Sunday, 1 January 2012

(അ)പരിചിതന്‍


"നല്ല   പരിചയമുള്ള  ആള്‍"  എന്ന്  മനസ്സ് തറപ്പിച്ച്  പറയുന്നു.പക്ഷെ  എപ്പോ  എവിടെവച്ച്  ഇതിനു  മുന്‍പ്  അയാളെ  കണ്ടെന്നോ  അയാളുടെ പേര്  എന്തെന്നോ  ഓര്‍ത്തെടുക്കാന്‍  പറ്റുന്നില്ല. ഇങ്ങനെ   ഒരു  അവസ്ഥയിലേക്ക്  എന്നെ  തള്ളിവിട്ടിട്ട്   കടന്നുപോയ  നിമിഷങ്ങള്‍ എന്റെ  ജീവിതത്തില്‍  പലപ്പോഴായി  ഉണ്ടായിട്ടുണ്ട്. "ഇതൊരു  രോഗമാണോ  ഡോക്ടര്‍? " എന്നെഴുതി  വല്ല  പട്ടാംബിയിലെയോ  പൊന്കുന്നത്തെയോ രമണിയുടെയോ  യെശോഥയുടെയോ പേരില്‍  "ഡോക്ടറോട്  ചോദിക്കാം" പംക്തിയില്‍  ഏതെങ്കിലും  വാരികകളില്‍  അയച്ചുകൊടുത്താലോ  എന്ന്
ചിലപ്പോള്‍ ഒക്കെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട് .എന്തായാലും അതിനു ഞാന്‍ ഇത് വരെ തുനിഞ്ഞിട്ടില്ല

  അവസാനമായി  ഇങ്ങനെ  ഒരു  അവസ്ഥയില്‍  ഞാന്‍  എത്തിപ്പെട്ടത്  കഴിഞ്ഞ  വെള്ളിയാഴ്ച  ദിവസം  ആയിരുന്നു. ഫുഡ്‌  കോര്‍ട്ടില്‍  നിന്നും  ഉച്ച ഭക്ഷണവും  കഴിച്ചു   സഹ  ഉച്ചഭക്ഷികരെ  കുറിച്ച്   കുറെ  ഉള്ളതും  ഇല്ലാത്തതും  പറഞ്ഞു  കളിയാക്കി  ഞാന്‍ തിരിച്ച് ഓഫീസിലേക്ക്  നടന്നു  പോവുകയായിരുന്നു .അപ്പൊ  എതിരെ  വരുന്നു  ഒരു  പരിചിത  മുഖം.ദൂരെ  നിന്ന്  തന്നെ അയാളുടെ കണ്ണുകള്‍ അല്പം  അത്ഭുതത്തോടെ  എന്റെ  മുഖത്തോട്ടു  നോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പുള്ളിക്ക്  എന്നെ  മനസ്സിലായി  എന്നുറപ്പ്.പക്ഷെ എനിക്കങ്ങട് ആളെ പിടി കിട്ടുന്നില്ല.എന്റെ നാട്, ബന്ധുവീടുകള്‍, ഞാന്‍  പഠിച്ച  സ്കൂളുകള്‍, കോളേജുകള്‍ എല്ലായിടത്തും  ഞാന്‍  ഒരു  ഓട്ടപ്രദക്ഷിണം നടത്തി.ഒരു  രെക്ഷേം ഇല്ല. പുള്ളിയുടെ  വിലാസം കിട്ടുന്നില്ല. നടത്തം  പുരോഗമിക്കുംതോറും  പുള്ളിയും  ഞാനും  തമ്മിലുള്ള  അകലം  കുറഞ്ഞു  കുറഞ്ഞു വരികയാണ്. പഠിപ്പിച്ച  പാഠഭാങ്ങളിലെ   ചോദ്യം  മാഷ്  ചോദിച്ചിട്ട്  എക്സ്ട്രാ  ടൈം  കഴിഞ്ഞിട്ടും  ഉത്തരം കൊടുക്കാന്‍  പറ്റാതെ  എന്നാല്‍ നാക്കിന്‍തുമ്പില്‍  ഉത്തരം   ഉണ്ടെന്ന  ഒരു  ഫീലിങ്ങില്‍  നില്‍ക്കുന്ന  ഒരു  വിദ്യാര്‍ഥിയെ   പോലെ  ഞാന്‍  പരുങ്ങി.അവസാനം  പുള്ളി  ഒരു  കൈ  അകലത്തില്‍  എത്തി .രണ്ടുപേരും  ഒന്ന്  നിന്നു .അയാള്‍  എന്നെ  നോക്കി  ഒന്ന്  പുഞ്ചിരിച്ചു.അപരിചിതത്വം  നടിക്കാതെ ഞാനും  ഒന്ന്  മന്ദഹസിച്ചു.ചിരിയുടെ  റോള്‍  തീര്‍ന്നു. "അടുത്തതായി  രംഗത്ത്  വരുന്നത്  ചെസ്റ്റ്  നമ്പര്‍  36" എന്ന്  സ്കൂള്‍  യുവജനോത്സവ വേദിയില്‍  അനൌണ്‍സ്   ചെയ്യുന്നത്  പോലെ  ആരോ  നിശബ്ദമായി   നാക്കിനെ  അരങ്ങത്തേക്ക്   വിളിച്ചു.

 നാക്ക്  വന്നു.പക്ഷെ   എന്ത്  ചോദിക്കണം  എവിടെ  തുടങ്ങണം  എന്നൊരു  ധാരണയും  ഇല്ല.ആദ്യം  ഇയാള്‍  ഏതു  ഭാഷക്കാരന്‍  ആണെന്ന്  അറിയണം. എന്നാലേ  "എടാ എന്തുണ്ട് ?" എടുക്കണോ  "hi, how are you" എടുക്കണോ  എന്ന്  തീരുമാനിക്കാന്‍  പറ്റു. ഒരു  ലോക  ഭാഷ  എന്ന  നിലയില്‍  "hi how are you" എടുക്കുന്നത്  സൈദ്ധാന്തികമായി   തെറ്റില്ല  പക്ഷെ  പ്രതിക്രിയാ  വാദികളും  ബൂര്‍ഷ്വാസികളും  തക്കം  പാര്‍ത്തിരിക്കുന്നത്  കാരണം അത്  പറ്റില്ല. ഒരു  മലയാളി  മറ്റൊരു  മലയാളിയോട്  ഇംഗ്ലീഷില്‍  സംസാരിച്ചാല്‍ ( അതും  ഏറെ  കാലത്തിനു  ശേഷം  കാണുന്ന  ഒരാളോട് ) അഹങ്കാരത്തിന്റെ  തലതൊട്ടപ്പന്‍  ആയി  ആ  ആംഗലേയ  മലയാളിയെ  വാഴ്ത്തിക്കൊണ്ട്   തനിമലയാളി  ഒരു  അമ്പലം  തന്നെ  പണിയും.എന്നിട്ട  അവന്‍  അറിയാവുന്ന  ആള്‍ക്കാരെ   ഒക്കെ  വിളിപ്പിച്ച്  മിനിമം  100 പുഷ്പാഞ്ജലി എങ്കിലും  കഴിപ്പിച്ചേ  അടങ്ങു. നമ്മളും
ചെയ്തിട്ടുള്ളതാണിതൊക്കെ. അതുകൊണ്ട്  നല്ല  ധാരണ  ഉണ്ട്.


 പെണ്‍കുട്ടി  ആയിരുന്നു  എങ്കില്‍  ഒറ്റ  നോട്ടത്തില്‍  മലയാളി  ആണോ  അല്ലയോ  എന്ന്  പറഞ്ഞേനെ. ഇതിപ്പോ  ആണാ  വര്‍ഗ്ഗം. ആണ്‍ പിള്ളേരുടെ   സ്വദേശ നിര്‍ണ്ണയത്വം നടത്തി  ശീലിച്ചിട്ടില്ലഅയാള്‍ക്ക്‌  നേരെ  പിടിച്ച  ചിരിയുടെ  നീളം  കൂട്ടിയും  കുറച്ചും  അതിനൊപ്പം  താളത്തില്‍  മൂളിയും  ഞെരങ്ങിയും  എന്തെങ്കിലും സംഭവിപ്പിക്കണേ ദൈവമേന്നു പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ നിന്നു.ടയര്‍  ചെളിയില്‍ പൂണ്ടു പോയ വണ്ടിയുടെ ഡ്രൈവര്‍ നെപോലെ ആരെങ്കിലും വന്നു ഒന്ന്  തള്ളാന്‍ വേണ്ടി ഞാന്‍ കാത്തു നിന്നു.

  ദൈവം  വിളി  കേട്ടു. എന്റെ  പരുങ്ങല്‍  കണ്ടിട്ടോ  എന്തോ  എന്നറിയില്ല നിശബ്ധതയ്ക്ക്  ഭംഗം  ഇട്ടുകൊണ്ട്  ആ  പുള്ളിക്കാരന്‍  ചോദിച്ചു

 "എന്താ  മനസ്സിലായില്ലേ ?"

വെള്ളത്തില്‍  മുങ്ങി  മരിക്കാന്‍  പോകുന്നവന്  നേരെ  എറിഞ്ഞു  കൊടുത്ത  മുറിഞ്ഞു  തൂങ്ങുന്ന  ഒരു  കയര്‍  പോലെ  ആയിരുന്നു  ആ  ചോദ്യം. കാരണം പുള്ളി  മലയാളി  ആണെന്ന്  മനസ്സിലായി. പക്ഷെ അതോടൊപ്പം  വന്ന  " മനസ്സിലായില്ലേ?"  എന്ന  ചോദ്യം  വീണ്ടും  പ്രശ്നമാകുന്നു . എന്റെ  അടുത്തതോ   അകന്നതോ  ആയ   ബന്ധുജന  ചങ്ങലയിലെ ഏതെങ്കിലും  ഒരു  കണ്ണിയാണ്  ഇയാള്‍  എങ്കില്‍  ഞാന്‍  " മനസ്സിലായില്ല " എന്ന്  പറഞ്ഞാല്‍  അടുത്ത  തവണ  നാട്ടില്‍  ഏതെങ്കിലും  ഒരു  ബന്ധുവിന്റെ കല്യാണവീട്ടില്‍ വെച്ചോ മറ്റോ  എന്നെ  കിട്ടിയാല്‍  ബന്ധുസഭ  എന്നെ  നിര്‍ത്തി  പൊരിക്കും.കളിയാക്കി കൊല്ലും. അതുകൊണ്ട്  രണ്ടും   കല്‍പ്പിച്ച്  ഞാന്‍  പറഞ്ഞു.

"അയ്യോ  അറിയാതെ  പിന്നെ ! ഈ  കമ്പനിയില്‍  തന്നെ  ഉണ്ടായിരുന്നോ  ഇത്രേം  കാലം? "

"ഹേയ്‌  ഇല്ല . ഞാന്‍  ഒരു  മാസമേ  ആയുള്ളൂ  ജോയിന്‍  ചെയ്തിട്ട് " എന്ന് പുള്ളി മൊഴിഞ്ഞു.

"ഏതു  ബില്‍ഡിംഗ്‌ ?.. ഏതു  പ്രൊജക്റ്റ്‌ ?.. വര്‍ക്ക്‌  ചെയ്യുന്ന  ടെക്നോളജി ?.. എവിടെ  താമസം ?" എന്നൊക്കെ  ചോദിച്ചു -  ചരല്‍   വാരി  ഏറിയുന്ന  പോലെ. ഏതെങ്കിലും  ഒന്ന്  എനിക്ക്  സഹായകമായ  ഉത്തരം  തരുമെന്ന്  കരുതി . പക്ഷെ  എല്ലാം  വ്യര്‍ത്ഥമായിപ്പോയി.വെറും  വെറുതെ  ആയി  പോയി.

ഇന്ധനം  തീര്‍ന്നു . ഇനി  എന്ത്  ചോദിക്കണം  എന്നറിയില്ല .പുള്ളി  ആണേല്‍  ഒന്നും  ഇങ്ങോട്ട്  ചോദിക്കുന്നുമില്ല. വീണ്ടും  പുഞ്ചിരി  തുടര്‍ന്നു.  അയാളുടെ കഴുത്തില്‍  തൂങ്ങി  കിടക്കുന്ന  ഐഡി   കാര്‍ഡില്‍  ഒരു  മിന്നായം  പോലെ ഒന്ന്   നോക്കി പേര് വായിച്ചെടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തി. നോ  രക്ഷ . വായിക്കാന്‍ പറ്റുന്നില്ല.

അവസാനം ഒരു  ബള്‍ബ്‌  കത്തി .
 "ഇപ്പൊ  എമ്പ്ലോയീ  നമ്പര്‍  ഒക്കെ  എവിടെ  എത്തി  എന്നൊന്ന്  നോക്കട്ടെ ...ഒരു പാട് പേര്‍ ജോയിന്‍ ചെയ്യുന്നുണ്ടല്ലോ ഈയിടെ ആയി " എന്നും  പറഞ്ഞു  കഴുത്തില്‍  തൂങ്ങി  കെടക്കുന്ന അയാളുടെ  ഐഡി  കാര്‍ഡ്‌  ഞാന്‍  കയ്യില്‍  എടുത്തു.. വായകൊണ്ട് ഉറക്കെ അയാളുടെ എമ്പ്ലോയീ  നമ്പറും മനസ്സുകൊണ്ട്  പതിയെ അയാളുടെ പേരും ഞാന്‍ വായിച്ചു  പേരാണ് വായിക്കുന്നത് എന്ന് പുള്ളിക്ക് തോന്നരുതല്ലോ.

 യുട്യൂബില്‍  മനസ്സിന് ഇമ്പമാര്‍ന്ന  വീഡിയോകള്‍   കാണുമ്പോള്‍  ബാക്ക്ഗ്രൌണ്ട്  ല്   ഭക്തിപ്പാട്ട്   ഉറക്കെ  വെച്ച്  എല്ലാവരെകൊണ്ടും  മാന്യന്‍, ശുദ്ധഭക്തന്‍,ഭക്ത കുചേലന്‍    എന്നൊക്കെ  തെറ്റിദ്ധരിപ്പിച്ചിരുന്ന  എന്റെ  റൂംമേറ്റ്‌  ഷിനുവിനു സ്തുതി ... ഇങ്ങനെ  ഒരു  ഐഡിയ  കാണിച്ചു  തന്നതിന്.

അങ്ങനെ  പുള്ളിയുടെ പേര് കിട്ടി- ശ്രീകാന്ത്

"ഓഹ്  ഇത്രെയും  ആയി  അല്ലെ നമ്പര്‍ !..." എന്ന് ഒരു ആത്മഗതമെന്നോണം ഞാന്‍ പറഞ്ഞു.

"അപ്പൊ  നിങ്ങളുടെത്  എത്രയ?" എന്ന്  ചോദിച്ചോണ്ട്   അയാളും  എന്റെ  ഐഡി   കാര്‍ഡ്‌  പിടിച്ചു  വായിച്ചു.

 ഓഹ്   ഹോ  അപ്പൊ  പുള്ളിയും  അതേ  ട്രിക്ക് ഉപയോഗിച്ചോ !"ജോസഫേ കുട്ടിക്ക് ഇംഗ്ലീഷ് അറിയാം " എന്ന് പറഞ്ഞ ജഗതിയുടെ അവസ്ഥയായി എന്റെതും.

ഇനിയിപ്പോ  ശെരിക്കും  എമ്പ്ലോയീ  നമ്പര്‍  അറിയാന്‍  വേണ്ടി  തന്നെ  ആണോ ? അങ്ങനെ  ആണെങ്കില്‍  ഓക്കേ .അല്ലെങ്കില്‍...  അയാളുടെ  വീട്ടിലും ഭക്തി  സാന്ദ്രമായ  അന്തരീക്ഷം  സൃഷ്ടിക്കുന്ന  മറ്റൊരു  ഷിനോജ്  ഉണ്ടെന്നോ  അല്ലെങ്കില്‍  ഇത് കാലദേശ   ഭേദമന്ന്യേ  എല്ലായിടത്തും  മനുഷ്യര്‍ ഇത് പോലെ ഉള്ള സാഹചര്യങ്ങളില്‍  ഉപയോഗിച്ചിരുന്ന  ട്രിക്ക്  ആണെന്നോ  ഞാന്‍  വിശ്വസിക്കേണ്ടിയിരിക്കുന്നു.

അപ്പോഴാണ്‌ അടുത്ത മാരണം പിടിച്ച ചോദ്യം അയാള്‍ ചോദിച്ചത് .
 "നമ്മുടെ കോളേജില്‍  നിന്നുള്ള ആരൊക്കെ ഉണ്ട് ഇവിടെ?"

ഗുഡ്.അപ്പൊ .കോളേജില്‍ വെച്ചാണ്  ഈ ബാധ എന്നില്‍ കേറിയത്. പക്ഷെ ഡിഗ്രിയ്ക്ക് പഠിച്ച കോളേജ് ആണോ അതോ പിജിയ്ക്ക് പഠിച്ച കോളേജ് ആണോ എന്നറിയില്ല. അതുകൊണ്ട് എങ്ങും തൊടാതെ  ഞാന്‍ ഇങ്ങനെ മൊഴിഞ്ഞു.

"ഇവിടെ ഇപ്പൊ ... ആരാ.. ഹേ ഇല്ല.. വേറെ ആരും ഇല്ല എന്ന് തോന്നുന്നു.."

" അപ്പൊ അനിലേട്ടനും ഇവിടം വിട്ട് പോയോ? " പുള്ളി ചാടിക്കേറി ചോദിച്ചു ?

അനിലേട്ടനോ.. ഓഹ്.. നമ്മുടെ അനില്‍ . എന്റെ എം .സി.എ ക്ലാസ്സ്‌ മേറ്റ്. അത് ശെരി അപ്പൊ അങ്ങനെ വഴിക്ക് വാ... എല്ലാം പിടികിട്ടി. എം സി എ യ്ക്ക് എന്റെ ജൂനിയര്‍ ആയിരുന്ന ആ ശ്രീകാന്ത് ആണ് ഈ ശ്രീകാന്ത്.

എങ്കിലും നമ്മള്‍ തോറ്റു കൊടുക്കരുതല്ലോ. ഇത്രയും നേരത്തെ അദ്ദ്ധ്വനം വെറുതെ ആവാന്‍ പാടില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു


"അനില്‍ ഇവിടെ തന്നെ ഉണ്ട്.. അത് അറിഞ്ഞൂടായിരുന്നോ ? ഞാന്‍ കരുതി വേറെ ആരാ ഉള്ളത് എന്നാ ചോദിച്ചത് എന്ന് " 

അങ്ങനെ അശ്വമേഥം പരിപാടിയില്‍ ഉത്തരം കിട്ടിക്കഴിഞ്ഞു  വിജയശ്രീ ലാളിതനായി ക്യാമറയെ നോക്കുന്ന ശ്രീമാന്‍ ജി എസ് പ്രദീപിനെ പോലെ ഞാന്‍ അവന്റെ മുഖത്തേക്ക്നോക്കി. പിന്നെ കുറെ നേരം സംസാരിച്ചു. അവസാനം  ഒരു  ലെമണ്‍ ജ്യൂസ്‌ കുടിച്ച്  ഞങ്ങള്‍  പിരിഞ്ഞു.


തിരിച്ചു  ഓഫീസിലേക്കുള്ള  നടത്തത്തില്‍ , എതിരെ  വരുന്ന  ആരുടേയും  മുഖത്ത്  നോക്കാതിരിക്കാന്‍  ഞാന്‍  പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. അടുത്ത അപരിചിതനായ പരിചിതനെ നേരിടുന്നതിനു മുന്‍പ് എനിക്ക് ഒരല്പം വിശ്രമം വേണം.
.


7 comments:

 1. . ആണ്‍ പിള്ളേരുടെ സ്വദേശ നിര്‍ണ്ണയത്വം നടത്തി ശീലിച്ചിട്ടില്ല
  hi hi

  ReplyDelete
 2. സംഭവം കലക്കി ....
  ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോവാം കഴിയുന്നുണ്ട് ...

  ഇതുവരെ വായിചിട്ടിലെങ്കില്‍ ഈ ബ്ലോഗ്‌ വായിക്കാന്‍ ശ്രമിക്കു ...
  http://brijviharam.blogspot.com/2010/02/blog-post.html
  ഞാന്‍ ഇതേ വരെ വായിച്ച മലയാള ബ്ലോഗുകളില്‍ my favorite !!!

  ReplyDelete
 3. സമിത് ജി, ബോര്‍ അടിപ്പിച്ചില്ല എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം. അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല :)
  പിന്നെ താങ്കള്‍ പറഞ്ഞ ലിങ്ക്... ഫ്രീ ആവുമ്പോള്‍ ഞാന്‍ വായിക്കാം. ഒരു പാട് നന്ദി :)

  ReplyDelete
 4. കടിച്ചാല്‍പ്പൊട്ടാത്ത വാക്കുകളുടെ അതിപ്രസരം ഉണ്ടല്ലോ പ്രജിത്തേ...

  അല്ല ഇതൊക്കെ നിനക്ക് അറിയാവുന്ന വാക്കുകള്‍ തന്നെ....


  എംസിഎക്ക് പഠിച്ച(ജൂനിയറായിട്ടാണെങ്കിലും) ഒരാളെ നീ ഇത്ര വേഗം മറന്നോ? ശ്ശോ

  ഈ അവസ്ഥയില്‍ പലരും പോയിട്ടുണ്ട്, പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കടന്ന് പോയ മുഖങ്ങളാണ് ഇങ്ങനെ എന്നെ ചുറ്റിക്കാറ്.....

  ReplyDelete
 5. രജിത്തേട്ട കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉണ്ടോ ഇതില്‍ ? എന്തായാലും ഇനി ശ്രദ്ധിക്കാം.
  പിന്നെ മറവിയുടെ കാര്യം.. അല്പം ദയനീയമാണ് എന്റെ അവസ്ഥ :(

  ReplyDelete
 6. ഇതുപോലെ ഒരനുഭവം എനിക്കും ഉണ്ട് (ഒന്നല്ല ഒരുപാട് ഉണ്ട്) പക്ഷെ അവൻ എന്നെ നിർത്തി പൊരിച്ചു കളഞ്ഞു. അടുത്ത അമളിക്കഥയാക്കാൻ വച്ചിരിക്കുന്നു.

  ഈ ബുദ്ധി ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിലും എനിക്കു കാര്യം ഉണ്ടാകുമായിരുന്നില്ല കാരണം ഞങ്ങളുടെ കഴുത്തിൽ അന്ന് ഐ ഡി കാർഡ് ഇല്ലല്ലൊ

  ReplyDelete

അഭിപ്രായം അറിയിക്കാൻ


വായിച്ചെങ്കില്‍ ഒന്ന് അഭിപ്രായം രേഖപ്പെടുത്തണേ...