2019, ജനുവരി 17, വ്യാഴാഴ്‌ച

എന്റെ മത്തിക്കുറിപ്പുകൾ

                   

" ചേട്ടാ , ആവോലിക്ക് എത്രയാ "

         " കെ.ജി 560 "

 " ചെമ്മീനോ ? "

         " കെ.ജി 450 "

" അതിനപ്പുറത്തുള്ള ആ അയക്കൂറക്കോ "

         " കെ.ജി 980 "

" എത്രയാ പറഞ്ഞെ 980 യോ ?   ഓക്കേ  .ഒരു അര കിലോ ..................................................................................................................................... മത്തി   ! "

മിക്ക ശനിയാഴ്ചകളിലും  അരങ്ങേറാറുള്ള പതിവ് കലാപരിപാടി തന്നെ ഇത്തവണയും നടന്നു. അങ്ങനെ മത്തിയും വാങ്ങി ധൃതംഗപുളകിതനായി വീട്ടിൽ ഞാൻ ഭാര്യസമക്ഷം  പ്രത്യക്ഷപ്പെട്ടു. 

"ഇന്നും മത്തിയോ ! വേറെ ഒന്നും കിട്ടീല്ലേ ഏട്ടാ?"

സഹധർമ്മിണി (സ.ധ )യുടെ പരിവേദനം പ്രതീക്ഷിച്ചപോലെ തന്നെ വന്നു .

"എടീ അവിടെ ആവോലി അയക്കൂറയൊക്കെ ഉണ്ട് , പക്ഷെ അത്രയ്ക്ക് ഫ്രഷ് അല്ല."

കൺകോണിലൂടെ ഞാൻ ഒന്നു നോക്കി. കുഴപ്പം ഇല്ല . ഏൽക്കുന്നുണ്ട് . ട്രൈലെർ നു കിട്ടിയ സ്വീകാര്യത  ഊർജ്ജമാക്കി സിനിമ മുഴുവൻ ഞാൻ റിലീസ് ചെയ്തു .

" മത്തി ഫ്രഷ് ആണ്. അതിൽ ഒമേഗ 3 യും 4 ഉം ഒക്കെ ഉണ്ട്. കുറെ പോഷണങ്ങളും. കുട്ടികൾക്ക് മത്തി പോലെ നല്ലൊരു മീനില്ല .ആൻഡ് യു നോ , വിലയോ തുച്ഛം ഗുണമോ മെച്ചം !"

സ.ധ പണിത്തിരക്കിൽ ആയതുകൊണ്ടാണോ അല്ല ഇതൊക്കെ കേട്ട് പഴകിച്ച കഥകൾ ആയതുകൊണ്ടാണോ എന്നറിയില്ല  ഞാൻ പറഞ്ഞ കാര്യങ്ങളോട് വല്യ ഇഷ്ടമോ അനിഷ്ടമോ കാണിക്കാതെ നിസ്സങ്കത ഭാവത്തോടെ നിലകൊണ്ടു എന്നത്  തന്നെ എനിക്ക് ധാരാളം .

സമയം കുറെ മുന്നോട്ട് പോകുന്നു .രാത്രി 8 മണി ആവുന്നു. ഇതിനിടയിൽ മത്തി കറി വെക്കൽ , പൊരിക്കൽ, കഴിക്കൽ, ഭാര്യയുടെ തൊണ്ടയിൽ മുള്ളു തറിക്കൽ ഒക്കെ നടക്കുന്നു. അതെ മത്തിയുടെ മുള്ളു തൊണ്ടയിൽ തറച്ചു.

മുള്ളു തറയ്ക്കുന്നത് സാധാരണ ആണ് . അല്പം പച്ച ചോറ് വിഴുങ്ങിയാൽ പോകും എന്ന് ഞാൻ ഉപദേശിച്ചു.ചോറ് വിഴുങ്ങി , പഴം വിഴുങ്ങി , പരിപ്പ് കറി വിഴുങ്ങി അങ്ങനെ കാണുന്നതെല്ലാം വിഴുങ്ങിയിട്ടും മുള്ളു പോകാതെ അവൾ മോന്റെ നേരെ നോക്കുന്നത് കണ്ടപ്പോ അവനെ കൂടി വിഴുങ്ങണ്ട എന്ന് കരുതി ഞാൻ മോനെ ബലമായി പിടിച്ച് എന്നോട് ചേർത്തു നിർത്തി.


മുള്ളെടുക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു. മുള്ളിനെ കുറിച്ച് കേട്ട് അയൽ ഭവനങ്ങളിൽ നിന്നുവരെ ആളുകൾ കുതിച്ചെത്തി. ഒരിക്കൽ എങ്കിലും മീൻ മുള്ളു തൊണ്ടയിൽ കുരുങ്ങാത്ത ഒരു മലയാളി പോലും വന്നവരിൽ ഉണ്ടായിരുന്നില്ല എന്നത് പ്രശ്നത്തിന്റെ ലഘൂകരണത്തിനും ഉപദേശ-നിർദ്ദേശങ്ങളുടെ ബാഹുല്യത്തിനും ഇടയാക്കി.


"മത്തിയുടെ മുള്ളല്ലേ പൊയ്ക്കോളും" എന്ന  വാചകം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നപ്പോ ആദ്യമാദ്യമൊക്കെ അതൊരു ആശ്വാസ വചനമായി തോന്നിയെങ്കിലും സമയം ചെല്ലും തോറും ചെറിയ സംശയങ്ങൾ എന്നിൽ ഉടലെടുത്തു - "മത്തിയുടെ മുള്ളു പൊയ്ക്കോളും" എന്നാണോ "ആള് പൊയ്ക്കോളും" എന്നാണോ അവർ ഉദ്ദേശിച്ചത് എന്ന സംശയം എന്നിൽ മുളച്ചു .

 ഇതിനിടയിൽ അടുത്ത വീട്ടിലെ ഗ്രെഷ്മ  ഒരു ചെറിയ പ്ലക്കർ കൊണ്ടുത്തന്നു. അതുകൊണ്ട് ആഞ്ഞു ശ്രമിച്ചപ്പോൾ വായുടെ ഏറ്റവും ഉള്ളിലായി തൊണ്ടയുടെ അടുത്തായി ഒരു ചെറിയ മുള്ളിനെ ഞാൻ കണ്ടെത്തി. പ്ലക്കറിന് നീളം കുറവായതിനാൽ മുള്ളിനെ പറിച്ചെടുക്കാൻ പറ്റിയില്ല. പകരം അതിനെ പലവുരു തലോടിയിട്ട് നിന്നെ പിന്നെ കണ്ടോളാം എന്ന് മനസ്സിൽ പറഞ്ഞു എനിക്ക് പിൻവാങ്ങേണ്ടിവന്നു.

അരവൈദ്യൻമാരുടെ പലവിധ ശ്രമങ്ങളും വിഫലമായപ്പോൾ സമയം രാത്രി പത്തു കഴിഞ്ഞു . മുള്ളും തൊണ്ടയിൽ വെച്ച് വെള്ളമിറക്കാൻ പോലും പറ്റാതെ എന്റെ സ.ധ  മണിക്കൂറുകൾ  പിന്നിട്ടു കഴിഞ്ഞിരിക്കുന്നു!.

മാനസികമായും ശാരീരികമായും തളർന്ന സ.ധ യുടെ മുഖത്ത് അനിതരസാധാരണമായ പല ഭാവങ്ങളും വിരിയുന്നത് കണ്ട എനിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നോ എന്ന തോന്നൽ ശക്തമായി.

ഇനി രക്ഷയില്ല. നേരെ ഹോസ്പിറ്റലിലേക്ക് പോകാം എന്ന് തീരുമാനിച്ചു. പാതി ഉറക്കത്തിൽ ആയ മോനെ കയ്യിലേന്തി ഞാനും, മുള്ളിനെ തൊണ്ടയിലേന്തി ഭാര്യയും കാറിൽ കേറി.

രാത്രി 10.30 ആയപ്പോ  വീടിനു ഏറ്റവും അടുത്തുള്ള ഒരു വൻകിട ഹോസ്പിറ്റലിന്റെ കേഷ്വാലിറ്റിയിലേക്ക് ഞങ്ങൾ കുതിച്ചു . കേഷ്വാലിറ്റി യിൽ സാമാന്യം മോശമല്ലാത്ത തിരക്ക് ഉണ്ടായിരുന്നു.വേഗം ചെന്ന് നേഴ്സ് നോട് കാര്യം പറഞ്ഞു.

"വെയിറ്റ് ചെയ്യൂ . വിളിക്കാം " എന്ന് പറഞ്ഞു അവർ അവരുടെ ജോലികളിൽ വ്യാപൃതരായി.

15 മിനിറ്റ് കഴിഞ്ഞു. നോ വിളി !

പിന്നേം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഞാൻ ചെന്ന് ഒന്നുടെ ഓർമ്മിപ്പിച്ചു.
അപ്പഴും പറഞ്ഞു അതെ മറുപടി " വിളിക്കാം. വെയിറ്റ് "

മുക്കാൽ മണിക്കൂർ കഴിഞ്ഞും വിളി വരാതായപ്പോ ഞാൻ ഒന്നുടെ പോയി അവരോടു കാര്യത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കി കൊടുത്തു. കൈ പൊട്ടിയും, കാൽ പൊട്ടിയും, ശ്വാസം കിട്ടാതെയും വരുന്ന കേസുകളുടെ മുന്നിൽ ഈ മുള്ളു കേസ് വളരെ നിസ്സാരമാണെന്ന് ഒരുപക്ഷെ അവർ ചിന്തിച്ചു പോയിക്കാണും.

ഒടുവിൽ ഒരു മണിക്കൂർ ആയപ്പോൾ ഒരു ഡോക്ടർ വന്നു ഞങ്ങളെ വിളിച്ചു.
അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി.

എന്താ കാര്യം എന്ന് ചോദിച്ചപ്പോ "മത്തിയുടെ മുള്ളു തറച്ചതാ" എന്നറിയിച്ചു.

അത് കേട്ടപ്പോൾ ഡോക്ടറുടെ മുഖത്ത് വല്ലാത്തൊരു ഷോക്കും അന്ധാളിപ്പും.
മത്തി എന്നൊരു മീൻ ഉണ്ടെന്നും ആ മീനിന്  മുള്ളുണ്ടെന്നും മുള്ള് ചിലപ്പോ ഇത് പോലെ തൊണ്ടയിൽ തറച്ചേക്കാം എന്നുമൊക്കെ ഒരുപക്ഷെ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതുപോലെ ആയിരുന്നുഅദ്ദേഹത്തിൻറെ  മുഖഭാവം.

എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അദ്ദേഹം കേൾക്കെ ഞാൻ ഭാര്യയോട് പറഞ്ഞു " അവിടെ ഇരിക്കൂ . എന്നിട്ട് വാ തുറന്നു കാണിച്ചു കൊടുക്ക് ".

ഒരു വീട്ടിൽ വിരുന്നു പോയ അതിഥി ആതിഥേയനോട്  ഇരിക്കാൻ പറയുന്ന കണക്കെ ,ഡോക്ടറുടെ മുന്നിൽ  "പ്രൊ-ആക്റ്റീവ്"  ആയി ഞങ്ങൾ മാതൃക രോഗികൾക്കുള്ള പുരസ്‌കാരത്തിന് സ്വയം അപേക്ഷ സമർപ്പിച്ചു . രോഗികൾ "പ്രൊ-ആക്റ്റീവ് " ആയപ്പോൾ  ഡോക്ടർക്കും "ആക്റ്റീവ് " ആകാതെ വയ്യെന്നായി.

ഡോക്ടർ വായിലേക്ക് ലാഘവത്തോടെ ഒന്ന് കണ്ണോടിച്ചിട്ട് പറഞ്ഞു
" മുള്ളെവിടെ. ഒന്നും കാണുന്നില്ലല്ലോ "

മിഥുനം സിനിമയിൽ ലാലേട്ടന്റെ "ദാക്ഷായണി ബിസ്‌ക്കറ്റി"ന്റെ യൂണിറ്റ് ഇൻസ്‌പെക്ഷനു വന്ന ഉദ്യോഗസ്ഥനെ പോലെ ഡോക്ടർ പെരുമാറിയപ്പോൾ ഇന്നസെന്റ് ചേട്ടനെ പോലെ ഞാൻ പറഞ്ഞു

"സൂക്ഷിച്ചു നോക്ക് സർ . കാണും. അങ്ങ് ഉള്ളിലോട്ടാണ്  "

കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്തു ഡോക്ടർ ഒന്നുടെ നോക്കിയിട്ട് പറഞ്ഞു " എനിക്ക് കാണാൻ പറ്റുന്നില്ല".

ദൈവത്തിന്റെ പ്രതിപുരുഷൻ ആയ  ഡോക്ടർ കയ്യൊഴിഞ്ഞപ്പോൾ പ്രിയതമയുടെ മനസ്സ് പിടഞ്ഞു. എന്നാൽ ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറാവാതെ ഒന്നുടെ അമർന്നങ്ങ്  ഇരുന്നപ്പോൾ ഡോക്ടർക്ക് നയം വ്യക്തമായി.

ഡോക്ടർ പറഞ്ഞു " വെയിറ്റ് . ഞാൻ ഒന്ന് E N T ഡോക്ടർ നെ ഒന്ന് വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞു ഡോക്ടർ അപ്രത്യക്ഷൻ ആയി. പഴയൊരു സിനിമയിൽ ഇന്നസെന്റിന്റെ കാർ മരത്തിൽ ഇടിച്ചിട്ട് ഓടി വന്നു സങ്കടത്തോടെ പറവൂർ ഭരതൻ  "അങ്ങുന്നേ .....അങ്ങുന്നേ.... ഇത്രേം കാലം ഇത് വഴു പോയിട്ടും അങ്ങനെ ഒരു മരം അവിടെ കണ്ടില്ല !" എന്ന് പറഞ്ഞ പോലെ ഈ ഡോക്ടർ E N T  ഡോക്ടറിനോട് പറഞ്ഞു കാണും " ഇത്രേം  കാലം ഇവിടെ ജോലി ചെയ്തിട്ടും ഇങ്ങനെ ഒരു മീൻ മുള്ളിന്റെ കേസ് എനിക്ക് ആദ്യായിട്ടാ ! "

E N T  ഡോക്ടറുമായുള്ള രഹസ്യ സംഭാഷണത്തിന് ശേഷം ഇദ്ദേഹം തിരിച്ചെത്തി ഞങ്ങളോട് പറഞ്ഞു .

"X -Ray എടുക്കണം "

"വാട്ട് !!! " ഞാനും ഭാര്യം ഒരുമിച്ച് ഒരു പോലെ ഇംഗ്ലീഷിൽ ഞെട്ടിയപ്പോ ഇംഗ്ലീഷ് മീഡിയം ആയ മോൻ ഉറക്കത്തിൽ നിന്നുംകണ്ണ് തുറന്നു ഞങ്ങളെ നോക്കി.

ഞെട്ടലുകൾ ഒരുപാട് കണ്ടും കൊടുത്തും ശീലമുള്ള ആളാണ് താൻ എന്ന രീതിയിൽ യാതൊരു സന്ദേഹവുമില്ലാതെ ഡോക്ടർ തുടർന്നു- " ഇപ്പ X -Ray എടുക്കണം. നാളെ രാവിലെ E N T ഡോക്ടർ വരുമ്പോൾ റിപ്പോർട്ട് കാണിക്കാം. എന്നിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്.

" അപ്പൊ നാളെ രാവിലെ വരെ ഈ മുള്ളും പേറി ഞാൻ !" - ആത്മഗതത്തോടെ സ.ധ യുടെ ബോധം പകുതീം പോയി.

ഇനീം ഇത് കേട്ടോണ്ടിരിക്കാൻ മാത്രം പൊട്ടൻ അല്ല ഞാൻ. എന്നിലെ ഭർത്താവും , മനുഷ്യസ്നേഹിയും ഉണർന്നു. ഞാൻ ഡോക്ടറിനോട് പറഞ്ഞു.
" സർ, X -Ray എടുക്കേണ്ട കേസ് ഒന്നുമല്ല ഇത്. സാധാരണ ഒരു ഡോക്ടർ ഒരു പ്ലക്കർ ഉപയോഗിച്ച് ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് മുള്ളു എടുത്തു പുറത്തിടും.  നന്ദി ഉണ്ട് സാറേ. ഞങ്ങൾ വേറെ എവിടെയെങ്കിലും പൊയ്ക്കോളാം !" അരo പ്ലസ് അരം മൂവിയിൽ ജഗതി പറഞ്ഞ പോലെ " പണി അറിയാവുന്ന ഏതേലും പണിക്കാരെ വെച്ച് ചെയ്യിച്ചോളാം " ലെവൽ .

സമയം രാത്രി 12കഴിഞ്ഞു . അടുത്ത ആശുപത്രി ലക്ഷ്യമാക്കി കുതിപ്പ് തുടങ്ങി. രണ്ടു ആശുപത്രികളിൽ ചെന്നപ്പോ അവിടെ ഒന്നും ഈ നേരത്ത് ഡോക്ടർ ഇല്ലെന്നു പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു.  പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. സ.ധ യുടെ  അവസ്ഥ ദയനീയമായി മാറിക്കൊണ്ടിരിക്കുകയാണ്.

അവസാനം മറ്റൊരു പ്രശസ്ത ആശുപത്രിയിൽ എത്തി ഭാഗ്യത്തിന് അവിടെ ഡോക്ടർ ഉണ്ടായിരുന്നു.എന്ന് മാത്രമല്ല അവിടെ ഞങ്ങളെ വരവേറ്റത് രണ്ടു മലയാളി നഴ്‌സ്‌മാർ . അത് കണ്ടപ്പോ തന്നെ ഞങ്ങൾക്ക് പകുതി ആശ്വാസമായി. കാരണം ഒന്ന് തൊണ്ടയിൽ മുള്ളും വെച്ച് ഇംഗ്ലീഷ് പറയുക വല്യ പാടാണ്. രണ്ട് : മീനിനെയും മീൻ മുള്ളിനെയും ഒക്കെ പറ്റി ഒരുപക്ഷെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാവുന്നത് മലയാളീസ് തന്നെ ആവും. അപ്പൊ കാര്യങ്ങളുടെ ഗൗരവവും ശാശ്ത്രവും അവർക്ക് എളുപ്പം പിടികിട്ടും.

പ്രതീക്ഷ പാഴായില്ല. നല്ലൊരു ഡോക്ടർ നെ തന്നെ കിട്ടി. അൽപ നേരത്തെ കഠിന ശ്രമത്തിനു ശേഷം അദ്ദേഹം മുള്ളു പുറത്തെടുത്തു തന്നു. അങ്ങനെ എത്രയോ മണിക്കൂർ നേരത്തെ  പരിഭ്രാന്തിക്കും അലച്ചിലുനും വിട ! സമയം രാത്രി രണ്ടു മണിയാവാറായിരുന്നു . എങ്കിലും വല്ലാത്തൊരു ശാന്തതയും സാന്ത്വനവുംഞങ്ങളെ  തലോടി നിന്നു .

ആ ഡോക്ടർ മലയാളി ആയിരുന്നില്ല പക്ഷെ ഞങ്ങൾക്ക് അയാൾ ദൈവം  ആയിരുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം കാശ് കൊടുക്കാനായി ചെല്ലുമ്പോൾ അദ്ദേഹം പറഞ്ഞു " നിങ്ങൾ പൊക്കൊളു. ഇതിനു ക്യാഷ് ഒന്നും വേണ്ട!" ആവർത്തിച്ചു ചോദിച്ചിട്ടും അദ്ദേഹം നിരസിച്ചുതന്നെ നിന്നു.   പാതിരാ നേരത്ത് അതും ബാംഗ്ലൂർ നഗരത്തിലെ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഇത്രയും അസ്വസ്ഥരായി എത്തിയ ഞങ്ങളോട് അദ്ദേഹത്തിന് ഡബിൾ ചാർജ് വേണേൽ വാങ്ങാമായിരുന്നു പക്ഷെ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണോ അല്ല കാശ് വാങ്ങാൻ മാത്രം ജോലി ചെയ്തിട്ടില്ല എന്ന തോന്നലുകൊണ്ടാണോ എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല എന്നിരുന്നാലും ആ ദൈവികതയുടെ അംശം ഒന്നൂടെ കൂടിയാതായി എനിക്ക് തോന്നി.

മാസങ്ങൾ കുറച്ചു കഴിഞ്ഞു എങ്കിലും മത്തി കാണുമ്പോൾ ഇപ്പഴും ഉള്ളൊന്നു പിടയും.

ഒരു ദിവസം, ഒരു സന്ധ്യാ നേരത്ത്  ഒന്നും ചെയ്യാനില്ലാതെ വെറുതെ മഴയും നോക്കി ഇരിക്കുകയായിരുന്ന സ .ധ യുടെ  അടുത്ത് ചെന്ന് വളരെ റൊമാന്റിക് ആയി ഞാൻ ചോദിച്ചു .
" നിനക്ക് മത്തി വല്ലാതെ മിസ് ആവുന്നുണ്ടല്ലേ ?"
"അതെ " എന്നവൾ പതുക്കെ തലകുലുക്കി സമ്മതിച്ചു.
"അടുത്ത മാസം നമ്മൾ നാട്ടിൽ പോകുവല്ലേ. നാട്ടിൽ ചെന്നിട്ട് മത്തിയോ അയലയോ എന്താണ് വെച്ചാ കഴിച്ചോളൂ "  :)


-----------------------THE END --------------------------


   

15 അഭിപ്രായങ്ങൾ:

  1. കൊള്ളാം, മീനും കഴിച്ചു, മുള്ളുമെടുത്തു, കാശും പോയില്ല ::) എഴുത്ത് ഉഷാറാക്കിക്കോ 👍🏻

    മറുപടിഇല്ലാതാക്കൂ
  2. "ചോറ് വിഴുങ്ങി , പഴം വിഴുങ്ങി , പരിപ്പ് കറി വിഴുങ്ങി അങ്ങനെ കാണുന്നതെല്ലാം വിഴുങ്ങിയിട്ടും മുള്ളു പോകാതെ അവൾ മോന്റെ നേരെ നോക്കുന്നത് കണ്ടപ്പോ അവനെ കൂടി വിഴുങ്ങണ്ട എന്ന് കരുതി ഞാൻ മോനെ ബലമായി പിടിച്ച് എന്നോട് ചേർത്തു നിർത്തി."

    നിന്നെ കൂടി വിഴുങ്ങാതിരുന്നത് ഭാഗ്യം..എന്നാലും പാവം സ.ധ യെ പറ്റി ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു.

    ഇതിനിടയിൽ വേറെ എന്തൊക്കെയോ നടന്നിരുന്നല്ലോ, അതും കൂടി ചേർക്കാമായിരുന്നു :-)

    നന്നായി... സിനിമയിലെ കഥാപാത്രങ്ങളെ ഉപയോഗിച്ചത് സന്ദർഭോചിതമായി..
    ചില അക്ഷരത്തെറ്റുകളുണ്ട്, ശ്രദ്ധിക്കുക..

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ ... കഥയുമായി ചേർന്ന് നിൽക്കുന്നതൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അല്ലാതുള്ളവ തള്ളി കളഞ്ഞു :)

    അക്ഷര തെറ്റുകൾ ... ശ്രദ്ധിക്കാം. വായനക്കും അഭിപ്രായത്തിനും നന്ദി :)

    മറുപടിഇല്ലാതാക്കൂ
  4. സ.ധ താങ്കളെ വിളിച്ച തെറിയെ പറ്റി പറയാതെ പോസ്റ്റ്‌ പൂർണം അല്ല അത് അടുത്ത പോസ്റ്റിൽ പ്രതീക്ഷിക്കുന്നു.. നല്ല രസം . ആസ്വദിച്ചു.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ ... അത് ശരിയാണല്ലേ.... പലപ്പോഴായി കിട്ടിയ തെറിവിളീകൾ എല്ലാം ചേർത്ത് മറ്റൊരു കഥയായി ഇറക്കേണ്ടി വരും. നന്ദി സാംസൺ ചേട്ടാ . ഇത് വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും :)

      ഇല്ലാതാക്കൂ
  5. "കാണുന്നതെല്ലാം വിഴുങ്ങിയിട്ടും മുള്ളു പോകാതെ അവൾ മോന്റെ നേരെ നോക്കുന്നത് കണ്ടപ്പോ അവനെ കൂടി വിഴുങ്ങണ്ട എന്ന് കരുതി ഞാൻ മോനെ ബലമായി പിടിച്ച് എന്നോട് ചേർത്തു നിർത്തി."

    ചിരിച്ചു പോയി. (അല്ലേലും ഇതൊക്കെ അനുഭവിച്ചവർക്ക് മാത്രമല്ലേ വേദന കാണൂ). അടിപൊളി എഴുത്ത് മാഷേ... നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു... എന്നാലും ഇവിടെ ബാംഗ്ലൂർ അർദ്ധരാത്രി കഴിഞ്ഞ നേരത്ത് അത്രയും മനുഷ്യപ്പറ്റ് കാണിച്ച ആശുപത്രിയും ഡോക്ടറൂം ഏതാണെന്നാ അത്ഭുതം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ശ്രീ. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും. ആ നല്ല ഡോക്ടർ ഉം മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു.

      ഇല്ലാതാക്കൂ
  6. ഇത് കൊള്ളാലോ ഭായ്
    ഈ പരിസരത്ത് ആദ്യായിട്ടാണ് കേട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ചേട്ടാ. ഇത് വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി .

      ഇല്ലാതാക്കൂ
  7. ഞാൻ കുറെനാളു മുൻപേ ഇട്ട കമന്റ് എവിടെപ്പോയി?

    കഥാകൃത്തിന്റെ മുഖദാവിൽ നിന്നു നേരിട്ട് കേട്ടിട്ടുള്ള കഥ വായിച്ചപ്പോളും ഒരുപാട് ചിരിച്ചു :-) MRI കൂടെ എടുപ്പിക്കാഞ്ഞത് ഭാഗ്യം :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിപ്പോ... ഞാൻ ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല. ഒരുപക്ഷെ മഹി മന്റിയത് ഫേസ്ബുക്കിൽ ആവും

      ഇല്ലാതാക്കൂ
    2. മത്തിച്ചാറ് മണക്കണ് മാണക്കണ് എന്ന ഗാനം ഓർമ്മ വരുന്നു..
      മത്തി കത്തിയായേനെ...
      കഥ പെരുതിഷ്ടായി
      ഫോളോ ചെയ്യുന്നുണ്ട്

      ഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...