രതീശന്‍ മാഷ് ക്ലാസ്സിലേക്ക് കേറി വന്നു. ക്ലാസ്സിലെ ശബ്ദ കോലാഹലങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു. മുന്‍ നിരയിലെ ബെഞ്ചില്‍ ഇരിക്കുന്ന ചിലരോട് അല്പസ്വല്പം കുശലാന്വേഷണങ്ങള്‍ നടത്തിയതിനു ശേഷം മാഷ് ആരുടെയോ കയ്യില്‍ നിന്ന് ഒരു മലയാളം പുസ്തകം വാങ്ങി കയ്യില്‍ പിടിച്ചു. താളുകള്‍ മറിച്ചു നോക്കി ... എന്നിട്ട് പുസ്തം നടുവേ മടക്കി ഇടതു കയ്യില്‍ പിടിച്ചതിനു ശേഷം വലതു കൈ കൊണ്ട് ഒന്ന് ഇസ്തിരി ഇട്ടു. അത് കഴിഞ്ഞു വലതു കയ്യിലെ പെരുവിരലും നടുവിരലും കൂട്ടി ഉരസി ഒരു "ടക്" ശബ്ദം ഉണ്ടാക്കി. എന്നിട്ട് ക്ലാസ്സിനെ നോക്കി ചോദിച്ചു ...
"അപ്പൊ തുടങ്ങലോ"
"തുടങ്ങണ്ട" എന്ന് പറയാന്‍ പറ്റില്ലല്ലോ... എല്ലാവരും തലകുലുക്കി സമ്മതിച്ചു.
ക്ലാസ്സ് തുടങ്ങി... രതീശന്‍ മാഷ് കത്തി കേറാന്‍ തുടങ്ങി ...കുട്ടികൃഷ്ണമാരാര്‍ കേരളത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. അപ്പൊ ക്ലാസ്സിലെ ബാക്ക് ബെഞ്ചില്‍ ഒരു മുറുമുറുപ്പ് ... മാഷ് ഒരു കണ്ണിട്ടു നോക്കി. മുറുമുറുപ്പ് കുറയുന്നില്ല. കൂടെ എല്ലാവരും തിരിഞ്ഞു നോക്കി.
ദീപക് അടുത്ത് ഇരിക്കുന്ന ആളോട് കാര്യമായി സംസാരിക്കുകയാണ്. എന്തോ പറഞ്ഞു തര്‍ക്കിക്കുന്നു. ഇടയ്ക്കിടക്ക് ജനാലയിൽ കൂടി പുറത്തേക്ക് നോക്കുന്നുമുണ്ട്. പുറത്തേക്കു നീട്ടി പിടിച്ച ആ മുഖത്ത് ആകാംക്ഷയും അമ്പരപ്പും മാറി മാറി വരുന്നുണ്ട് . പക്ഷെ ഇത്രയും പേര്‍ തിരിഞ്ഞു നോക്കിയിട്ടും , കുട്ടി കൃഷ്ണമാരാരുടെ സംഭാവനകള്‍ പൊടുന്നനെ നിലച്ചിട്ടും ദീപക് അറിഞ്ഞതെയില്ല.
അത്രയും ഗഹനമായ ആ ചർച്ചാ വിഷയം എന്തെന്നറിയാൻ എല്ലാവര്ക്കും ആകാംക്ഷ ആയി.
ക്ലാസ്സ് മുഴുവന്‍ നിശബ്ദമായി ...അടക്കി പിടിച്ചാണെങ്കിലും ഇപ്പൊ എല്ലാവര്‍ക്കും സംസാരം വ്യക്തമായി കേള്‍ക്കാം.
അത്രയും ഗഹനമായ ആ ചർച്ചാ വിഷയം എന്തെന്നറിയാൻ എല്ലാവര്ക്കും ആകാംക്ഷ ആയി.
ക്ലാസ്സ് മുഴുവന്‍ നിശബ്ദമായി ...അടക്കി പിടിച്ചാണെങ്കിലും ഇപ്പൊ എല്ലാവര്‍ക്കും സംസാരം വ്യക്തമായി കേള്‍ക്കാം.
ദീപക് : "അത് മാധവേട്ടന്റെ കാറ് തന്ന്യ.."
പ്രവീണ്‍ : "അല്ല ഡ " (പതുക്കെ )
ദീപക്: "നീ അന്നോടാ പറീന്ന് ? ഒച്ച കേട്ടാല്‍ അനക്കറയ മോനെ.. "
ദൂരെ എവിടുന്നോ സ്കൂൾ അങ്കണം ലക്ഷ്യമാക്കി വരുന്ന ഏതോ ഒരു കാറിന്റെ ശബ്ദം അടിസ്ഥാനമാക്കിയായിരുന്നു ഈ ഘോരമായ ചർച്ച!
ദേഷ്യംകൊണ്ട് തുടുത്ത രതീശന്‍ മാഷ് ദീപക്കിനെ നോക്കി വിരല്‍ ഞൊടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...
"ദീപക്കേ... പൊറത്ത് പൊയ്ക്കോ"
ദീപക്ക് തറവാടി ആണ്. മാഷ് ഒരു തവണ പറഞ്ഞപ്പോ തന്നെ യാതൊരു മടിയും കൂടാതെ ദീപക് എഴുന്നേറ്റു. പുറത്തേക്ക് പോകാന്‍ വേണ്ടി തുടങ്ങവേ അവസാനമായി ഒന്ന് കൂടി ജനാലയില്‍ കൂടി പുറത്തേക്ക് എത്തി നോക്കി ... എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ പ്രവീണിനെ നോക്കി പറഞ്ഞു
"ഞാന്‍ പറഞ്ഞില്ലേ... അത് മാധവേട്ടന്റെ കാറാന്നു ! നോക്ക്.. വണ്ടി അതാ ആട! "
ക്ലാസ്സില്‍ ഒരു കൂട്ട ചിരി ആയിരുന്നു പിന്നെ...ദേഷ്യത്താല്‍ വിറയ്ക്കുന്ന മാഷിന്റെയും പരിഹാസ ചിരിയോടെ തുറിച്ചു നോക്കുന്ന പിള്ളേരുടെയും മുന്നിലൂടെ ഇളിഭ്യനായി ദീപക് പുറത്തേക്ക് നടന്നകന്നു. പക്ഷെ അവന്റെ മനസ്സില്‍ അവന്‍ വിജയശ്രീ ലാളിതന്‍ ആയ സേതുരാമയ്യര്‍ ആയിരുന്നു.
അന്യാധീനപ്പെട്ടു പോകുമായിരുന്ന ഒരു കാറിനു ഉടമസ്ഥനെ കണ്ടെത്താനായ സേതുരാമയ്യര്‍ !
അന്യാധീനപ്പെട്ടു പോകുമായിരുന്ന ഒരു കാറിനു ഉടമസ്ഥനെ കണ്ടെത്താനായ സേതുരാമയ്യര്‍ !