2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

                                    ബാംഗ്ലൂർ ഓർമ്മകൾ -1 
                                --------------------------------------------
പത്തു പതിനെട്ടു വര്ഷങ്ങളുടെ വിദ്യാർത്ഥി  ജീവിതത്തിന്റെ ഒടുവിൽ , എനിക്ക് ജോലി ഓഫർ ചെയ്ത ബംഗളൂരിലെ കമ്പനിയിൽ ആദ്യദിനം ആണ്.
എത്താൻ പറഞ്ഞതിലും അല്പം നേരത്തെ തന്നെ ഞാൻ ഓഫീസിന്റെ മുന്നിൽ എത്തി. ഓഫീസിനു മുന്നിലെ സ്റ്റെപ്പുകൾ കേറുമ്പോൾ പെട്ടെന്നാണ് ഞാൻ അത് കണ്ടത് .

  മുന്നിൽ വലിയ ഒരു ചില്ല് വാതിൽ !

 അത് അടഞ്ഞു കിടക്കുന്നു.അത് തുറക്കുന്നത്  എങ്ങനെ ? വലിച്ചു തുറക്കാനോ തള്ളി തുറക്കാനോ ചില്ലിന്റെ മേലെ ഹാൻഡിൽ ഒന്നും കാണുന്നുമില്ല. ഞാൻ കേറി തള്ളി നോക്കിയാൽ... വല്ല അലാറവും മുഴങ്ങുമോ ? ആദ്യ ദിനം ആണ്. നാണം കെട്ടാൽ ഇനി അങ്ങോട്ട് എന്നും നാണക്കേടാ. ഇടിവെട്ടേറ്റ പോലെ സ്റ്റെപ്പിൽ ഒറ്റ നിപ്പാണ് ഞാൻ!

അകത്തിരിക്കുന്ന  റിസപ്‌ഷനിസ്റ് എന്റെ നേരെ നോക്കുന്നത് എനിക്ക് കാണാം. ചില്ലു മേടയിലിരുന്നെന്നെ കണ്ണെറിയുന്നോളെ ...  ഇത് തുറക്കാൻ അറിയാതോണ്ടാണ്  ഞാൻ ഇങ്ങനെ പോസ്റ്റ് ആയി നിക്കുന്നത് എന്നവൾക്ക് മനസ്സിലായോ ? ഏയ് അതനുവദിച്ചുകൂടാ.

 യുദ്ധകാലാടിസ്ഥാനത്തിൽ മാനം രക്ഷിക്കണം. ഉടനെ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് മൊബൈൽ പുറത്തെടുത്തു ചെവിയിൽ വെച്ച് "എന്താടാ വിളിച്ചത്?" എന്നും പറഞ്ഞോണ്ട്  ഞാൻ തിരിച്ചിറങ്ങി  എനിക്കൊരു കോൾ വന്നതുകൊണ്ടാണെന്ന് അവൾക്ക് വിശ്വസിച്ചു. മണ്ടി പെണ്ണ്!- മാനം ഹാപ്പി . മോനും ഹാപ്പി !

ഓഫീസിന്റെ മുന്നിലെ റോഡിനോട് ചേർന്ന് സാമാന്യം വലിയ ഒരു കുറ്റി  ചെടിയുണ്ട്. അതിന്റെ മറവിൽ ഞാൻ നിന്ന്. നിരീക്ഷണമാണ് . കേറി പോകുന്നവരെ. സ്വന്തം വീട്ടിലേക്ക് വരുന്നവരെ ഒളിച്ചു നിന്ന് നോക്കേണ്ടി വന്ന  വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെ പോലെ.

അധികം വൈകിയില്ല  അല്പം തടിച്ചു പൊക്കം കുറഞ്ഞ ഒരാൾ കയ്യിൽ ഒരു ബാഗുമെടുത്ത് നടന്നു കേറുന്നു. വാതിൽ താനേ തുറന്നു കൊടുക്കുന്നു. അയാൾ കേറി പോയ ഉടനെ വാതിൽ അടയുന്നു. ശെടാ !

അതുപോലെ ചുമ്മാ അങ്ങ് ഞാനും കേറിപോയാൽ വാതിൽ തുറന്നു തരുമോ? അങ്ങനെ എങ്കിൽ ആര് പോയാലും തുറക്കില്ലേ ? പിന്നെ എന്തിനാണ് അവിടെ ഒരു വാതിൽ . സംഗതി കോംപ്ലക്സ് ആവുകയാണ്.
 
ദേ അടുത്തവൻ നടന്നു പോകുന്നു. അവന്റെ  മുന്നിലും വാതിൽ താനേ തുറക്കപ്പെടുന്നു. പക്ഷെ അവന്റെ കഴുത്തിൽ ഒരു ഐഡി കാർഡ് തൂങ്ങി കിടക്കുന്നുണ്ട്. ഇനി അതാണോ ഇതിന്റെ ഗുട്ടൻസ്. പിന്നീട് കുറെ പേര് നടന്നു പോയി അവരുടെ ഒക്കെ കഴുത്തിൽ ഐഡി കാർഡുണ്ട് .

സമയം ഓടുകയാണ് .കാര്യം എന്ത് പണ്ടാരം വേണേലും ആട്ടെ. ചില്ലുവാതിലിനെ കുറിച്ച് പ്രബന്ധം എഴുതാൻ അല്ല ഞാൻ വന്നത് . പറഞ്ഞ സമയത്തു തന്നെ അകത്തു കേറി HR ഡിപ്പാർട്മെന്റിൽ റിപ്പോർട്ട് ചെയ്യണം. സമയനിഷ്ട   മുഖ്യം ബിഗിലെ!

 "ഉണക്കിലയുടെ കൂടെ പച്ചിലയും കത്തിക്കോളും" എന്ന് പണ്ട് അച്ഛൻ പഠിപ്പിച്ചു തന്ന ആ പഴഞ്ചോല്ലോർമ്മിച്ചു.ഐഡി കാർഡ് ധരിച്ചു നടന്നു പോകുന്ന രണ്ടു ചേട്ടൻമ്മാരുടെ ഇടയിൽ സ്ഥാനം പിടിച്ച് ഒരു സാൻവിച്ചായി  സകല ധൈര്യവും സംഭരിച്ച്   ഞാനും നടന്നകത്ത് കേറി . 

ഇതല്ല ഇതിലപ്പുറം ചാടി കടന്നവനാണീ കെ കെ ജോസഫ്!

ശുഭം !

ഇന്നും  ഇത്തരം ചില്ലു വാതിലുകൾ കാണുമ്പോ ആ പഴയ കാല ഓർമ്മകൾ പറന്നെത്താറുണ്ട് .

1 അഭിപ്രായം:

  1. അനുഭവം പഴയതാണെങ്കിലും എഴുത്തിൽ പുതുമയുണ്ട്..പെട്ടെന്ന് തീർന്നുപോയി എന്നൊരു പരാതി മാത്രം..

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...