‍ക്ക്‌  നേരെ  പിടിച്ച  ചിരിയുടെ  നീളം  കൂട്ടിയും  കുറച്ചും  അതിനൊപ്പം  താളത്തില്‍  മൂളിയും  ഞെരങ്ങിയും  എന്തെങ്കിലും സംഭവിപ്പിക്കണേ ദൈവമേന്നു പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ നിന്നു.ടയര്‍  ചെളിയില്‍ പൂണ്ടു പോയ വണ്ടിയുടെ ഡ്രൈവര്‍ നെപോലെ ആരെങ്കിലും വന്നു ഒന്ന്  തള്ളാന്‍ വേണ്ടി ഞാന്‍ കാത്തു നിന്നു.

  ദൈവം  വിളി  കേട്ടു. എന്റെ  പരുങ്ങല്‍  കണ്ടിട്ടോ  എന്തോ  എന്നറിയില്ല നിശബ്ധതയ്ക്ക്  ഭംഗം  ഇട്ടുകൊണ്ട്  ആ  പുള്ളിക്കാരന്‍  ചോദിച്ചു

 "എന്താ  മനസ്സിലായില്ലേ ?"

വെള്ളത്തില്‍  മുങ്ങി  മരിക്കാന്‍  പോകുന്നവന്  നേരെ  എറിഞ്ഞു  കൊടുത്ത  മുറിഞ്ഞു  തൂങ്ങുന്ന  ഒരു  കയര്‍  പോലെ  ആയിരുന്നു  ആ  ചോദ്യം. കാരണം പുള്ളി  മലയാളി  ആണെന്ന്  മനസ്സിലായി. പക്ഷെ അതോടൊപ്പം  വന്ന  " മനസ്സിലായില്ലേ?"  എന്ന  ചോദ്യം  വീണ്ടും  പ്രശ്നമാകുന്നു . എന്റെ  അടുത്തതോ   അകന്നതോ  ആയ   ബന്ധുജന  ചങ്ങലയിലെ ഏതെങ്കിലും  ഒരു  കണ്ണിയാണ്  ഇയാള്‍  എങ്കില്‍  ഞാന്‍  " മനസ്സിലായില്ല " എന്ന്  പറഞ്ഞാല്‍  അടുത്ത  തവണ  നാട്ടില്‍  ഏതെങ്കിലും  ഒരു  ബന്ധുവിന്റെ കല്യാണവീട്ടില്‍ വെച്ചോ മറ്റോ  എന്നെ  കിട്ടിയാല്‍  ബന്ധുസഭ  എന്നെ  നിര്‍ത്തി  പൊരിക്കും.കളിയാക്കി കൊല്ലും. അതുകൊണ്ട്  രണ്ടും   കല്‍പ്പിച്ച്  ഞാന്‍  പറഞ്ഞു.

"അയ്യോ  അറിയാതെ  പിന്നെ ! ഈ  കമ്പനിയില്‍  തന്നെ  ഉണ്ടായിരുന്നോ  ഇത്രേം  കാലം? "

"ഹേയ്‌  ഇല്ല . ഞാന്‍  ഒരു  മാസമേ  ആയുള്ളൂ  ജോയിന്‍  ചെയ്തിട്ട് " എന്ന് പുള്ളി മൊഴിഞ്ഞു.

"ഏതു  ബില്‍ഡിംഗ്‌ ?.. ഏതു  പ്രൊജക്റ്റ്‌ ?.. വര്‍ക്ക്‌  ചെയ്യുന്ന  ടെക്നോളജി ?.. എവിടെ  താമസം ?" എന്നൊക്കെ  ചോദിച്ചു -  ചരല്‍   വാരി  ഏറിയുന്ന  പോലെ. ഏതെങ്കിലും  ഒന്ന്  എനിക്ക്  സഹായകമായ  ഉത്തരം  തരുമെന്ന്  കരുതി . പക്ഷെ  എല്ലാം  വ്യര്‍ത്ഥമായിപ്പോയി.വെറും  വെറുതെ  ആയി  പോയി.

ഇന്ധനം  തീര്‍ന്നു . ഇനി  എന്ത്  ചോദിക്കണം  എന്നറിയില്ല .പുള്ളി  ആണേല്‍  ഒന്നും  ഇങ്ങോട്ട്  ചോദിക്കുന്നുമില്ല. വീണ്ടും  പുഞ്ചിരി  തുടര്‍ന്നു.  അയാളുടെ കഴുത്തില്‍  തൂങ്ങി  കിടക്കുന്ന  ഐഡി   കാര്‍ഡില്‍  ഒരു  മിന്നായം  പോലെ ഒന്ന്   നോക്കി പേര് വായിച്ചെടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തി. നോ  രക്ഷ . വായിക്കാന്‍ പറ്റുന്നില്ല.

അവസാനം ഒരു  ബള്‍ബ്‌  കത്തി .
 "ഇപ്പൊ  എമ്പ്ലോയീ  നമ്പര്‍  ഒക്കെ  എവിടെ  എത്തി  എന്നൊന്ന്  നോക്കട്ടെ ...ഒരു പാട് പേര്‍ ജോയിന്‍ ചെയ്യുന്നുണ്ടല്ലോ ഈയിടെ ആയി " എന്നും  പറഞ്ഞു  കഴുത്തില്‍  തൂങ്ങി  കെടക്കുന്ന അയാളുടെ  ഐഡി  കാര്‍ഡ്‌  ഞാന്‍  കയ്യില്‍  എടുത്തു.. വായകൊണ്ട് ഉറക്കെ അയാളുടെ എമ്പ്ലോയീ  നമ്പറും മനസ്സുകൊണ്ട്  പതിയെ അയാളുടെ പേരും ഞാന്‍ വായിച്ചു  പേരാണ് വായിക്കുന്നത് എന്ന് പുള്ളിക്ക് തോന്നരുതല്ലോ.

 യുട്യൂബില്‍  മനസ്സിന് ഇമ്പമാര്‍ന്ന  വീഡിയോകള്‍   കാണുമ്പോള്‍  ബാക്ക്ഗ്രൌണ്ട്  ല്   ഭക്തിപ്പാട്ട്   ഉറക്കെ  വെച്ച്  എല്ലാവരെകൊണ്ടും  മാന്യന്‍, ശുദ്ധഭക്തന്‍,ഭക്ത കുചേലന്‍    എന്നൊക്കെ  തെറ്റിദ്ധരിപ്പിച്ചിരുന്ന  എന്റെ  റൂംമേറ്റ്‌  ഷിനുവിനു സ്തുതി ... ഇങ്ങനെ  ഒരു  ഐഡിയ  കാണിച്ചു  തന്നതിന്.

അങ്ങനെ  പുള്ളിയുടെ പേര് കിട്ടി- ശ്രീകാന്ത്

"ഓഹ്  ഇത്രെയും  ആയി  അല്ലെ നമ്പര്‍ !..." എന്ന് ഒരു ആത്മഗതമെന്നോണം ഞാന്‍ പറഞ്ഞു.

"അപ്പൊ  നിങ്ങളുടെത്  എത്രയ?" എന്ന്  ചോദിച്ചോണ്ട്   അയാളും  എന്റെ  ഐഡി   കാര്‍ഡ്‌  പിടിച്ചു  വായിച്ചു.

 ഓഹ്   ഹോ  അപ്പൊ  പുള്ളിയും  അതേ  ട്രിക്ക് ഉപയോഗിച്ചോ !"ജോസഫേ കുട്ടിക്ക് ഇംഗ്ലീഷ് അറിയാം " എന്ന് പറഞ്ഞ ജഗതിയുടെ അവസ്ഥയായി എന്റെതും.

ഇനിയിപ്പോ  ശെരിക്കും  എമ്പ്ലോയീ  നമ്പര്‍  അറിയാന്‍  വേണ്ടി  തന്നെ  ആണോ ? അങ്ങനെ  ആണെങ്കില്‍  ഓക്കേ .അല്ലെങ്കില്‍...  അയാളുടെ  വീട്ടിലും ഭക്തി  സാന്ദ്രമായ  അന്തരീക്ഷം  സൃഷ്ടിക്കുന്ന  മറ്റൊരു  ഷിനോജ്  ഉണ്ടെന്നോ  അല്ലെങ്കില്‍  ഇത് കാലദേശ   ഭേദമന്ന്യേ  എല്ലായിടത്തും  മനുഷ്യര്‍ ഇത് പോലെ ഉള്ള സാഹചര്യങ്ങളില്‍  ഉപയോഗിച്ചിരുന്ന  ട്രിക്ക്  ആണെന്നോ  ഞാന്‍  വിശ്വസിക്കേണ്ടിയിരിക്കുന്നു.

അപ്പോഴാണ്‌ അടുത്ത മാരണം പിടിച്ച ചോദ്യം അയാള്‍ ചോദിച്ചത് .
 "നമ്മുടെ കോളേജില്‍  നിന്നുള്ള ആരൊക്കെ ഉണ്ട് ഇവിടെ?"

ഗുഡ്.അപ്പൊ .കോളേജില്‍ വെച്ചാണ്  ഈ ബാധ എന്നില്‍ കേറിയത്. പക്ഷെ ഡിഗ്രിയ്ക്ക് പഠിച്ച കോളേജ് ആണോ അതോ പിജിയ്ക്ക് പഠിച്ച കോളേജ് ആണോ എന്നറിയില്ല. അതുകൊണ്ട് എങ്ങും തൊടാതെ  ഞാന്‍ ഇങ്ങനെ മൊഴിഞ്ഞു.

"ഇവിടെ ഇപ്പൊ ... ആരാ.. ഹേ ഇല്ല.. വേറെ ആരും ഇല്ല എന്ന് തോന്നുന്നു.."

" അപ്പൊ അനിലേട്ടനും ഇവിടം വിട്ട് പോയോ? " പുള്ളി ചാടിക്കേറി ചോദിച്ചു ?

അനിലേട്ടനോ.. ഓഹ്.. നമ്മുടെ അനില്‍ . എന്റെ എം .സി.എ ക്ലാസ്സ്‌ മേറ്റ്. അത് ശെരി അപ്പൊ അങ്ങനെ വഴിക്ക് വാ... എല്ലാം പിടികിട്ടി. എം സി എ യ്ക്ക് എന്റെ ജൂനിയര്‍ ആയിരുന്ന ആ ശ്രീകാന്ത് ആണ് ഈ ശ്രീകാന്ത്.

എങ്കിലും നമ്മള്‍ തോറ്റു കൊടുക്കരുതല്ലോ. ഇത്രയും നേരത്തെ അദ്ദ്ധ്വനം വെറുതെ ആവാന്‍ പാടില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു


"അനില്‍ ഇവിടെ തന്നെ ഉണ്ട്.. അത് അറിഞ്ഞൂടായിരുന്നോ ? ഞാന്‍ കരുതി വേറെ ആരാ ഉള്ളത് എന്നാ ചോദിച്ചത് എന്ന് " 

അങ്ങനെ അശ്വമേഥം പരിപാടിയില്‍ ഉത്തരം കിട്ടിക്കഴിഞ്ഞു  വിജയശ്രീ ലാളിതനായി ക്യാമറയെ നോക്കുന്ന ശ്രീമാന്‍ ജി എസ് പ്രദീപിനെ പോലെ ഞാന്‍ അവന്റെ മുഖത്തേക്ക്നോക്കി. പിന്നെ കുറെ നേരം സംസാരിച്ചു. അവസാനം  ഒരു  ലെമണ്‍ ജ്യൂസ്‌ കുടിച്ച്  ഞങ്ങള്‍  പിരിഞ്ഞു.


തിരിച്ചു  ഓഫീസിലേക്കുള്ള  നടത്തത്തില്‍ , എതിരെ  വരുന്ന  ആരുടേയും  മുഖത്ത്  നോക്കാതിരിക്കാന്‍  ഞാന്‍  പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. അടുത്ത അപരിചിതനായ പരിചിതനെ നേരിടുന്നതിനു മുന്‍പ് എനിക്ക് ഒരല്പം വിശ്രമം വേണം.








.






                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...