2011, ഡിസംബർ 27, ചൊവ്വാഴ്ച

ഇന്ന് നീയാണ് ഭ്രാന്തന്‍! (കവിത )ആഘോഷ  രാത്രി
ലഹരിയില്‍  ആറാടും  രാത്രി
ബാറും  കാറും  ബീയറില്‍  കുളിച്ചിടും
നാടും  നഗരവും  നാറിടും

നാരികളുടെ  നിശ  ഇന്ന്
നാറികളുടെ  നിശീഥിനി
നരനും  നാരിയ്ക്കും
നാവു  കുഴയുന്ന  പാതിരാത്രി.

ഒറ്റയ്ക്ക്  പോകുന്നു  ഒരു  ഭ്രാന്തന്‍
തലയ്ക്കു  വെളിവില്ലാത്ത   നാറി.
അടുത്ത്  ചെന്ന്  മണത്തു നോക്കി
നാറുന്നില്ല  ...ഭ്രാന്തന്‍ !

ഇന്ന് നീയാണ് ഭ്രാന്തന്‍
ഈരാവില്‍  നാറാത്തവന്‍    ഭ്രാന്തന്‍.
ഹാപ്പി ന്യൂ ഇയര്‍ !!!

2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ഓര്‍മ്മച്ചെപ്പ്

വര്‍ഷങ്ങള്‍ക്കു  മുന്‍പ്  പൂട്ടിവെച്ച  പെട്ടി  തുറന്നുനോക്കുക ,   സ്കൂളില്‍  പഠിച്ചോണ്ടിരുന്ന   കാലത്തെ നോട്ട്ബുക്കുകള്‍   ഇപ്പോള്‍  തുറന്നു  വായിക്കുക,  പണ്ട് ഒത്തിരി കഷ്ടപ്പെട്ട് നമ്മള്‍ സ്വന്തമായി ഉണ്ടാക്കിയ ചിരട്ട മോതിരം ഇപ്പോള്‍ നമ്മുടെ കയ്യില്‍ വന്നു പെടുക ...ഇതിനൊക്കെ  ഒരു  പ്രത്യേക  സുഖമാണ്. നമ്മള്‍ പാടെ  മറന്നു  പോയ കാര്യങ്ങള്‍  ദീര്‍ഘകാലത്തെ  ഇടവേളയ്ക്കു  ശേഷം നമ്മുടെ  കയ്യിലെത്തുമ്പോള്‍  നമ്മള്‍  അനുഭവിക്കുന്ന  ഒരു  അനുഭൂതി... ആ അനുഭൂതിയില്‍ കൂടി  ഒലിച്ചിറങ്ങി  പഴയകാലത്തില്‍ നീന്തിതുടിച്ച് തിരിച്ചു വരുമ്പോള്‍ മിക്കപ്പോഴും കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ടാവും. 

 ഒരു  ദിവസം  ജോലിസംബന്ധമായ  ആവശ്യങ്ങള്‍ക്ക്  വേണ്ടി  പത്താം  ക്ലാസ്സു  മുതലുള്ള  സര്‍ട്ടിഫിക്കേട്ട്സ്  കാണിക്കേണ്ടി വന്നപ്പോഴാണ്  പൊടിപിടിച്ചു  കെടക്കുകയായിരുന്ന  ആ  ബാഗ്‌  ഏറെ  കാലത്തിനുശേഷം  ഞാന്‍  അലമാരിയില്‍  നിന്നും വലിച്ചു  പുറത്തിട്ടത്ത്. ബാഗിനകത്ത്   ഭദ്രമായി  ഒരു  കവറില്‍  പൊതിഞ്ഞുവെച്ചിട്ടുള്ള സര്ട്ടിഫിക്കെട്ട്സിന്റെ കെട്ട് ഞാന്‍ കയ്യിലെടുത്തു. അതിലേക്കൊന്നു  നോക്കിയപ്പോ മനസ്സ് മന്ത്രിച്ചു...സമ്പാദ്യം ആണിത് .ജീവിതത്തിന്റെ  ആദ്യ കാല്‍നൂറ്റാണ്ടു  കാലത്തെ  സമ്പാദ്യം! സമ്പാദ്യത്തിന് കാശിന്റെ രൂപം കൈവന്നത് അതിനു ശേഷം മാത്രമാണ്.  പഠിപ്പിന്റെയും  ഉഴപ്പിന്റെയും ഭാഗ്യത്തിന്റെയും  ദൌര്ഭാഗ്യത്തിന്റെയും   എല്ലാം  ആകെ  തുകയാണ്  ഓരോ  സര്ട്ടിഫിക്കെട്ടിലും  സംഖ്യാരൂപത്തില്‍
രേഖപ്പെടുത്തിയിരിക്കുന്നത്.

ആ  കെട്ടില്‍  sslc സര്‍ട്ടിഫിക്കറ്റ്നു  വേണ്ടി  തെരയുംബഴാണ് നീല  കവറുള്ള  ഒരു  കുഞ്ഞു  ബുക്ക്‌  കയ്യില്‍  വന്നുപെട്ടത് ... ഓട്ടോഗ്രാഫ് !! അഞ്ചുപത്തു  വര്‍ഷങ്ങള്‍ക്കു  ശേഷം  അന്നാണ്  അത് ഞാന്‍ വീണ്ടും തുറക്കുന്നത്.കടും നീല  കളറുള്ള  കട്ടിയുള്ള  പുറംചട്ടയില്‍  നല്ല  മിനുസമുള്ള  വര്‍ണ്ണാഭമായ പേജുകളില്‍ പഴയ  കൂട്ടുകാര്‍  റെയ്നോള്‍ഡ്സും റോട്ടോമാക്കും ഹീറോ പെന്നും കൊണ്ട് കുറിച്ചിട്ട ആ താളുകള്‍ ഓരോന്നായി  ഞാന്‍  വായിച്ചു തുടങ്ങി.
" പരീക്ഷയാകുന്ന പോര്‍ക്കളത്തില്‍ പേന ആകുന്ന ആയുധം കൊണ്ട് എഴുതി വിജയിക്കൂ സോദര " എന്നെഴുതിയ റസീനയുടെ മുഖം എത്ര ആലോചിച്ചിട്ടും മനസ്സില്‍ വരുന്നില്ല. റസീന പോര്‍ക്കളത്തില്‍ വിജയിച്ചിരുന്നോ എന്നും എനിക്കറിഞ്ഞൂടാ.


അടുത്ത പേജില്‍ "കാലം വല്ലാത്ത കാലം ...റേഷന്‍ കിട്ടാത്ത കാലം .. കുട്ടികള്‍ ഒരു ഡസന്‍ ആയാല്‍ നിറ്ത്താന്‍ മറക്കരുത് കൂട്ടുകാര "എഴുതിയത് അഷ്‌റഫ്‌.
ലാസ്റ്റ്റോയില്‍ എന്റെ ബെഞ്ചിന്റെ അങ്ങേ അറ്റത്ത് ഇരുന്നിര്‍ന്ന അശ്രഫിന്റെ ആ ചിരിക്കുന്ന മുഖം മനസ്സില്‍ ഓടിയെത്തി.അശ്രഫിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് ഒരു രൂപയ്ക്ക് റേഷന്‍ അരി കൊടുത്തുതുടങ്ങിയ നമ്മുടെ സര്‍ക്കാരിനെയും ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്ത്‌ പോയി. !


"ഭൂമി ഉരുണ്ടാതായതുകൊന്ദ് വീണ്ടും കണ്ടുമുട്ടുമെന്ന് കരുതുന്നു " എന്ന് എഴുതിയ രതീഷിനെ പിന്നെ കണ്ടിട്ടില്ല.


"ജീവിതത്തില്‍ എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാല്‍ ഒന്ന് പുഞ്ചിരിക്കാന്‍ മറക്കരുതേ" എഴുതിയത് വിനോദ്. ഈശ്വര വിനോദിന്റെ മുഖം എനിക്ക് ഓര്‍മ്മ വരുന്നില്ലല്ലോ. ഇനി അവനെ കണ്ടിട്ട് ഞാന്‍ തിരിച്ചറിയാത്തത് കാരണം ചിരിക്കാതെ പോയിട്ടുണ്ടാവുമോ ?

താളുകള്‍ ഓരോന്നായ് മറിച്ചു വായിച്ചപ്പോള്‍ ചില പേരുകള്‍ക്ക് എത്ര ശ്രെമിച്ചിട്ടും ശരീരം കൊടുക്കാന്‍ എനിക്ക് പറ്റിയില്ല . ഉച്ചസമയത്ത് കൂടെ ക്രിക്കറ്റ്‌ കളിച്ചിരുന്ന മനോജിനെയും നോമ്പ്കാലത്ത്   പഴയ മാതൃഭൂമി പേപ്പറില്‍ കാരയ്ക്ക പൊതിഞ്ഞുകൊണ്ടുവന്നു തന്ന അബ്ദുള്ളയെയും എല്ലാം എത്രയോ കാലങ്ങള്‍ക്ക് ശേഷം അന്ന് ഓര്‍ത്തു.

പത്താം ക്ലാസ്സില്‍ നിന്നും  പിരിയേണ്ട സമയം അടുത്തെത്തിയപ്പോള്‍ അത്യുത്സാഹത്തോടെ ഓട്ടോഗ്രാഫുകള്‍ കൊണ്ടും കൊടുത്തും നടന്നത്   ഇപ്പൊ ഞാന്‍ ഓര്‍ക്കുന്നു. ക്ലാസ്സില്‍ നേരത്തെ എത്തിയും , ക്ലാസ്സ്‌ ടൈമില്‍ മാഷമ്മാര്‍ കാണാതെ പുസ്തകത്തിന്നിടയില്‍ ഒളിപ്പിച്ചു വെച്ച് എഴുതിയതും ഒടുവില്‍ വേണ്ടപ്പെട്ടവര്‍ എഴുതിയ സുന്ദരമായ വരികള്‍ ആരും കാണാതെ ഒരിടത്തിരുന്ന് പലവട്ടം വായിച്ചതും എല്ലാം ഇത് പോലെ മറവികള്‍ കാര്‍ന്നു തിന്നുന്ന ഒരു ഭാവികാലത്തിനു ബാലിയാടാവാന്‍ വേണ്ടിയായിരുന്നോ!

ഒരിക്കലും മറക്കില്ല എന്ന് അന്ന് ശപഥം ചെയ്തിരുന്ന എന്റെ മനസ്സിന് മറവികള്‍ ബാധിച്ച് തുടങ്ങിയിരിക്കുന്നു.കൂട്ടുകാരാ ക്ഷമിക്കൂ . പുഞ്ചിരിക്കാന്‍ ഞാന്‍ മറന്നെകില്‍ ഓര്‍മ്മിപ്പിക്കാന്‍ നിങ്ങള്‍ മറക്കരുതേ എന്ന അപേക്ഷ മാത്രം.


2011, ഡിസംബർ 10, ശനിയാഴ്‌ച

ഇപ്പഴത്തെ കാലമല്ലേ !!


"ഇപ്പഴത്തെ പനിയാ... ശ്രെദ്ധിക്കണം മോനെ ! "
അത് കേട്ടതും അത് വരെ 100 ഡിഗ്രി ആയിരുന്ന എന്റെ പനി  102 ലേയ്ക്ക് കുതിച്ചു.  പണ്ട് പനി പിടിച്ചു കിടന്നപ്പോഴും അവര്‍ ഇത് തന്നെയാണല്ലോ എന്നോടു പറഞ്ഞിരുന്നത് എന്നോര്‍ത്തപ്പഴാ അല്പം ആശ്വാസം തോന്നിയത്.

" ഹോ ! ഇപ്പഴത്തെ പിള്ളേരുടെ കാര്യം ! ഒരു വക പറഞ്ഞാല്‍ കേക്കില്ല"  എന്ന് ജാനകിയേച്ചി ചെക്കനോട് പറയുന്നത് ഞാന്‍ കേട്ടïട്ടുണ്ട് . ജാനകിയേച്ചി കുട്ടിയായിരുന്നപ്പോ അവരുടെ അമ്മയും ഇത് തന്നെ പറഞ്ഞിട്ടുണ്ടാവും. കാരണം പിള്ളേര്‍ എല്ലാ കാലത്തും അനുസരണക്കേട് കാണിക്കും. ഇനി ഈ ചെക്കന്‍ വലുതായാല്‍ അവന്റെ മക്കളോടും ഇത് തന്നെ പറയും.!‌

"ഇപ്പൊ എവിടേയ ആത്മാര്‍ഥമായ സ്നേഹം ഉള്ളത് !"

 " ഇപ്പൊ ഒക്കെ എന്ത് ഓണം ! അതൊക്കെ പണ്ടല്ലേ",

" ഇപ്പൊ ഇറങ്ങുന്നത് ഒക്കെ പാട്ടാണോ !"

  എന്ന് മാത്രമല്ല ,

 "ഇപ്പഴത്തെ മഴയ്ക്ക്‌ വെള്ളം കുറവാണ്! "എന്നുവരെ പറഞ്ഞു കേട്ടിട്ടുണ്ട് .

ഇങ്ങനെ ഇപ്പഴത്തെ എല്ലാത്തിനെയും കുറ്റം പറഞ്ഞ്, കയ്യും കെട്ടി നിന്ന് ,  തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തെ കുറിച്ച ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതിലും   നല്ലതല്ലേ സുഹൃത്തെ  ഈ "ഇപ്പഴത്തെ" കാലത്തെ ഒന്ന് നന്നാക്കാന്‍ ശ്രെമിക്കുന്നത്. ഒന്ന് ശ്രെമിച്ചു നോക്കിക്കൂടെ!

"ശരിയാ , ഇപ്പഴത്തെ കാലത്ത്  ആര്‍ക്കാ അതിനൊക്കെ സമയം !!" 

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ഗാന്ധിജി വിജയിച്ചു .പക്ഷെ ഹസാരെ തോല്‍ക്കാന്‍ പാടില്ല

"തൊലിഞ്ഞ  ട്രാഫിക്‌ .. ഒരു  രെക്ഷയുമില്ല!" 3 മണിക്ക്  ഇലക്ട്രോണിക് സിറ്റിയില്‍
  എത്തണം .അണ്ണാ  ഹസരെയ്ക്ക്  പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള  ആയിരങ്ങള്‍
  അണിനിരക്കുന്ന   റാലിയിലെ  ഒരു  കണ്ണി ആവാനുള്ളതാ .. പക്ഷെ  ഇപ്പൊ  തന്നെ
  സമയം  2.50 ആയി.  കഷ്ടിച്ച്  BTM എത്തിയതെ  ഉള്ളു.

ഒന്നും  നോക്കിയില്ല... രണ്ടും    കല്‍പ്പിച്ചു  ഫുട്പാത്തിലേക്ക് വണ്ടി  കേറ്റി ...    കൂടെ  വേറെയും അഞ്ചാറു   ബൈകുകാര്‍.ഒരു  50 മീറ്റര്‍  ഡ്രൈവ്  ചെയ്തതേ  ഉള്ളു.
.. പോലീസ് മാമന്‍മ്മാര്‍   വന്നു!വണ്ടി പിടിച്ചു ...കുറ്റം ഫുട്പാത് ഡ്രൈവിംഗ് !

  വണ്ടി  മാറ്റിനിര്‍ത്താന്‍  ആജ്ഞാപിച്ചു.  ഇനി  എല്ലാ  ഡോകുമെന്റ്സ്  ഉം
 കാണിക്കേണ്ടി  വരും ... ടൈം  ഇല്ല.100 രൂപ  എടുത്തു വീശി.അതിലെ ഗാന്ധിജി  നോക്കി
 ചിരിച്ചു. പോലീസുകാര്‍ ചിരിച്ചില്ല. ഒരു  നൂറും  കൂടി  വീശി. എല്ലാവരും ചിരിച്ചു !

 ഗാന്ധിജി  വിജയിച്ചു .പക്ഷെ  ഹസാരെ  തോല്‍ക്കാന്‍  പാടില്ല.

 സമ്മേളനനഗരിയില്‍  കുതിച്ചെത്തി  കഴുത്ത്‌  പൊട്ടുമാറുച്ചത്തില്‍  പ്രതിജ്ഞാ എടുത്തു ....
"കൈകൂലി  കൊടുക്കില്ല .. വാങ്ങില്ല ... അഴിമതിക്ക്  കൂട്ട്  നില്‍ക്കില്ല! അണ്ണാ ഹസാരെ കി ജയ് !!!".

2011, ഡിസംബർ 7, ബുധനാഴ്‌ച

പാതിരാവണ്ടി (കവിത)


 
ബസ്സിന്റെ  ഡോര്‍  തുറന്നവശനായ് വന്നയാള്‍
ഫ്ലാറ്റിന്റെ  മുന്നിലെ  ഗേറ്റില്‍ മുട്ടീ 
പാതിരാ  നേരത്ത്  പാതിമയക്കത്തില്‍
വാച്ച്മാനോടിവന്നാനയിച്ചൂ.


ലിഫ്റ്റിന്റെ  ബട്ടണില്‍  ഏഴെന്നു   കുത്തീട്ട്
ലിഫ്റ്റിന്റെ  ഭിത്തിയില്‍   ചാരി  നിന്നു.
ഏഴാം  നിലയിലെ  ഡോര്‍ നമ്പര്‍ ത്രീയുടെ
വാതില്‍  തുറന്നയാളുള്ളില്‍  ചെന്നൂ.


മാറാപ്പായേന്തിയ ലാപ്ടോപ്  ബാഗും  
ഗളബന്ധനമായ  ടൈയും
നീട്ടി  എറിഞ്ഞിട്ട്  ഓടിച്ചെന്നൂ അയാള്‍
തന്റെ പൊന്നോമനയ്ക്കുമ്മ വെക്കാന്‍.


അരണ്ടാ വെളിച്ചത്തിലാരോരുമില്ലാതെ
അഞ്ചു  വയസ്സുള്ള  പി ഞ്ചോമന ‍  
മാലാഖയെ പോലുറങ്ങുന്ന മഞ്ചത്തില്‍
മെല്ലെയിരുന്നയാള്‍  തൊട്ടുനോക്കി

ലാളന  വാനോളം  കിട്ടേണ്ട  പ്രായത്തില്‍
ലാളിക്കാനച്ചന്‍   ചാരെയില്ല!
പാടെ  ഇരുണ്ടങ്ങ്‌ പത്തുമണി  നേരം
പാതിരാ  ഷിഫ്റ്റിലേക്കമ്മ  ചെല്ലും.
പാതിരാ  നേരത്ത്  പാതി മയക്കത്തില്‍
പാടെ  തളര്ന്നങ്ങച്ചനെത്തും !

തന്റെ  പൊന്നോമനകുഞ്ഞിന്റെ  നെറ്റിയില്‍
വറ്റിവരണ്ട  തന്‍  അധരങ്ങള്‍ ചെര്‍ത്തയാള്‍
അന്നത്തെ ദിവസത്തെ മൊത്തം ലാളന
ഒരു ചുംബനത്തില്‍ പൊതിഞ്ഞു നല്‍കി !
തന്നിമ രണ്ടിലും  പൊഴിയുന്ന  ചുടുധാര
തന്നോമല്‍  കുഞ്ഞിന്റെ  മേനിയില്‍  വീഴാതി-
ടതുകൈ കുമ്പിളില്‍  ശേഖരിച്ചു!
ഒരു വട്ടം  കൂടിയമാലാഖയെ  നോക്കി
അത്താഴമുറിയില്‍  പതിയെ  നീങ്ങി.

പോകുന്ന  വഴിയിലാ  സിസ്റ്റമോന്നോണ്‍  ചെയ്ത്
ഫേസ്ബുക്കിലോട്ടയാള്‍   എത്തി നോക്കി
പണ്ഡിറ്റ്‌  ജിയും  രാജപ്പന്‍  ചേട്ടനും
പോരാത്തതിനിപ്പോ മുല്ലപ്പെരിയാറും!

പാതയോരത്തങ്ങു   സമരമുഖത്ത്‌
സാന്നിധ്യമാവാന്‍  തനിക്കു  വയ്യ! 
സാമൂഹ്യബോധവും  അനുകമ്പയും പിന്നെ
ഹെല്പ് ചെയ്യാനുള്ള മനസ്സുമുണ്ടേ....
ഇത്യാദിയെല്ലാമിപ്പൊഴുമുണ്ടെന്ന  
പ്രഖ്യാപനം  പോലെ  "ലൈക്‌"  ചെയ്തു .
"ലൈക്‌"  ചെയ്തു  പിന്നെ  "ഷെയറ്" ചെയ്തു  പാവം
നാലഞ്ചു  മുല്ലപ്പെരിയാരുകള്‍ !
അച്ചാറു പോലങ്ങു  തൊട്ടുനക്കാനായി
പണ്ഡിറ്റ്ജിയെയും   ഷെയറ്  ചെയ്തു !

വയറിന്റെ  രോദനം  ഉച്ചത്തിലായപ്പോള്‍
വൈകാതെതന്നെ   വയര്‍  നിറച്ചു.
തന്നോമല്‍ കുഞ്ഞിന്റെ ചൂടുപറ്റിക്കൊണ്ട്
ചാരെയായച്ചനും  കിടന്നുറങ്ങി !

പുലരിതന്‍  കിരണമായ്    പ്രിയസഖി  എത്തുമ്പോളാ- 
പാവം  ഓഫീസ് ബസ്സില്‍  കേറും!
കാശിനു  മാത്രമായ്  എന്തിനീ  ജീവിതം
എന്നയാള്‍  പലവട്ടമലറിയതാ  .
ആ വിളി  കേട്ടിട്ട്  ഉത്തരം  തന്നത്  
വെരാരുമല്ലാ..  ലോണ്കാരാ!
കാറിന്റെ  ലോണും  വീടിന്റെ  ലോണും  
ദംഷ്ട്രകള്‍  കാണിച്ചു  കുരച്ചിടുമ്പോള്‍ ...
പാവമീ മാനവന്‍ പോംവഴിയില്ലാതെ
പാതിരാവണ്ടിതാന്‍ ശരണം എന്നറിയുന്നു !
പാതിരാവണ്ടിതാന്‍ ശരണം എന്നറിയുന്നു !
പാതിരാവണ്ടിതാന്‍ ശരണം എന്നറിയുന്നു !

2011, ഡിസംബർ 6, ചൊവ്വാഴ്ച

അക്കരെപ്പച്ച !

   ഇന്നലെ രാത്രി ബാംഗ്ലൂര്‍ സിറ്റി യില്കൂടി ബൈക്ക് ഓടിച്ചു വരുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ബാല്യകാല സ്മരണകളുടെ ഒരു തള്ളിക്കയറ്റം ! ബൈക്ക് ജയനഗരില്ലുള്ള എന്റെ വീടിനെ ലക്ഷ്യമാക്കിയും ഞാന്‍ പത്തിരുപത് വര്ഷം പഴക്കമുള്ള കുട്ടിക്കാലത്തെയക്കും ഒരേ വേഗതയില്‍ കുതിച്ചു.


  വൈദ്യുത ദീപങ്ങളില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന ഈ കെട്ടിടങ്ങളും പാതയോരങ്ങളും ഇന്നെനിക്കു ഒരു പുതുമയല്ല.അതിനൊപ്പം കുതിച്ചു പായുന്ന വാഹനങ്ങളും ജനത്തിരക്കും ഇന്നെനിക്കു പതിവ് കാഴ്ചയാണ്. പക്ഷെ,  രാത്രിയിലെ പട്ടണസൌന്ദര്യത്തിന്റെ ഓര്‍മകളുടെ ആദ്യ താളുകള്‍ എന്റെ മനസ്സില്‍ എഴുതിച്ചേര്‍ത്തത് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന  കാലഘട്ടത്തിലാണെന്നു തോന്നുന്നു.


  അന്ന്  പല്ലുവേദന വന്നു ‍ ഡോക്ടര്‍ നെ കണ്ടു മടങ്ങിയപ്പോള്‍ നേരം ഏറെ ഇരുട്ടിയിരുന്നു. അച്ഛന്റെ കയ്യും പിടിച്ചു ലാസ്റ്റ് ബസ്സിനു നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ബസ്സിന്റെ വിന്‍ഡോ സീറ്റിലിരുന്നു വൈദ്യുത ദീപങ്ങളില്‍ മുഖരിതമായ ബാറ്റ ചെരുപ്പ് കടയും അതിനോട് ചേര്‍ന്നുള്ള ഷീന്‍ ബേക്കറിയും ഇന്ത്യന്‍ കോഫീ ഹൌസും ബസ്സ്‌സ്റ്റാനറും ഒക്കെ എനിക്കും തികച്ചും പുതിയ അനുഭവങ്ങള്‍ ആയിരുന്നു. ആ നേരത്ത് ബസ്സില്‍ ഉള്ളവരെല്ലേം മുതിര്‍ന്നവര്‍ ആയിരുന്നു. കുട്ടികളുടെ വിഭാഗത്തില്‍ പെടുത്താന്‍ പറ്റിയത് ഞാന്‍ മാത്രം. എന്നും രാത്രി ഏറെ വൈകി ജോലി കഴിഞ്ഞു വീട്ടിലേക്കു തിരിച്ചുപോകുന്ന വിനോദേട്ടനും ഖാദര്‍ ഇക്കയും എല്ലാ മുതിര്‍ന്ന ആള്‍ക്കാര്‍ തന്നെ എന്ന് ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു പോയത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. അങ്ങനെ ആ കാലഘത്തില്‍ മനസ്സില്‍ കോറിയിട്ട ഒരു നിഗമനം ആയിരുന്നു വല്യ ആള്‍ക്കാര്‍ (മുതിര്‍ന്നവര്‍) മാത്രമേ രാത്രിയില്‍ പട്ടണത്തില്‍ പോവുകയുള്ളു എന്ന്. അങ്ങനെ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള 'വല്യ ആള്‍ക്കാരെ' കുറിച്ചുള്ള നിര്‍വചനങ്ങളില്‍ ആദ്യത്തേത്  ആയിരുന്നു അത്.


ചെറുപ്പത്തില്‍ എല്ലാവരെയും പോലെ എന്റെയും ആഗ്രഹം വല്യ ആള്‍ ആവുക എന്നായിരുന്നു. വല്യ ആള്‍ എന്ന് പറയുമ്പോള്‍ വാല്യക്കാര്‍ എന്നോ മുതിര്‍ന്നവര്‍ എന്നോ നിങ്ങള്ക്ക് വായിക്കാം. പക്ഷെ കുട്ടികള്‍ ആയിരിക്കരുത് എന്ന് മാത്രം.


നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ജീവിതത്തില്‍ ആദ്യമായി എനിക്കൊരു വാച്ച് കിട്ടിയത്. അച്ഛന്‍ വാങ്ങിച്ചു തന്ന നൂറു രൂപയുടെ ഒരു ഡിജിറ്റല്‍ വാച്ച്. അന്ന് അത് കെട്ടി സ്കൂളില്‍ പോയപ്പോള്‍ എന്റെ ക്ലാസ്സിലെ വാച്ച് ഇല്ലാത്ത പിള്ളേരുടെയും മൂന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വാച്ച് ഇല്ലാത്ത ഹതഭാഗ്യരുടെയും ഒക്കെ മുന്നില്‍ വാച്ചും കെട്ടി അല്പം ജാടയോടെ നടന്നപ്പോള്‍ മനസ്സില്‍ ഞാല്‍ വലിയ ആള്‍ ആയിരുന്നു.


ആറിലോ ഏഴിലോ പഠിക്കുബോള്‍ സ്കൂളിലേയ്ക്ക് ബസ്സില്‍ പോയ ദിവസങ്ങളില്‍ എന്റെ ഏറ്റവുംവലിയ ലക്‌ഷ്യം ബസ്സിന്റെ മുകളിലെ കമ്പി പിടിച്ചു വല്യ ആള്‍ക്കാരെ പോലെ നില്‍ക്കുക എന്നതായിരുന്നു.   വര്‍ഷങ്ങളുടെ കാത്തിരിപ്പിന്നോടുവില്‍ എപ്പഴോ ഒരു ദിവസം വിജയകരമായി കമ്പി പിടിച്ചപ്പോള്‍ മനസ്സില്‍ അന്ന് തോന്നിയ ഒരു സന്തോഷം എനിക്ക് ഇപ്പഴും വര്‍ണ്ണിക്കാന്‍ പറ്റില്ല. പിന്നീടങ്ങോട്ട് എല്ലാ ബസ്സിലും കേറിയ ഉടനെ മുകളിലെ കമ്പി പിടിച്ചു തൂങ്ങാന്‍ ശ്രെമിച്ചു. അപൂര്‍വ്വം ചില ബസ്സുകളുടെ പൊക്കം എനിക്ക് പാര ആയെങ്കിലും മിക്ക ബസ്സുകളും ഞാന്‍ വല്യ ആലാവുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്നു എന്ന് വേണം പറയാന്‍.


അതുപോലെ ആദ്യമായി ലുങ്കി ഉടുത്തപ്പോഴും പൊടിമീശ മുളച്ചപ്പോഴുമെല്ലാം കുട്ടിത്തത്തിന്റെ മേലങ്കി വലിച്ചെറിഞ്ഞു യുവത്വം  കൊടി നാട്ടാനുള്ള അസുലഭ നിമിഷമായി ഞാന്‍ ആഘോഷിച്ചു. സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചതും മറ്റൊന്നിനു വേണ്ടി ആയിരുന്നില്ല.


നേരം ഇരുട്ടിയത്തിനു ശേഷവും പീടികത്തിണ്ണയിലും ബസ്സ്‌ സ്റ്റോപ്പിലും ഇരുന്നു കൂട്ടുകാരോടൊപ്പം കത്തിവെച്ച് സമയം കളഞ്ഞ വൈകി മാത്രം വീട്ടിലെത്തിയതിനു അമ്മയുടെ വഴക്ക് കിട്ടിയിരുന്നു എങ്കിലും മനസ്സില്‍ ഞാന്‍ വല്യ ആളായി എന്ന നിഗമനം എനിക്ക് സ്വാന്ത്വനം ഏകി.


അന്നത്തെ യുവത്വത്തിന്റെ നിര്‍വച്ചനങ്ങളെല്ലാം കീഴടക്കിയെങ്കിലും
 ഇന്ന്  മനസ്സ് കൊതിക്കുന്നത് കൊച്ചു കുട്ടിയെ പോലെ ജീവിതം ആസ്വദിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാണ്. നമ്മളെ ആശ്രയിക്കാനും നമ്മളുടെ തണല്‍ തേടി ജീവിതം മുന്നോട്ടു നീക്കാനും പലരും ശ്രമിക്കുമ്പോള്‍ ആ  ഉത്തരവാദിത്ത്വങ്ങളുടെയും  ബന്ധനങ്ങളുടെയും  നൂലാമാലകളില്‍ പെട്ട് മനസ്സ്  ഉഴറുമ്പോള്‍ അറിയാതെ ആഗ്രഹിച്ചു  പോകുന്നു ഒരു കുട്ടി ആയിരുന്നുവെങ്കില്‍ എന്ന് !

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...