Thursday, 12 January 2012

മരണമേ ഇവനെ തലോടു ...


ഏപ്രില്‍ മാസം. ചുട്ടു പൊള്ളുന്ന ചൂട് ...ന്നു വെച്ചാല്‍ " പോപ്‌ കോണ്‍ ചുമ്മാ കയ്യില്‍ വെച്ചാല്‍ വറുത്തു കിട്ടും" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തി കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ.  തലയില്‍  നിന്നും  മുഖത്ത്  നിന്നും  വെള്ളം  ധാര  ധാരയായി ഒഴുകി ശരീരം മുഴുവന്‍ നനച്ചുകൊണ്ട് ഭൂമിയിലേക്ക്‌ പതിക്കുകയാണ്.അല്പം  മുന്‍പേ  മുഖം  ഒന്ന്  തോര്‍ത്തിയിട്ട്  പിഴിഞ്ഞ് വെച്ച  കര്‍ചീഫ്‌  പോക്കെറ്റില്‍ നിന്നും വീണ്ടും  എടുത്തു  ഞാന്‍  മുഖവും തലയും  ഒന്നുകൂടി  തുടച്ചു.

 എ.സി . ഫിറ്റ്‌ ചെയ്ത ചൈനീസ്‌ കുടകള്‍ ഉണ്ടായിരുന്നെങ്കില്‍... അതൊരു 69 രൂപയ്ക്ക് കിട്ടിയിരുന്നെകില്‍ ... മനസ്സ് ചുമ്മാ മോഹിച്ചു പോയി.


 ഇതിനു  മുന്‍പ്  ഇത്രയും  വിയര്‍പ്പ്  ഞാന്‍  കണ്ടിട്ടുള്ളത്  മരം  വെട്ടുകാരന്‍  മമ്മദ്  ഇക്കായ്ക്കും   ക്രിക്കറ്റ്‌  കളിക്കാരന്‍  രാഹുല്‍ ദ്രാവിഡിനും  മാത്രമാണ്.

സൂര്യന്‍  വെയിലാണോ  അതോ ചൂട്  വെള്ളമാണോ   തലയിലേക്ക്  ഒഴിക്കുന്നത് !

ചൂട്  ഓരോ  വര്‍ഷവും  കൂടിവരികയെ ഉള്ളു  എന്ന്  പത്രത്തില്‍ വായിച്ചിരുന്നത്  കൂടി  ഓര്‍ത്തപ്പോ
ഭാവിയില്‍  സൂര്യനും  ഭൂമിയും   തമ്മില്‍  വലിയ  അന്തരം  ഒന്നും  ഉണ്ടാവില്ല  എന്ന്  ഞാന്‍ മനസ്സില്‍  കുറിച്ചു.

 വെയിലിനെ  പഴി  ചാരിയിട്ടു  കാര്യമില്ല.ഒരു  പാട്  ആവശ്യങ്ങള്‍  നിറവേറ്റാനുണ്ട്   എനിക്ക്. പട്ടണത്തില്‍  നിന്നും വാങ്ങിക്കേണ്ട  സാധനങ്ങളുടെ ഒരു  വലിയ  ലിസ്റ്റ്  അമ്മ ഇന്നലെ  രാത്രി  തന്നെ  എഴുതി  തയ്യാറാക്കി  എന്റെ  പേഴ്സിനകത്ത്  വെച്ചിട്ടുണ്ട് .

പട്ടണത്തിന്റെ  നാനാ  ഭാഗങ്ങളില്‍   ചിതറികെടക്കുന്ന   ഷോപ്പുകളില്‍ പലതവണ കേറി  ഇറങ്ങി  ഏറ്റവും  നല്ലത്  നോക്കി  വേണം  വാങ്ങിക്കാന്‍.അത്  കഴിഞ്ഞു  തിരിച്ചു  ബാംഗളൂര്‍ക്ക് പോകാന്‍  ഉള്ള  ടിക്കറ്റ്‌  ബുക്ക്‌  ചെയ്യണം. അങ്ങനെ  ഓരോരോ  കാര്യങ്ങള്‍  ആയി  സാധിപ്പിക്കാന്‍  വേണ്ടിയുള്ള  നെട്ടോട്ടത്തിനിടയിലാണ്  ഹൃദയഭേദകമായ  ഒരു  കാഴ്ച  എന്നെ പിടിച്ചുലക്കിയത്.


പട്ടണത്തിലെ  ഏറ്റവും  തിരക്കുള്ള  വീഥിയില്‍  ഒരു  യാചകന്‍  കെടക്കുന്നു. യാചകര്‍  കിടക്കുന്നത് ആദ്യമായല്ല ഞാന്‍ കാണുന്നത്. പക്ഷെ  ഈ  കാഴ്ച  കണ്ണുകള്‍ക്ക്‌ തീര്‍ത്തും  ദുസ്സഹമായിരുന്നു.


 പൊരി  വെയിലില്‍  വെറും  നിലത്തു  ഫുട്പാത്തില്‍  അയാള്‍  നിശ്ചലനായി  കമിഴ്ന്നു  കിടക്കുന്നു. വലത്തേ  കൈ,  മുട്ടിനു  താഴെ  വെച്ച് ഇല്ല. ഇടത്തേ  കൈക്കാണെങ്കില്‍ കൈപ്പത്തിയും ഇല്ല. ഷര്‍ട്ട്‌  ധരിച്ചിട്ടില്ല. സാമാന്യം  വണ്ണമുള്ള ശരീരം. അയാളുടെ  ഇടത്തെ  കാല്‍,  മുട്ടിനു  താഴെ വെച്ച് മുറിച്ചു മാറ്റിയതിന്റെ പാടുകള്‍ കാണാം.എന്ന്  മാത്രമല്ല  കാല്‍മുട്ടില്‍   വ്രണങ്ങളും  അതില്‍
നിറയെ  ഈച്ചകളെയും  കാണാം. തീര്‍ത്തും  നിശ്ചലനായി  കെടക്കുന്ന  അയാളെ  ശവം  എന്ന്  വിളിക്കുന്നതിനു  ഒരു അപവാദം ഇടയ്ക്കിടെ  തുറക്കുകയും അടക്കുകയും ചെയ്യുന്ന കണ്‍പോളകള്‍   മാത്രം.അയാള്‍  കിടന്നതിനു  അടുത്തായി  തറയില്‍ ഒരു  കുഞ്ഞു  തൂവാലയും  വിരിച്ചിട്ടുണ്ട്. അതില്‍  ധാരാളം  നാണയതുട്ടുകളും  അല്പം  നോട്ടുകളും  കാണാം.


ഞാന്‍ വഴിയില്‍  നിന്നും  രണ്ടടി  പിറകോട്ടു  മാറി  കമ്പി  വേലിയില്‍  ചാരി  നിന്ന്  നിര്‍ന്നിമേഷനായി  ആ മനുഷ്യനെ തന്നെ നോക്കി നിന്നു.

 പൊതുവേ  യാചകരെ  കാണുമ്പോള്‍  മനസ്സില്‍  പറയാറുള്ളത്  "നല്ല  ആരോഗ്യം   ഉണ്ടല്ലോ ... എവിടെയെങ്കിലും  പോയി മാന്യമായി  അദ്ധ്വാനിച്ചു  ജീവിച്ചു  കൂടെ ? "എന്നായിരുന്നു .

 തീര്‍ത്തും  ശുഷ്കിച്ച്   ആരോഗ്യം  തൊട്ടു  തീണ്ടിയിട്ടില്ലാത്ത ചിലരെ  കണ്ടാലും  ഞാന്‍ കാശ്  കൊടുത്തിരുന്നില്ല. കാരണം  ഇതൊക്കെ  ഭിക്ഷാടനത്തെ  പ്രോത്സാഹിപ്പിക്കുകയെ  ഉള്ളു.മലയാളികള്‍  ഇങ്ങനെ  കാശ്  എറിയുന്നത്  കൊണ്ടാണ്  ഇവിടെ  ഭിക്ഷക്കാരുടെ  എണ്ണം  അനുദിനം കൂടിവരുന്നത് .

 ഇങ്ങനെ ഒക്കെ ഉള്ള ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചായിരുന്നു ഇത്രേം കാലം പട്ടണത്തില്‍ വന്നത്.

പക്ഷെ ഇത്തവണ .... ആ കാഴ്ച കണ്ടപ്പോ പത്തു  പതിനഞ്ചു  മിനുട്ടോളം  ഞാന്‍  ആ  യാചകനെ  തന്നെ  നോക്കി  നിന്നു. ഇടയ്ക്ക്  ചില  കുഞ്ഞു  കുട്ടികള്‍ പട്ടിക്കു  ബിസ്സുറ്റ്  എറിഞ്ഞു  കൊടുക്കുന്നത്  പോലെ  എറിഞ്ഞു  കൊടുത്ത  നാണയ  തുട്ടുകള്‍  തറയില്‍  വീണു  തെറിച്ച്   ആ മനുഷ്യന്റെ   കണ്ണില്‍  കൊണ്ടപ്പോള്‍  എന്റെ കണ്ണും വേദനിച്ചു .

 എന്റെ മനസ്സില്‍  ചിന്തകള്‍  കൂടുകെട്ടി  തുടങ്ങി.

 ഇയാള്‍ക്ക്  ഒരു  കുടുംബം  ഉണ്ടാവുമോ ?
 ഭാര്യയോ  മക്കളോ  ആരെങ്കിലും  ഒക്കെ  ഉണ്ടാകില്ലേ ?
 അല്ല  ഇനി  ജന്മനാ   ഇയാള്‍  ഇങ്ങനെ  ആണോ ?
 ഇനിയിപ്പോ  ഇങ്ങനെ  ആണെങ്കില്‍  തന്നെ  ജന്മ്മം  കൊടുത്ത  ഒരു  അച്ഛനും  അമ്മയും  ഉറപ്പായിട്ടും  ഉണ്ടാവില്ലേ ?

ഉത്തരം  കിട്ടാത്ത  ഒരു  പാട്  ചോദ്യങ്ങള്‍  അനര്‍ഗ്ഗളമായി  പ്രവഹിച്ചുകൊണ്ടിരുന്നു.

ഒരു  പക്ഷെ  ഇയാളുടെ  അച്ഛനും  അമ്മയും  മരിച്ചു  പോയി  കാണും. അല്ലെങ്കില്‍  ചെറുപ്പത്തില്‍  സ്കൂളില്‍  പോകുന്ന  വഴിയില്‍ വല്ലവരും  ഇയാളെ  തട്ടിക്കൊണ്ടു  പോയി  കൈ  കാലുകള്‍  വെട്ടി  കളഞ്ഞു ഭിക്ഷാടനത്തിന് വിട്ടതാവാം. സ്കൂളില്‍ പോയി വരുമ്പോള്‍ ഏതോ കള്ളസ്വാമി വന്നു  മിഠായി കൊടുത്ത്  കുട്ടികളെ തട്ടിക്കൊണ്ടു പോയ കഥകള്‍ എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അപ്പൊ അതിലൊക്കെ വാസ്തവം ഉണ്ടെന്നാണോ? 

" സര്‍വൈവല്‍ ഓഫ്  ദി  വീകെസ്റ്റ് " എന്നായിരിക്കും പിച്ചക്കാരുടെ  വിജയ മന്ത്രം.

 ഇയാളെ  എന്നും രാവിലെ  നേരം  വെളുക്കുന്നതിനു  മുന്‍പ്  ഇവിടെ  കൊണ്ട് വന്നു  വിടുന്നത്  ആരായിരിക്കും?
വൈകീട്ട്   അയാളെ  തിരിച്ചു  കൊണ്ട്  പോകുന്നത്  ആരായിരുക്കും?
 അല്ല ഇയാള്‍ ഇവിടെ തന്നെ മരണവും കാത്തു കിടക്കുകയാണോ?
അങ്ങന എങ്കില്‍ ഇയാള്‍ക്ക് കാശ് എന്തിനാണ് ?
ഈ  കാശൊക്കെ  ഇയാള്‍ക്ക്  തന്നെ  കിട്ടുന്നുണ്ടാവുമോ?

ഒരു  പക്ഷെ  ഇയാളുടെ  വേണ്ടപ്പെട്ട  ആരെങ്കിലും  ഒക്കെ  ആയിരിക്കാം എന്നും ഇവിടെ കൊണ്ട് വരുന്നതും കൊണ്ട് പോകുന്നതും. അല്ലെങ്കില്‍ പിച്ചക്കാരെ  വെച്ചു  മുതലെടുക്കുന്ന  ഒരു  സംഘം  ആയിരിക്കാം ഇതിനു പിന്നില്‍. അങ്ങനെ  ഉള്ള  സംഘം  പട്ടണത്തില്‍  വ്യാപകമാണെന്ന് 
പത്രത്തില്‍  വായിച്ചിരുന്നു ഞാന്‍. 

ആ  നിലയ്ക്ക്  നോക്കുമ്പോള്‍  ഈ  കൊടുക്കുന്ന  കാശ്  ഇയാള്‍ക്ക്  തന്നെ  കിട്ടുമോ? കിട്ടുന്നില്ലെങ്കില്‍  , കാശ്  കൊടുക്കുന്നതില്ലൂടെ  പരോക്ഷമായി  ഞാനും ആ ക്രൂരതയ്ക്ക്  കൂട്ട് നില്‍ക്കുകയല്ലേ  ചെയ്യുന്നത്? 

ചോദ്യങ്ങള്‍ക്ക്  പഞ്ഞമില്ല. ഉത്തരങ്ങള്‍  പറയേണ്ട  മനുഷ്യനാണ് ഇവിടെ ശവം  പോലെ  കിടക്കുന്നത്. 

പെട്ടെന്ന് മൊബൈല്‍ ശബ്ദിച്ചത് കേട്ടാണ് ചിന്തകളുടെ ആ ലോകത്ത് നിന്നും ഞാന്‍ തിരിച്ചു വന്നത്.
" മോനെ  നീ  വരുമ്പോള്‍  രണ്ടു  പാക്കറ്റ്  പാലും  കുറച്ചു  ചിക്കനും  വാങ്ങിക്കണേ "- അമ്മ  ആയിരുന്നു. ഇത് എന്നും പതിവുള്ളതാണ്. എത്ര വലിയ ലിസ്റ്റ് തന്നു വിട്ടാലും എന്തെങ്കിലും ഒക്കെ വിട്ടു പോയി കാണും. 

 ഓഫീസില്‍ സഹ പ്രവര്‍ത്തകര്‍ ആരെങ്കിലും ഇത് പോലെ റിക്വസ്റ്റ് ഉം ആയി വന്നിരുന്നു എങ്കില്‍   "സോറി, ലാസ്റ്റ് മിനിറ്റ് ചേഞ്ചസ് ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല " എന്ന് പറഞ്ഞു നിഷ്കരുണം തള്ളിയേനെ. 

കാഴ്ച  കണ്ടു  കളയാന്‍  തനിക്കു  സമയമില്ല.ആ  യാചകനെ സഹായിക്കണം. കാഴ്ചകളു ടെ ദൈന്യതയ്ക്കു മുന്നില്‍ ഒടുവില്‍ ഞാന്‍ എന്റെ ആദര്‍ശ കുപ്പായം ഊരി വെച്ചു.

അനുകമ്പയാര്‍ന്ന മനസ്സോടെ പതിയെ ഞാന്‍  ആ  ജീവച്ഛവത്തിന്റെ  അടുത്തു  ചെന്ന്. പോക്കെറ്റില്‍ നിന്നും 20 രൂപ   നോട്ട് എടുത്തു  നിലത്തുള്ള  തൂവാലയില്‍  വെച്ചു. 

ചെയ്തത് ശരിയോ തെറ്റോ എന്ന് എനിക്കറിഞ്ഞുകൂട. എന്നാലും   ദൈന്യതയുടെ  നേര്‍ക്കഴ്ചയ്ക്ക്  നേരെ  നീട്ടിയ  കണ്ണീരില്‍   പൊതിഞ്ഞ  ഈ  ഇരുപതു  രൂപ , ഒരിക്കലും  ...ഒരിക്കലും  ... കൊടും  ക്രൂരതയ്ക്ക്  വില  പേശുന്ന നരാധമന്മാരുടെ   ഭണ്ടാരങ്ങളില്‍   ചെന്ന് വീഴരുതേ  എന്ന് ഞാന്‍  പ്രാര്‍ത്ഥിച്ചു.

 മെല്ലെ അവിടെ  നിന്നും  എഴുന്നേല്‍ക്കുമ്പോള്‍ അവസാനമായി ഞാന്‍ ആ  മനുഷ്യന്റെ  കണ്ണുകളില്‍ ഒന്ന്  നോക്കി. ആ  കണ്ണുകളില്‍  ഒന്നോ  രണ്ടോ  തുള്ളി  കണ്ണുനീര്‍  തങ്ങി  നില്‍ക്കുന്നതായി എനിക്ക് തോന്നി. 

ഒരു  പക്ഷെ  എന്നോടുള്ള  നന്ദി  അയാള്‍  കണ്ണുകളില്‍ കൂടി  ആനന്ദാശ്രു  ആയി  പ്രകടിപ്പിച്ചതാവാം .അല്ലെങ്കില്‍  ഈച്ചകള്‍  കാലിലെ  വ്രണത്തില്‍  കുത്തുമ്പോള്‍  ഉണ്ടാകുന്ന  അസ്വസ്ഥത  ആ  കണ്ണുകളില്‍  കൂടി പെയ്തിറങ്ങിയതാവാം . 

നാളെ ഇതും ഒരു പതിവ് കാഴ്ചയായി മാറുമ്പോള്‍ ഇതിലും വലിയ ക്രൂരതകള്‍ നടമാടിയ മറ്റൊരു ശരീരം ഇതേ സ്ഥാനത്ത് നിക്ഷേപിക്കപ്പെടും! അതറിയാഞ്ഞിട്ടല്ല!

 ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു.ഇനി എന്താണ് വാങ്ങിക്കേണ്ടത് എന്നറിയാന്‍  പോക്കെറ്റില്‍ നിന്നും ലിസ്റ്റ് എടുത്ത്  ഞാന്‍ കണ്ണോടിച്ചു. അതില്‍ മല്ലിയും മുളകും ഒന്നുമല്ല ഞാന്‍ കണ്ടത്. ആ പാവം മനുഷ്യന്റെ ദയനീയ ചിത്രം മാത്രമായിരുന്നു. 
11 comments:

 1. കഴിവതും അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുക, അവരത് സ്വീകരിച്ചില്ലെന്നിരിക്കാം കാരണം, അവര്‍ ഭിക്ഷയെടുക്കുന്നത് അവര്‍ക്ക് വേണ്ടി മാത്രമായിരിക്കില്ലല്ലോ, ആ നാണയത്തുട്ടുകള്‍ പിടിച്ച് വാങ്ങാനായി കാത്ത് നില്‍ക്കുന്നവര്‍ അവരുടെ പുറകെയുണ്ടല്ലോ....

  ReplyDelete
 2. അതെ സഹായിക്കാനും സഹായിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ !

  ReplyDelete
 3. പ്രിയപ്പെട്ട പ്രജിത്ത്,
  ഹൃദ്യമായ നവവത്സരാശംസകള്‍!
  കരുണയും സ്നേഹവും നിറഞ്ഞ മനസ്സ് ഞാന്‍ കാണുന്നു. ഒരു യാചകന്റെ യഥാര്‍ത്ഥ ചിത്രം !പലപ്പോഴും നിസ്സഹായാവസ്ഥയില്‍ പെട്ട് പോകാറുണ്ട് !
  നന്നായി എഴുതി,കേട്ടോ !
  ഇനിയും എഴുതണം...!
  സസ്നേഹം,
  അനു

  ReplyDelete
 4. ഹായ് അനു,
  അനൂനും പുതുവത്സര ആശംസകള്‍..! നേരുന്നു .
  അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം!

  ReplyDelete
 5. വലിയ ലോബികള്‍ ആണല്ലോ ഭിക്ഷാടനം നിയന്ത്രിക്കുന്നത്‌. നമ്മുടെ ചുറ്റുപാടും കുടുംബത്തിലുമുള്ള യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടറിഞ്ഞു കൊടുക്കലാണ് നല്ലത്. പിന്നെ ഇങ്ങനെയുള്ളവരെ കഴിയുമെങ്കില്‍ ഏതെന്കിലും സന്നദ്ധ സംഘങ്ങളെ ഏല്‍പ്പിച്ചു കൊടുക്കാം. അല്ലാതെ നമുക്കെന്തു ചെയ്യാന്‍. ഇക്കാര്യത്തില്‍ കാതലായ ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി ഭിക്ഷാടനം നിരോധിക്കണം.
  നല്ല പോസ്റ്റ്‌.

  ReplyDelete
 6. അതെ ഷുക്കൂര്‍ പറഞ്ഞതാണ് ശരി. "നമ്മുടെ ചുറ്റുപാടും കുടുംബത്തിലുമുള്ള യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടറിഞ്ഞു കൊടുക്കലാണ് നല്ലത്

  ReplyDelete
 7. Hai Prajith,
  Nalla kathakal venamenkil nammude chuttupaadum nokkiyal mathi ennu shreenivasan parayaarundu.Shreenivasan aano prachothanm. enthaayalum valare nannayittund.

  ReplyDelete
 8. nammal nerittu anubhavichittulla kaarynagal aavumbo ezhuthaan eluppam aanallo. athukond atharam kathakal varunnu ennu maathram. abhipraayangalkku nandi noushad.

  ReplyDelete
 9. മറ്റുള്ളവന്റെ വേദനയില്‍ ഒരുമിച്ചു വേദനിക്കുന്ന മനസ്സാണ് മുഖ്യം. ഒരിക്കല്‍ പീഡിതര്‍ ഇല്ലാത്ത ഒരു ലോകം വരുമെന്ന് കാത്തിരിക്കാം, ഇപ്പോള്‍ ചെറിയ സഹായങ്ങള്‍ അല്ലാതെ നമുക്കെന്തു ചെയ്യുവാന്‍ കഴിയും.

  ReplyDelete
  Replies
  1. അതെ നമുക്ക് കാത്തിരിക്കാം... ഒരിക്കല്‍ പീഡിതര്‍ ഇല്ലാത്ത ഒരു ലോകം വരുമെന്ന് ! Thanks for the comment

   Delete
 10. istappeettu...saaaru puliyannnu ariyillarunnu..

  ReplyDelete

അഭിപ്രായം അറിയിക്കാൻ


വായിച്ചെങ്കില്‍ ഒന്ന് അഭിപ്രായം രേഖപ്പെടുത്തണേ...