2018, ജനുവരി 29, തിങ്കളാഴ്‌ച

ഒരു പേരും കുറേ പേരും



" മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

 " എന്താന്ന് ???"

"  മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

HR കാരൻ ദയനീയമായി എന്നെ നോക്കി. ദയനീയതയുടെ ബുർജ്ജ് ഖലീഫയിലിരുന്നു ഞാൻ തിരിച്ചും.

പാവം അയാൾക്ക് ഒരെത്തും പിടീം   കിട്ടീല്ല.

അത് പറഞ്ഞപ്പഴാ ,വായനക്കാരായ  നിങ്ങൾക്ക് ഇതെന്താന്ന് പുടികിട്ടിയ?

ഇല്ലെങ്കിൽ ബാക്കി കൂടി പറയാം . അപ്പൊ പുടി കിട്ടും .

" ഞാൻ ടൈപ് ചെയ്തു  തരാം "  അയാളുടെ കയ്യിൽനിന്നും   കീബോർഡ് വാങ്ങിച്ചു ഞാൻ ടൈപ്പ് ചെയ്തു.

PRAJITH MOOLAKKAL KUNHUMPIDUKKA

"എന്തോന്നെടേയ് വല്ല  കാട്ടുജാതിയും ആണോ" എന്ന മട്ടിൽ ഒന്നുടെ എന്നെ നോക്കി അയാൾ ഊറിയൂറി ചിരിച്ചു.

ഞാനും കൂടെ ചിരിച്ചു. ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിച്ച പോലെ ഏതാണ്ട് ഞാനും അങ്ങ് ചിരിച്ചപ്പോ അയാൾ ജനാർദ്ദനനെ  പോലെ സീരിയസ് ആയി. എന്റെ മുഴുവൻ പേര് പറഞ്ഞ വേളയിലെല്ലാം ഒരു പുച്ഛ ചിരി ജീവിതത്തിൽ പലപ്പോഴായി ഞാൻ കേട്ടിട്ടുണ്ട്. ആദ്യമൊക്കെ അരോചകമായി എനിക്ക് തോന്നിയെങ്കിലും ചിരിയെ ചിരി കൊണ്ട് നേരിടണം എന്ന ശ്രീനിവാസൻ മോഡൽ പയറ്റാൻ തുടങ്ങിയതിൽ പിന്നെ ഈ രംഗങ്ങൾ അധികം വലിച്ചു നീട്ടലില്ലാതെ പെട്ടെന്ന് കർട്ടൻ ഇട്ട് അവസാനിപ്പിക്കാൻ എനിക്ക് പറ്റാറുണ്ട്. ശ്രീനിയേട്ടന് വീണ്ടും നന്ദി.

ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞു ജോലികിട്ടിയ ആദ്യ കമ്പനിയിലെ ജോയ്‌നിങ് ഡെയിൽ HR കാരന് ഡീറ്റെയിൽസ് കൊടുക്കുന്നതാണ് ഇപ്പഴത്തെ ഈ രംഗം. പുള്ളി മലയാളി ആയതുകൊണ്ട് കാര്യങ്ങൾ സുഗമമായി നടക്കുമെന്ന പ്രത്യാശയിൽ ആണ് ഒരു ഹിന്ദിക്കാരൻ HR എന്നെ വിളിച്ചപ്പോൾ , പെട്ടെന്ന് എന്തോ പേപ്പർ മിസ് ആയ പോലെ ഞാൻ എന്റെ ഫയൽ എടുത്ത് എണ്ണിയ പേപ്പർ വീണ്ടും വീണ്ടും വീണ്ടും വീണ്ടും എണ്ണിക്കൊണ്ട് , തൊട്ടു പിറകിൽ നിന്ന പയ്യനെ, സന്ദേശത്തിലെ മാമൂക്കോയ പറഞ്ഞ പോലെ  " എന്ത് വിലകൊടുത്തും നിങ്ങൾ ഈ  മണ്ഡലം പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കണം " എന്ന മട്ടിൽ ഞാൻ സ്വയപ്രഖ്യാപിത മണ്ഡലം പ്രെസിഡന്റായി  ദുരന്തമുഖത്തേക്ക് തള്ളിവിട്ടു.

പക്ഷെ ജോഷി ചതിച്ചാശാനെ !

ഇതിലും ഭേദം ഒരു പക്ഷെ ആ ഹിന്ദിക്കാരൻ HR ആയേനെ.

" അല്ല ഇതിപ്പോ എന്തിനാ ഫുൾ നെയിം എക്സ്പാന്റ് ചെയ്യണേ. SSLC  ബുക്ക് ലും ബാക്കി എല്ലാ സർട്ടിഫിക്കറ്റ് ലും പ്രജിത്ത് എം കെ എന്ന് മാത്രല്ലേ ഉള്ളു "

" അത് ശരിയാണ് പ്രജിത്ത്. പക്ഷെ ഈ കമ്പനിയിൽ ഈമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നത്  "ഫസ്റ് നെയിം ഡോട്ട് ലാസ്‌റ്  നെയിം @കമ്പനി നെയിം.കോം " എന്ന ഫോർമാറ്റിൽ ആണ്. പാസ്പോര്ട്ട് കൊണ്ടുവരണം എന്ന് പ്രത്യേകം പറഞ്ഞത് ഈ ഒരു ആവശ്യത്തിന് കൂടിയാണ്.

" ഓഹ് ഒക്കെ. അപ്പൊ എന്റെ മെയിൽ ഐഡി എങ്ങനെ വരും ? "

" നിങ്ങളുടെ ഐ ഡി ഇങ്ങനെ ആയിരിക്കും. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ ക്യാരിറ്റർ ഡോട്ട് കോം"

ഒന്നുടെ അയാൾ ചിരിച്ചോ എന്നൊരു സംശയം.

" സർ ഒരു ഹെല്പ് . ലാസ്‌റ് നെയിമിന് പകരം മിഡിൽ നെയിം ആയാൽ കുഴപ്പമുണ്ടോ? പ്ളീസ് "

HR കാരനിലെ മനുഷ്യ സ്‌നേഹി ഉണർന്നു. പുളളി പറഞ്ഞു അത് കുഴപ്പമില്ല. അങ്ങനെ ചെയ്യാം. അപ്പോൾ പ്രജിത്ത് ഡോട്ട് മൂലയ്ക്കൽ @ക്യാരിറ്റർ ഡോട്ട് കോം "

തമ്മിൽ ഭേദം മൂലയ്ക്കൽ ആണെന്നും  കുഞ്ഞുംപിടുക്ക എന്നത് മാറ്റി മൂലയ്ക്കൽ എന്നാവുമ്പോൾ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നുമാണ്  ഞാൻ കരുതിയത്. എന്നാൽ "പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നെ" ഉണ്ടായിരുന്നുള്ളു . മലയാളികൾ തിങ്ങി പാർത്തിരുന്ന ഒരു കമ്പനി ആയിരുന്നതുകൊണ്ട് എന്റെ പേരും കൂട്ടത്തിൽ ഞാനും അങ്ങ് പെട്ടന്ന് ഹിറ്റ് ആയി തുടങ്ങി.

പേരിന്റെ ആദ്യഭാഗം ഒഴിവാക്കി പലരും എന്നെ മൂലക്കൽ എന്ന് വിളിച്ചു തുടങ്ങി. ചിലർ അതിനെ " മൂലം കൽ " , " മുലക്കൽ " എന്നിങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം  " മൂലം കുഴിയിൽ " വരെ എത്തിച്ചു. ഓഫീസിൽ എനിക്ക് ഇരിക്കാൻ വേണ്ടി മാനേജർ തന്ന സ്ഥലം ഒരു മൂലയിൽ ആയിരുന്നു എന്നതും കണ്ടപ്പോൾ "എല്ലാവരും കുമ്പിടിയുടെ ആൾക്കാരാ " ണെന്നു എനിക്ക് മനസ്സിലായി.

അങ്ങനെ മൂന്നുവർഷം കടന്നു പോയി. ഒരു ശരാശരി സോഫ്റ്റ്‌വെയർ എഞ്ചിനീയർ പുതിയ കമ്പനി യിലേക്ക് ചാടേണ്ട സമയം സമാഗതമായി. അടുത്ത പോർക്കളം ഇൻഫോസിസ് ആയിരുന്നു.

വീണ്ടും ജോയ്‌നിങ് ഡേ... ഫോം ഫില്ലിംഗ് വിത്ത് HR . എല്ലാം പഴേ പോലെ തന്നെ. പക്ഷെ മെയിൽ ഐഡി ആണ് ഞാൻ കാത്തിരിക്കുന്ന ഐറ്റം. എന്നാൽ ആദ്യ കമ്പനിയിലെ പോലെ എന്റെ കൈകടത്തലുകൾക്കൊന്നും അവർ തുനിഞ്ഞില്ല എന്ന് മാത്രമല്ല ഞാൻ എന്ത് പറഞ്ഞാലും " പോളിസി ഇങ്ങനെയാണ് " , " പോളിസി മാറ്റാൻ പറ്റില്ല "  എന്ന മറുപടികൾ മാത്രമായപ്പോൾ ഞാൻ ഏറെ ഭയന്ന കുഞ്ഞുംപിടുക്ക തന്നെ എന്റെ മെയിൽ ഐ ഡി ആയി മാറി. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ഇൻഫോസിസ് ഡോട്ട് കോം ആയി ഞാൻ തളയ്ക്കപ്പെട്ടു.

പഴയ കമ്പനിയിലെ പോലെ പൊങ്കാല ഇടാൻ ഒരു അവസരം ഞാൻ ആയി ഉണ്ടാക്കി കൊടുക്കേണ്ട എന്നോർത്തു സൊ കോൾഡ് മലയാളീസിൽ നിന്നും ഞാൻ പരമാവധി ഓടിയൊളിച്ചു. എങ്കിലും ചില വിരുതൻമാർ മണത്തറിഞ്ഞു അടുത്ത് വന്നു " ഹായ് കുഞ്ഞും പീടിക" , " ഹായ് പിടുക്കാ " " ഹായ് കുന്നിൻ പീടിക" എന്നൊക്കെ തോണ്ടിയിട്ട് പോകാൻ ഒരു വൈക്ലഭ്യവും കാണിച്ചില്ല.

അമേരിക്കയിലെ സായിപ്പൻമ്മാരുമായുള്ള ടെലിഫോൺ  മീറ്റിങ്ങിൽ ആയിരുന്നു ഏറ്റവും രസം. കുഞ്ഞും പിടുക്കയിലെ "ഞ്ഞ" എന്ന ത്രയംബക വില്ലൊടിക്കാനായി ഭൂമി അമേരിക്കയിൽ നിന്നും ഒരു കൂട്ടം സായിപ്പൻമ്മാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വില്ലൊടിക്കാൻ പോയിട്ട് ഒന്നനക്കാൻ പോലും പറ്റാതെ ഇന്ത്യയുടെ ഈ വീരപുത്രന് മുന്നിൽ കുമ്പിട്ടപ്പോൾ ഭാരതാംബയുടെ യശസ്സ് പാറി പറന്നുകാണണം.   ഒടുവിൽ അവർ " മിസ്റ്റർ എം കെ " എന്ന സുന്ദരമായ രണ്ടക്ഷരത്തിൽ സമരസപ്പെട്ടു.

കാലം കുറെ മുന്നോട്ടു പോയപ്പോൾ ഞാൻ  വീണ്ടും കമ്പനി ചാടി. പുതിയ കമ്പനി എന്നെ ഓൺസൈറ്റ് എന്നും പറഞ്ഞു അമേരിക്കയിലേക്ക് കേറ്റിവിട്ടു.പല എയർപോർട്ടിലും ഡിപാർചർ ടെർമിനലിൽ എന്റെ പേര് ഉറക്കെ വിളിച്ചത് എന്റെ ശരിക്കും പേരുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു. എന്റെ പേരിന്റെ എല്ലാ അവസ്ഥാന്തരങ്ങളും ഞാൻ നേരിട്ട് കണ്ടത് അവിടെ വെച്ചായിരുന്നു. പിന്നീട് അമേരിക്കയിലെ ഓഫീസിൽ എത്തിയപ്പോഴും ,പല സായിപ്പൻമ്മാരും അക്ഷരങ്ങൾ കൂട്ടിച്ചൊല്ലാൻ പറ്റാത്ത  കിടാങ്ങളെ പോലെ  വിഷമിക്കുന്ന വേളയിൽ ഞാൻ രക്ഷകനെ പോലെ അവതരിച്ചു പറഞ്ഞു " യു കാൻ കോൾ  മി എം കെ ".

അങ്ങനെ കുഞ്ഞുംപിടുക്കയുമായുള്ള മൽപ്പിടുത്തം ഇപ്പഴും തുടരുന്നു. തറവാട്ടു പേരാണിത് എന്നതിൽ കവിഞ്ഞു  എങ്ങനെ ഇത് വന്നു , എന്താണിതിന്റെ അർഥം എന്നൊന്നും എനിക്ക് ഇപ്പഴും അറിയില്ല.ഇനി കുഴപ്പമില്ല പേരിലെ ഒരു കൗതകമായി അതവിടെ അങ്ങനെ കിടക്കട്ടെ എന്ന് ഞാനുംകരുതി . ഹോ  ബാക്കി എല്ലാം അറിയണ പോലെ !





                    

19 അഭിപ്രായങ്ങൾ:

  1. :-) ഇങ്ങനെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല.. എനിയുമെനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  2. അതെന്താ അവര്‍ക്ക് പ്രജിത്തെന്ന് വിളിച്ചാല്‍, പിന്നെ ഇതൊക്കെ ഞാനറിയാന്‍ വൈകിയതില്‍ എനിക്ക് വിഷമമുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേതായാലും നന്നായി. ഇല്ലെങ്കിൽ താങ്കളുടെ സംഭാവന കൂടി എഴുതേണ്ടി വന്നേനെ

      ഇല്ലാതാക്കൂ
  3. ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ....പിന്നെ ഇങ്ങനെയൊക്കെയല്ലേ സായിപ്പിനോട് നമുക്ക് പ്രതികാരം ചെയ്യാൻ പറ്റൂ Mr. കുഞ്ഞുംപിടുക്ക ;-)

    മറുപടിഇല്ലാതാക്കൂ
  4. Praithetta....ningal thakarthootta...ithrayum vishamam ullil othukunnundennarinjilla Mr.M.K

    മറുപടിഇല്ലാതാക്കൂ
  5. കുഞ്ഞു മിടുക്കാ ..ഇതും കൊറേ ചിരിച്ചു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിഷ്ടായി :))
      തിരഞ്ഞു പിടിച്ചു വായിച്ചതിനും പ്രോത്സാഹനത്തിനും നന്ദി :)

      ഇല്ലാതാക്കൂ
  6. നല്ല രസമുണ്ട് മാഷെ ..ഇഷ്ടപ്പെട്ടു ..എന്റെ പേര് ഇതു പോലെ അറബികളെ കുഴക്കുന്നതാണ് അവരുടെ വായിൽ സാംസങ് ( സാംസൺ ) എന്നേ വരൂ ..എപ്പോൾ ഞാൻ പൊരുത്തപെട്ടു ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ കൊള്ളാം. സ്വന്തമായി മൊബൈൽ കമ്പനി ഉള്ള ആളാണ് എന്ന് വിചാരിച്ചോട്ടെ :)

    ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. അതറിയിച്ചതിൽ അതിലേറെ സന്തോഷം .

    മറുപടിഇല്ലാതാക്കൂ
  8. അമേരിക്കയിലെ സായിപ്പൻമ്മാരുമായുള്ള ടെലിഫോൺ മീറ്റിങ്ങിൽ ആയിരുന്നു ഏറ്റവും രസം. കുഞ്ഞും പിടുക്കയിലെ "ഞ്ഞ" എന്ന ത്രയംബക വില്ലൊടിക്കാനായി ഭൂമി അമേരിക്കയിൽ നിന്നും ഒരു കൂട്ടം സായിപ്പൻമ്മാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വില്ലൊടിക്കാൻ പോയിട്ട് ഒന്നനക്കാൻ പോലും പറ്റാതെ ഇന്ത്യയുടെ ഈ വീരപുത്രന് മുന്നിൽ കുമ്പിട്ടപ്പോൾ ഭാരതാംബയുടെ യശസ്സ് പാറി പറന്നുകാണണം. ഒടുവിൽ അവർ " മിസ്റ്റർ എം കെ " എന്ന സുന്ദരമായ രണ്ടക്ഷരത്തിൽ സമരസപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...