Tuesday, 6 December 2011

അക്കരെപ്പച്ച !

   ഇന്നലെ രാത്രി ബാംഗ്ലൂര്‍ സിറ്റി യില്കൂടി ബൈക്ക് ഓടിച്ചു വരുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ബാല്യകാല സ്മരണകളുടെ ഒരു തള്ളിക്കയറ്റം ! ബൈക്ക് ജയനഗരില്ലുള്ള എന്റെ വീടിനെ ലക്ഷ്യമാക്കിയും ഞാന്‍ പത്തിരുപത് വര്ഷം പഴക്കമുള്ള കുട്ടിക്കാലത്തെയക്കും ഒരേ വേഗതയില്‍ കുതിച്ചു.


  വൈദ്യുത ദീപങ്ങളില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന ഈ കെട്ടിടങ്ങളും പാതയോരങ്ങളും ഇന്നെനിക്കു ഒരു പുതുമയല്ല.അതിനൊപ്പം കുതിച്ചു പായുന്ന വാഹനങ്ങളും ജനത്തിരക്കും ഇന്നെനിക്കു പതിവ് കാഴ്ചയാണ്. പക്ഷെ,  രാത്രിയിലെ പട്ടണസൌന്ദര്യത്തിന്റെ ഓര്‍മകളുടെ ആദ്യ താളുകള്‍ എന്റെ മനസ്സില്‍ എഴുതിച്ചേര്‍ത്തത് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന  കാലഘട്ടത്തിലാണെന്നു തോന്നുന്നു.


  അന്ന്  പല്ലുവേദന വന്നു ‍ ഡോക്ടര്‍ നെ കണ്ടു മടങ്ങിയപ്പോള്‍ നേരം ഏറെ ഇരുട്ടിയിരുന്നു. അച്ഛന്റെ കയ്യും പിടിച്ചു ലാസ്റ്റ് ബസ്സിനു നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ബസ്സിന്റെ വിന്‍ഡോ സീറ്റിലിരുന്നു വൈദ്യുത ദീപങ്ങളില്‍ മുഖരിതമായ ബാറ്റ ചെരുപ്പ് കടയും അതിനോട് ചേര്‍ന്നുള്ള ഷീന്‍ ബേക്കറിയും ഇന്ത്യന്‍ കോഫീ ഹൌസും ബസ്സ്‌സ്റ്റാനറും ഒക്കെ എനിക്കും തികച്ചും പുതിയ അനുഭവങ്ങള്‍ ആയിരുന്നു. ആ നേരത്ത് ബസ്സില്‍ ഉള്ളവരെല്ലേം മുതിര്‍ന്നവര്‍ ആയിരുന്നു. കുട്ടികളുടെ വിഭാഗത്തില്‍ പെടുത്താന്‍ പറ്റിയത് ഞാന്‍ മാത്രം. എന്നും രാത്രി ഏറെ വൈകി ജോലി കഴിഞ്ഞു വീട്ടിലേക്കു തിരിച്ചുപോകുന്ന വിനോദേട്ടനും ഖാദര്‍ ഇക്കയും എല്ലാ മുതിര്‍ന്ന ആള്‍ക്കാര്‍ തന്നെ എന്ന് ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു പോയത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. അങ്ങനെ ആ കാലഘത്തില്‍ മനസ്സില്‍ കോറിയിട്ട ഒരു നിഗമനം ആയിരുന്നു വല്യ ആള്‍ക്കാര്‍ (മുതിര്‍ന്നവര്‍) മാത്രമേ രാത്രിയില്‍ പട്ടണത്തില്‍ പോവുകയുള്ളു എന്ന്. അങ്ങനെ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള 'വല്യ ആള്‍ക്കാരെ' കുറിച്ചുള്ള നിര്‍വചനങ്ങളില്‍ ആദ്യത്തേത്  ആയിരുന്നു അത്.


ചെറുപ്പത്തില്‍ എല്ലാവരെയും പോലെ എന്റെയും ആഗ്രഹം വല്യ ആള്‍ ആവുക എന്നായിരുന്നു. വല്യ ആള്‍ എന്ന് പറയുമ്പോള്‍ വാല്യക്കാര്‍ എന്നോ മുതിര്‍ന്നവര്‍ എന്നോ നിങ്ങള്ക്ക് വായിക്കാം. പക്ഷെ കുട്ടികള്‍ ആയിരിക്കരുത് എന്ന് മാത്രം.


നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ജീവിതത്തില്‍ ആദ്യമായി എനിക്കൊരു വാച്ച് കിട്ടിയത്. അച്ഛന്‍ വാങ്ങിച്ചു തന്ന നൂറു രൂപയുടെ ഒരു ഡിജിറ്റല്‍ വാച്ച്. അന്ന് അത് കെട്ടി സ്കൂളില്‍ പോയപ്പോള്‍ എന്റെ ക്ലാസ്സിലെ വാച്ച് ഇല്ലാത്ത പിള്ളേരുടെയും മൂന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വാച്ച് ഇല്ലാത്ത ഹതഭാഗ്യരുടെയും ഒക്കെ മുന്നില്‍ വാച്ചും കെട്ടി അല്പം ജാടയോടെ നടന്നപ്പോള്‍ മനസ്സില്‍ ഞാല്‍ വലിയ ആള്‍ ആയിരുന്നു.


ആറിലോ ഏഴിലോ പഠിക്കുബോള്‍ സ്കൂളിലേയ്ക്ക് ബസ്സില്‍ പോയ ദിവസങ്ങളില്‍ എന്റെ ഏറ്റവുംവലിയ ലക്‌ഷ്യം ബസ്സിന്റെ മുകളിലെ കമ്പി പിടിച്ചു വല്യ ആള്‍ക്കാരെ പോലെ നില്‍ക്കുക എന്നതായിരുന്നു.   വര്‍ഷങ്ങളുടെ കാത്തിരിപ്പിന്നോടുവില്‍ എപ്പഴോ ഒരു ദിവസം വിജയകരമായി കമ്പി പിടിച്ചപ്പോള്‍ മനസ്സില്‍ അന്ന് തോന്നിയ ഒരു സന്തോഷം എനിക്ക് ഇപ്പഴും വര്‍ണ്ണിക്കാന്‍ പറ്റില്ല. പിന്നീടങ്ങോട്ട് എല്ലാ ബസ്സിലും കേറിയ ഉടനെ മുകളിലെ കമ്പി പിടിച്ചു തൂങ്ങാന്‍ ശ്രെമിച്ചു. അപൂര്‍വ്വം ചില ബസ്സുകളുടെ പൊക്കം എനിക്ക് പാര ആയെങ്കിലും മിക്ക ബസ്സുകളും ഞാന്‍ വല്യ ആലാവുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്നു എന്ന് വേണം പറയാന്‍.


അതുപോലെ ആദ്യമായി ലുങ്കി ഉടുത്തപ്പോഴും പൊടിമീശ മുളച്ചപ്പോഴുമെല്ലാം കുട്ടിത്തത്തിന്റെ മേലങ്കി വലിച്ചെറിഞ്ഞു യുവത്വം  കൊടി നാട്ടാനുള്ള അസുലഭ നിമിഷമായി ഞാന്‍ ആഘോഷിച്ചു. സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചതും മറ്റൊന്നിനു വേണ്ടി ആയിരുന്നില്ല.


നേരം ഇരുട്ടിയത്തിനു ശേഷവും പീടികത്തിണ്ണയിലും ബസ്സ്‌ സ്റ്റോപ്പിലും ഇരുന്നു കൂട്ടുകാരോടൊപ്പം കത്തിവെച്ച് സമയം കളഞ്ഞ വൈകി മാത്രം വീട്ടിലെത്തിയതിനു അമ്മയുടെ വഴക്ക് കിട്ടിയിരുന്നു എങ്കിലും മനസ്സില്‍ ഞാന്‍ വല്യ ആളായി എന്ന നിഗമനം എനിക്ക് സ്വാന്ത്വനം ഏകി.


അന്നത്തെ യുവത്വത്തിന്റെ നിര്‍വച്ചനങ്ങളെല്ലാം കീഴടക്കിയെങ്കിലും
 ഇന്ന്  മനസ്സ് കൊതിക്കുന്നത് കൊച്ചു കുട്ടിയെ പോലെ ജീവിതം ആസ്വദിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാണ്. നമ്മളെ ആശ്രയിക്കാനും നമ്മളുടെ തണല്‍ തേടി ജീവിതം മുന്നോട്ടു നീക്കാനും പലരും ശ്രമിക്കുമ്പോള്‍ ആ  ഉത്തരവാദിത്ത്വങ്ങളുടെയും  ബന്ധനങ്ങളുടെയും  നൂലാമാലകളില്‍ പെട്ട് മനസ്സ്  ഉഴറുമ്പോള്‍ അറിയാതെ ആഗ്രഹിച്ചു  പോകുന്നു ഒരു കുട്ടി ആയിരുന്നുവെങ്കില്‍ എന്ന് !

5 comments:

 1. Prajith,

  Thanks for biringing bak those old memories....


  Sojan

  ReplyDelete
 2. ഓര്‍മ്മകളുടെ സുഗന്ധം :) കൊള്ളാം പ്രജിത്തേ ..

  ReplyDelete
 3. Nee Vallya aal thanne prajithe....

  ReplyDelete

അഭിപ്രായം അറിയിക്കാൻ


വായിച്ചെങ്കില്‍ ഒന്ന് അഭിപ്രായം രേഖപ്പെടുത്തണേ...