"എത്രയായി നമ്മൾ ഒരു ട്രിപ്പ്പോയിട്ട്" ഭാര്യയുടെ സ്ഥിരം ചോദ്യത്തിന് മുന്നിൽ ഇത്തവണ കീഴടങ്ങാൻ ഞാൻ തീരുമാനിച്ചു. എനിക്കും വേണം ഒരു ബ്രേക്ക്.
"സിംഗപ്പൂർ, മലേഷ്യ,ബാലി അങ്ങനെ എവിടെ എങ്കിലും?"
"അയ്യോ അതൊക്കെ ഒത്തിരി കാശ് ആവും. നടപടി ആവുന്ന കേസല്ല" - ഞാൻ അതവിടെതന്നെ അടക്കം ചെയ്തു .
"എന്ന മാലിദ്വീപ് ആക്കാം . അത് ചീപ് ആയി പോയി വരാൻ പറ്റും എന്ന എന്റെ പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട് " - അവൾ വിടാൻ ഉദ്ദേശ്യമില്ല.
അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ് - നാല് പേർക്കുള്ളത് ,
താമസം , ഭക്ഷണം ഒക്കെ കണക്കു കൂട്ടിയപ്പോ എന്റെ പുരികം ചുളിഞ്ഞു.
ഒറ്റയ്ക്ക് നേരിടൽ പാടാണ് . അതുകൊണ്ട് സര്വ്വ സമ്മതനായ ഒരാളെ കൂട്ടിനു പിടിച്ചു ഞാൻ പറഞ്ഞു -"നീ മറന്നോ ഏറ്റവും വലിയ സഞ്ചാരി ആയ സന്തോഷ് ജോർജ് കുളങ്ങര സർ പറഞ്ഞത് , ആദ്യം നമ്മൾ ഭാരതം കണ്ടു തീർക്കണം എന്ന്. എന്തോരം കാണാൻ ഉണ്ട് നമ്മുടെ ഭാരതത്തിൽ"
"അതായാലും മതി കുളു ,മണാലി ഒക്കെ പോകാം "
എന്നിലെ അബാക്കസ്സ് വീണ്ടും വർക്കുചെയ്തു. ഇതും നമ്മുടെ ഷഡ്ജം കീറുന്ന പരിപാടി ആണ് . ഇവളെ എങ്ങനെ എങ്കിലും കേരളമെന്ന ഇട്ടാവട്ടത്തിലേക്ക് കൊണ്ട്വന്നേ പറ്റു .
ഞാൻ പറഞ്ഞു -"സമ്മതിച്ചു . നമുക്ക് പക്ഷെ ആദ്യം കേരളത്തിൽ നിന്നും തുടങ്ങാം. ഇത്തവണ നമുക്ക് കൊച്ചി കണ്ടു തീർക്കാം. പിന്നെ പിന്നെ നമുക്ക് പടി പടിയായി ഇന്ത്യ മൊത്തം കവർ ചെയ്യാം. "
ഒരു നിരാശയോടെ അവൾ അവിടുന്ന് എഴുന്നേറ്റു പോകും എന്ന് കരുതി കൺകോണിലൂടെ ഞാൻ ഒന്ന് വീക്ഷിച്ചപ്പോ അവൾ മന്ദഹസിച്ചുകൊണ്ട് എന്നെ നോക്കി ഇരിക്കുന്നു !എന്നിട്ട് അവൾ മൊഴിഞ്ഞു - " കൊച്ചി യെ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു . അങ്ങ് സിംഗപ്പൂരിൽ തുടങ്ങിയാലേ ഒടുക്കം കൊച്ചിയിൽ പിടി വീഴു എന്നറിയാവുന്നത്കൊണ്ട് തന്നെ ആണ് ഞാൻ പറഞ്ഞെ. ആദ്യം തന്നെ കൊച്ചി പറഞ്ഞിരുന്നേൽ ഏട്ടൻ പറയും നമ്മുക്ക് കണ്ണൂർ കോട്ട കാണാം , പയ്യാമ്പലം ബീച്ചിൽ പോകാം , ഐസ് ക്രീം കഴിച്ചു മടങ്ങാം .ചലോ കൊച്ചി " എന്നും പറഞ്ഞു അവൾ അടുക്കളയിലെ പണിയിലേക്ക് തിരിച്ചു പോയി.
ഒരു ദശകത്തെ വൈവാഹിക ജീവിതം എന്നത് ചെറിയ ഒരു പഠനകാലം അല്ല എന്നെനിക്ക് അവൾ മനസ്സിലാക്കി തന്നു .
ഇനി ടിക്കറ്റു ബുക്ക് ചെയ്യണം.
സാധാരണ ,ഫാമിലിയായി എവിടേക്കെങ്കിലും ട്രിപ്പ് പോകുമ്പോൾ യാത്രാമാർഗം ബുക്ക് ചെയ്യേണ്ട വേളയിൽ അങ്ങോട്ടുള്ള യാത്ര അല്പം കഷ്ടപ്പെട്ട് പോയാലും തിരിച്ചു വരവ് പരമാവധി സുഖകരമാക്കാൻ ആണ് ശ്രമിക്കാറുള്ളത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, അങ്ങോട്ട് ജെനെറൽ കമ്പാർട്ടുമെന്റിൽ പോയാലും തിരിച്ചു വരുന്നത് ഒരു AC കംപാർട്മെന്റിൽആയിരിക്കും.
ഒന്ന് രണ്ടു കാരണങ്ങൾ ഉണ്ടിതിന് പിന്നിൽ.
ഒരു സ്ഥലത്തേക്ക് ട്രിപ്പ് പോകുമ്പോൾ നമ്മൾ പൊതുവെ മാനസിക ശാരീരിക വെൽനെസ് ന്റെ മൂർദ്ധന്യത്തിൽ ആയിരിക്കുമല്ലോ. അതുകൊണ്ട് തന്നെ യാത്രയിൽ ചെറിയ കഷ്ടപ്പാടുകൾ ഉണ്ടായാലും നമ്മൾ അതൊക്കെ അവഗണിക്കാനോ തരണം ചെയ്യാനോ സുസജ്ജരായിരിക്കും.കാരണം മനസ്സ് മുഴുവൻ "ലക്ഷ്യത്തിൽ എത്തുക" എന്ന ലക്‌ഷ്യം മാത്രമാണല്ലോ . അത് മുതലാക്കി അങ്ങോട്ടുള്ള യാത്രയിൽ എന്നെ പോലുള്ള കുടുംബനാഥൻമ്മാർ പറ്റുന്നിടത്തൊക്കെ നുള്ളിപൊറുക്കി സേവ് ചെയ്യും.
തിരിച്ചു വരുമ്പോൾ നേരെ തിരിച്ചാവും കാര്യങ്ങൾ. കുറച്ചു ദിവസത്തെ സ്വപ്നതുല്യമായ ജീവിതത്തിനു ശേഷം നമ്മൾ വീണ്ടുംമണ്ണിലേക്ക് കാലുകുത്തേണ്ടി വരുന്ന അവസ്ഥ.
തിരിച്ചെത്തിയാൽ വീട്ടിലെ ജോലി, സ്കൂളിൽ പോക്ക് , ഓഫീസ് ജോലി എന്നിവയൊക്കെ ഡെമോക്ലിസിന്റെ വാളുപോലെ വീട്ടുപടിക്കൽ തൂങ്ങി നിക്കുന്നത് എത്ര ദൂരെ നിന്ന് നിന്ന് നോക്കിയാലും നമുക്ക് എല്ലാവര്ക്കും കാണാം.
ഉല്ലസിക്കാൻ പോയി തിരിച്ചു വരുമ്പോൾ ഒരു ശോകം കളിയാടും മനസ്സിൽ.
മനസ്സു നല്ലതല്ലെങ്കിൽ ഒരു കൊതുകുകടി പോലും കഠാര കുത്തിക്കേറ്റലായി നമുക്ക് തോന്നും. അങ്ങോട്ട് പോകുമ്പോ നമ്മളെ കടിച്ച അതെ IRCTC കൊതുകായിരിക്കും . അന്ന് സന്തോഷത്തിൽ വിജൃംഭിക്കുന്ന നമ്മൾ ഒരു ബേപ്പൂർ സുൽത്താൻ മോഡലിൽ പറഞ്ഞിട്ടുണ്ടാവും "അല്പം ചോരയല്ലേ കൊതുകെ നിനക്ക് വേണ്ടു. വേദനിപ്പിക്കാതെ എടുത്തോളൂ " . അതിന്റെ മൂളൽ പോലും "എന്ത് സംഗീതാത്മകം. ഈ കൊതുകിനെ കൊണ്ട് കടിപ്പിക്കാൻ നമുക്കെന്തേ മുന്നേ തോന്നാതിരുന്നേ " എന്ന ദാസൻ വിജയൻ ചോദ്യങ്ങൾ വരെ വന്നേക്കാം .
എന്നാൽ റിട്ടേൺ ജേർണിയിൽ നമ്മൾ രാക്ഷസരൂപം പൂണ്ടേക്കാം.
"ശെടാ നല്ലൊരു മനുഷ്യൻ ആയിരുന്നു! കൊച്ചി കാണാൻ പോയതാ " എന്ന് കൊതുക് ആത്മഗതം ചെയ്‌തെന്നു വരെ വരാം .
ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ് രാത്രി 11 .30 നു എറണാകുളത്തു എത്തുന്ന മാവേലി ട്രെയിൻ ന്റെ AC യിൽ തന്നെ റിട്ടേൺ ബുക്ക് ചെയ്തു വെച്ചത്.A/C യിലാവുമ്പോൾ ട്രെയിനിന്റെ ശബ്ദങ്ങൾ ഒന്നും ഇല്ലാതെ സുഖമായി ഉറങ്ങാം എന്നതാണ് മെയിൻ ഹൈ ലൈറ്റ്.
അങ്ങനെ നമ്മൾ കൊച്ചിയിൽ എത്തി. നല്ലൊരു ഹോട്ടലിൽ തന്നെ സ്റ്റേ.
ഹോട്ടൽ റൂമിലെ ജീവിതം ആരെയും അലസപരതന്ത്രരാക്കുന്നത്ര ലാവിഷ് ആയിരുന്നു. അവിടെ സുഖ സുഷുപ്തിയിലാണ്ടു കുറച്ചു ദിവസം പിന്നിട്ടു. അവസാന ദിവസം ഉച്ചയ്ക്ക് ചെക്ക്‌ഔട്ട് ചെയ്തു.
പിന്നീട് പട്ടണത്തിലൂടെ വെയിൽ കൊണ്ട് കറങ്ങി നടന്നു അവസാനം തൃപ്പുണിത്തറയുള്ള പ്രിയ കൂട്ടുകാരായ ശലാഖയുടെയും നിർമലിന്റെയും വീട്ടിലേക്ക് പോയി. ഇനി തലവേദന അവർ ഏറ്റെടുക്കട്ടെ . ഞങ്ങളെ ഞങ്ങൾ അവർക്കു സമർപ്പിച്ചു.
ചായ കുടി സൽക്കാരങ്ങൾക്ക് ശേഷം ഞങ്ങളെ അവർ തൃപ്പുണിത്തറ പാലസിലേക്ക് കൊണ്ടുപോയി. മണിച്ചിത്രത്താഴിൽ ലാലേട്ടൻ കാറോടിച്ചുപോയ ആ കൊട്ടാര വഴിയിൽ കാലെടുത്തു വെച്ച് നടന്നുപോയി ഞാനും ഭാര്യയും ധ്രിതംഗ പുളകിതരായി. വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചു വെച്ച കൊട്ടാരം നടന്നു കണ്ടു .
രാജാവിന്റെ ആഭരണ ശേഖരത്തിൽ ഏറെ മനസ്സിൽ പതിഞ്ഞത് സ്വർണ്ണവും രത്നവും ഒക്കെ പതിച്ച ആ കിരീടം ആയിരുന്നു. പോർച്ചുഗീസുകാർ സാമൂതിരി വഴി രാജാവിന് കൈമാറിയതാണത് പോലും. ഒരു വേള സാമൂതിരിയെ കുറിച്ച് ഞാൻ ഓർത്തു .
" ഇത്രേം വിലപിടിപ്പുള്ള കിരീടം സാമൂതിരി കൊടുക്കണമെങ്കിൽ .... !!! ? ഒരു പക്ഷെ പോർച്ചുഗീസുകാർ കൊടുക്കാൻ ഏൽപ്പിച്ച കുറെ സാധനങ്ങളിൽ ഒരെണ്ണം മാത്രം ആയിരിക്കും കൊച്ചി രാജാവിന് കിട്ടിയിരിക്കുക.ബാക്കി സാമൂതിരി ഇസ്‌കിയിട്ടുണ്ടാവും . ഇതൊക്കെ ആണ് എനിക്ക് കിട്ടിയത് എന്ന് പറഞ്ഞു ഫോട്ടോ എടുത്ത് വാട്സ്ആപ്പിൽ അയക്കാനൊന്നും രാജാവിന് സാധ്യമല്ലല്ലോ."
ഛെ ഡേർട്ടി മൈൻഡ് ...എന്തിനു ഇങ്ങനെ ഒക്കെ ചിന്തിക്കുന്നു. സത്യസന്ധമായി ഇതൊക്കെ നടന്നിട്ടുണ്ടാവും എന്ന് വിശ്വസിക്കാൻ പറ്റാത്ത വിധം കലുഷിതമായിപോയോ ഇന്നിന്റെ സൃഷ്ടിയായ ഞാൻ!.
ആ മായാലോകത്തിൽ നിന്നും ഉണർന്നു കൊട്ടാരം മുഴുവൻ ചുറ്റി നടന്നു കണ്ടു.
ഇന്നുച്ച മുതൽ അലച്ചിലാണ്. പകൽ മുഴുവൻ വെയിൽ കൊണ്ടതാണ് . തെറ്റില്ലാത്ത രീതിയിൽ ക്ഷീണം എല്ലാവരെയും ബാധിച്ചിട്ടുണ്ട് . ഇനി വേഗം ഒന്ന് നീണ്ടു നിവർന്നു കിടന്ന മതി . എന്നെ കിടത്തി ആട്ടിയുറക്കാനുള്ള മഞ്ചവുമായി മാവേലി എക്സ്പ്രസ്സ് തിരുവനന്തപുരത്തു നിന്ന് വിട്ടിട്ടു കുറച്ചു നേരമായി.
കൃത്യസമയത്തിനു തന്നെ നിർമൽ ഞങ്ങളെ റയിൽവെ സ്റ്റേഷനിൽ എത്തിച്ചു.
ഏറെ വൈകാതെ ട്രെയിൻ എത്തി . നമ്മൾ കേറി. ഷാരൂട്ടൻ അപ്പർ ബർത്തിലും ഭാര്യയും കുഞ്ഞൂസും മിഡിൽ ബർത്തിലും ; അവരെ മൂന്നു പേരെയും വീക്ഷിക്കാൻ എന്ന വണ്ണം എതിർ വശത്തെ അപ്പറിൽ ഞാനും കിടന്നു. വലിയ ബുദ്ധിമുട്ട് ഒന്നും തരാതെ കുഞ്ഞുങ്ങൾ തളർന്നുറങ്ങി . ഇനി സമാധാനമായി എനിക്കുറങ്ങാം എന്ന് കരുതി അലക്കി തേച്ചു മടക്കി വെച്ച വെള്ള വിരിപ്പ് എടുത്തു പുതച്ചു . ഞാനും കണ്ണടച്ച്. ഗുഡ് നൈറ്റ് .
ഒരു 15 മിനിറ്റ് കഴിഞ്ഞു കാണും . അല്പം ദൂരെ നിന്നും ഒരു സ്‌പ്ലെണ്ടർ ബൈക്കിന്റെ ശബ്ദം എന്റെ ചെവിയിലേക്ക് അലയടിച്ചെത്താൻ തുടങ്ങി. പക്ഷെ കണ്ണ് തുറന്നു നോക്കാൻ വയ്യ. നല്ല ക്ഷീണം ഉണ്ട്. മാത്രമല്ല . സ്വപനം ആണെങ്കിൽ വെറുതെ കണ്ണ് തുറന്നു ഉറക്കം കളയുകയും വേണ്ട. ഫ്രീ ആയിട്ട് അത് കണ്ടേക്കാം എന്ന് തന്നെ കരുതി ഞാൻ എന്റെ ഉറക്കം തുടർന്ന്.
ചിലപ്പോൾ സ്വപ്‌നങ്ങൾ കാണുമ്പോൾ ഇതുപോലെ നിങ്ങള്ക്ക് തോന്നാറുണ്ടോ? സ്വപ്നം ആണോ അല്ലയോ എന്ന് നിങ്ങൾക്ക് സംശയം തോന്നും. എന്നാ കണ്ണ് തുറന്നു നോക്കാൻ വയ്യ. ഒടുവിൽ അസഹനീയം ആവുമ്പൊ ആണ് ഒന്ന് കണ്ണ് തുറന്നു ചുറ്റിലും നോക്കി അല്ലെങ്കിൽനമ്മളെ തന്നെ ഒന്ന് നുള്ളി നോക്കി ആ സ്വപ്നം തന്നെ എന്ന് ഉറപ്പിക്കുന്നത്.
പക്ഷെ ഉറക്കം മുറിയുന്നു. നിശ്ചിത ഇടവേളയിൽ ആരോ സ്‌പ്ലെണ്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന പോലെ. ഞാൻ കണ്ണ് തുറക്കാൻ വയ്യാതെ തന്നെ എന്നാൽ അല്പം ശ്രദ്ധയോടെ ഒന്ന് ചെവി പിടിച്ചപ്പോൾ ട്രെയിൻ അനങ്ങുന്നില്ല. എവിടെയോ നിർത്തിയിട്ടിരിക്കുവാനെന്നു എനിക്ക് മനസ്സിലായി. ഈശ്വര എന്നെ ദൂരെ ഏതോ ഗുണ്ടാസങ്കേതത്തിലേക്ക് തട്ടിക്കൊണ്ടു പോയതാണോ . ഭാര്യയും മക്കളും കൂടെയില്ലേ അപ്പൊ! എന്നൊക്കെ ഉള്ള ചിന്തകൾ നുരഞ്ഞു പൊന്തിയപ്പോൾ സീറ്റിൽ നിന്നും ഉണർന്നു പൊന്തി ഞാനും.
ചുറ്റിലും നോക്കി. ഞാൻ ട്രെയിനിൽ തന്നെ. മാത്രമല്ല കേറുമ്പോ ഉള്ള എല്ലാവരും ഇപ്പഴും കൂടെ ഉണ്ട് . അവരിൽ മിക്കവരും ഉറക്കം തന്നെ .
അപ്പോൾ സ്‌പ്ലെണ്ടർ വെറും സ്വപ്നമായിരുന്നു? ! വീണ്ടും കിടക്കാൻ തുടങ്ങുമ്പോ ദേ വീണ്ടും സ്‌പ്ലെണ്ടർ !
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തല തിരിച്ചു. അമ്പട !സൈഡ് അപ്പർ ബർത്തിലെ ചേട്ടന്റെ കൂർക്കം വലിയാണ് . ഉറക്കത്തിൽ ഞാൻ കേട്ടതിന്റെ എത്രയോ മടങ്ങു ശബ്ദം ഇപ്പൊ ഉണ്ട്. മാത്രമല്ല ഓരോ തവണ കിക്കർ അടിക്കുമ്പഴും എഞ്ചിൻ സൗണ്ട് കൂടി വരുന്നു.
സാധാരണ ഇങ്ങനെ അനുഭവം വരുമ്പോ എവിടെ എങ്കിലും ഒന്ന് തട്ടി ശബ്ദം ഉണ്ടാക്കുക അല്ലെങ്കിൽ ഒന്ന് ചുമക്കുക ഒക്കെ ആണ് പതിവ്. അപ്പൊ അവർ ഞെട്ടി അൽപനേരം എൻജിൻ ഓഫ് ചെയ്തിടും.
ചിലപ്പോഴൊക്കെ പാവം തോന്നും. അവർ അറിയുന്നില്ലല്ലോ കർത്താവേ അവർ ചെയ്യുന്നത് എന്താണെന്ന് എന്ന് കരുതി ക്ഷമിക്കും . ഇത്തവണ ടോളറൻസ് ലെവലിന്റെ ഒത്തിരി മുകളിൽ പോയിരിക്കുന്നു ഈ ശബ്ദം. കേട്ടില്ലെന്നു കരുതി അവഗണിച്ചു കളയാൻ പറ്റാത്ത അവസ്ഥ !
അപ്പോഴാണ് ഒരു ഐഡിയ. ഇയർഫോൺ തിരുകി പാട്ടും കേട്ട് കിടക്കാം. ഞൊടിയിടയിൽ ബാഗിൽ കയ്യിട്ടു. ഇല്ല . ഇയർഫോൺ എടുത്തില്ല! ഫാമിലി ആയി ട്രിപ്പ് പോകുമ്പോ ഞാൻ ഒറ്റയ്ക്ക് എന്ത് പണ്ടാരം കേൾക്കാനാണ് എന്ന് കരുതി വീട്ടിൽ നിന്നും ഇയർഫോൺ മനഃപൂർവം എടുക്കാതെ മാറ്റിവെച്ച എന്റെ ആ നല്ല മനസ്സിന് ഞാൻ നമസ്കാരം പറഞ്ഞു.
ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടേക്കുവായിരുന്നു. ഇപ്പൊ വീണ്ടും അനങ്ങി തുടങ്ങിയിട്ടുണ്ട്. ആ അനക്കത്തിൽ പുള്ളിക്കാരൻ ഞെട്ടി. ഇനി കുറച്ചു നേരം ശാന്തമാണ് . ഈ അവസരം മുതലാക്കുക തന്നെ. ഞാൻ വീണ്ടും കിടന്നുറങ്ങാൻ ശ്രമിച്ചു പക്ഷെ മനസ്സിൽ മുഴുവൻ അയാൾ എപ്പോ വീണ്ടും വലിക്കും എന്ന ചിന്ത മാത്രം. ഉറക്കം വരുന്നേയില്ല.
എനിക്ക് വരാത്ത ഉറക്കത്തെ കൂടി കെട്ടി വലിക്കുന്നതു പോലെ മാരകം ആ കൂർക്കം വലി . ഇനി രക്ഷയില്ല. ഇന്നത്തെ രാത്രി ആഘോഷത്തിന്റെ ആണ് എന്ന സിനിമ ഡയലോഗ് എവിടുന്നോ ഓടിയെത്തി.
നാളെ രാവിലെ ഡ്യൂട്ടിക്ക് കേറേണ്ടതാണ്. പക്ഷെ മനുഷ്യ പ്രകൃതിയുടെ ലീല വിലാസങ്ങൾക്ക് മുന്നിൽ പകച്ചു നിക്കാനെ ഇപ്പൊ എനിക്ക് നിവൃത്തിയുള്ളു.
മൊബൈൽ എടുത്തു. വാട്സാപ്പ് ഗ്രൂപുകളിൽ നിശാ ജീവികൾ ഉണ്ടാവും. ഒന്നും രണ്ടും പറഞ്ഞിരിക്കാം.
നിശാ സഞ്ചാരികളായി ചങ്ക്‌സ് ഗ്രൂപ്പിൽ ലതീഷുണ്ട് ,നൗഫൽ ഉണ്ട് . ഫ്രണ്ട്‌സ് ഗ്രൂപ്പിൽ അർജുൻ ഉണ്ട്. അവരോടൊക്കെ ഞാൻ കാര്യം പറഞ്ഞു.
നൗഫൽ പറഞ്ഞു -" ഞാൻ എന്താ ഈ നേരത്ത് ഇങ്ങനെ ഓൺലൈൻ എന്ന് നിങ്ങൾ ചോദിച്ചിട്ടില്ലേ.ഇത് തന്നെ കാരണം ! "
അവൻ ഗൾഫിലാണ്. ഒരുപാടുപേര് ഒരുമിച്ചു ഒരു റൂമിൽ കഴിയുന്നതാണ് . എന്നും ഇത് സഹിച്ചു ഉറങ്ങേണ്ടി വരുന്ന അവന്റെ കാര്യം ഓർത്തപ്പോ ഒരു രാത്രി മാത്രം ഇതിൽ പെട്ടുപോയ എന്റെ കാര്യം ചീള് കേസ് . ഞാൻ സമാധാനിച്ചു.
ആ സമാധാനത്തിന്റെ വെള്ളരിപ്രാവായി ഞാൻ അങ്ങനെ കുറച്ചുനേരം അടങ്ങിക്കൂടി. പക്ഷെ സൈഡ് അപ്പറിൽ മേളം കൊഴുക്കുവാണ് . സ്‌പ്ലെണ്ടർ മൂത്ത് എൻഫീൽഡ് ആയിട്ടുണ്ട്.കുറച്ചു കൂടി കഴിഞ്ഞപ്പോ മരണക്കിണറിലെ ബൈക്കോട്ടം പോലെ .
ഇപ്പൊ എന്താ അവസ്ഥ എന്ന് കൂട്ടുകാർ .
" സ്‌പ്ലെണ്ടർ ഉം എൻഫീൽഡ് ഉം കഴിഞ്ഞു മരണക്കിണർ ആയിട്ടുണ്ട് "
"എങ്കിൽ ഉടൻ തീർന്നോളും " എന്ന് നൗഫൽ .
ഞാൻ വിടർന്ന മിഴികളോടെ തളരാത്ത മനസ്സോടെ ആ പാവത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി. ഒന്നും ചെയ്യാനില്ല. ഇനി അല്പം നിരീക്ഷണം ആവാം. അവസാനം കൂർക്കം വലിയെ കുറിച്ചുള്ള രണ്ടു പ്രബന്ധങ്ങൾ എന്റെ പേരിൽ ആയാലോ !
ശ്വാസം അകത്തേക്ക് വലിക്കുമ്പോഴാണ് ഈ ശബ്ദം.
പുറത്തേക്ക് വിടുമ്പോൾ പ്രശ്നമില്ല.കഷ്ടപ്പെട്ട് വലിച്ചു കേറ്റിയത് ഒരു സെക്കന്റ് കൊണ്ട് കാറ്റ് പോയ ബലൂൺ പോലെ താഴേക്ക് വിടുന്നു. നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടിക്കേറ്റൽ കഥ പോലെ.
കുറേനേരം നിരീക്ഷിച്ചപ്പോ എനിക്ക് സങ്കടം തോന്നി. ഓരോ ശ്വാസം വിടലിലും പുള്ളിയുടെ അതുവരെയുള്ള അദ്ധ്വാനം ആണ് ചോർന്നു പോകുന്നത് .ഇതിനു തടയണ ഇടണ്ടേ . വേണം .
"ചേട്ടാ ,ശ്വാസം ഞാൻ വിട്ടോളാ , നിങ്ങൾ വലിച്ചുപിടിച്ചോ" എന്ന് പറയാൻ തോന്നി. മാത്രല്ല ഒരേ വലിയാണെകിൽ തുടർച്ചയായ നിർത്താതെയുള്ള ശബ്ദം ആവും വരിക. അതു കുഴപ്പം ഇല്ല. ഈടക്കിടക്കു നിർത്തി സ്റ്റാർട്ട് ആക്കുമ്പോഴാണ് എന്റെ ഉറക്കം പോകുന്നത്.
ഇതിനിടയിൽ ഫോൺ ചിലച്ചു.
അർജുൻ ന്റെ മെസ്സേജ് - " അളിയാ ഹെഡ്‍ഫോൺ എടുത്തു കുത്തു"
"ഹെഡ് ഫോൺ എടുക്കാൻ മറന്നളിയാ "
"എങ്കിൽ അയാളോട് തന്നെ ചോദിക്കളിയാ "
ഒരുവേള ഞാൻ ചിരിച്ചു. ആ ചിരിയിൽ അതുവരെയുള്ള ക്ഷീണം ഒക്കെ പോയപോലെ.
ചങ്ങാതിമാർ അങ്ങനെയാണ്. ഒരിക്കലും വിഷമിക്കാൻ സമ്മതിക്കില്ല.
സമയം രാത്രി 3 ആയിരിക്കുന്നു.ഇതിനിടയിലും ഉറങ്ങാൻ പറ്റിയ ഭാഗ്യജീവികളെ നോക്കി ഞാൻ അസൂയപ്പെട്ടു. അവരൊക്കെ ശരിക്കും ഈ മേളം തുടങ്ങുന്നതിനു മുന്നേ തന്നെ ഉറങ്ങിയവർ ആവും .
ഞാൻ എന്തിനു ഇങ്ങനെ എഴുന്നേറ്റിരിക്കുന്നു ! കള്ളൻ പോയിട്ട് TTE പോലും ഇതുവഴി വരാൻ ധൈര്യപ്പെടില്ല. നാളെ ഡ്യൂട്ടി ഉണ്ട് . എനിക്കും ഉറങ്ങണം. വീണ്ടും കിടന്നു.
ദേ അടുത്തത് - എന്റെ നേരെ താഴെ ഉള്ള മിഡിൽ ബർത്തുകാരനും തുടങ്ങിയിക്കുന്നു മേളം.മറ്റേത് പോലെ കർണ്ണ കഠോരമല്ല പക്ഷെ നമ്മുടെ കട്ടിലിന്റെ അടിയിൽ കിടന്നു ഒരാൾ കൂർക്കം വലിക്കുമ്പോ ഉള്ള ഒരിതുണ്ടല്ലോ .
ഇനി രക്ഷയില്ല. പ്രതികരിക്കാതെ പിടിച്ചു നിക്കാൻ ആവില്ല. ഞാൻ എന്റെ കാലുകൊണ്ട് ആഞ്ഞൊരു ചവിട്ട് ട്രെയിനിന്റെ ബോഗിയിൽ. ആ ശാബ്ദത്തിൽ മിനിമം 6 ഞെട്ടൽ .
ഒന്ന് ഞാൻ.
പിന്നെ കൂർക്കം വലിക്കുന്ന രണ്ട് പേര് .
സുന്ദരമായി ഉറങ്ങുകയായിരുന്ന കുഞ്ഞുസ് !
അവൻ കരച്ചിൽ തുടങ്ങിയപ്പോ ഞാൻ ഒന്നുകൂടെ ഞെട്ടി.
ഭാര്യയും ഞെട്ടി.
ഇനിയും ഞെട്ടാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അതറിഞ്ഞു എനിക്ക് ഒരു ഞെട്ടൽ കൂടെ ആവാം.
ഞാൻ ഇത് വരെ ഉറങ്ങിയിട്ടില്ല എന്ന് ദയനീയമായ നോട്ടത്തോടെ ഞാൻ ഭാര്യയോട് പറഞ്ഞു.അവരും അറിയണമല്ലോ എന്റെ അതിജീവന കഥകൾ.
സമയം പുലർച്ചെ 4 ആയി . മോൻ കരച്ചിൽ നിർത്തുന്നില്ല . അമ്മയ്ക്ക് ആണേൽ മോന്റെ കരച്ചിൽ അടയ്ക്കാൻപറ്റുന്നുമില്ല .കുഞ്ഞിനെ കയ്യിൽ എടുത്ത് എന്റെ നേരെ നീട്ടിയിട്ടു അവൾ മൊഴിഞ്ഞു - " ഏട്ടന് ഏതായാലും ഉറക്കമില്ലല്ലോ .കുറച്ചു നേരം മോനെ എടുത്തു നടക്ക് . ഇനി അങ്ങനെയേ ഇവനെ ഉറക്കാൻ പറ്റു ."
ഒന്നും ഉരിയാടാൻ എനിക്കില്ല. ഞാൻ താഴേക്കിറങ്ങി. കുഞ്ഞിനേയും എടുത്ത് പലകുറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇതിനിടക്ക് രാവിലെ എഴുന്നേൽക്കാൻ ഉള്ള എന്റെ അലാറം അടിച്ചു. കണ്ണൂർ എത്താൻ ഇനി 20 മിനിറ്റ് കൂടെ ഉണ്ട്. മോൻ ഉറങ്ങിയിരിക്കുന്നു.
ഇനി എനിക്ക് ഉറങ്ങാൻ സമയമില്ല. സാധ്യവുമല്ല . എങ്കിലും അപ്പർ ബർത്തിൽ ഒന്ന് കൂടെ കേറിയിരുന്നു മറ്റു രണ്ടു പേരുടെയും കൂടെ ഞാനും ആസ്വദിച്ചു വലിച്ചു - ഉറങ്ങാതെ എന്നാൽ ഉറക്കെ .
നല്ല ആശ്വാസം ഉണ്ടിപ്പോ. ഇങ്ങനെ ചെയ്താ മതിയാരുന്നു നേരത്തെ. നമ്മൾ പലതിലും കൂടി നിൽക്കാതെ മാറി നിൽക്കുന്നതാണ് അപ്പൊ പ്രെശ്നം.
അല്ല ഇനിയിപ്പോ ഇതേ കാരണം കൊണ്ടാണോ ആ ലോവർ ബർത്തുകാരനും വലി തുടങ്ങിയത്!
------------------------ ------------------ ----------------