2019, ജനുവരി 17, വ്യാഴാഴ്‌ച

എന്റെ മത്തിക്കുറിപ്പുകൾ

                   

" ചേട്ടാ , ആവോലിക്ക് എത്രയാ "

         " കെ.ജി 560 "

 " ചെമ്മീനോ ? "

         " കെ.ജി 450 "

" അതിനപ്പുറത്തുള്ള ആ അയക്കൂറക്കോ "

         " കെ.ജി 980 "

" എത്രയാ പറഞ്ഞെ 980 യോ ?   ഓക്കേ  .ഒരു അര കിലോ ..................................................................................................................................... മത്തി   ! "

മിക്ക ശനിയാഴ്ചകളിലും  അരങ്ങേറാറുള്ള പതിവ് കലാപരിപാടി തന്നെ ഇത്തവണയും നടന്നു. അങ്ങനെ മത്തിയും വാങ്ങി ധൃതംഗപുളകിതനായി വീട്ടിൽ ഞാൻ ഭാര്യസമക്ഷം  പ്രത്യക്ഷപ്പെട്ടു. 

"ഇന്നും മത്തിയോ ! വേറെ ഒന്നും കിട്ടീല്ലേ ഏട്ടാ?"

സഹധർമ്മിണി (സ.ധ )യുടെ പരിവേദനം പ്രതീക്ഷിച്ചപോലെ തന്നെ വന്നു .

"എടീ അവിടെ ആവോലി അയക്കൂറയൊക്കെ ഉണ്ട് , പക്ഷെ അത്രയ്ക്ക് ഫ്രഷ് അല്ല."

കൺകോണിലൂടെ ഞാൻ ഒന്നു നോക്കി. കുഴപ്പം ഇല്ല . ഏൽക്കുന്നുണ്ട് . ട്രൈലെർ നു കിട്ടിയ സ്വീകാര്യത  ഊർജ്ജമാക്കി സിനിമ മുഴുവൻ ഞാൻ റിലീസ് ചെയ്തു .

" മത്തി ഫ്രഷ് ആണ്. അതിൽ ഒമേഗ 3 യും 4 ഉം ഒക്കെ ഉണ്ട്. കുറെ പോഷണങ്ങളും. കുട്ടികൾക്ക് മത്തി പോലെ നല്ലൊരു മീനില്ല .ആൻഡ് യു നോ , വിലയോ തുച്ഛം ഗുണമോ മെച്ചം !"

സ.ധ പണിത്തിരക്കിൽ ആയതുകൊണ്ടാണോ അല്ല ഇതൊക്കെ കേട്ട് പഴകിച്ച കഥകൾ ആയതുകൊണ്ടാണോ എന്നറിയില്ല  ഞാൻ പറഞ്ഞ കാര്യങ്ങളോട് വല്യ ഇഷ്ടമോ അനിഷ്ടമോ കാണിക്കാതെ നിസ്സങ്കത ഭാവത്തോടെ നിലകൊണ്ടു എന്നത്  തന്നെ എനിക്ക് ധാരാളം .

സമയം കുറെ മുന്നോട്ട് പോകുന്നു .രാത്രി 8 മണി ആവുന്നു. ഇതിനിടയിൽ മത്തി കറി വെക്കൽ , പൊരിക്കൽ, കഴിക്കൽ, ഭാര്യയുടെ തൊണ്ടയിൽ മുള്ളു തറിക്കൽ ഒക്കെ നടക്കുന്നു. അതെ മത്തിയുടെ മുള്ളു തൊണ്ടയിൽ തറച്ചു.

മുള്ളു തറയ്ക്കുന്നത് സാധാരണ ആണ് . അല്പം പച്ച ചോറ് വിഴുങ്ങിയാൽ പോകും എന്ന് ഞാൻ ഉപദേശിച്ചു.ചോറ് വിഴുങ്ങി , പഴം വിഴുങ്ങി , പരിപ്പ് കറി വിഴുങ്ങി അങ്ങനെ കാണുന്നതെല്ലാം വിഴുങ്ങിയിട്ടും മുള്ളു പോകാതെ അവൾ മോന്റെ നേരെ നോക്കുന്നത് കണ്ടപ്പോ അവനെ കൂടി വിഴുങ്ങണ്ട എന്ന് കരുതി ഞാൻ മോനെ ബലമായി പിടിച്ച് എന്നോട് ചേർത്തു നിർത്തി.


മുള്ളെടുക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു. മുള്ളിനെ കുറിച്ച് കേട്ട് അയൽ ഭവനങ്ങളിൽ നിന്നുവരെ ആളുകൾ കുതിച്ചെത്തി. ഒരിക്കൽ എങ്കിലും മീൻ മുള്ളു തൊണ്ടയിൽ കുരുങ്ങാത്ത ഒരു മലയാളി പോലും വന്നവരിൽ ഉണ്ടായിരുന്നില്ല എന്നത് പ്രശ്നത്തിന്റെ ലഘൂകരണത്തിനും ഉപദേശ-നിർദ്ദേശങ്ങളുടെ ബാഹുല്യത്തിനും ഇടയാക്കി.


"മത്തിയുടെ മുള്ളല്ലേ പൊയ്ക്കോളും" എന്ന  വാചകം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നപ്പോ ആദ്യമാദ്യമൊക്കെ അതൊരു ആശ്വാസ വചനമായി തോന്നിയെങ്കിലും സമയം ചെല്ലും തോറും ചെറിയ സംശയങ്ങൾ എന്നിൽ ഉടലെടുത്തു - "മത്തിയുടെ മുള്ളു പൊയ്ക്കോളും" എന്നാണോ "ആള് പൊയ്ക്കോളും" എന്നാണോ അവർ ഉദ്ദേശിച്ചത് എന്ന സംശയം എന്നിൽ മുളച്ചു .

 ഇതിനിടയിൽ അടുത്ത വീട്ടിലെ ഗ്രെഷ്മ  ഒരു ചെറിയ പ്ലക്കർ കൊണ്ടുത്തന്നു. അതുകൊണ്ട് ആഞ്ഞു ശ്രമിച്ചപ്പോൾ വായുടെ ഏറ്റവും ഉള്ളിലായി തൊണ്ടയുടെ അടുത്തായി ഒരു ചെറിയ മുള്ളിനെ ഞാൻ കണ്ടെത്തി. പ്ലക്കറിന് നീളം കുറവായതിനാൽ മുള്ളിനെ പറിച്ചെടുക്കാൻ പറ്റിയില്ല. പകരം അതിനെ പലവുരു തലോടിയിട്ട് നിന്നെ പിന്നെ കണ്ടോളാം എന്ന് മനസ്സിൽ പറഞ്ഞു എനിക്ക് പിൻവാങ്ങേണ്ടിവന്നു.

അരവൈദ്യൻമാരുടെ പലവിധ ശ്രമങ്ങളും വിഫലമായപ്പോൾ സമയം രാത്രി പത്തു കഴിഞ്ഞു . മുള്ളും തൊണ്ടയിൽ വെച്ച് വെള്ളമിറക്കാൻ പോലും പറ്റാതെ എന്റെ സ.ധ  മണിക്കൂറുകൾ  പിന്നിട്ടു കഴിഞ്ഞിരിക്കുന്നു!.

മാനസികമായും ശാരീരികമായും തളർന്ന സ.ധ യുടെ മുഖത്ത് അനിതരസാധാരണമായ പല ഭാവങ്ങളും വിരിയുന്നത് കണ്ട എനിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നോ എന്ന തോന്നൽ ശക്തമായി.

ഇനി രക്ഷയില്ല. നേരെ ഹോസ്പിറ്റലിലേക്ക് പോകാം എന്ന് തീരുമാനിച്ചു. പാതി ഉറക്കത്തിൽ ആയ മോനെ കയ്യിലേന്തി ഞാനും, മുള്ളിനെ തൊണ്ടയിലേന്തി ഭാര്യയും കാറിൽ കേറി.

രാത്രി 10.30 ആയപ്പോ  വീടിനു ഏറ്റവും അടുത്തുള്ള ഒരു വൻകിട ഹോസ്പിറ്റലിന്റെ കേഷ്വാലിറ്റിയിലേക്ക് ഞങ്ങൾ കുതിച്ചു . കേഷ്വാലിറ്റി യിൽ സാമാന്യം മോശമല്ലാത്ത തിരക്ക് ഉണ്ടായിരുന്നു.വേഗം ചെന്ന് നേഴ്സ് നോട് കാര്യം പറഞ്ഞു.

"വെയിറ്റ് ചെയ്യൂ . വിളിക്കാം " എന്ന് പറഞ്ഞു അവർ അവരുടെ ജോലികളിൽ വ്യാപൃതരായി.

15 മിനിറ്റ് കഴിഞ്ഞു. നോ വിളി !

പിന്നേം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഞാൻ ചെന്ന് ഒന്നുടെ ഓർമ്മിപ്പിച്ചു.
അപ്പഴും പറഞ്ഞു അതെ മറുപടി " വിളിക്കാം. വെയിറ്റ് "

മുക്കാൽ മണിക്കൂർ കഴിഞ്ഞും വിളി വരാതായപ്പോ ഞാൻ ഒന്നുടെ പോയി അവരോടു കാര്യത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കി കൊടുത്തു. കൈ പൊട്ടിയും, കാൽ പൊട്ടിയും, ശ്വാസം കിട്ടാതെയും വരുന്ന കേസുകളുടെ മുന്നിൽ ഈ മുള്ളു കേസ് വളരെ നിസ്സാരമാണെന്ന് ഒരുപക്ഷെ അവർ ചിന്തിച്ചു പോയിക്കാണും.

ഒടുവിൽ ഒരു മണിക്കൂർ ആയപ്പോൾ ഒരു ഡോക്ടർ വന്നു ഞങ്ങളെ വിളിച്ചു.
അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി.

എന്താ കാര്യം എന്ന് ചോദിച്ചപ്പോ "മത്തിയുടെ മുള്ളു തറച്ചതാ" എന്നറിയിച്ചു.

അത് കേട്ടപ്പോൾ ഡോക്ടറുടെ മുഖത്ത് വല്ലാത്തൊരു ഷോക്കും അന്ധാളിപ്പും.
മത്തി എന്നൊരു മീൻ ഉണ്ടെന്നും ആ മീനിന്  മുള്ളുണ്ടെന്നും മുള്ള് ചിലപ്പോ ഇത് പോലെ തൊണ്ടയിൽ തറച്ചേക്കാം എന്നുമൊക്കെ ഒരുപക്ഷെ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതുപോലെ ആയിരുന്നുഅദ്ദേഹത്തിൻറെ  മുഖഭാവം.

എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അദ്ദേഹം കേൾക്കെ ഞാൻ ഭാര്യയോട് പറഞ്ഞു " അവിടെ ഇരിക്കൂ . എന്നിട്ട് വാ തുറന്നു കാണിച്ചു കൊടുക്ക് ".

ഒരു വീട്ടിൽ വിരുന്നു പോയ അതിഥി ആതിഥേയനോട്  ഇരിക്കാൻ പറയുന്ന കണക്കെ ,ഡോക്ടറുടെ മുന്നിൽ  "പ്രൊ-ആക്റ്റീവ്"  ആയി ഞങ്ങൾ മാതൃക രോഗികൾക്കുള്ള പുരസ്‌കാരത്തിന് സ്വയം അപേക്ഷ സമർപ്പിച്ചു . രോഗികൾ "പ്രൊ-ആക്റ്റീവ് " ആയപ്പോൾ  ഡോക്ടർക്കും "ആക്റ്റീവ് " ആകാതെ വയ്യെന്നായി.

ഡോക്ടർ വായിലേക്ക് ലാഘവത്തോടെ ഒന്ന് കണ്ണോടിച്ചിട്ട് പറഞ്ഞു
" മുള്ളെവിടെ. ഒന്നും കാണുന്നില്ലല്ലോ "

മിഥുനം സിനിമയിൽ ലാലേട്ടന്റെ "ദാക്ഷായണി ബിസ്‌ക്കറ്റി"ന്റെ യൂണിറ്റ് ഇൻസ്‌പെക്ഷനു വന്ന ഉദ്യോഗസ്ഥനെ പോലെ ഡോക്ടർ പെരുമാറിയപ്പോൾ ഇന്നസെന്റ് ചേട്ടനെ പോലെ ഞാൻ പറഞ്ഞു

"സൂക്ഷിച്ചു നോക്ക് സർ . കാണും. അങ്ങ് ഉള്ളിലോട്ടാണ്  "

കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്തു ഡോക്ടർ ഒന്നുടെ നോക്കിയിട്ട് പറഞ്ഞു " എനിക്ക് കാണാൻ പറ്റുന്നില്ല".

ദൈവത്തിന്റെ പ്രതിപുരുഷൻ ആയ  ഡോക്ടർ കയ്യൊഴിഞ്ഞപ്പോൾ പ്രിയതമയുടെ മനസ്സ് പിടഞ്ഞു. എന്നാൽ ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറാവാതെ ഒന്നുടെ അമർന്നങ്ങ്  ഇരുന്നപ്പോൾ ഡോക്ടർക്ക് നയം വ്യക്തമായി.

ഡോക്ടർ പറഞ്ഞു " വെയിറ്റ് . ഞാൻ ഒന്ന് E N T ഡോക്ടർ നെ ഒന്ന് വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞു ഡോക്ടർ അപ്രത്യക്ഷൻ ആയി. പഴയൊരു സിനിമയിൽ ഇന്നസെന്റിന്റെ കാർ മരത്തിൽ ഇടിച്ചിട്ട് ഓടി വന്നു സങ്കടത്തോടെ പറവൂർ ഭരതൻ  "അങ്ങുന്നേ .....അങ്ങുന്നേ.... ഇത്രേം കാലം ഇത് വഴു പോയിട്ടും അങ്ങനെ ഒരു മരം അവിടെ കണ്ടില്ല !" എന്ന് പറഞ്ഞ പോലെ ഈ ഡോക്ടർ E N T  ഡോക്ടറിനോട് പറഞ്ഞു കാണും " ഇത്രേം  കാലം ഇവിടെ ജോലി ചെയ്തിട്ടും ഇങ്ങനെ ഒരു മീൻ മുള്ളിന്റെ കേസ് എനിക്ക് ആദ്യായിട്ടാ ! "

E N T  ഡോക്ടറുമായുള്ള രഹസ്യ സംഭാഷണത്തിന് ശേഷം ഇദ്ദേഹം തിരിച്ചെത്തി ഞങ്ങളോട് പറഞ്ഞു .

"X -Ray എടുക്കണം "

"വാട്ട് !!! " ഞാനും ഭാര്യം ഒരുമിച്ച് ഒരു പോലെ ഇംഗ്ലീഷിൽ ഞെട്ടിയപ്പോ ഇംഗ്ലീഷ് മീഡിയം ആയ മോൻ ഉറക്കത്തിൽ നിന്നുംകണ്ണ് തുറന്നു ഞങ്ങളെ നോക്കി.

ഞെട്ടലുകൾ ഒരുപാട് കണ്ടും കൊടുത്തും ശീലമുള്ള ആളാണ് താൻ എന്ന രീതിയിൽ യാതൊരു സന്ദേഹവുമില്ലാതെ ഡോക്ടർ തുടർന്നു- " ഇപ്പ X -Ray എടുക്കണം. നാളെ രാവിലെ E N T ഡോക്ടർ വരുമ്പോൾ റിപ്പോർട്ട് കാണിക്കാം. എന്നിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്.

" അപ്പൊ നാളെ രാവിലെ വരെ ഈ മുള്ളും പേറി ഞാൻ !" - ആത്മഗതത്തോടെ സ.ധ യുടെ ബോധം പകുതീം പോയി.

ഇനീം ഇത് കേട്ടോണ്ടിരിക്കാൻ മാത്രം പൊട്ടൻ അല്ല ഞാൻ. എന്നിലെ ഭർത്താവും , മനുഷ്യസ്നേഹിയും ഉണർന്നു. ഞാൻ ഡോക്ടറിനോട് പറഞ്ഞു.
" സർ, X -Ray എടുക്കേണ്ട കേസ് ഒന്നുമല്ല ഇത്. സാധാരണ ഒരു ഡോക്ടർ ഒരു പ്ലക്കർ ഉപയോഗിച്ച് ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് മുള്ളു എടുത്തു പുറത്തിടും.  നന്ദി ഉണ്ട് സാറേ. ഞങ്ങൾ വേറെ എവിടെയെങ്കിലും പൊയ്ക്കോളാം !" അരo പ്ലസ് അരം മൂവിയിൽ ജഗതി പറഞ്ഞ പോലെ " പണി അറിയാവുന്ന ഏതേലും പണിക്കാരെ വെച്ച് ചെയ്യിച്ചോളാം " ലെവൽ .

സമയം രാത്രി 12കഴിഞ്ഞു . അടുത്ത ആശുപത്രി ലക്ഷ്യമാക്കി കുതിപ്പ് തുടങ്ങി. രണ്ടു ആശുപത്രികളിൽ ചെന്നപ്പോ അവിടെ ഒന്നും ഈ നേരത്ത് ഡോക്ടർ ഇല്ലെന്നു പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു.  പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. സ.ധ യുടെ  അവസ്ഥ ദയനീയമായി മാറിക്കൊണ്ടിരിക്കുകയാണ്.

അവസാനം മറ്റൊരു പ്രശസ്ത ആശുപത്രിയിൽ എത്തി ഭാഗ്യത്തിന് അവിടെ ഡോക്ടർ ഉണ്ടായിരുന്നു.എന്ന് മാത്രമല്ല അവിടെ ഞങ്ങളെ വരവേറ്റത് രണ്ടു മലയാളി നഴ്‌സ്‌മാർ . അത് കണ്ടപ്പോ തന്നെ ഞങ്ങൾക്ക് പകുതി ആശ്വാസമായി. കാരണം ഒന്ന് തൊണ്ടയിൽ മുള്ളും വെച്ച് ഇംഗ്ലീഷ് പറയുക വല്യ പാടാണ്. രണ്ട് : മീനിനെയും മീൻ മുള്ളിനെയും ഒക്കെ പറ്റി ഒരുപക്ഷെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാവുന്നത് മലയാളീസ് തന്നെ ആവും. അപ്പൊ കാര്യങ്ങളുടെ ഗൗരവവും ശാശ്ത്രവും അവർക്ക് എളുപ്പം പിടികിട്ടും.

പ്രതീക്ഷ പാഴായില്ല. നല്ലൊരു ഡോക്ടർ നെ തന്നെ കിട്ടി. അൽപ നേരത്തെ കഠിന ശ്രമത്തിനു ശേഷം അദ്ദേഹം മുള്ളു പുറത്തെടുത്തു തന്നു. അങ്ങനെ എത്രയോ മണിക്കൂർ നേരത്തെ  പരിഭ്രാന്തിക്കും അലച്ചിലുനും വിട ! സമയം രാത്രി രണ്ടു മണിയാവാറായിരുന്നു . എങ്കിലും വല്ലാത്തൊരു ശാന്തതയും സാന്ത്വനവുംഞങ്ങളെ  തലോടി നിന്നു .

ആ ഡോക്ടർ മലയാളി ആയിരുന്നില്ല പക്ഷെ ഞങ്ങൾക്ക് അയാൾ ദൈവം  ആയിരുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം കാശ് കൊടുക്കാനായി ചെല്ലുമ്പോൾ അദ്ദേഹം പറഞ്ഞു " നിങ്ങൾ പൊക്കൊളു. ഇതിനു ക്യാഷ് ഒന്നും വേണ്ട!" ആവർത്തിച്ചു ചോദിച്ചിട്ടും അദ്ദേഹം നിരസിച്ചുതന്നെ നിന്നു.   പാതിരാ നേരത്ത് അതും ബാംഗ്ലൂർ നഗരത്തിലെ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഇത്രയും അസ്വസ്ഥരായി എത്തിയ ഞങ്ങളോട് അദ്ദേഹത്തിന് ഡബിൾ ചാർജ് വേണേൽ വാങ്ങാമായിരുന്നു പക്ഷെ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണോ അല്ല കാശ് വാങ്ങാൻ മാത്രം ജോലി ചെയ്തിട്ടില്ല എന്ന തോന്നലുകൊണ്ടാണോ എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല എന്നിരുന്നാലും ആ ദൈവികതയുടെ അംശം ഒന്നൂടെ കൂടിയാതായി എനിക്ക് തോന്നി.

മാസങ്ങൾ കുറച്ചു കഴിഞ്ഞു എങ്കിലും മത്തി കാണുമ്പോൾ ഇപ്പഴും ഉള്ളൊന്നു പിടയും.

ഒരു ദിവസം, ഒരു സന്ധ്യാ നേരത്ത്  ഒന്നും ചെയ്യാനില്ലാതെ വെറുതെ മഴയും നോക്കി ഇരിക്കുകയായിരുന്ന സ .ധ യുടെ  അടുത്ത് ചെന്ന് വളരെ റൊമാന്റിക് ആയി ഞാൻ ചോദിച്ചു .
" നിനക്ക് മത്തി വല്ലാതെ മിസ് ആവുന്നുണ്ടല്ലേ ?"
"അതെ " എന്നവൾ പതുക്കെ തലകുലുക്കി സമ്മതിച്ചു.
"അടുത്ത മാസം നമ്മൾ നാട്ടിൽ പോകുവല്ലേ. നാട്ടിൽ ചെന്നിട്ട് മത്തിയോ അയലയോ എന്താണ് വെച്ചാ കഴിച്ചോളൂ "  :)


-----------------------THE END --------------------------


   

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

"കാർ എൻജിൻ ഔട്ട് കമ്പ്ലീറ്റ്‌ലി "


സായം സന്ധ്യ നേരത്ത് പൊടിക്കാറ്റ് ഏറ്റ് , വാഹനങ്ങളുടെ  പുകയും ശ്വസിച്ച് , തട്ടുകടയിലെ പാന്‍ പരാഗിന്‍റെ  മണമുള്ള ചായയും നുണഞ്ഞുകൊണ്ട് ഹോണ്‍ അടി ശബ്ദങ്ങളും അസ്വദിച്ചു  നില്‍ക്കുമ്പോഴാണ് ആ വാര്‍ത്ത എന്നെ തേടിയെത്തിയത് .

സഹമുറിയനായ നന്ദന്‍ കാര്‍ വാങ്ങിക്കാന്‍ പോകുന്നു !

ഫ്തൂ ... ആ ചായ ഞാന്‍ തുപ്പികളഞ്ഞു.

ഡസ്പ് !!!

കൂടെയുള്ളവന്‍ നല്ല നിലയില്‍ എത്തുന്നു എന്നറിയുമ്പോള്‍ മനസ്സിലുണ്ടാവുന്ന വ്യസനവും നമ്മളെ കൊണ്ട് ഇതൊന്നും പറ്റുന്നില്ലല്ലോ എന്നറിയുമ്പോ ഉണ്ടാവുന്ന നിരാശയും എന്നില്‍ പൊട്ടി മുളച്ചു ."രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലെറ്റുന്നതും ഭവാന്‍" - പണ്ട് രാധ ടീച്ചര്‍ ചൊല്ലിത്തന്ന മലയാളം കവിത മനസ്സില്‍ ഓടിയെത്തി.

സുഖ ഭോഗങ്ങള്‍ ക്ഷണപ്രഭാചന്ജലങ്ങള്‍ ആണെന്ന കവി വചനം പലവട്ടം മനസ്സില്‍ ഉരുവിട്ടെങ്കിലും മനസ്സിന് തീരെ ആശ്വാസം ലഭിച്ചില്ല എന്ന് മാത്രമല്ല കാര്‍ ഓടിച്ചോണ്ട് പോകുന്ന നന്ദന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വരികയും ചെയ്തു

അല്‍പ നേരത്തിനു ശേഷം ഞാന്‍ യാതാർത്ഥ്യവുമായി പൊരുത്തപ്പെട്ടു. നമുക്ക് തോൽപ്പിക്കാൻ പറ്റാത്തതിനോട് യുദ്ധം പ്രഖ്യാപിച്ചിട്ട് കാര്യമില്ല. അപ്പോൾ രമ്യതയിൽ പോകുന്നതാണ് നല്ലത് അതാണ് ലോക നിയമം.

എന്നിലെ ഡ്രൈവിംഗ് സ്വപ്നങ്ങളെ ഞാൻ  ഉദ്ദീപിപ്പിച്ചു . ഡ്രൈവിംഗ് പഠിക്കാനുള്ള ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് പൂവണിയുന്നത്. അങ്ങനെ രണ്ടു പേരും ഡ്രൈവിംഗ് ക്ലാസ്സിലൊക്കെ പോയി വിജയകരമായി ലൈസൻസ് നേടി എടുത്തു.

കാർ ഓടിക്കാൻ പഠിച്ചതും ലൈസൻസ് കിട്ടിയതും എല്ലാം വെറും മൂന്ന് ആഴ്ച മുന്നേ മാത്രം ആയതുകൊണ്ട് ആ സമയത്തെ ഓട്ടം ശരിക്കും രസകരമായിരുന്നു. ജീവിതത്തിൽ  എന്ത് കാര്യവും പഠിച്ചു വരുന്ന ആ സമയത്ത്, അല്ലെങ്കിൽ പഠിച്ചു കഴിഞ്ഞ ഉടനെയുള്ള കുറച്ചുനാൾ ആയിരിക്കും ഏറ്റവും ആസ്വാദ്യകരം. അതിൽ തഴക്കവും പഴക്കവും നേടിക്കഴിഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും പോലെ അതും നിത്യ  ജീവിതത്തിന്റെ ഭാഗമാകുന്നതു കൊണ്ടാവാം  അതിലെ രസം അവിടെ തീരുന്നു. ആദ്യമായി സൈക്കിൾ ഉരുട്ടിയപ്പോഴും പിന്നെ അത്  ഓടിക്കാൻ പഠിച്ചപ്പോഴും ഉണ്ടായിരുന്ന ത്രില്ല് പിന്നീടൊരിക്കലും സൈക്കിളിൽ പോകുമ്പോൾ ഉണ്ടായിരുന്നില്ല. അത് പോലെ പലതിലും.

വണ്ടി നന്ദന്റേത് ആയിരുന്നെങ്കിലും, അവൻ എടുക്കാത്ത ദിവസങ്ങളിൽ എല്ലാം ഞാൻ അതും എടുത്തോണ്ട് ഓഫീസിൽ പോകുമായിരുന്നു.വെറും മൂന്നാഴ്ച തഴക്കമുള്ള ഡ്രൈവർ ആണ് നമ്മൾ എന്നത് ആർക്കും തോന്നാൻ പാടില്ല എന്ന കോംപ്ലക്സ് ഉണ്ടായിരുന്നത് കൊണ്ട്  ഒരു കൂൾ ഡ്രൈവർ ആണെന്നും വര്ഷങ്ങളായി വണ്ടി ഓടിക്കുന്നവൻ ആണെന്നും ഉള്ള ഒരു തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കാനായി - വെറുതെ ഇരിക്കുമ്പോൾ പുതിയ കാറുകളുടെ ഫീച്ചറുകൾ ഗൂഗിളിൽ നോക്കി പഠിച്ചു മനസ്സിൽ വെച്ച് നാലുപേർ കൂടുന്നെടുത്തു ചെന്ന് സ്വന്തം കണ്ടെത്തലുകൾ പോലെ വിളമ്പുക,  കാറിൽ ഉറക്കെ പാട്ട്  വെക്കുക, പാട്ടുകേട്ടുകൊണ്ട് സ്റ്റീറിങ്ങിൽ താളം പിടിക്കുക , ഒറ്റ കൈ കൊണ്ട് ഓടിക്കുക ഈ വിഭാഗത്തിൽ പെട്ട ചില പൊടിക്കൈകൾ ഒക്കെ ഞാനും പ്രയോഗിച്ചു എന്റെ ഉള്ളിൽ ഞാൻ തന്നെ സൃഷ്‌ടിച്ച - കാൽ നടയാത്രക്കാരനെയും , സഹ വാഹനങ്ങളിലെ യാത്രക്കാരെയും  ഒക്കെ അത്ഭുതപ്പെടുത്തി വർണ്ണ വിരാചിത അത്ഭുത ലോകത്തിൽ ഞാൻ ഷുമാക്കർ ആയി  അലിഞ്ഞു ചേർന്ന് പുളകിതനായി നിമിഷങ്ങൾ കടന്നു പോകുമ്പോഴായിരുന്നു തൊട്ടു മുന്നിലുള്ള സെന്റ് ജോൺസ് സിഗ്നൽചുവപ്പു മാറ്റി പച്ചയാക്കിയത്.

പച്ചയായി എന്ന് ഞാൻ അറിഞ്ഞതു തുരുതുരെ ഉള്ള ഹോണടി കേട്ടാണ്. സിഗ്നലിൽ ഏറ്റവും മുന്നിലെ നിരയിൽ ആയിരുന്നു എന്റെ കാർ.പൊതുവെ  മുൻ നിരയിൽ സിഗ്നൽ കാത്തു കിടക്കുന്ന വണ്ടികൾ സിഗ്നൽ പച്ചയായി എന്നറിയുന്നത് പുറകിലെ വണ്ടികളുടെ ഗർജ്ജനങ്ങൾ കേട്ടായിരിക്കും. അതങ്ങനെയാണ്. മുന്നിൽ നിൽക്കുന്നവന്റെ മുന്നിൽ ലോകം പരന്നങ്ങനെ   കിടക്കുവാണ്.അവന്റെ മുന്നിലുള്ള നൂറു കണക്കിന് കാഴ്ചകളിൽ ഒന്ന് മാത്രമാണ് സിഗ്നൽ ലൈറ്റുകൾ. അതുകൊണ്ട് തന്നെ അവൻ അലസനും ആയിരിക്കും.  എന്നാൽ പിറകിൽ നിൽക്കുന്നവർക്ക് ആകെ കൂടിയുള്ള കാഴ്ച മുന്നിലെ വണ്ടികളുടെ ആസനങ്ങളും , സിഗ്നൽ ലൈറ്റുകളും മാത്രമാണ് . അതിൽ നിന്നും രക്ഷപ്പെട്ട് ഓടാനുള്ളഏതവസരവും കാത്തിരിക്കുന്ന അവർക്ക്  വിജിലന്റ്ആയെ പറ്റു.

ഞാൻ പെട്ടെന്ന് കാര് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. സ്റ്റാർട്ട് ആവുന്നില്ല. ചെറിയ ഞരക്കം മാത്രം. വീണ്ടും ശ്രമിച്ചു. നോ രക്ഷ. പിറകിൽ നിന്നുള്ള ഹോണടികൾ ചീത്ത വിളികളായി എന്നെ തേടിയെത്താൻ തുടങ്ങി. വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആവുന്നില്ല.പുറകിലുള്ള വണ്ടികൾ എന്റെ വലതു വശത്തൂടെയും ഇടതു വശത്തൂടെയും തൊട്ടു തൊട്ടില്ല എന്ന മട്ടിലും, എന്നാൽ കണ്ണുരുട്ടൽ, തെറി പറച്ചിൽ, പുച്ഛം തുടങ്ങിയ ഐറ്റംസ് എന്നെ നല്ല പോലെ സ്പര്ശിച്ചും തന്നെ കടന്നു പോയി. വീണ്ടും സിഗ്നൽ ചുവപ്പായി. പുറകിലെ നാടകങ്ങൾക്ക് തൽക്കാലം ഇടവേളയായി.

ഞാൻ വേഗം ഇറങ്ങിചെന്ന് അടുത്തുള്ള പോലീസുകാരനോട്
" സർ വണ്ടി സ്റ്റാർട്ട് ആവുന്നില്ല. എന്തോ കംപ്ലയിന്റ് ഉണ്ട് "
പ്രത്യേകിച്ച് സഹായം ഒന്നും കിട്ടിയില്ല .
പക്ഷെ എന്റെ അവസ്ഥ കണ്ടു സങ്കടം തോന്നിയ രണ്ടു ചെറുപ്പക്കാർ ഓടി വന്നു വണ്ടി തള്ളി തന്നു. വണ്ടി റോഡിൽ നിന്നുംമാറ്റി സെന്റ് ജോൺസ് പള്ളിയുടെ അടുത്തേക്ക് കൊണ്ടുവച്ചു. അങ്ങനെ ഞാൻ എന്ന പ്രതിബന്ധംമാറ്റിക്കൊടുത്തു. പക്ഷെ എന്റെ പ്രതിബന്ധങ്ങൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ഞാൻ ആണെങ്കിൽ "എം.സി.എ" ആയതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച്  ഒരു പിടിപാടും എനിക്ക് ഇല്ലായിരുന്നു. അടുത്താണെങ്കിൽ ഒരു മെക്കാനിക് നെയും കാണാനുമില്ല.

" നന്ദനെ വിളിച്ചു പറഞ്ഞാലോ കാര്യങ്ങൾ ?"

" വേണ്ട." കാരണം അവനെ ഇതൊന്നും അറിയിക്കണ്ട. അവനു താങ്ങാൻ പറ്റില്ല എന്നതുകൊണ്ടല്ല ,പിന്നെ ഭാവിയിൽ എനിക്ക് അവൻ വണ്ടി തന്നില്ലെങ്കിലോ എന്ന പേടി! പ്രതിസന്ധികളിലും നമ്മൾ ബുദ്ധിശക്തി കൈവിടരുത്.

ഒന്നും നോക്കിയില്ല.  വണ്ടികളുടെ സർവവിജ്ഞാനകോശമായ , " മനുഷ്യരേക്കാൾ നന്ദിയുള്ള വർഗമാണെടോ വണ്ടികൾ " എന്ന് പറയുന്ന , ജനങ്ങൾ " വണ്ടി മേനോൻ, വണ്ടി മേനോൻ" എന്ന് വിളിക്കുന്ന എന്റെ  കൂട്ടുകാരൻ സിജോയെ ഞാൻ ഫോൺ വിളിച്ചു കാര്യം പറഞ്ഞു.
" സിജോ, വണ്ടിക്ക് എന്തോ ഒരു കംപ്ലയിന്റ്. സ്റ്റാർട്ട് ആവുന്നില്ല.  ഇവിടെ റോഡ് സൈഡിൽ നിർത്തിയേക്കുവാ. എന്തെങ്കിലും ഐഡിയ ?"

പുള്ളിക്കാരൻ  ഫുൾ ഡീറ്റെയിൽസും  കളക്ട് ചെയ്തു . എന്നിട്ട് ഐഡിയകൾ ഓരോന്നായി പറഞ്ഞു തരാൻ തുടങ്ങി.

" മിക്കവാറും സ്പാർക്ക്  പ്ലഗ്ഗ് തകരാർ ആയിട്ടുണ്ടാവും"

 " എന്ത് ... ഇത്രേം കാലം വണ്ടി ഓടിച്ചിട്ടും അങ്ങനൊരു പ്ളഗ് ഞാൻ കണ്ടിട്ടില്ലല്ലോ" (ആത്മഗതത്തിൽ നിർത്തി) "

" അല്ലെങ്കിൽ ചിലപ്പോ വണ്ടിയുടെ ബാറ്ററി ഡൌൺ ആയിട്ടുണ്ടാവാം "

 " ഹേ അതാവില്ല സിജോ . എന്നും ഓടുന്ന വണ്ടിയല്ലേ.. അങ്ങനെയൊക്കെ ഡൌൺ ആവോ?" (ഹോ എന്തെങ്കിലും ഒക്കെ പറഞ്ഞു നിക്കാൻ പറ്റി. ഭാഗ്യം ! ഡക്കിൽ ഔട്ട് ആയില്ല )

പക്ഷെ സിജോ എറിഞ്ഞിട്ടു " ആയിക്കൂടാ എന്നില്ല .വീക്ക് ബാറ്ററിയും നോൺ-ചാർജിങ് ഡയനാമോയും ആണേൽ സംഭവിക്കാവുന്നതേ ഉള്ളു "

ഒരു മാതിരി " വിഘടന വാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തർധാര " സിദ്ധാന്തം പോലെ തോന്നിയപ്പോ കൂടുതൽ ഒന്നും പറയാതെ , " ഓക്കേ , ഞാൻ നോക്കട്ടെ. വിളിക്കാം " എന്ന് മാത്രം പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു .

ചുറ്റിലും നോക്കി . ഒരു വർക്ക് ഷോപ്പും  കാണാനില്ല. കണ്ടാൽ ഒറ്റ നോട്ടത്തിൽ മെക്കാനിക് ആണെന്ന് തെറ്റിദ്ധരിക്കാൻ വക ഒരാൾ പോലും അത് വഴി പോയതുമില്ല. നേരം ഇരുട്ടി തുടങ്ങി.

ശെടാ പുലിവാല് ആയല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ,പഴെയൊരു വണ്ടി ഫ്രണ്ട് -സരുൺ നെ  വിളിച്ചാലോ എന്ന് തോന്നിയത്.

അവൻ പറഞ്ഞു " ചെലപ്പോ ലൂസ് കോൺടാക്ട് ആവാം. അല്ലേൽ ക്ലച്ച് ബേൺ . അതിപ്പോ വന്നു നോക്കിയാലേ പറയാൻ പറ്റു ഡാ. വേണേൽ ഞാൻ വരാം. പക്ഷെ ഏതാണ് 2  മണിക്കൂർ പിടിക്കും."

" ഓഹ് .. ഓക്കേ. ശരി ഞാൻ വേറെ വല്ല വഴിയും ഉണ്ടോന്നു നോക്കട്ടെ " ന്നു പറഞ്ഞു ആ കോളും കട്ട് കിയ.


ഒരാളെ കൂടിയേ ഇനി  വിളിച്ചു  നോക്കാനുള്ളു . ഷൈജു . ഷൈജു തോമസ്. ഫോണെടുത്തു ഞെക്ക്കി.കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം അവൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ അങ്ങോട്ട് പറഞ്ഞു " ബാറ്ററി ഡൗൺ ,സ്പാർക്ക്  പ്ലഗ്ഗ് തകരാർ,ലൂസ് കോൺടാക്ട്,ക്ലച്ച് ബേൺ  ഇതൊന്നുമല്ലാതെ ലളിതമായി എന്തെങ്കിലും മൊഴിയാൻ ഉണ്ടോ?

" ഇതൊന്നുമല്ലെങ്കിൽ സ്റ്റാർട്ടിങ് മോട്ടോർ ഇഷ്യൂ എന്നൊരു വകുപ്പ് അടിയൻ പറഞ്ഞാൽ? ഹ ഹ . ഒരു കാര്യം ചെയ്യാം . എനിക്ക് പരിചയം ഉള്ള ഒരു മെക്കാനിക് ഉണ്ട്. ഞാൻ പുള്ളിയെ അങ്ങോട്ട് വിടാം. ഒരു മുപ്പത് മിനിറ്റ് എടുക്കും എത്താൻ . ഓക്കേ ആണോ ? "

" ഡബിൾ ഓക്കേ." സമാധാനമായി.

ഈ കാർ എന്ന് പറയുന്നത് ഒരു വലിയ സംഭവം ആണെന്നും , മുകളിൽ പറഞ്ഞ മാതിരി നൂറു കൂട്ടം സാധനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ഇത് ഓടുന്നതെന്നും , അതിന്റെ അകത്തു കേറിയിരുന്നു വളയം തിരിക്കുന്ന എനിക്ക് ഒരു കണയും  അറിയില്ലാ എന്നും ഇതോടെവെളിപാടുണ്ടായി.

ഏതാണ്ട് പറഞ്ഞ സമയം ആയപ്പോൾ മെക്കാനിക്ക് എത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വന്ന ഉടനെ ബോണറ്റ് പൊക്കി. എന്നോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. സ്റ്റാർട്ട് ആവുന്നില്ല .

"ഹാവു  ഭാഗ്യം . ഇഷ്യൂ ഈസ് റീ പ്രൊഡ്യൂസബ്ൾ !!!"

സാധാരണ ഇത് പോലുള്ള ഘട്ടങ്ങളിൽ ടെക്‌നിഷ്യൻ വരുമ്പോൾ അത് വരെ വർക്ക് ചെയ്യാതിരുന്ന ഉപകരണങ്ങൾ വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട് .ഏതായാലും ഇന്നങ്ങനെ ഉണ്ടായില്ല.മെക്കാനിക്കിന് വെറുതെ പണം കൊടുക്കണ്ടല്ലോ.

മെക്കാനിക് വന്നു പണി തുടങ്ങി. പൊക്കി വെച്ച ബോണറ്റിന്റെ ഇടയിൽ കൂടി തല പുറത്തേക്കു വലിച്ചു ഒരു അലസ മട്ടിൽ , ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന എനിക്ക് നേരെ കണ്ണെറിഞ്ഞുകൊണ്ട്  ചോദിച്ചു . " പെട്രോൾ ഉണ്ടല്ലോ അല്ലെ ? "

ടക്ക് !!! പെട്രോൾ !!!  ഞാൻ തകർന്നു പോയി. നാണക്കേടിന്റെ പടുകുഴിയിൽ
ഒരു തുരങ്കം ഉണ്ടാക്കി അതിന്റെ അങ്ങേ അറ്റത്ത് വെറും നിലത്ത് ഇനിയുള്ള കാലം കഴിഞ്ഞു കൂടാൻ എനിക്ക് തോന്നി.

എന്തോ പന്തികേട് തോന്നിയ അയാൾ ഉടനെ എന്റെ അടുത്ത് വന്നുഫ്യുവൽ ഇൻഡിക്കേറ്റർ നോക്കി . എന്നിട്ടു പറഞ്ഞു " സാറേ, പെട്രോൾ ഇല്ലാതെ എങ്ങനെ വണ്ടി സ്റ്റാർട്ട് ആവും " !!

കൂടുതൽ ഒന്നും പറഞ്ഞില്ല. പുതുതായി ആരും അറിയേണ്ട എന്ന് കരുതി പുള്ളി അർഹിക്കുന്നതിലും ഒരു നൂറു രൂപ കൂടുതൽ ഞാൻ അങ്ങ് കൊടുത്തു അയാളെ യാത്രയാക്കി.ഒരു പണിയും എടുക്കാതെ, ചുളുവിൽ എന്റെ മാനത്തിന്റെ വിലയും മടക്കി പോക്കറ്റിലാക്കി മടിവാളയിലെ തെരുവിലൂടെ അയാൾ കട്ടപ്പയെ പോലെ നടന്നകന്നു.

കാലം കടന്നു പോയി ...ചീറി പായുന്ന വാഹനങ്ങളെ നോക്കി വീടിന്റെ ഉമ്മറത്തു വെറുതെ ഇരുന്നു പാഴാക്കുന്ന ചില നേരത്തൊക്കെ ഈ ജാള്യത കഥ ഒരു ഓക്കാനം പോലെ തീകട്ടിയെത്തും. പക്ഷെ അപ്പോഴൊക്കെ ആശ്വസിക്കാൻ ഞാൻ ഒരു വഴി കണ്ടെത്തിയിരുന്നു .  "വണ്ടിയുടെ കൊമ്പത്തെ ആൾക്കാർ ആയിരുന്നിട്ടും ഷൈജു,സിജോ,സരുൺ ഇവർ  ആർക്കും  തോന്നിയില്ലല്ലോ പെട്രോളിന്റെ കാര്യം. അപ്പൊ അത്രയൊക്കെയേ ഉള്ളു!!!

" എന്നാലും ആ സരുണിന്റെ ഒക്കെ വീട് എന്റെ വീടിത്തെ അടുത്താ.. എന്നിട്ടും അവനെന്നോട് ഇങ്ങനെ ... !! " 

2018, ജനുവരി 29, തിങ്കളാഴ്‌ച

ഒരു പേരും കുറേ പേരും



" മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

 " എന്താന്ന് ???"

"  മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

HR കാരൻ ദയനീയമായി എന്നെ നോക്കി. ദയനീയതയുടെ ബുർജ്ജ് ഖലീഫയിലിരുന്നു ഞാൻ തിരിച്ചും.

പാവം അയാൾക്ക് ഒരെത്തും പിടീം   കിട്ടീല്ല.

അത് പറഞ്ഞപ്പഴാ ,വായനക്കാരായ  നിങ്ങൾക്ക് ഇതെന്താന്ന് പുടികിട്ടിയ?

ഇല്ലെങ്കിൽ ബാക്കി കൂടി പറയാം . അപ്പൊ പുടി കിട്ടും .

" ഞാൻ ടൈപ് ചെയ്തു  തരാം "  അയാളുടെ കയ്യിൽനിന്നും   കീബോർഡ് വാങ്ങിച്ചു ഞാൻ ടൈപ്പ് ചെയ്തു.

PRAJITH MOOLAKKAL KUNHUMPIDUKKA

"എന്തോന്നെടേയ് വല്ല  കാട്ടുജാതിയും ആണോ" എന്ന മട്ടിൽ ഒന്നുടെ എന്നെ നോക്കി അയാൾ ഊറിയൂറി ചിരിച്ചു.

ഞാനും കൂടെ ചിരിച്ചു. ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിച്ച പോലെ ഏതാണ്ട് ഞാനും അങ്ങ് ചിരിച്ചപ്പോ അയാൾ ജനാർദ്ദനനെ  പോലെ സീരിയസ് ആയി. എന്റെ മുഴുവൻ പേര് പറഞ്ഞ വേളയിലെല്ലാം ഒരു പുച്ഛ ചിരി ജീവിതത്തിൽ പലപ്പോഴായി ഞാൻ കേട്ടിട്ടുണ്ട്. ആദ്യമൊക്കെ അരോചകമായി എനിക്ക് തോന്നിയെങ്കിലും ചിരിയെ ചിരി കൊണ്ട് നേരിടണം എന്ന ശ്രീനിവാസൻ മോഡൽ പയറ്റാൻ തുടങ്ങിയതിൽ പിന്നെ ഈ രംഗങ്ങൾ അധികം വലിച്ചു നീട്ടലില്ലാതെ പെട്ടെന്ന് കർട്ടൻ ഇട്ട് അവസാനിപ്പിക്കാൻ എനിക്ക് പറ്റാറുണ്ട്. ശ്രീനിയേട്ടന് വീണ്ടും നന്ദി.

ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞു ജോലികിട്ടിയ ആദ്യ കമ്പനിയിലെ ജോയ്‌നിങ് ഡെയിൽ HR കാരന് ഡീറ്റെയിൽസ് കൊടുക്കുന്നതാണ് ഇപ്പഴത്തെ ഈ രംഗം. പുള്ളി മലയാളി ആയതുകൊണ്ട് കാര്യങ്ങൾ സുഗമമായി നടക്കുമെന്ന പ്രത്യാശയിൽ ആണ് ഒരു ഹിന്ദിക്കാരൻ HR എന്നെ വിളിച്ചപ്പോൾ , പെട്ടെന്ന് എന്തോ പേപ്പർ മിസ് ആയ പോലെ ഞാൻ എന്റെ ഫയൽ എടുത്ത് എണ്ണിയ പേപ്പർ വീണ്ടും വീണ്ടും വീണ്ടും വീണ്ടും എണ്ണിക്കൊണ്ട് , തൊട്ടു പിറകിൽ നിന്ന പയ്യനെ, സന്ദേശത്തിലെ മാമൂക്കോയ പറഞ്ഞ പോലെ  " എന്ത് വിലകൊടുത്തും നിങ്ങൾ ഈ  മണ്ഡലം പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കണം " എന്ന മട്ടിൽ ഞാൻ സ്വയപ്രഖ്യാപിത മണ്ഡലം പ്രെസിഡന്റായി  ദുരന്തമുഖത്തേക്ക് തള്ളിവിട്ടു.

പക്ഷെ ജോഷി ചതിച്ചാശാനെ !

ഇതിലും ഭേദം ഒരു പക്ഷെ ആ ഹിന്ദിക്കാരൻ HR ആയേനെ.

" അല്ല ഇതിപ്പോ എന്തിനാ ഫുൾ നെയിം എക്സ്പാന്റ് ചെയ്യണേ. SSLC  ബുക്ക് ലും ബാക്കി എല്ലാ സർട്ടിഫിക്കറ്റ് ലും പ്രജിത്ത് എം കെ എന്ന് മാത്രല്ലേ ഉള്ളു "

" അത് ശരിയാണ് പ്രജിത്ത്. പക്ഷെ ഈ കമ്പനിയിൽ ഈമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നത്  "ഫസ്റ് നെയിം ഡോട്ട് ലാസ്‌റ്  നെയിം @കമ്പനി നെയിം.കോം " എന്ന ഫോർമാറ്റിൽ ആണ്. പാസ്പോര്ട്ട് കൊണ്ടുവരണം എന്ന് പ്രത്യേകം പറഞ്ഞത് ഈ ഒരു ആവശ്യത്തിന് കൂടിയാണ്.

" ഓഹ് ഒക്കെ. അപ്പൊ എന്റെ മെയിൽ ഐഡി എങ്ങനെ വരും ? "

" നിങ്ങളുടെ ഐ ഡി ഇങ്ങനെ ആയിരിക്കും. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ ക്യാരിറ്റർ ഡോട്ട് കോം"

ഒന്നുടെ അയാൾ ചിരിച്ചോ എന്നൊരു സംശയം.

" സർ ഒരു ഹെല്പ് . ലാസ്‌റ് നെയിമിന് പകരം മിഡിൽ നെയിം ആയാൽ കുഴപ്പമുണ്ടോ? പ്ളീസ് "

HR കാരനിലെ മനുഷ്യ സ്‌നേഹി ഉണർന്നു. പുളളി പറഞ്ഞു അത് കുഴപ്പമില്ല. അങ്ങനെ ചെയ്യാം. അപ്പോൾ പ്രജിത്ത് ഡോട്ട് മൂലയ്ക്കൽ @ക്യാരിറ്റർ ഡോട്ട് കോം "

തമ്മിൽ ഭേദം മൂലയ്ക്കൽ ആണെന്നും  കുഞ്ഞുംപിടുക്ക എന്നത് മാറ്റി മൂലയ്ക്കൽ എന്നാവുമ്പോൾ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നുമാണ്  ഞാൻ കരുതിയത്. എന്നാൽ "പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നെ" ഉണ്ടായിരുന്നുള്ളു . മലയാളികൾ തിങ്ങി പാർത്തിരുന്ന ഒരു കമ്പനി ആയിരുന്നതുകൊണ്ട് എന്റെ പേരും കൂട്ടത്തിൽ ഞാനും അങ്ങ് പെട്ടന്ന് ഹിറ്റ് ആയി തുടങ്ങി.

പേരിന്റെ ആദ്യഭാഗം ഒഴിവാക്കി പലരും എന്നെ മൂലക്കൽ എന്ന് വിളിച്ചു തുടങ്ങി. ചിലർ അതിനെ " മൂലം കൽ " , " മുലക്കൽ " എന്നിങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം  " മൂലം കുഴിയിൽ " വരെ എത്തിച്ചു. ഓഫീസിൽ എനിക്ക് ഇരിക്കാൻ വേണ്ടി മാനേജർ തന്ന സ്ഥലം ഒരു മൂലയിൽ ആയിരുന്നു എന്നതും കണ്ടപ്പോൾ "എല്ലാവരും കുമ്പിടിയുടെ ആൾക്കാരാ " ണെന്നു എനിക്ക് മനസ്സിലായി.

അങ്ങനെ മൂന്നുവർഷം കടന്നു പോയി. ഒരു ശരാശരി സോഫ്റ്റ്‌വെയർ എഞ്ചിനീയർ പുതിയ കമ്പനി യിലേക്ക് ചാടേണ്ട സമയം സമാഗതമായി. അടുത്ത പോർക്കളം ഇൻഫോസിസ് ആയിരുന്നു.

വീണ്ടും ജോയ്‌നിങ് ഡേ... ഫോം ഫില്ലിംഗ് വിത്ത് HR . എല്ലാം പഴേ പോലെ തന്നെ. പക്ഷെ മെയിൽ ഐഡി ആണ് ഞാൻ കാത്തിരിക്കുന്ന ഐറ്റം. എന്നാൽ ആദ്യ കമ്പനിയിലെ പോലെ എന്റെ കൈകടത്തലുകൾക്കൊന്നും അവർ തുനിഞ്ഞില്ല എന്ന് മാത്രമല്ല ഞാൻ എന്ത് പറഞ്ഞാലും " പോളിസി ഇങ്ങനെയാണ് " , " പോളിസി മാറ്റാൻ പറ്റില്ല "  എന്ന മറുപടികൾ മാത്രമായപ്പോൾ ഞാൻ ഏറെ ഭയന്ന കുഞ്ഞുംപിടുക്ക തന്നെ എന്റെ മെയിൽ ഐ ഡി ആയി മാറി. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ഇൻഫോസിസ് ഡോട്ട് കോം ആയി ഞാൻ തളയ്ക്കപ്പെട്ടു.

പഴയ കമ്പനിയിലെ പോലെ പൊങ്കാല ഇടാൻ ഒരു അവസരം ഞാൻ ആയി ഉണ്ടാക്കി കൊടുക്കേണ്ട എന്നോർത്തു സൊ കോൾഡ് മലയാളീസിൽ നിന്നും ഞാൻ പരമാവധി ഓടിയൊളിച്ചു. എങ്കിലും ചില വിരുതൻമാർ മണത്തറിഞ്ഞു അടുത്ത് വന്നു " ഹായ് കുഞ്ഞും പീടിക" , " ഹായ് പിടുക്കാ " " ഹായ് കുന്നിൻ പീടിക" എന്നൊക്കെ തോണ്ടിയിട്ട് പോകാൻ ഒരു വൈക്ലഭ്യവും കാണിച്ചില്ല.

അമേരിക്കയിലെ സായിപ്പൻമ്മാരുമായുള്ള ടെലിഫോൺ  മീറ്റിങ്ങിൽ ആയിരുന്നു ഏറ്റവും രസം. കുഞ്ഞും പിടുക്കയിലെ "ഞ്ഞ" എന്ന ത്രയംബക വില്ലൊടിക്കാനായി ഭൂമി അമേരിക്കയിൽ നിന്നും ഒരു കൂട്ടം സായിപ്പൻമ്മാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വില്ലൊടിക്കാൻ പോയിട്ട് ഒന്നനക്കാൻ പോലും പറ്റാതെ ഇന്ത്യയുടെ ഈ വീരപുത്രന് മുന്നിൽ കുമ്പിട്ടപ്പോൾ ഭാരതാംബയുടെ യശസ്സ് പാറി പറന്നുകാണണം.   ഒടുവിൽ അവർ " മിസ്റ്റർ എം കെ " എന്ന സുന്ദരമായ രണ്ടക്ഷരത്തിൽ സമരസപ്പെട്ടു.

കാലം കുറെ മുന്നോട്ടു പോയപ്പോൾ ഞാൻ  വീണ്ടും കമ്പനി ചാടി. പുതിയ കമ്പനി എന്നെ ഓൺസൈറ്റ് എന്നും പറഞ്ഞു അമേരിക്കയിലേക്ക് കേറ്റിവിട്ടു.പല എയർപോർട്ടിലും ഡിപാർചർ ടെർമിനലിൽ എന്റെ പേര് ഉറക്കെ വിളിച്ചത് എന്റെ ശരിക്കും പേരുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു. എന്റെ പേരിന്റെ എല്ലാ അവസ്ഥാന്തരങ്ങളും ഞാൻ നേരിട്ട് കണ്ടത് അവിടെ വെച്ചായിരുന്നു. പിന്നീട് അമേരിക്കയിലെ ഓഫീസിൽ എത്തിയപ്പോഴും ,പല സായിപ്പൻമ്മാരും അക്ഷരങ്ങൾ കൂട്ടിച്ചൊല്ലാൻ പറ്റാത്ത  കിടാങ്ങളെ പോലെ  വിഷമിക്കുന്ന വേളയിൽ ഞാൻ രക്ഷകനെ പോലെ അവതരിച്ചു പറഞ്ഞു " യു കാൻ കോൾ  മി എം കെ ".

അങ്ങനെ കുഞ്ഞുംപിടുക്കയുമായുള്ള മൽപ്പിടുത്തം ഇപ്പഴും തുടരുന്നു. തറവാട്ടു പേരാണിത് എന്നതിൽ കവിഞ്ഞു  എങ്ങനെ ഇത് വന്നു , എന്താണിതിന്റെ അർഥം എന്നൊന്നും എനിക്ക് ഇപ്പഴും അറിയില്ല.ഇനി കുഴപ്പമില്ല പേരിലെ ഒരു കൗതകമായി അതവിടെ അങ്ങനെ കിടക്കട്ടെ എന്ന് ഞാനുംകരുതി . ഹോ  ബാക്കി എല്ലാം അറിയണ പോലെ !





                    

2017, ജനുവരി 6, വെള്ളിയാഴ്‌ച

ഓറഞ്ച് ഗൺ

"ഷാരൂട്ടാ ,, മോനെ ..എണീക്ക് . ഇപ്പൊ വാൻ വരൂലേ " ചിരട്ടപ്പുട്ട് അടുപ്പത്തു വെച്ച് , തിളച്ചു പൊങ്ങുന്ന പാൽ ഓഫ് ചെയ്ത് കൊണ്ട് രൂപ  അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു .


ഡിസംബറിലെ ഈ തണുത്ത വെളുപ്പാൻ കാലത്ത് പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്ന മൂന്ന് വയസ്സുകാരൻ ഷാരവിനെ അമ്മയുടെ ആ അലാറം സ്പർശിച്ചതേയില്ല.

ബ്രേക്ക് ഫാസ്റ്റ് പാകം ചെയ്യുന്ന തിരക്കിലാണ് രൂപ. രാവിലെ എഴുന്നേറ്റാൽ പിന്നെ തുടങ്ങുകയായി അങ്കം. ആദ്യം ഭർത്താവിനു ഓഫീസിൽ പോകാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കണം, ഭർത്താവ് പോയി കഴിയുമ്പോഴേക്കും പുത്രന്റെ ഊഴം തുടങ്ങും. നഴ്സറി സ്കൂൾ വാൻ 8 .30 നു വരും. അപ്പഴേക്കും അവനെ പല്ലു തേപ്പിച്ച് , കുളിപ്പിച്ച് , യൂണിഫോം ഇട്ടുകൊടുത്ത് ഭക്ഷണം കഴിപ്പിച്ച് റെഡി ആക്കി നിർത്തണം. അവനും കൂടി പോയ് കഴിഞ്ഞാൽ പിന്നെ ഉത്സവപ്പിറ്റേന്ന് എന്ന് പറഞ്ഞപോലെ ആണ് വീടിന്റെ അവസ്ഥ. എല്ലാം ഒന്നടുക്കി വെച്ച വൃത്തിയാക്കി വെച്ചിട്ടു വേണം അവൾക്ക് ഒന്ന് നെടുവീർപ്പിടാൻ !


  ആദ്യ വിളിക്ക് തന്നെ ഷാരൂട്ടൻ അങ്ങനെ എഴുന്നേറ്റ് വരും എന്നു  അവൾ കരുതുന്നില്ലപക്ഷെ അപ്പോൾ   രണ്ടാമത്തെയും മൂന്നാമത്തെയും വിളി വിളിക്കണമെങ്കിൽ ആദ്യ വിളി സംഭവിക്കണമല്ലോ. അതുകൊണ്ട് വിളിച്ചു എന്ന് മാത്രം.

ഒരേ കോളേജിലെ രണ്ടു വ്യത്യസ്ത കോഴ്‌സുകൾ പഠിച്ചിറങ്ങുന്ന കമിതാക്കളെ പോലെ , ഒരേ അടുപ്പിൽ രണ്ടു ബർണ്ണറുകളിലായി പുട്ടും കടലയും പരസ്പരം കാണാൻ കൊതി പൂണ്ടിരുന്നു. ക്ലാസ് തീരേണ്ട സമയം ആയിട്ടും വിടാതെ ക്ലാസ് തുടരുന്ന ചില സാറമ്മാരെ തങ്ങളുടെ അസ്വസ്ഥത അറിയിക്കാൻ വേണ്ടി  പൊതുവെ നമ്മൾ കാട്ടിക്കൂട്ടുന്ന കലാപരിപാടികളായ ഡെസ്കിനു മുട്ടൽ ,ഉച്ചത്തിൽ നിലത്തു ചെരിപ്പുരക്കൽ , വാച്ചിൽ നോക്കൽ  ഒക്കെ പോലെ പുട്ട്  അല്പം ലോലമായി ആവി വിട്ടപ്പോൾ കടല കുക്കറിലൂടെ ഒരു മയവും  ഇല്ലാതെ പിന്നേം പിന്നേം ചീറ്റികൊണ്ടിരുന്നു .

"ഷാരു .ദാ സേജൽ ഒക്കെ റെഡി ആയി . വേഗം എണീക്ക് മോനെ "

ചുമ്മാ ! ഇതേ ഡയലോഗിൽ പേര് മാത്രം ഷാരവ് എന്നാക്കി  സേജലിനെ അവളുടെ അമ്മയും എഴുന്നേൽപ്പിക്കുന്നുണ്ടാവും . ഉറപ്പല്ലേ

അവന്റെ ക്ലാസ് മേറ്റും , കളിക്കൂട്ടുകാരിയും ബെസ്റ് ഫ്രണ്ടും ആണ് സേജൽ.  പോരാത്തതിന് അവളുടെ വീടും അതെ അപ്പാർട് മെന്റിന്റെ  ഒന്നാം നിലയിൽ തന്നെ ആണ്.സേജലിന്റെ അച്ഛൻ വരുണും ഷാരൂട്ടൻറെ അച്ഛനും പണ്ട് തൊട്ടേ സുഹൃത്തുക്കളും ആണ്. അതുകൊണ്ട് തന്നെ ആണ് ബാംഗ്ലൂരിൽ ഒരേ  അപ്പാർട്ട്മെന്റിൽ   താമസിക്കാൻ തീരുമാനിച്ചതും .

ഇപ്പൊ ഒരു ഞരക്കം കേൾക്കാം ബെഡ്‌റൂമിൽ നിന്നും. ആ വിളിക്ക് ഉള്ള ഒരു അക്‌നോളജ്‌മെന്റ് ആണത്. കണ്ണ് തുറന്നില്ല എങ്കിലുംവലതു പക്ഷം മാറി ഇടതു പക്ഷത്തേക് ഒരു ചായ്‌വ് കാണിച്ചിട്ടുണ്ട്.ഈ സമയത്ത് വീട്ടിലെ ടീവിയിൽ ഏഷ്യാനെറ്റിൽ മുഖ്യമന്ത്രി പിണറായിയെ കുറിച്ചുള്ള വാർത്ത ഉച്ചത്തിൽ മുഴങ്ങുന്നുമുണ്ടായിരുന്നു

കുളിക്കാൻ ഉള്ള വെള്ളവും ചൂടാക്കിയ ശേഷം , ഇനി വൈകിക്കൂടാ എന്ന് തീരുമാനിച്ചുറപ്പിച്ച് രൂപ അവന്റെ കട്ടിലിനടുത്ത് ചെന്ന് നിന്ന് ഒന്ന് നോക്കി .

"എത്ര സുന്ദരമായാണ് അവൻ ഉറങ്ങുന്നത്. ഈശ്വരാ വിളിച്ചുണർത്താൻ ,മനസ്സുണ്ടായിട്ടല്ല ; വേറെ വഴിയില്ലാത്തോണ്ടാ " പല കുരുത്തക്കേടുകൾക്കും ശേഷം  ശാന്തമായി ഉറങ്ങുന്ന ആ മുഖത്തെ നിര്മലത ഒന്നുടെ ആസ്വദിച്ചു കൊണ്ട് , കൊതുകു വല മടക്കി വെച്ച് അവനെ എഴുന്നേൽപ്പിച്ചു.

കുട്ടികൾ ഉണർന്ന്നിരിക്കുമ്പോൾ എങ്ങനേലും പിടിച്ച് ഉറക്കാൻ നോക്കും. എന്നിട്ട് ഉറങ്ങുമ്പോ സങ്കടത്തോടെ പറയും " അയ്യോ പാവം ..ഉറങ്ങുന്ന കണ്ടില്ലേ " എന്ന് .കാലാ കാലങ്ങളിലായി എല്ലാ അമ്മമാർക്കും തോന്നാറുള്ളത് ആ "അത് " തന്നെ അവൾക്കും തോന്നാറുണ്ട് .

മുഖം കഴുകി പല്ലു തേപ്പിച്ച ഉടനെ ഷാരൂട്ടൻ അമ്മയോട് പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

അമ്മ മൈൻഡ് ചെയ്തില്ല . ഈയിടെ ആയി അവനു എന്ത് കണ്ടാലും വേണം. ഓരോ ദിവസവും ഓരോ സാധനം വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കരയലാണ് പുതിയ രീതി . അതുകൊണ്ട് വിഷയം മാറ്റാൻ വേണ്ടി അവൾ പറഞ്ഞു "വാ.. വേഗം കുളിച്ചിട്ട് മോന് പുതിയ ഷർട്ട് ഇടണ്ടേ !" എന്നും പറഞ്ഞു വാരി എടുത്തോണ്ട് അവനെ കുളിമുറിയിലേക്ക് കൊണ്ട് പോയി . കുളി കഴിഞ്ഞ് ഷർട്ട് ഇടുമ്പോഴും അവൻ പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

"താരാലോ ... ഭക്ഷണം കഴിച്ചാൽ ഓറഞ്ച് ഗൺ തരാം "

"വേണ്ട .ഇപ്പൊ വേണം "

"ഗൺ തന്നാൽ ഭക്ഷണം കഴിക്കുവോ ? "
അവൻ തല കുലുക്കി സമ്മതിച്ചു.

അവനെ ഭക്ഷണം കഴിപ്പിക്കൽ വലിയ പാടാണ് .ഇത് പോലെ ഉള്ള കൊച്ചു കൊച്ചു ഓഫറുകളിൽ ഒക്കെ പിടിച്ചാണ് ഓരോ നേരവും രൂപ കാര്യം സാധിക്കുന്നത് .

അലമാരിയിൽ നിന്നും ഒരു പഴയ റെഡ് ഗൺ എടുത്തു അവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു "ഇതല്ലേ മോന്റെ ഗൺ !!! ഇനി വാ ഫുഡ് കഴിക്കു "

ആ ഗൺ ലേക്ക് ഒരു നിമിഷം നോക്കി ,ദേഷ്യത്തോടെ കാൽ നിലത്തു ചവിട്ടി അവൻ പറഞ്ഞു
"ഇത് റെഡ് ഗൺ ആണ്. നിക്ക് ഓറഞ്ച് ഗൺ വേണം"

"കുടുങ്ങി ! ഇവന് ഓറഞ്ചും റെഡും ഒക്കെ തിരിച്ചറിയാറായോ ! ഇവന്റെ അച്ഛൻ ആയിരുന്നേൽ എളുപ്പായിരുന്നു  അങ്ങേർക്ക് പച്ച, മഞ്ഞ , ചോപ്പ്, നീല , കറുപ്പ്, വെള്ള അങ്ങനെ കുറച്ചു വർണ്ണങ്ങൾ മാത്രേ ഉള്ളു. ഓറഞ്ച് , പർപ്പിൾ , മജെണ്ട എന്നൊക്കെ  അവിടെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല . ഹും ..ഒരു തരത്തിൽ ആശ്വാസം ഉണ്ട്. ആ കഴിവ് കേടിന്റെ പാരമ്പര്യം അവിടെ തീരുമല്ലോ" -രൂപ മനസ്സിൽ ഓർത്തു . 

"ഓറഞ്ച് ഗൺ ഒ ?  ഏത് ഓറഞ്ച് ഗൺ ! ഇതല്ലേ മോന് അച്ഛൻ വാങ്ങി തന്ന ഗൺ . നല്ല സൂപ്പർ ഗൺ ! "

അവന്റെ വാശി ഇരട്ടിച്ചു "ഇതല്ല... വരുവിന്റെ കയ്യിൽ ഉള്ള ഓറഞ്ച് ഗൺ ആണ് വേണ്ടേ " (വരുണിനെ അവൻ വിളിക്കുന്നത് "വരൂ" എന്നാണു )

അത് ശരി .അപ്പൊ അതാണീ ഓറഞ്ച് ഗൺ ! ഇന്നലെ രാത്രി ഉറക്കത്തിലും   ഷാരൂട്ടൻ ഓറഞ്ച് ഗൺ എന്ന്  പറയുന്നത് രൂപ ഓർത്തെടുത്തു . അപ്പൊ അവൾക്ക് ഒന്നും മനസ്സിലായില്ല എങ്കിലും ഇപ്പോൾ ക്ലിയർ ആയി.വരുവിന്റെ കയ്യിൽ ഇവൻ ഒരു ഓറഞ്ച് ഗൺ കണ്ടിട്ടുണ്ട്.

അവൾ അവന്റെ മുഖത്തു ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു "മോൻ ഈ ഫുഡ് കഴിച്ചാൽ നമുക്ക് വരുവിന്റെ വീട്ടിൽ പോയി ഓറഞ്ച് ഗൺ വാങ്ങാം . പക്ഷെ ഫുഡ് കഴിച്ചാലേ പറ്റു "

അവൻ രമ്യതപ്പെട്ടു.

ഓറഞ്ച് ഗൺ ഉം മനസ്സിൽ പ്രതിഷ്ഠിച്ച് ഷാരൂട്ടൻ  എങ്ങനെയൊക്കെയോ ധ്രിതിയിൽ ഭക്ഷണം കഴിച്ചു . ഇനി ഓപ്പറേഷൻ ഓറഞ്ച് ഗൺ !

അമ്മമ്മയുടെ കൈ പിടിച്ച് പുറത്തിറങ്ങി നടന്നു ചെന്ന് വരുണിന്റെ ഡോർ നു മുട്ടി. സേജലിനെ സ്കൂളിൽ പോകാൻ റെഡി ആക്കുന്ന തിരക്കിലായിരുന്ന വരുൺ പെട്ടെന്ന് തന്നെ വാതിൽ തുറന്നു.

ഒട്ടും വൈകിപ്പിക്കാതെ തന്നെ രൂപ ആവശ്യം ഉന്നയിച്ചു

"വരുണേട്ടാ, ഒന്ന് ആ ഓറഞ്ച് ഗൺ കൊടുക്ക്വോ  ഇവന് ? രാവിലെ എഴുന്നേറ്റപ്പോ തുടങ്ങിയതാ ...വരുവിന്റെ കയ്യിൽ ഉണ്ട് പോലും "

വരുണിനു ഒന്നും മനസ്സിലായില്ല . അത്ഭുതത്തോടെ അവൻ രൂപയെയും ഷാരൂട്ടനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു

"ഓറഞ്ച് ഗണ്ണോ  ??!!! ഏത് ഓറഞ്ച് ഗൺ ? "

അത് വരെ സംയമനം പാലിച്ചിരുന്ന ഷാരൂട്ടൻ ഉടനെ ഇടപെട്ടു

"വരുവിന്റെ കയ്യിൽ ഉണ്ട്. അവിടെ വെച്ചിട്ടുണ്ട് " എന്നും പറഞ്ഞു അവൻ അലമാരിയിലേക്ക് ചൂണ്ടി.

എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അങ്ങോട്ട് തിരിഞ്ഞു. അലമാരിയിൽ സാധനങ്ങൾ ഓരോന്നോരായി നോക്കി നോക്കി എല്ലാ കണ്ണുകളും വലഞ്ഞു.

"ഞാൻ അറിയാതെ എന്റെ വീട്ടിൽ ഓറഞ്ച് ഗൺ ഓ !!" ഒരു പിടിയും കിട്ടാതെ വരുണും തെരച്ചിൽ തുടങ്ങി. തിരച്ചിലിന്റെ ദൈർഘ്യം കൂടും തോറും ഷാരൂട്ടൻ അക്ഷമനായി കൊണ്ടിരുന്നു . എങ്കിലും ആ കണ്ണുകളിലെ പ്രതീക്ഷ ജ്വലിച്ചു തന്നെ നിന്ന്.

എന്താണ്  ഇവിടെ നടക്കുന്നത് എന്നറിയാതെ   പകച്ചു നിൽക്കുക യായിരുന്ന സേജൽ നെ നോക്കി ഷാരു പറഞ്ഞു
"ഷാരൂന്റെ ഓറഞ്ച് ഗൺ "
എന്നിട്ട്  അവളെ അലമാരയുടെ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു.  സത്യം പറഞ്ഞാൽ ഒരുതരം ചൊറിച്ചിൽ ആയിരുന്നു അത്. ആ ചൊറിച്ചിലിനു ഫലവും ഉണ്ടായി.

സേജൽ ഉറക്കെ കരയാൻ തുടങ്ങി. "നിക്കും വേണം ഓറഞ്ച് ഗൺ !!!" ഞാൻ കാണാതെ എന്റെ അച്ഛൻ ഇവന് ഗൺ വാങ്ങി കൊടുത്തോ എന്ന ചിന്ത ആയിരിക്കണം

അവൾ ഓടി ചെന്ന് അച്ഛന്റെ ഒരു കാൽ കെട്ടി പിടിച്ചു കരയാൻ തുടങ്ങി . അത് വരെ പടിക്കൽ നിന്നിരുന്ന ഷാരുട്ടനും , ഇത് കണ്ട ഓടി ചെന്ന് വരുവിന്റെ മറ്റേ കാലും കെട്ടി പിടിച്ച് കരയാൻ തുടങ്ങി.

കാൽ പിടിക്കാത്തതിന്റെ പേരിൽ ഗൺ മിസ്സാവരുതല്ലോ !

ഇനി കൂടുതൽ ഉച്ചത്തിൽ കരയുന്ന ആൾക്കാണ് ഗൺ കിട്ടുന്നത് എങ്കിലോ .. രണ്ടു പേരും മറ്റുസരിച്ച് കരയാൻ തുടങ്ങി . അലമാര മുഴുവൻ തപ്പിയിട്ടും ഓറഞ്ച് ഗൺ പോയിട്ട് ഓറഞ്ചിന്റെ തൊലി പോലും കിട്ടിയില്ല .

ഒരു പ്രശനം തീർക്കാൻ പോയ രൂപ അറിയാതെ  രണ്ടു ദുരന്തങ്ങൾ ഒരുമിച്ച് സൃഷ്ടിച്ച ആഘാതത്തിൽ  പതുക്കെ സ്കൂട്ടാവാൻ ശ്രമിച്ചു . രണ്ടു കാലും മുറുകെ പിടിച്ച് രണ്ടു പിള്ളേരും ഉറക്കെ കരയുന്ന ആ നിസ്സഹായാവസ്ഥയിൽ പെട്ട് പോയ വരുണിന്റെ ദയനീയ നോട്ടത്തിൽ അവൾക്ക് മനം നൊന്തു. നടന്ന കാര്യങ്ങൾ മുഴവൻ അവൾ വിശദീകരിച്ചപ്പോൾ ആണ് രണ്ടു പേർക്കും ആ സത്യം മനസ്സിലായത് . ഷാരൂട്ടൻ സ്വപ്നം കണ്ടതാണീ ഓറഞ്ച് ഗൺ !!! സ്വപ്നത്തിൽ ഒരു പക്ഷെ അത് വരുണിന്റെ കയ്യിൽ ആയിരിക്കാം കണ്ടത് .

സംഗതി അപ്പൊ ക്ലിയർ ആയി.ഹോ  പ്രെശ്നം തീർന്നല്ലോ! രാവിലെ മുതൽ തുടങ്ങിയതാ!

കാര്യം പറഞ്ഞുമനസ്സിലാക്കി കൊടുക്കാനായി പുഞ്ചിരിയോടെ  അവൾ  രണ്ടു പേരെയും അടുത്തേക്ക് വിളിച്ചു ... എന്നിട്ട്  മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു

"ഓറഞ്ച് ഗൺ വരുവിന്റെ കയ്യിൽ ഇല്ല. ഷാരു അത് സ്വപ്നത്തിൽ കണ്ടതാണ് മോനെ"

"അല്ല ...അല്ല... ഇല്ല... ഇല്ല..ഷാരു  കണ്ടു . ഗൺ വേണം " എന്ന് പറഞ്ഞു അവൻ കൂടുതൽ ഉറക്കെ കരയാൻ തുടങ്ങി. പ്രതീക്ഷയോടെ ഇത്രയും നേരം കാത്തിരുന്ന ആ കൊച്ചു മനസ്സിൽ നിന്നും അമ്മ കരുതിയ പോലെ എല്ലാം വളരെ പെട്ടെന്ന് ഉടച്ചുകളയാൻ സാധ്യമല്ലായിരുന്നു.

എത്ര ശ്രമിച്ചിട്ടും അവൾ പറഞ്ഞത് അവൻ ഉൾകൊള്ളാതെ ഇരുന്നപ്പോഴാണ് മറ്റൊരു സത്യം അവൾ തിരിച്ചറിഞ്ഞത് .

സ്വപ്നം എന്ന് പറഞ്ഞാൽ എന്താണെന്ന് അവനറിയില്ല !!!
അതെങ്ങനെ പറഞ്ഞു കൊടുക്കും എന്ന് അവൾക്കും മനസ്സിലായില്ല.

പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.

ഒടുവിൽ ബലമായി അവനെ പിടിച്ചു വലിച്ചുഅവൾ  മോനെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അവൻ വളർന്നു വലുതാവുമ്പോൾ സ്വപ്നത്തെ കുറിച്ച് അവനെ ബോധ്യപ്പെടുത്താം എന്നവൾ മനസ്സിൽ കരുതി. ഇതൊന്നും മനസ്സിലാവാതെ ഷാരൂട്ടൻ കരഞ്ഞു കരഞ്ഞു  തളർന്നുറങ്ങി.അതിന്റെ ബാക്കി പത്രമെന്നോണം അവൻ പോകുന്നത് നോക്കി കണ്ണീരൊലിപ്പിച്ച് സേജലും വാതിൽക്കൽ തന്നെ നിന്നു.






2015, ഡിസംബർ 28, തിങ്കളാഴ്‌ച

ക്ലാസ്സ്‌റൂം തമാശകൾ - 1



രതീശന്‍ മാഷ് ക്ലാസ്സിലേക്ക് കേറി വന്നു. ക്ലാസ്സിലെ ശബ്ദ കോലാഹലങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു. മുന്‍ നിരയിലെ ബെഞ്ചില്‍ ഇരിക്കുന്ന ചിലരോട് അല്പസ്വല്പം കുശലാന്വേഷണങ്ങള്‍ നടത്തിയതിനു ശേഷം മാഷ്‌ ആരുടെയോ കയ്യില്‍ നിന്ന് ഒരു മലയാളം പുസ്തകം വാങ്ങി  കയ്യില്‍ പിടിച്ചു. താളുകള്‍ മറിച്ചു നോക്കി ... എന്നിട്ട് പുസ്തം നടുവേ മടക്കി  ഇടതു  കയ്യില്‍  പിടിച്ചതിനു ശേഷം വലതു കൈ കൊണ്ട് ഒന്ന് ഇസ്തിരി ഇട്ടു. അത് കഴിഞ്ഞു വലതു കയ്യിലെ പെരുവിരലും നടുവിരലും കൂട്ടി ഉരസി ഒരു "ടക്" ശബ്ദം ഉണ്ടാക്കി. എന്നിട്ട് ക്ലാസ്സിനെ നോക്കി ചോദിച്ചു ... 

"അപ്പൊ തുടങ്ങലോ"  

  "തുടങ്ങണ്ട" എന്ന് പറയാന്‍ പറ്റില്ലല്ലോ... എല്ലാവരും തലകുലുക്കി സമ്മതിച്ചു. 

ക്ലാസ്സ്‌ തുടങ്ങി... രതീശന്‍ മാഷ്‌ കത്തി കേറാന്‍ തുടങ്ങി ...കുട്ടികൃഷ്ണമാരാര്‍ കേരളത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. അപ്പൊ ക്ലാസ്സിലെ ബാക്ക് ബെഞ്ചില്‍ ഒരു മുറുമുറുപ്പ് ... മാഷ് ഒരു കണ്ണിട്ടു നോക്കി. മുറുമുറുപ്പ് കുറയുന്നില്ല. കൂടെ എല്ലാവരും തിരിഞ്ഞു നോക്കി. 

ദീപക് അടുത്ത് ഇരിക്കുന്ന ആളോട് കാര്യമായി സംസാരിക്കുകയാണ്. എന്തോ പറഞ്ഞു തര്‍ക്കിക്കുന്നു. ഇടയ്ക്കിടക്ക്  ജനാലയിൽ കൂടി പുറത്തേക്ക് നോക്കുന്നുമുണ്ട്. പുറത്തേക്കു നീട്ടി പിടിച്ച ആ മുഖത്ത് ആകാംക്ഷയും അമ്പരപ്പും മാറി മാറി വരുന്നുണ്ട് . പക്ഷെ ഇത്രയും പേര്‍ തിരിഞ്ഞു നോക്കിയിട്ടും , കുട്ടി കൃഷ്ണമാരാരുടെ സംഭാവനകള്‍ പൊടുന്നനെ നിലച്ചിട്ടും ദീപക്  അറിഞ്ഞതെയില്ല.

 അത്രയും ഗഹനമായ ആ ചർച്ചാ വിഷയം എന്തെന്നറിയാൻ എല്ലാവര്ക്കും ആകാംക്ഷ ആയി.

ക്ലാസ്സ്‌ മുഴുവന്‍ നിശബ്ദമായി ...അടക്കി പിടിച്ചാണെങ്കിലും   ഇപ്പൊ എല്ലാവര്‍ക്കും സംസാരം വ്യക്തമായി കേള്‍ക്കാം. 

ദീപക് : "അത് മാധവേട്ടന്റെ കാറ് തന്ന്യ.."
പ്രവീണ്‍ : "അല്ല  ഡ  " (പതുക്കെ ) 
ദീപക്: "നീ അന്നോടാ പറീന്ന് ? ഒച്ച കേട്ടാല്‍ അനക്കറയ മോനെ.. "

ദൂരെ എവിടുന്നോ സ്കൂൾ അങ്കണം ലക്ഷ്യമാക്കി വരുന്ന  ഏതോ ഒരു കാറിന്റെ ശബ്ദം അടിസ്ഥാനമാക്കിയായിരുന്നു ഈ ഘോരമായ ചർച്ച!

ദേഷ്യംകൊണ്ട് തുടുത്ത രതീശന്‍  മാഷ്‌ ദീപക്കിനെ നോക്കി വിരല്‍ ഞൊടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...

 "ദീപക്കേ... പൊറത്ത് പൊയ്ക്കോ"

ദീപക്ക് തറവാടി ആണ്. മാഷ് ഒരു തവണ പറഞ്ഞപ്പോ തന്നെ യാതൊരു മടിയും കൂടാതെ ദീപക് എഴുന്നേറ്റു. പുറത്തേക്ക് പോകാന്‍ വേണ്ടി തുടങ്ങവേ അവസാനമായി ഒന്ന് കൂടി ജനാലയില്‍ കൂടി പുറത്തേക്ക് എത്തി നോക്കി ... എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ  പ്രവീണിനെ നോക്കി പറഞ്ഞു 

"ഞാന്‍ പറഞ്ഞില്ലേ... അത് മാധവേട്ടന്റെ കാറാന്നു ! നോക്ക്.. വണ്ടി അതാ ആട! "

ക്ലാസ്സില്‍ ഒരു കൂട്ട ചിരി ആയിരുന്നു പിന്നെ...ദേഷ്യത്താല്‍ വിറയ്ക്കുന്ന മാഷിന്റെയും  പരിഹാസ ചിരിയോടെ  തുറിച്ചു നോക്കുന്ന പിള്ളേരുടെയും    മുന്നിലൂടെ ഇളിഭ്യനായി ദീപക് പുറത്തേക്ക് നടന്നകന്നു. പക്ഷെ അവന്റെ മനസ്സില്‍ അവന്‍ വിജയശ്രീ ലാളിതന്‍ ആയ സേതുരാമയ്യര്‍ ആയിരുന്നു.

അന്യാധീനപ്പെട്ടു പോകുമായിരുന്ന ഒരു കാറിനു ഉടമസ്ഥനെ കണ്ടെത്താനായ സേതുരാമയ്യര്‍ ! 



2015, ഡിസംബർ 14, തിങ്കളാഴ്‌ച

ഇന്ത്യൻ സോറി

"മ്മാമ്മേ , മാമൻ എന്താ കൊണ്ടുവന്നത് ? " കണ്ണുകൾ തിരുമ്മി കൊണ്ട് കിടക്കപ്പായിൽ നിന്നും എഴുന്നേറ്റു നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു  വരുന്ന അഞ്ജന ആദ്യം ചോദിക്കുന്ന ചോദ്യം ആണിത്.  "മാമൻ എത്തിയോ" അല്ലെങ്കിൽ "എപ്പോ എത്തി" എന്നുള്ള ചോദ്യംഒക്കെ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. 

  അതുകൊണ്ട് തന്നെ വെള്ളിയാഴ്ച വൈകീട്ട് ബാംഗളൂരിൽ നിന്നും നാട്ടിലേക്ക് ബസ്‌ കേറുന്നതിനു മുൻപേ ഒരു കാര്യം ഞാൻ ഉറപ്പാക്കും-  അഞ്ജനക്കും കാർത്തിക്കും വേണ്ടി എന്തെങ്കിലും ഒക്കെ വാങ്ങിയിട്ടുണ്ട് എന്ന്.   

  കാർത്തിക്കിനേക്കാൾ 3 വയസ്സ് മൂത്തതാണ് അഞ്ജന .അഞ്ചു വയസ്സുകാരൻ ആയ അവൻ ഒരിക്കലും അഞ്ജനയെ പോലെ "മാമൻ എന്ത് കൊണ്ട് വന്നു " എന്ന് ചോദിക്കാറില്ല. അതി വേഗം  ബഹുദൂരം  പക്വത കൈവരിച്ചത്‌ കൊണ്ടൊന്നുമല്ല മറിച്ച്  അവനങ്ങനെചോദിക്കെണ്ടതിന്റെ ആവശ്യം വരാറില്ല എന്നതാണ് സത്യം.  അവൻ എഴുന്നെൽക്കുംമ്പൊഴേക്കും അതിന്റെ ഉത്തരം ഒന്നുകിൽ ഹാളിലെ തറയിൽ അല്ലെങ്കിൽ മുറ്റത്ത്  വെറും നിലത്ത് ചിതറിക്കിടക്കുന്നത് കാണാൻ പറ്റും .

   ഇത്തവണ നാട്ടിൽ പോകുമ്പോൾ വാങ്ങിച്ചത് 2 കളിപ്പാട്ടങ്ങൾ ആയിരുന്നു. അത് മുൻകൂട്ടി വാങ്ങിച്ചുവെച്ചതൊന്നുമായിരുന്നില്ല. "അയ്യോ  ഇത്തവണ  ഒന്നും വാങ്ങിക്കാൻ പറ്റീല്ലല്ലോ" എന്നോർത്തപ്പോ  വ്യാഴാഴ്ച്ച  ദിവസം  ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി  ഒരു ടോയ്സ് ഷോപ്പിൽ കേറി വാങ്ങിയതായിരുന്നു അവ . ആ കളിപ്പാട്ടം ഉണ്ടാക്കിയ ഒരു ചെറിയ തമാശയാണ് ഈ കഥയുടെ ആധാരം .

വെള്ളിയാഴ്ച ഓഫീസിലേക്ക്  വരുമ്പോ ചുമലിൽ ഒരു ബാഗ്  തൂക്കി , കയ്യിൽ വലിയ ഒരു സഞ്ചിയിൽ ആ രണ്ടു കളിപ്പാട്ടങ്ങളും ഇട്ടു, സഞ്ചി  തൂക്കി പിടിച്ച് ആട്ടി ആട്ടിയാണ് ബസ്സ്‌സ്റ്റോപ്പിൽ നിന്നും ഓഫീസ് വരെ നടന്നത്.

   ചെവിയിൽ ഒരു ഹെഡ് സെറ്റ് ...കയ്യിൽ ഒരു വില കൂടിയ ടച്ച് സ്ക്രീൻ മൊബൈൽ ...യോ യോ സ്റ്റൈലിൽ ഡ്രസ്സിംഗ് ...ഒരു ലാപ്ടോപ് ബാഗ്‌ ... ഒരു കൂസൽ  ഇല്ലാത്ത നടത്തം ;  ഒരു സോഫ്റ്റ്‌വെയർ എങ്ങിനീയർ എന്ന് പറയുമ്പോ സാധാരണ നിങ്ങളുടെ  മനസ്സില് ഉരുത്തിരിഞ്ഞുവരുന്ന രൂപം ഈ പറഞ്ഞത്  പോലെ ഒക്കെ ആണ് എങ്കിൽ എല്ലാവിധ സങ്കൽപ്പങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ഞാൻ നടന്നു പോയത്.

 കൂടെ നടന്നു പോകുകയായിരുന്നു മറ്റു കംപ്യുട്ടർ തൊഴിലാളികൾ എന്നെ ഒരല്പം പുച്ഛത്തോടെ നോക്കിയോ എന്നൊരു സംശയം . ഒരു പക്ഷെ സ്വയം തോന്നിയ ഒരു അപകർഷ താബോധം ആയിരിക്കാം .എങ്കിലും ആ പറഞ്ഞ ബോധത്തിനിടയിലും എനിക്ക് ആശ്വസിക്കാൻ ഉള്ള ഒരു വക തന്നു കൊണ്ടാണ് രണ്ടു പയ്യൻമ്മാർ എന്നെ ഓവർടെയ്ക്ക് ചെയ്ത് ഓഫീസിലേക്ക് നടന്നു പോയത്. കീറിയ ജീൻസും  ബാത്രൂം ചപ്പലും  ഒക്കെ ഇട്ടു പോകുന്ന ഇവനെക്കാൾ ഭേദമല്ലേ ഞാൻ എന്ന് മനസ്സില് പറഞ്ഞു സ്വയം ആശ്വസിച്ചു. 

  ഇതൊക്കെ മനസ്സില് പറയാനേ പറ്റു കേട്ടോ .പുറത്ത് പറഞ്ഞാൽ "ഇതൊക്കെയല്ലേ ഫാഷൻ " എന്ന മറുവാക്ക് പറഞ്ഞ് എന്റെ വായടപ്പിക്കും എന്നുറപ്പാ. ഈ ഫാഷൻ എന്ന് പറയുന്ന സംഗതിയുടെ സാഗത്യം രസമാണ്. നമ്മൾ ഒരു ജീൻസ് പാൻറ്  വാങ്ങി കുറച്ചു ദിവസം ഇട്ടതിനു ശേഷം അതൊന്നു കീറി പോയാൽ അത് പിന്നെ ഇടാൻ പറ്റില്ല.ഇട്ടാൽ  നമ്മൾ കൊള്ളരുതാത്തവൻ  ആവും. അതെ സമയം കീറിയ ജീൻസ് പാൻറ് നോക്കി വാങ്ങിച്ചാൽ അത് ഫാഷൻ.

  വാങ്ങിയതിനു ശേഷം കീറിയാൽ പഴഞ്ചൻ ; കീറിയതിനു ശേഷം വാങ്ങിയാൽ ഫാഷൻ!  

 ഞാൻ നടന്നു നടന്നു ഓഫീസിന്റെ ബിൽഡിങ്ങിൽ എത്തി. രണ്ടാം നിലയിലാണ് എന്റെ ഓഫീസ് .ഭാഗ്യത്തിന് ആ നേരത്ത് രണ്ടാം നിലയിലേക്ക് പോകുന്ന ഒരു ലിഫ്റ്റ്‌ ഉള്ളത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ മേലെ എത്തി. 

 ചിലപ്പോഴൊക്കെ നാട്ടിലെ ബസ്സ്‌ പോലെ ആണ് ലിഫ്റ്റ്‌. 6 ലിഫ്റ്റ്‌ ഉണ്ടെങ്കിലും ചില നേരത്ത്  ഒത്തിരി നേരം കാത്തു നില്ക്കേണ്ടി വരും. എന്നാൽ ചിലപ്പോ രണ്ടു മൂന്നെണ്ണം നമ്മളെ കാത്തു കിടപ്പുണ്ടാവും. മറ്റു ചിലപ്പോഴാകട്ടെ എല്ലാ ലിഫ്റ്റും ആൾക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ എത്തിയപ്പോ തന്നെ ലിഫ്റ്റ്‌ കിട്ടി എന്ന പ്രയോഗത്തിൽ അല്പം സാംഗത്യം ഉണ്ടെന്നു  ബോദ്ധ്യമായല്ലോ.

രണ്ടാം നിലയിൽ എത്തിയ ഉടനെ അതിൽ നിന്നും ഇറങ്ങി നേരെ ഓഫീസിന്റെ വാതിൽ ലക്ഷ്യമാക്കി ധ്രിതിയിൽ നടന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടത്തിന്റെ സഞ്ചി ഊഞ്ഞാലാടി, തൊട്ടു മുന്നില് നടന്നു പോവുകയായിരുന്ന ആളുടെ പുറകു വശത്ത്  ചെറുതായി ഒന്ന് തട്ടി പോയി  . പെട്ടെന്ന് അയാള് അവിടെ സ്റ്റോപ്പ്‌ ചെയ്തു അയാളുടെകയ്യിൽ ഉണ്ടായിരുന്ന സ്യൂട്ട് കെയ്സ് നിലത്തേക്ക് വെച്ചു. സഡൻ ബ്രേക്ക്‌ ഇട്ട പോലെ ഉള്ള അദ്ദേഹത്തിന്റെ നിൽപ്പ് ഞാൻ പ്രതീക്ഷിച്ചതെ ഇല്ലായിരുന്നു.അത് കാര്യങ്ങൾ കൂടുതൽ കുഴപ്പമുണ്ടാക്കി. എന്റെ ഷൂസ് ചെറുതായി അദ്ദേഹത്തിന്റെ കാലിൽ സ്പർശിച്ചോ എന്നു ചെറിയ ഒരു സംശയം എനിക്കുണ്ടായി. 

 നമ്മൾ ഇന്ത്യക്കാരുടെ പൊതുവായ ഒരു രീതി ഉണ്ടല്ലോ... തൊട്ടു വന്ദിക്കൽ. ആർഷ ഭാരത സംസാകാരത്തിൻറെ സർവ പ്രൗഡിയും തിളങ്ങി നില്ക്കുന്ന  തനതായ മാപ്പപേക്ഷ ! അങ്ങനെ തൊട്ടു വന്ദിക്കാൻ വേണ്ടി ഞാൻ ഒന്ന് കൈ നീട്ടിയതും ആ പുള്ളിക്കാരൻ കയ്യിലെസ്യൂട്ട് കേസ് നിലത്ത്  ഇറക്കി വെച്ച് എന്റെ നേരെ  തിരിഞ്ഞതും ഒരുമിച്ചായിരുന്നു.

  അപ്പോഴാണ്‌ എനിക്ക് ആളെ മനസ്സിലായത് . അമേരിക്ക യിൽ നിന്നും നമ്മുടെ ഓഫീസിലേക്ക് വന്ന ഒരു സായിപ്പ് ആണ്. എന്നെ പരിചയം ഒന്നും ഇല്ല പുള്ളിക്ക്. പക്ഷെ ഞാൻ കഴിഞ്ഞ കുറച്ചു ദിവസമായി കോഫീ മെഷീന്റെ അരികിലും മീറ്റിംഗ് റൂമിലും ഒക്കെ ആയി അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്ന് മാത്രം.

സായിപ്പ് തിരിഞ്ഞു നോക്കിയപ്പോ അദ്ദേഹത്തിന് നേരെ കൈ നീട്ടി നില്ക്കുന്ന എന്നെ ആണ് കണ്ടത്. തൊട്ടു വന്ദിക്കുന്നതിൻറെ ആദ്യ പടിയായുള്ള ആ കൈ നീട്ടലിനെ അദ്ദേഹം കണ്ടത് "ഹാൻഡ്‌ ഷെയ്ക്ക് " ചെയ്യാനുള്ള ഒരു അപേക്ഷ ആയാണ് . അത് കണ്ടു വിടർന്ന  മുഖത്തോടെ  ഒരു നല്ല പുഞ്ചിരി മുഖത്ത് കാണിച്ചു കൊണ്ട് അയാള് എനിക്ക് ഹാൻഡ്‌ ഷെയ്ക്ക് തന്നു. എന്റെ കൈ പിടിച്ചു കുലുക്കുന്നതിനിടയിൽ "ഹേയ് ...ഹൗ  ആർ യു ഡൂയിംഗ് " എന്നും ചോദിച്ചു.

"ഐ ആം ഫയിൻ ... താങ്ക്സ് " എന്നും പറഞ്ഞു ഞാൻ ഒരു ചമ്മിയ ചിരിയോടെ പുള്ളിയെ പോകാൻ അനുവദിച്ചു . പുള്ളി പെട്ടിയും എടുത്തോണ്ട് പോയി.


അൽപ നേരം സ്തബ്ദനായി നിന്ന ഞാൻ മനസ്സില് ആലോചിച്ചു.- എങ്ങോട്ടോ പോകുന്ന ഒരു സായിപ്പിനെ പുറകിൽ നിന്നും വിളിച്ചു നിർത്തി ഷെയ്ക്ക് ഹാൻഡ്‌ കൊടുക്കാൻ ... എനിക്കെന്താ വട്ടല്ലേ. ഇനി അങ്ങേർക്ക് വട്ടായതാണോ... ഹേ പാവം അങ്ങനെ പറയാൻ പാടില്ല. ഭാരത സംസ്കൃതിയെ കുറിച്ച് അറിവില്ലാത്ത ഒരു പാവം സായിപ്പൻ അല്ലെ...വിട്ടുകള !

ഇനി അങ്ങേരുടെ സൈഡിൽ നിന്നും ചിന്തിച്ചാൽ "ഒരു  പരിചയവും ഇല്ലാത്ത ഒരുത്തൻ പുറകിൽ നിന്നും വന്നു ചന്തിക്കടിച്ചു  വിളിച്ചു ഹാൻഡ്‌ ഷെയ്ക്ക്  നു ചോദിക്കുന്നു .. കണ്ട്രി ഫെല്ലോ ! "


അതിപ്പോ ... നമ്മളിപ്പോ ... എന്താ പറയാ ... നിങ്ങള്  വായനക്കാര് ... സായിപ്പിന്റെ സൈഡിൽ നിന്നും ചിന്തിക്കൂലല്ലോ ...അല്ലെ... മ്മള് ..ഇന്ത്യൻസ് ... ഒറ്റക്കെട്ടല്ലേ...അല്ലെ.. :)

     ------------------------   ------------------------   ---------------------   ----------------


2012, മാർച്ച് 4, ഞായറാഴ്‌ച

പെണ്ണ് കാണല്‍

ഈയിടെ ആയി എന്തിലും ഏതിലും ഒരു കല്യാണം മണം ആണ്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ആണ് പോലും. അടുത്ത ബന്ധുക്കള്‍ മുതല്‍ അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ കണ്ടാല്‍ ചോദിക്കുന്നത് " കല്യാണം ... എന്തായി? " എന്നായിരിക്കും.

" അതൊക്കെ പതുക്കെ നോക്കാം... കുറച്ചു കാലം കൂടി ഇങ്ങനെ അങ്ങ് പോട്ടെ " എന്നായിരുന്നു ആദ്യമൊക്കെ ഞാന്‍ മറുപടി കൊടുത്തത്. അത് പറഞ്ഞാല്‍ അടുത്ത മറുപടി ഇങ്ങനെ ആയിരിക്കും "ഇപ്പൊ പെണ്‍പിള്ളേര് കുറവാണ്. നമ്മുടെ ജാതിയില്‍ പെട്ടവര്‍ തീരെ കുറവാ. അതുകൊണ്ട് പെട്ടെന്ന് നോക്കിക്കോ."

അതല്ലേലും അങ്ങനെ ആണല്ലോ.. നമുക്ക് എന്തേലും വേണമെന്ന് തോന്നുമ്പോ അത് കിട്ടാന്‍ ഉണ്ടാവില്ല. കുറച്ചു കാശിനു ആവശ്യം വന്നിട്ട് കൊപ്ര വില്‍ക്കാന്‍ വേണ്ടി മലഞ്ചരക്ക് കടയ്ല്‍ ചെന്നപ്പോ കടക്കാരന്‍ പറഞ്ഞു "ഇപ്പൊ കൊപ്രക്കൊന്നും വേലയെ ഇല്ല." അത് പോലെ തന്നെ ബാംഗളൂരില്‍    താമസിക്കാന്‍ ഒരു വീട് അന്വേഷിച്ചു ബ്രോക്കര്മാരുറെ അടുത്ത്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു "ഇപ്പൊ വീട് കിട്ടാനേ ഇല്ല.... വല്യ ബുദ്ധിമുട്ടാ" എന്ന്.

ആ  ഒരു  ലാഘവത്തോടെ മാത്രമേ ഈ ഉപദേശങ്ങളെ ഞാന്‍ ആദ്യമൊക്കെ ഉള്‍ക്കൊണ്ടിരുന്നുള്ളൂ.  പക്ഷെ പെണ്ണന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ആണ് ഈ ഒരു ഉദ്യമം വിജയത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും അറിഞ്ഞത്.
നമുക്ക് പെണ്ണിനെ ഇഷ്ടമാകണം...പെണ്ണിന് നമ്മളെ ഇഷ്ടമാകണം... പിന്നെ വീട്ടുകാരെ ഇഷ്ടപ്പെടണം... അങ്ങനെ അങ്ങനെ എല്ലാം ശരിയായി വരുമ്പോഴായിരിക്കും  ശുക്രനും ചന്ദ്രനും ഒക്കെ വില്ലന്മ്മാരായി വരുന്നത്.
പെണ്ണിന്റെ അച്ഛന്‍ ചന്ദ്രേട്ടന്‍ സമ്മതിച്ചാലും അങ്ങ്  ആകാശത്തിലെ ചന്ദ്രന്‍റെ സമ്മതം കിട്ടിയാലേ സംഗതി നടക്കു എന്നതാണ് അവസ്ഥ! രാത്രിയില്‍ മഞ്ഞള്‍ തേച്ചു മിനുക്കി പ്രത്യക്ഷപ്പെടുന്ന  ഈ ചന്ദ്രന്‍റെ ഒക്കെ നല്ല മുഖങ്ങള്‍ മാത്രമേ പലരും  കണ്ടിട്ടുണ്ടാവു.. പക്ഷെ തനിക്കു റോള്‍ ഉണ്ട് എന്ന് തോന്നിക്കഴിഞ്ഞാല്‍ ചന്ദ്രന്‍ എന്നോ ഗുളികന്‍ എന്നോ ഇല്ല. എല്ലാവരും തനി നിറം കാണിക്കും.


ഇങ്ങനെ അന്യ ഗ്രഹങ്ങളാല്‍ വേട്ടയാടപ്പെട്ടു കല്യാണം വൈകി പോകുന്ന കുറെ മാനവ സുഹൃത്തുക്കള്‍ ഈ ഭൂമിയില്‍ എനിക്കുണ്ട്. അവരില്‍ മിക്കവരും ഇപ്പൊ കേരള മാട്രിമണിയില്‍ കുടിയേറി പാര്‍ത്തിരിക്കുന്നു.മിക്ക സുഹൃത്തുക്കളോടും ചാറ്റ് ചെയ്യണമെങ്കില്‍ ഇപ്പൊ കേരള മാട്രിമണിയില്‍ ലോഗിന്‍ ചെയ്യേണ്ട അവസ്ഥ ആണ് !


ഇങ്ങനെ ഒക്കെ ആണ് ഞാനും എന്റെ കൂട്ടുകാരും ഒക്കെ ഉള്‍പ്പെടുന്ന ലോകത്തിന്‍റെ ഇന്നത്തെ ചിത്രം.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ എനിക്ക് നാട്ടിലെ  ഒരു കൂട്ടുകാരന്റെ ഒരു  കോള്‍ വന്നു. അതി കാലത്ത് തന്നെ വന്ന കോള്‍ ആയതു കൊണ്ട് ആദ്യം ഞാന്‍ വിചാരിച്ചു "പണി കിട്ടി" എന്ന്. സാധാരണ ഇത് പോലെ വരുന്ന കൊളില്‍ കേള്‍ക്കാന്‍ പറ്റുക ഒരു തരം അപേക്ഷ ആയിരിക്കും. "അളിയാ ഞാന്‍ ബാംഗളൂരില്‍ എത്തീട്ടുണ്ട്. ഇപ്പൊ ധാ ഞാന്‍ മജസ്റ്റിക്കില്‍ ബസ്സിറങ്ങി. നീ ഫ്രീ ആണെകില്‍ ഒന്ന് ഇവിടം വരെ വന്നു എന്നെ പിക്ക് ചെയ്യുമോ?"

പക്ഷെ ഇതങ്ങനെ ആയിരുന്നില്ല. സംഭവം ഇത്രയേ ഉള്ളു. അവനു ഒരു പെണ്ണ് കാണാന്‍ പോകണം. കൂടെ പോകാന്‍ ഞാന്‍ കൂടി ഉണ്ടെങ്കില്‍ ഒരു സന്തോഷം. എനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ഒക്കെ ആയി ഒരു നാലഞ്ചു പെണ്ണ്  കാണല്‍ ചടങ്ങില്‍ പങ്കെടുത്ത അനുഭവ പരിചയം ഒരു മുതല്‍ക്കൂട്ട് ആയിരിക്കും എന്ന് കരുതിയായിരിക്കും ഈ കാര്യത്തില്‍ തികച്ചും നവാഗതനായ അവന്‍ എന്നെ കൂട്ടിനു വിളിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ പര്യടനത്തിനു പോകുമ്പോള്‍ അനുഭവ പരിചയം ഉള്ള കുറച്ചുപേര്‍ വേണം എന്നും പറഞ്ഞു വി വി എസ ലക്ഷ്മണിനെ ഒക്കെ ചുമന്നോണ്ട് പോകാറുണ്ടല്ലോ.. ഏതാണ്ട് അതുപോലെ!


എന്തായാലും എന്നെ വിളിച്ചതില്‍  അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം  ആദ്യമായിട്ട് പോകുമ്പോള്‍ അല്പം പരിഭ്രമം സാധാരണമാണല്ലോ . "ഗായത്രിയില്‍ വരുമ്പോള്‍ സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ "

ഞാന്‍ പറഞ്ഞു "എടാ,, ഇന്ന് ബുധനാഴ്ച അല്ലെ .. ഞാന്‍ ശനിയാഴ്ച നാട്ടിലോട്ടു വരാം. എന്നിട്ട്  ശനിയോ ഞായറോ പോകാം... സൗകര്യം പോലെ. എന്തെ? "

അവന്‍ സമ്മതിച്ചു. ഇനി കൂട്ടുകാരനെ കുറിച്ച് രണ്ടു വാക്ക്.

എന്റെ പണ്ട് തൊട്ടേ ഉള്ള കൂട്ടുകാരന്‍ ആണ് അവന്‍.., പേര് അനീഷ്‌ . നല്ല പയ്യന്‍ ആണ്. നല്ല സ്വഭാവം എന്ന് വെച്ചാല്‍ തങ്കപ്പെട്ട സ്വഭാവം. നാട്ടില്‍ തന്നെ ചെറിയ ജോലി ഒക്കെ ആയി കഴിഞ്ഞു കൂടുന്നു. അവന്റെ വീട്ടിനടുത്ത് ഒരു അമ്പലം ഉണ്ട്. അവിടെ ഉത്സവം നടത്തുക , നോട്ടീസ് ഒട്ടിക്കുക. ഉത്സവ പിരിവിനു പോകുക ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍  വ്യാപൃതനായി   സന്തുഷ്ട ജീവിതം നയിച്ച്‌ പോരുന്നു. കണിമംഗലത്തെ ജഗന്നാഥന്‍ എന്നാണ് അവന്‍ അവനെ സ്വയം വിളിച്ചിരുന്നത്.

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ഞാന്‍ നാട്ടില്‍ എത്തി. എത്തിയ ഉടനെ  തന്നെ ഞാന്‍ അവനെ ഫോണ്‍ ചെയ്തു.

"എടാ ഞാന്‍ നാട്ടില്‍ എത്തി. അപ്പൊ എങ്ങനെയാ പരിപാടി? "

     "എത്തിയോ.. ഓക്കേ . നമുക്കപ്പോ  ഒരു പത്തു മണി ആവുമ്പോ പോകാം. എന്തെ? ഞാന്‍ സജിയോടും പറഞ്ഞിട്ടുണ്ട്. അവനും വരുന്നുണ്ട്."

"ഓക്കേ ശരി . പത്തു മണി ആവുമ്പോ ഞാന്‍ സജിയെയും   കൂട്ടി നിന്റെ ബസ്സ്‌ സ്റ്റോപ്പില്‍ എത്താം . അവിടുന്ന് നമുക്ക് ഒരുമിച്ചു പോകാം."

അവനും സമ്മതിച്ചു. സജി  കൂടി ഉള്ളത് കാരണം എന്‍റെ ടെന്‍ഷന്‍ കുറച്ചു കുറഞ്ഞു. കാരണം , അല്ലെങ്കില്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തിയാല്‍ ഞാന്‍  ഒറ്റയ്ക്ക് വല്യ കാരണവരെ പോലെ കാര്യങ്ങള്‍ സംസാരിക്കണമല്ലോ. പയ്യന്‍ ഒത്തിരി ഒന്നും സംസാരിക്കാന്‍ പാടില്ല എന്നാണല്ലോ പൊതുവേ ഉള്ള വെപ്പ്.

പത്തു മണിക്ക് തന്നെ ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചു പെണ്‍ വീട്ടിലേക്കു തിരിച്ചു.ബസ്സിലാണ് യാത്ര.അനീഷിന്‍റെ  വീട്ടില്‍ നിന്നും ഒരു അഞ്ചെട്ടു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു പെണ്‍കുട്ടിയുടെ വീട്ടിലേക്കു എന്നവന്‍ പറഞ്ഞപ്പോ ഞങ്ങള്‍ ചോദിച്ചു

"എടാ പഹയ.. അപ്പൊ ലവ് ആണല്ലേ.. ? !"

"ഹേ അല്ലടാ.. എന്‍റെ ഒരു കൂട്ടുകാരന്‍റെ പരിചയത്തില്‍ ഉള്ള കുട്ടിയ, ഞാന്‍ കണ്ടിട്ടേ ഇല്ല " അനീഷ്‌ പറഞ്ഞു

"ഓഹോ .. എന്നാല്‍ പിന്നെ അവനെ കൂടി വിളിച്ചൂടായിരുന്നോ ? അതാവുമ്പോ ഒരു മീഡിയെറ്റര്‍ ആയല്ലോ. " സജി ചോദിച്ചു.

"ഇല്ല അവന്‍ ഇപ്പൊ നാട്ടില്‍ ഇല്ല. എന്ന് മാത്രമല്ല അവങ്ങനെ വല്യ പരിചയം ഒന്നും ഇല്ല. ജസ്റ്റ്‌ കണ്ടു പരിചയം ഉണ്ട് . അത്രേ ഉള്ളു. "

അവിടെ ചെന്നാല്‍ എന്തൊക്കെ പറയണം എന്തൊക്കെ പറയാന്‍ പാടില്ല എന്നൊക്കെ ഉള്ള സ്ക്രിപ്റ്റ് യാത്രയില്‍ ഉടനീളം ഞാന്‍ മനസ്സില്‍ മെനഞ്ഞു കൊണ്ടേ ഇരുന്നു.

അങ്ങനെ പെണ്ണിന്‍റെ വീടിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. ഒരു മൂന്നു മിനിറ്റ് നടന്നപ്പോള്‍ അല്പം ദൂരെ ആയി വീട് കണ്ടു. അനീഷ്‌  സ്വന്തം വീട്ടിലേക്കു പോകുന്നതു പോലെ ഒരു സംശയവും കൂടാതെ ആ വീട് ലക്ഷ്യമാക്കി നടക്കുന്നത് കണ്ടപ്പോ ഞങ്ങള്‍ക്ക് ഒരു സംശയം

 "എടാ, നിനക്കെങ്ങനെ കൃത്യമായി വീട് കണ്ടു പിടിക്കാന്‍ പറ്റി? ഒരു സംശയം പോലും ഇല്ലല്ലോ.. ?"

"എടാ, വഴി ഒക്കെ ആ കൂട്ടുകാരന്‍ പറഞ്ഞു തന്നിരുന്നു. പിന്നെ ഉത്സവ പിരിവിനും നോട്ടീസ് വിതരണത്തിനും ഒക്കെ ആയി നമ്മള്‍ എത്താത്ത നാടുണ്ടോ ! "

അവന്‍  തെല്ലൊരു അഹങ്കാരത്തോടെ ആണ് അത് പറഞ്ഞത്.
പക്ഷെ  ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം അവനു അറിയാവുന്നതിന്‍റെ   പത്തില്‍ ഒന്ന് പോലും സ്ഥലങ്ങളോ  ആള്‍ക്കാരെയോ  എനിക്കറിയില്ലല്ലോ ! പ്രവാസി ജീവിതത്തിന്റെ സംഭാവന ആണ് നാടിനെയും നാട്ടുകാരെയും കുറിച്ചുള്ള ഈ അറിവില്ലായ്മ.

നാലഞ്ചു സ്റെപ്പു കൂടി മുന്നോട്ട് വെച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നിന്ന് ഞങ്ങളോടായി അനീഷ്‌ പറഞ്ഞു
"എടാ പിന്നൊരു കാര്യം. ഞാന്‍ കാര്യമായി ഒന്നും ശ്രദ്ധിക്കില്ല കുട്ടിയെ. എല്ലാം നിങ്ങള്‍ വേണം നോക്കാന്‍.!. . . മനസ്സിലായല്ലോ....കാര്യം മനസ്സിലായല്ലോ ? "

"ആ കാര്യം നമ്മള്‍ ഏറ്റു ! പിന്നൊരു കാര്യം .. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ ചോദിച്ചത് പോലെ ഓരോ മണ്ടത്തരങ്ങള്‍ ചോദിച്ചു നീ ആയിട്ട് കുളമാക്കതിരുന്നാല്‍ മതി " ഒരു ചിരിയോടെ  സജി പറഞ്ഞു.


"എടാ പിന്നൊരു കാര്യം... അവര്‍ ചായയുടെ കൂടെ എന്തേലും ഒക്കെ കഴിക്കാന്‍ തരും. പെണ്ണിനെ നിനക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ , ഇനി ഒരിക്കലും അവരെ കാണേണ്ടി വരില്ല എന്ന് ഉറപ്പാണെങ്കില്‍...., അങ്ങനെ ആണെങ്കില്‍ മാത്രം  നീ വാരി വലിച്ചു കഴിച്ചോളു .. വേണേല്‍ കുറച്ചു പോക്കറ്റിലും ഇട്ടോ " - എന്നാല്‍ ആവുന്ന ഉപദേശം ഞാനും കൊടുത്തു.

എന്തായാലും നടന്നു നടന്നു വീടിന്റെ അടുത്തെത്തി... നടത്തത്തിനു അല്പം സ്പീട് കുറഞ്ഞു.

"ഇനി ഡീസെന്‍റ് ആവു ..ഡീസെന്‍റ് ആവു !" അനീഷ്‌  ഞങ്ങളെ തോണ്ടി.

വീടിന്‍റെ മുറ്റത്തെത്തി.കൊച്ചു വീട്. പക്ഷെ നല്ല അടക്കവും ഒതുക്കവും വൃത്തിയും ഉണ്ട്. വാതില്‍ അടഞ്ഞു കെടക്കുന്നു. പക്ഷെ അകത്തു ആള്‍ ഉണ്ടെന്നു ഉറപ്പു.അടുക്കളയില്‍ നിന്ന് ആണെന്ന് തോന്നുന്നു ... ചെറിയ ശബ്ദങ്ങള്‍ പുറത്തേക്കു കേള്‍ക്കാമായിരുന്നു.

ഞങ്ങള്‍ മുറ്റത്തു  തന്നെ നിന്നു . ഒന്ന് ചുമച്ചു നോക്കി . ആരും വന്നില്ല. ഒടുവില്‍ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി.വാതില്‍ പതുക്കെ തുറന്നു. ഒരു സുന്ദരികുട്ടി വാതില്‍ തുറന്നു. എന്നിട്ട് ഞങ്ങളുടെ മൂന്നു പേരുടെയും മുഖത്തേക്ക് നോക്കി.

"നല്ല കുട്ടി. എന്തൊരു ഐശ്വര്യം. കൊള്ളാം ഡാ."ഞാന്‍ മനസ്സില്‍ അനീഷിനെ  പ്രശംസിച്ചു.

 പാതി തുറന്ന വാതില്‍ മുഴുവന്‍ ആയി തള്ളി നീക്കി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു

"കേറി ഇരിക്ക്"  - എന്നിട്ട് വരാന്തയിലെ കസേരയിലേക്ക് അവള്‍ കണ്ണോടിച്ചു കാണിച്ചു.

കൊള്ളാം നല്ല തറവാടിത്തവും ആതിഥ്യ മര്യാദയും ഉള്ള കുട്ടി.

അപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം  "ആരാ മോളെ? "

അവള്‍ അടുക്കള ഭാഗത്തേക്ക് നോക്കി അല്പം ഉറക്കെ പറഞ്ഞു

"അമ്മെ,പിരിവിനു വന്നവരാ.. . ഉത്സവത്തിന്‍റെ പിരിവിനു!! " അവള്‍ അകത്തേക്ക് പോയി.

ടപ്പേ... എല്ലാ തകര്‍ന്നു!!! ഞങ്ങള്‍ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി.
"സന്ദേശം ... ശ്രീനിവാസന്‍...... ... ചായ ..സ്ക്രിപ്റ്റ് ! ഹോ എന്തൊക്കെ ആയിരുന്നു !" എല്ലാം പോയില്ലേ ! ഞാന്‍ പതുക്കെ ഉരുവിട്ടു

അനീഷിന്റെ മുഖം വിളറി വെളുത്തിരുന്നു. ചമ്മല്‍ എന്ന് പറഞ്ഞാല്‍ നല്ല എ ക്ലാസ്സു ചമ്മല്‍ !!!

 ഇങ്ങനെ ഒരു ഇമേജില്‍ ഇനി എങ്ങനെ പെണ്ണ് ചോദിക്കും!

"തോമസ്‌ കുട്ടീ വിട്ടോട" എന്ന് പറഞ്ഞു മുകേഷും കൂട്ട്കാരും ഓടുന്നത് പോലെ  അമ്മ വരാന്തയില്‍ എത്തുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കിയാലോ  എന്ന് ഓര്‍ത്തതാ ... പക്ഷെ ഇത് സിനിമ അല്ലല്ലോ! അപ്പഴേക്കും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് അമ്മ എത്തിയിരുന്നു.

അവര്‍ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ അനീഷ്‌ ചാടി കേറി അങ്ങോട്ട്‌ പറഞ്ഞു "ഏച്ചീ, ഞങ്ങള്‍ ഇവിടെ അടുത്ത് ഒരിടം വരെ പോയതാ. വല്ലാത്ത ദാഹം . അപ്പൊ  ഇവിടെ വന്നു കുറച്ചു വെള്ളം കുടിക്കാലോ  എന്ന് കരുതി  കേറിയത "



"ഓഹ്.. അതിനെന്താ ...ഇപ്പൊ തരാം " അവര്‍ അടുക്കളയില്‍ പോയി വെള്ളം കൊണ്ട് വന്നു. മൂന്നു പേരും ശരിക്കും വെള്ളം കുടിച്ചു.



ഒരു പക്ഷെ അങ്ങനെ ചാടി കേറി ചോദിച്ചില്ലായിരുന്നു എങ്കില്‍ അവര്‍ കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ടിനെയോ ഉത്സവത്തെയോ കുറിച്ച് എന്തെങ്കിലും ഒക്കെ പരാമര്‍ശനങ്ങള്‍ നടത്തിയേക്കും എന്ന് ഓര്‍ത്തിട്ടാണ് അവന്‍ ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് പിന്നീടു അവന്‍ തന്നെ പറഞ്ഞു ഞാന്‍ അറിഞ്ഞു.വെറുതെ എന്തിനാ ശവത്തില്‍ കുത്തിക്കുന്നെ എന്ന് പാവം ഓര്‍ത്ത്‌ പോയിക്കാണും!

കല്യാണ കഴിക്കാത്ത യുവാക്കള്‍ ജാഗ്രതൈ ! പിരിവിനു പോകുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.അല്ലെങ്കില്‍ പെണ്ണ് കാണാന്‍ പോകുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടി വരും! :)







എന്റെ മത്തിക്കുറിപ്പുകൾ

                    " ചേട്ടാ , ആവോലിക്ക് എത്രയാ "          " കെ.ജി 560 "  " ചെമ്മീനോ ? "       ...