2015 ഡിസംബർ 28, തിങ്കളാഴ്‌ച

ക്ലാസ്സ്‌റൂം തമാശകൾ - 1



രതീശന്‍ മാഷ് ക്ലാസ്സിലേക്ക് കേറി വന്നു. ക്ലാസ്സിലെ ശബ്ദ കോലാഹലങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു. മുന്‍ നിരയിലെ ബെഞ്ചില്‍ ഇരിക്കുന്ന ചിലരോട് അല്പസ്വല്പം കുശലാന്വേഷണങ്ങള്‍ നടത്തിയതിനു ശേഷം മാഷ്‌ ആരുടെയോ കയ്യില്‍ നിന്ന് ഒരു മലയാളം പുസ്തകം വാങ്ങി  കയ്യില്‍ പിടിച്ചു. താളുകള്‍ മറിച്ചു നോക്കി ... എന്നിട്ട് പുസ്തം നടുവേ മടക്കി  ഇടതു  കയ്യില്‍  പിടിച്ചതിനു ശേഷം വലതു കൈ കൊണ്ട് ഒന്ന് ഇസ്തിരി ഇട്ടു. അത് കഴിഞ്ഞു വലതു കയ്യിലെ പെരുവിരലും നടുവിരലും കൂട്ടി ഉരസി ഒരു "ടക്" ശബ്ദം ഉണ്ടാക്കി. എന്നിട്ട് ക്ലാസ്സിനെ നോക്കി ചോദിച്ചു ... 

"അപ്പൊ തുടങ്ങലോ"  

  "തുടങ്ങണ്ട" എന്ന് പറയാന്‍ പറ്റില്ലല്ലോ... എല്ലാവരും തലകുലുക്കി സമ്മതിച്ചു. 

ക്ലാസ്സ്‌ തുടങ്ങി... രതീശന്‍ മാഷ്‌ കത്തി കേറാന്‍ തുടങ്ങി ...കുട്ടികൃഷ്ണമാരാര്‍ കേരളത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. അപ്പൊ ക്ലാസ്സിലെ ബാക്ക് ബെഞ്ചില്‍ ഒരു മുറുമുറുപ്പ് ... മാഷ് ഒരു കണ്ണിട്ടു നോക്കി. മുറുമുറുപ്പ് കുറയുന്നില്ല. കൂടെ എല്ലാവരും തിരിഞ്ഞു നോക്കി. 

ദീപക് അടുത്ത് ഇരിക്കുന്ന ആളോട് കാര്യമായി സംസാരിക്കുകയാണ്. എന്തോ പറഞ്ഞു തര്‍ക്കിക്കുന്നു. ഇടയ്ക്കിടക്ക്  ജനാലയിൽ കൂടി പുറത്തേക്ക് നോക്കുന്നുമുണ്ട്. പുറത്തേക്കു നീട്ടി പിടിച്ച ആ മുഖത്ത് ആകാംക്ഷയും അമ്പരപ്പും മാറി മാറി വരുന്നുണ്ട് . പക്ഷെ ഇത്രയും പേര്‍ തിരിഞ്ഞു നോക്കിയിട്ടും , കുട്ടി കൃഷ്ണമാരാരുടെ സംഭാവനകള്‍ പൊടുന്നനെ നിലച്ചിട്ടും ദീപക്  അറിഞ്ഞതെയില്ല.

 അത്രയും ഗഹനമായ ആ ചർച്ചാ വിഷയം എന്തെന്നറിയാൻ എല്ലാവര്ക്കും ആകാംക്ഷ ആയി.

ക്ലാസ്സ്‌ മുഴുവന്‍ നിശബ്ദമായി ...അടക്കി പിടിച്ചാണെങ്കിലും   ഇപ്പൊ എല്ലാവര്‍ക്കും സംസാരം വ്യക്തമായി കേള്‍ക്കാം. 

ദീപക് : "അത് മാധവേട്ടന്റെ കാറ് തന്ന്യ.."
പ്രവീണ്‍ : "അല്ല  ഡ  " (പതുക്കെ ) 
ദീപക്: "നീ അന്നോടാ പറീന്ന് ? ഒച്ച കേട്ടാല്‍ അനക്കറയ മോനെ.. "

ദൂരെ എവിടുന്നോ സ്കൂൾ അങ്കണം ലക്ഷ്യമാക്കി വരുന്ന  ഏതോ ഒരു കാറിന്റെ ശബ്ദം അടിസ്ഥാനമാക്കിയായിരുന്നു ഈ ഘോരമായ ചർച്ച!

ദേഷ്യംകൊണ്ട് തുടുത്ത രതീശന്‍  മാഷ്‌ ദീപക്കിനെ നോക്കി വിരല്‍ ഞൊടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...

 "ദീപക്കേ... പൊറത്ത് പൊയ്ക്കോ"

ദീപക്ക് തറവാടി ആണ്. മാഷ് ഒരു തവണ പറഞ്ഞപ്പോ തന്നെ യാതൊരു മടിയും കൂടാതെ ദീപക് എഴുന്നേറ്റു. പുറത്തേക്ക് പോകാന്‍ വേണ്ടി തുടങ്ങവേ അവസാനമായി ഒന്ന് കൂടി ജനാലയില്‍ കൂടി പുറത്തേക്ക് എത്തി നോക്കി ... എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ  പ്രവീണിനെ നോക്കി പറഞ്ഞു 

"ഞാന്‍ പറഞ്ഞില്ലേ... അത് മാധവേട്ടന്റെ കാറാന്നു ! നോക്ക്.. വണ്ടി അതാ ആട! "

ക്ലാസ്സില്‍ ഒരു കൂട്ട ചിരി ആയിരുന്നു പിന്നെ...ദേഷ്യത്താല്‍ വിറയ്ക്കുന്ന മാഷിന്റെയും  പരിഹാസ ചിരിയോടെ  തുറിച്ചു നോക്കുന്ന പിള്ളേരുടെയും    മുന്നിലൂടെ ഇളിഭ്യനായി ദീപക് പുറത്തേക്ക് നടന്നകന്നു. പക്ഷെ അവന്റെ മനസ്സില്‍ അവന്‍ വിജയശ്രീ ലാളിതന്‍ ആയ സേതുരാമയ്യര്‍ ആയിരുന്നു.

അന്യാധീനപ്പെട്ടു പോകുമായിരുന്ന ഒരു കാറിനു ഉടമസ്ഥനെ കണ്ടെത്താനായ സേതുരാമയ്യര്‍ ! 



2015 ഡിസംബർ 14, തിങ്കളാഴ്‌ച

ഇന്ത്യൻ സോറി

"മ്മാമ്മേ , മാമൻ എന്താ കൊണ്ടുവന്നത് ? " കണ്ണുകൾ തിരുമ്മി കൊണ്ട് കിടക്കപ്പായിൽ നിന്നും എഴുന്നേറ്റു നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു  വരുന്ന അഞ്ജന ആദ്യം ചോദിക്കുന്ന ചോദ്യം ആണിത്.  "മാമൻ എത്തിയോ" അല്ലെങ്കിൽ "എപ്പോ എത്തി" എന്നുള്ള ചോദ്യംഒക്കെ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. 

  അതുകൊണ്ട് തന്നെ വെള്ളിയാഴ്ച വൈകീട്ട് ബാംഗളൂരിൽ നിന്നും നാട്ടിലേക്ക് ബസ്‌ കേറുന്നതിനു മുൻപേ ഒരു കാര്യം ഞാൻ ഉറപ്പാക്കും-  അഞ്ജനക്കും കാർത്തിക്കും വേണ്ടി എന്തെങ്കിലും ഒക്കെ വാങ്ങിയിട്ടുണ്ട് എന്ന്.   

  കാർത്തിക്കിനേക്കാൾ 3 വയസ്സ് മൂത്തതാണ് അഞ്ജന .അഞ്ചു വയസ്സുകാരൻ ആയ അവൻ ഒരിക്കലും അഞ്ജനയെ പോലെ "മാമൻ എന്ത് കൊണ്ട് വന്നു " എന്ന് ചോദിക്കാറില്ല. അതി വേഗം  ബഹുദൂരം  പക്വത കൈവരിച്ചത്‌ കൊണ്ടൊന്നുമല്ല മറിച്ച്  അവനങ്ങനെചോദിക്കെണ്ടതിന്റെ ആവശ്യം വരാറില്ല എന്നതാണ് സത്യം.  അവൻ എഴുന്നെൽക്കുംമ്പൊഴേക്കും അതിന്റെ ഉത്തരം ഒന്നുകിൽ ഹാളിലെ തറയിൽ അല്ലെങ്കിൽ മുറ്റത്ത്  വെറും നിലത്ത് ചിതറിക്കിടക്കുന്നത് കാണാൻ പറ്റും .

   ഇത്തവണ നാട്ടിൽ പോകുമ്പോൾ വാങ്ങിച്ചത് 2 കളിപ്പാട്ടങ്ങൾ ആയിരുന്നു. അത് മുൻകൂട്ടി വാങ്ങിച്ചുവെച്ചതൊന്നുമായിരുന്നില്ല. "അയ്യോ  ഇത്തവണ  ഒന്നും വാങ്ങിക്കാൻ പറ്റീല്ലല്ലോ" എന്നോർത്തപ്പോ  വ്യാഴാഴ്ച്ച  ദിവസം  ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി  ഒരു ടോയ്സ് ഷോപ്പിൽ കേറി വാങ്ങിയതായിരുന്നു അവ . ആ കളിപ്പാട്ടം ഉണ്ടാക്കിയ ഒരു ചെറിയ തമാശയാണ് ഈ കഥയുടെ ആധാരം .

വെള്ളിയാഴ്ച ഓഫീസിലേക്ക്  വരുമ്പോ ചുമലിൽ ഒരു ബാഗ്  തൂക്കി , കയ്യിൽ വലിയ ഒരു സഞ്ചിയിൽ ആ രണ്ടു കളിപ്പാട്ടങ്ങളും ഇട്ടു, സഞ്ചി  തൂക്കി പിടിച്ച് ആട്ടി ആട്ടിയാണ് ബസ്സ്‌സ്റ്റോപ്പിൽ നിന്നും ഓഫീസ് വരെ നടന്നത്.

   ചെവിയിൽ ഒരു ഹെഡ് സെറ്റ് ...കയ്യിൽ ഒരു വില കൂടിയ ടച്ച് സ്ക്രീൻ മൊബൈൽ ...യോ യോ സ്റ്റൈലിൽ ഡ്രസ്സിംഗ് ...ഒരു ലാപ്ടോപ് ബാഗ്‌ ... ഒരു കൂസൽ  ഇല്ലാത്ത നടത്തം ;  ഒരു സോഫ്റ്റ്‌വെയർ എങ്ങിനീയർ എന്ന് പറയുമ്പോ സാധാരണ നിങ്ങളുടെ  മനസ്സില് ഉരുത്തിരിഞ്ഞുവരുന്ന രൂപം ഈ പറഞ്ഞത്  പോലെ ഒക്കെ ആണ് എങ്കിൽ എല്ലാവിധ സങ്കൽപ്പങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ഞാൻ നടന്നു പോയത്.

 കൂടെ നടന്നു പോകുകയായിരുന്നു മറ്റു കംപ്യുട്ടർ തൊഴിലാളികൾ എന്നെ ഒരല്പം പുച്ഛത്തോടെ നോക്കിയോ എന്നൊരു സംശയം . ഒരു പക്ഷെ സ്വയം തോന്നിയ ഒരു അപകർഷ താബോധം ആയിരിക്കാം .എങ്കിലും ആ പറഞ്ഞ ബോധത്തിനിടയിലും എനിക്ക് ആശ്വസിക്കാൻ ഉള്ള ഒരു വക തന്നു കൊണ്ടാണ് രണ്ടു പയ്യൻമ്മാർ എന്നെ ഓവർടെയ്ക്ക് ചെയ്ത് ഓഫീസിലേക്ക് നടന്നു പോയത്. കീറിയ ജീൻസും  ബാത്രൂം ചപ്പലും  ഒക്കെ ഇട്ടു പോകുന്ന ഇവനെക്കാൾ ഭേദമല്ലേ ഞാൻ എന്ന് മനസ്സില് പറഞ്ഞു സ്വയം ആശ്വസിച്ചു. 

  ഇതൊക്കെ മനസ്സില് പറയാനേ പറ്റു കേട്ടോ .പുറത്ത് പറഞ്ഞാൽ "ഇതൊക്കെയല്ലേ ഫാഷൻ " എന്ന മറുവാക്ക് പറഞ്ഞ് എന്റെ വായടപ്പിക്കും എന്നുറപ്പാ. ഈ ഫാഷൻ എന്ന് പറയുന്ന സംഗതിയുടെ സാഗത്യം രസമാണ്. നമ്മൾ ഒരു ജീൻസ് പാൻറ്  വാങ്ങി കുറച്ചു ദിവസം ഇട്ടതിനു ശേഷം അതൊന്നു കീറി പോയാൽ അത് പിന്നെ ഇടാൻ പറ്റില്ല.ഇട്ടാൽ  നമ്മൾ കൊള്ളരുതാത്തവൻ  ആവും. അതെ സമയം കീറിയ ജീൻസ് പാൻറ് നോക്കി വാങ്ങിച്ചാൽ അത് ഫാഷൻ.

  വാങ്ങിയതിനു ശേഷം കീറിയാൽ പഴഞ്ചൻ ; കീറിയതിനു ശേഷം വാങ്ങിയാൽ ഫാഷൻ!  

 ഞാൻ നടന്നു നടന്നു ഓഫീസിന്റെ ബിൽഡിങ്ങിൽ എത്തി. രണ്ടാം നിലയിലാണ് എന്റെ ഓഫീസ് .ഭാഗ്യത്തിന് ആ നേരത്ത് രണ്ടാം നിലയിലേക്ക് പോകുന്ന ഒരു ലിഫ്റ്റ്‌ ഉള്ളത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ മേലെ എത്തി. 

 ചിലപ്പോഴൊക്കെ നാട്ടിലെ ബസ്സ്‌ പോലെ ആണ് ലിഫ്റ്റ്‌. 6 ലിഫ്റ്റ്‌ ഉണ്ടെങ്കിലും ചില നേരത്ത്  ഒത്തിരി നേരം കാത്തു നില്ക്കേണ്ടി വരും. എന്നാൽ ചിലപ്പോ രണ്ടു മൂന്നെണ്ണം നമ്മളെ കാത്തു കിടപ്പുണ്ടാവും. മറ്റു ചിലപ്പോഴാകട്ടെ എല്ലാ ലിഫ്റ്റും ആൾക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ എത്തിയപ്പോ തന്നെ ലിഫ്റ്റ്‌ കിട്ടി എന്ന പ്രയോഗത്തിൽ അല്പം സാംഗത്യം ഉണ്ടെന്നു  ബോദ്ധ്യമായല്ലോ.

രണ്ടാം നിലയിൽ എത്തിയ ഉടനെ അതിൽ നിന്നും ഇറങ്ങി നേരെ ഓഫീസിന്റെ വാതിൽ ലക്ഷ്യമാക്കി ധ്രിതിയിൽ നടന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടത്തിന്റെ സഞ്ചി ഊഞ്ഞാലാടി, തൊട്ടു മുന്നില് നടന്നു പോവുകയായിരുന്ന ആളുടെ പുറകു വശത്ത്  ചെറുതായി ഒന്ന് തട്ടി പോയി  . പെട്ടെന്ന് അയാള് അവിടെ സ്റ്റോപ്പ്‌ ചെയ്തു അയാളുടെകയ്യിൽ ഉണ്ടായിരുന്ന സ്യൂട്ട് കെയ്സ് നിലത്തേക്ക് വെച്ചു. സഡൻ ബ്രേക്ക്‌ ഇട്ട പോലെ ഉള്ള അദ്ദേഹത്തിന്റെ നിൽപ്പ് ഞാൻ പ്രതീക്ഷിച്ചതെ ഇല്ലായിരുന്നു.അത് കാര്യങ്ങൾ കൂടുതൽ കുഴപ്പമുണ്ടാക്കി. എന്റെ ഷൂസ് ചെറുതായി അദ്ദേഹത്തിന്റെ കാലിൽ സ്പർശിച്ചോ എന്നു ചെറിയ ഒരു സംശയം എനിക്കുണ്ടായി. 

 നമ്മൾ ഇന്ത്യക്കാരുടെ പൊതുവായ ഒരു രീതി ഉണ്ടല്ലോ... തൊട്ടു വന്ദിക്കൽ. ആർഷ ഭാരത സംസാകാരത്തിൻറെ സർവ പ്രൗഡിയും തിളങ്ങി നില്ക്കുന്ന  തനതായ മാപ്പപേക്ഷ ! അങ്ങനെ തൊട്ടു വന്ദിക്കാൻ വേണ്ടി ഞാൻ ഒന്ന് കൈ നീട്ടിയതും ആ പുള്ളിക്കാരൻ കയ്യിലെസ്യൂട്ട് കേസ് നിലത്ത്  ഇറക്കി വെച്ച് എന്റെ നേരെ  തിരിഞ്ഞതും ഒരുമിച്ചായിരുന്നു.

  അപ്പോഴാണ്‌ എനിക്ക് ആളെ മനസ്സിലായത് . അമേരിക്ക യിൽ നിന്നും നമ്മുടെ ഓഫീസിലേക്ക് വന്ന ഒരു സായിപ്പ് ആണ്. എന്നെ പരിചയം ഒന്നും ഇല്ല പുള്ളിക്ക്. പക്ഷെ ഞാൻ കഴിഞ്ഞ കുറച്ചു ദിവസമായി കോഫീ മെഷീന്റെ അരികിലും മീറ്റിംഗ് റൂമിലും ഒക്കെ ആയി അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്ന് മാത്രം.

സായിപ്പ് തിരിഞ്ഞു നോക്കിയപ്പോ അദ്ദേഹത്തിന് നേരെ കൈ നീട്ടി നില്ക്കുന്ന എന്നെ ആണ് കണ്ടത്. തൊട്ടു വന്ദിക്കുന്നതിൻറെ ആദ്യ പടിയായുള്ള ആ കൈ നീട്ടലിനെ അദ്ദേഹം കണ്ടത് "ഹാൻഡ്‌ ഷെയ്ക്ക് " ചെയ്യാനുള്ള ഒരു അപേക്ഷ ആയാണ് . അത് കണ്ടു വിടർന്ന  മുഖത്തോടെ  ഒരു നല്ല പുഞ്ചിരി മുഖത്ത് കാണിച്ചു കൊണ്ട് അയാള് എനിക്ക് ഹാൻഡ്‌ ഷെയ്ക്ക് തന്നു. എന്റെ കൈ പിടിച്ചു കുലുക്കുന്നതിനിടയിൽ "ഹേയ് ...ഹൗ  ആർ യു ഡൂയിംഗ് " എന്നും ചോദിച്ചു.

"ഐ ആം ഫയിൻ ... താങ്ക്സ് " എന്നും പറഞ്ഞു ഞാൻ ഒരു ചമ്മിയ ചിരിയോടെ പുള്ളിയെ പോകാൻ അനുവദിച്ചു . പുള്ളി പെട്ടിയും എടുത്തോണ്ട് പോയി.


അൽപ നേരം സ്തബ്ദനായി നിന്ന ഞാൻ മനസ്സില് ആലോചിച്ചു.- എങ്ങോട്ടോ പോകുന്ന ഒരു സായിപ്പിനെ പുറകിൽ നിന്നും വിളിച്ചു നിർത്തി ഷെയ്ക്ക് ഹാൻഡ്‌ കൊടുക്കാൻ ... എനിക്കെന്താ വട്ടല്ലേ. ഇനി അങ്ങേർക്ക് വട്ടായതാണോ... ഹേ പാവം അങ്ങനെ പറയാൻ പാടില്ല. ഭാരത സംസ്കൃതിയെ കുറിച്ച് അറിവില്ലാത്ത ഒരു പാവം സായിപ്പൻ അല്ലെ...വിട്ടുകള !

ഇനി അങ്ങേരുടെ സൈഡിൽ നിന്നും ചിന്തിച്ചാൽ "ഒരു  പരിചയവും ഇല്ലാത്ത ഒരുത്തൻ പുറകിൽ നിന്നും വന്നു ചന്തിക്കടിച്ചു  വിളിച്ചു ഹാൻഡ്‌ ഷെയ്ക്ക്  നു ചോദിക്കുന്നു .. കണ്ട്രി ഫെല്ലോ ! "


അതിപ്പോ ... നമ്മളിപ്പോ ... എന്താ പറയാ ... നിങ്ങള്  വായനക്കാര് ... സായിപ്പിന്റെ സൈഡിൽ നിന്നും ചിന്തിക്കൂലല്ലോ ...അല്ലെ... മ്മള് ..ഇന്ത്യൻസ് ... ഒറ്റക്കെട്ടല്ലേ...അല്ലെ.. :)

     ------------------------   ------------------------   ---------------------   ----------------


2012 മാർച്ച് 4, ഞായറാഴ്‌ച

പെണ്ണ് കാണല്‍

ഈയിടെ ആയി എന്തിലും ഏതിലും ഒരു കല്യാണം മണം ആണ്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ആണ് പോലും. അടുത്ത ബന്ധുക്കള്‍ മുതല്‍ അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ കണ്ടാല്‍ ചോദിക്കുന്നത് " കല്യാണം ... എന്തായി? " എന്നായിരിക്കും.

" അതൊക്കെ പതുക്കെ നോക്കാം... കുറച്ചു കാലം കൂടി ഇങ്ങനെ അങ്ങ് പോട്ടെ " എന്നായിരുന്നു ആദ്യമൊക്കെ ഞാന്‍ മറുപടി കൊടുത്തത്. അത് പറഞ്ഞാല്‍ അടുത്ത മറുപടി ഇങ്ങനെ ആയിരിക്കും "ഇപ്പൊ പെണ്‍പിള്ളേര് കുറവാണ്. നമ്മുടെ ജാതിയില്‍ പെട്ടവര്‍ തീരെ കുറവാ. അതുകൊണ്ട് പെട്ടെന്ന് നോക്കിക്കോ."

അതല്ലേലും അങ്ങനെ ആണല്ലോ.. നമുക്ക് എന്തേലും വേണമെന്ന് തോന്നുമ്പോ അത് കിട്ടാന്‍ ഉണ്ടാവില്ല. കുറച്ചു കാശിനു ആവശ്യം വന്നിട്ട് കൊപ്ര വില്‍ക്കാന്‍ വേണ്ടി മലഞ്ചരക്ക് കടയ്ല്‍ ചെന്നപ്പോ കടക്കാരന്‍ പറഞ്ഞു "ഇപ്പൊ കൊപ്രക്കൊന്നും വേലയെ ഇല്ല." അത് പോലെ തന്നെ ബാംഗളൂരില്‍    താമസിക്കാന്‍ ഒരു വീട് അന്വേഷിച്ചു ബ്രോക്കര്മാരുറെ അടുത്ത്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു "ഇപ്പൊ വീട് കിട്ടാനേ ഇല്ല.... വല്യ ബുദ്ധിമുട്ടാ" എന്ന്.

ആ  ഒരു  ലാഘവത്തോടെ മാത്രമേ ഈ ഉപദേശങ്ങളെ ഞാന്‍ ആദ്യമൊക്കെ ഉള്‍ക്കൊണ്ടിരുന്നുള്ളൂ.  പക്ഷെ പെണ്ണന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ആണ് ഈ ഒരു ഉദ്യമം വിജയത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും അറിഞ്ഞത്.
നമുക്ക് പെണ്ണിനെ ഇഷ്ടമാകണം...പെണ്ണിന് നമ്മളെ ഇഷ്ടമാകണം... പിന്നെ വീട്ടുകാരെ ഇഷ്ടപ്പെടണം... അങ്ങനെ അങ്ങനെ എല്ലാം ശരിയായി വരുമ്പോഴായിരിക്കും  ശുക്രനും ചന്ദ്രനും ഒക്കെ വില്ലന്മ്മാരായി വരുന്നത്.
പെണ്ണിന്റെ അച്ഛന്‍ ചന്ദ്രേട്ടന്‍ സമ്മതിച്ചാലും അങ്ങ്  ആകാശത്തിലെ ചന്ദ്രന്‍റെ സമ്മതം കിട്ടിയാലേ സംഗതി നടക്കു എന്നതാണ് അവസ്ഥ! രാത്രിയില്‍ മഞ്ഞള്‍ തേച്ചു മിനുക്കി പ്രത്യക്ഷപ്പെടുന്ന  ഈ ചന്ദ്രന്‍റെ ഒക്കെ നല്ല മുഖങ്ങള്‍ മാത്രമേ പലരും  കണ്ടിട്ടുണ്ടാവു.. പക്ഷെ തനിക്കു റോള്‍ ഉണ്ട് എന്ന് തോന്നിക്കഴിഞ്ഞാല്‍ ചന്ദ്രന്‍ എന്നോ ഗുളികന്‍ എന്നോ ഇല്ല. എല്ലാവരും തനി നിറം കാണിക്കും.


ഇങ്ങനെ അന്യ ഗ്രഹങ്ങളാല്‍ വേട്ടയാടപ്പെട്ടു കല്യാണം വൈകി പോകുന്ന കുറെ മാനവ സുഹൃത്തുക്കള്‍ ഈ ഭൂമിയില്‍ എനിക്കുണ്ട്. അവരില്‍ മിക്കവരും ഇപ്പൊ കേരള മാട്രിമണിയില്‍ കുടിയേറി പാര്‍ത്തിരിക്കുന്നു.മിക്ക സുഹൃത്തുക്കളോടും ചാറ്റ് ചെയ്യണമെങ്കില്‍ ഇപ്പൊ കേരള മാട്രിമണിയില്‍ ലോഗിന്‍ ചെയ്യേണ്ട അവസ്ഥ ആണ് !


ഇങ്ങനെ ഒക്കെ ആണ് ഞാനും എന്റെ കൂട്ടുകാരും ഒക്കെ ഉള്‍പ്പെടുന്ന ലോകത്തിന്‍റെ ഇന്നത്തെ ചിത്രം.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ എനിക്ക് നാട്ടിലെ  ഒരു കൂട്ടുകാരന്റെ ഒരു  കോള്‍ വന്നു. അതി കാലത്ത് തന്നെ വന്ന കോള്‍ ആയതു കൊണ്ട് ആദ്യം ഞാന്‍ വിചാരിച്ചു "പണി കിട്ടി" എന്ന്. സാധാരണ ഇത് പോലെ വരുന്ന കൊളില്‍ കേള്‍ക്കാന്‍ പറ്റുക ഒരു തരം അപേക്ഷ ആയിരിക്കും. "അളിയാ ഞാന്‍ ബാംഗളൂരില്‍ എത്തീട്ടുണ്ട്. ഇപ്പൊ ധാ ഞാന്‍ മജസ്റ്റിക്കില്‍ ബസ്സിറങ്ങി. നീ ഫ്രീ ആണെകില്‍ ഒന്ന് ഇവിടം വരെ വന്നു എന്നെ പിക്ക് ചെയ്യുമോ?"

പക്ഷെ ഇതങ്ങനെ ആയിരുന്നില്ല. സംഭവം ഇത്രയേ ഉള്ളു. അവനു ഒരു പെണ്ണ് കാണാന്‍ പോകണം. കൂടെ പോകാന്‍ ഞാന്‍ കൂടി ഉണ്ടെങ്കില്‍ ഒരു സന്തോഷം. എനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ഒക്കെ ആയി ഒരു നാലഞ്ചു പെണ്ണ്  കാണല്‍ ചടങ്ങില്‍ പങ്കെടുത്ത അനുഭവ പരിചയം ഒരു മുതല്‍ക്കൂട്ട് ആയിരിക്കും എന്ന് കരുതിയായിരിക്കും ഈ കാര്യത്തില്‍ തികച്ചും നവാഗതനായ അവന്‍ എന്നെ കൂട്ടിനു വിളിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ പര്യടനത്തിനു പോകുമ്പോള്‍ അനുഭവ പരിചയം ഉള്ള കുറച്ചുപേര്‍ വേണം എന്നും പറഞ്ഞു വി വി എസ ലക്ഷ്മണിനെ ഒക്കെ ചുമന്നോണ്ട് പോകാറുണ്ടല്ലോ.. ഏതാണ്ട് അതുപോലെ!


എന്തായാലും എന്നെ വിളിച്ചതില്‍  അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം  ആദ്യമായിട്ട് പോകുമ്പോള്‍ അല്പം പരിഭ്രമം സാധാരണമാണല്ലോ . "ഗായത്രിയില്‍ വരുമ്പോള്‍ സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ "

ഞാന്‍ പറഞ്ഞു "എടാ,, ഇന്ന് ബുധനാഴ്ച അല്ലെ .. ഞാന്‍ ശനിയാഴ്ച നാട്ടിലോട്ടു വരാം. എന്നിട്ട്  ശനിയോ ഞായറോ പോകാം... സൗകര്യം പോലെ. എന്തെ? "

അവന്‍ സമ്മതിച്ചു. ഇനി കൂട്ടുകാരനെ കുറിച്ച് രണ്ടു വാക്ക്.

എന്റെ പണ്ട് തൊട്ടേ ഉള്ള കൂട്ടുകാരന്‍ ആണ് അവന്‍.., പേര് അനീഷ്‌ . നല്ല പയ്യന്‍ ആണ്. നല്ല സ്വഭാവം എന്ന് വെച്ചാല്‍ തങ്കപ്പെട്ട സ്വഭാവം. നാട്ടില്‍ തന്നെ ചെറിയ ജോലി ഒക്കെ ആയി കഴിഞ്ഞു കൂടുന്നു. അവന്റെ വീട്ടിനടുത്ത് ഒരു അമ്പലം ഉണ്ട്. അവിടെ ഉത്സവം നടത്തുക , നോട്ടീസ് ഒട്ടിക്കുക. ഉത്സവ പിരിവിനു പോകുക ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍  വ്യാപൃതനായി   സന്തുഷ്ട ജീവിതം നയിച്ച്‌ പോരുന്നു. കണിമംഗലത്തെ ജഗന്നാഥന്‍ എന്നാണ് അവന്‍ അവനെ സ്വയം വിളിച്ചിരുന്നത്.

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ഞാന്‍ നാട്ടില്‍ എത്തി. എത്തിയ ഉടനെ  തന്നെ ഞാന്‍ അവനെ ഫോണ്‍ ചെയ്തു.

"എടാ ഞാന്‍ നാട്ടില്‍ എത്തി. അപ്പൊ എങ്ങനെയാ പരിപാടി? "

     "എത്തിയോ.. ഓക്കേ . നമുക്കപ്പോ  ഒരു പത്തു മണി ആവുമ്പോ പോകാം. എന്തെ? ഞാന്‍ സജിയോടും പറഞ്ഞിട്ടുണ്ട്. അവനും വരുന്നുണ്ട്."

"ഓക്കേ ശരി . പത്തു മണി ആവുമ്പോ ഞാന്‍ സജിയെയും   കൂട്ടി നിന്റെ ബസ്സ്‌ സ്റ്റോപ്പില്‍ എത്താം . അവിടുന്ന് നമുക്ക് ഒരുമിച്ചു പോകാം."

അവനും സമ്മതിച്ചു. സജി  കൂടി ഉള്ളത് കാരണം എന്‍റെ ടെന്‍ഷന്‍ കുറച്ചു കുറഞ്ഞു. കാരണം , അല്ലെങ്കില്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തിയാല്‍ ഞാന്‍  ഒറ്റയ്ക്ക് വല്യ കാരണവരെ പോലെ കാര്യങ്ങള്‍ സംസാരിക്കണമല്ലോ. പയ്യന്‍ ഒത്തിരി ഒന്നും സംസാരിക്കാന്‍ പാടില്ല എന്നാണല്ലോ പൊതുവേ ഉള്ള വെപ്പ്.

പത്തു മണിക്ക് തന്നെ ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചു പെണ്‍ വീട്ടിലേക്കു തിരിച്ചു.ബസ്സിലാണ് യാത്ര.അനീഷിന്‍റെ  വീട്ടില്‍ നിന്നും ഒരു അഞ്ചെട്ടു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു പെണ്‍കുട്ടിയുടെ വീട്ടിലേക്കു എന്നവന്‍ പറഞ്ഞപ്പോ ഞങ്ങള്‍ ചോദിച്ചു

"എടാ പഹയ.. അപ്പൊ ലവ് ആണല്ലേ.. ? !"

"ഹേ അല്ലടാ.. എന്‍റെ ഒരു കൂട്ടുകാരന്‍റെ പരിചയത്തില്‍ ഉള്ള കുട്ടിയ, ഞാന്‍ കണ്ടിട്ടേ ഇല്ല " അനീഷ്‌ പറഞ്ഞു

"ഓഹോ .. എന്നാല്‍ പിന്നെ അവനെ കൂടി വിളിച്ചൂടായിരുന്നോ ? അതാവുമ്പോ ഒരു മീഡിയെറ്റര്‍ ആയല്ലോ. " സജി ചോദിച്ചു.

"ഇല്ല അവന്‍ ഇപ്പൊ നാട്ടില്‍ ഇല്ല. എന്ന് മാത്രമല്ല അവങ്ങനെ വല്യ പരിചയം ഒന്നും ഇല്ല. ജസ്റ്റ്‌ കണ്ടു പരിചയം ഉണ്ട് . അത്രേ ഉള്ളു. "

അവിടെ ചെന്നാല്‍ എന്തൊക്കെ പറയണം എന്തൊക്കെ പറയാന്‍ പാടില്ല എന്നൊക്കെ ഉള്ള സ്ക്രിപ്റ്റ് യാത്രയില്‍ ഉടനീളം ഞാന്‍ മനസ്സില്‍ മെനഞ്ഞു കൊണ്ടേ ഇരുന്നു.

അങ്ങനെ പെണ്ണിന്‍റെ വീടിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. ഒരു മൂന്നു മിനിറ്റ് നടന്നപ്പോള്‍ അല്പം ദൂരെ ആയി വീട് കണ്ടു. അനീഷ്‌  സ്വന്തം വീട്ടിലേക്കു പോകുന്നതു പോലെ ഒരു സംശയവും കൂടാതെ ആ വീട് ലക്ഷ്യമാക്കി നടക്കുന്നത് കണ്ടപ്പോ ഞങ്ങള്‍ക്ക് ഒരു സംശയം

 "എടാ, നിനക്കെങ്ങനെ കൃത്യമായി വീട് കണ്ടു പിടിക്കാന്‍ പറ്റി? ഒരു സംശയം പോലും ഇല്ലല്ലോ.. ?"

"എടാ, വഴി ഒക്കെ ആ കൂട്ടുകാരന്‍ പറഞ്ഞു തന്നിരുന്നു. പിന്നെ ഉത്സവ പിരിവിനും നോട്ടീസ് വിതരണത്തിനും ഒക്കെ ആയി നമ്മള്‍ എത്താത്ത നാടുണ്ടോ ! "

അവന്‍  തെല്ലൊരു അഹങ്കാരത്തോടെ ആണ് അത് പറഞ്ഞത്.
പക്ഷെ  ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം അവനു അറിയാവുന്നതിന്‍റെ   പത്തില്‍ ഒന്ന് പോലും സ്ഥലങ്ങളോ  ആള്‍ക്കാരെയോ  എനിക്കറിയില്ലല്ലോ ! പ്രവാസി ജീവിതത്തിന്റെ സംഭാവന ആണ് നാടിനെയും നാട്ടുകാരെയും കുറിച്ചുള്ള ഈ അറിവില്ലായ്മ.

നാലഞ്ചു സ്റെപ്പു കൂടി മുന്നോട്ട് വെച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നിന്ന് ഞങ്ങളോടായി അനീഷ്‌ പറഞ്ഞു
"എടാ പിന്നൊരു കാര്യം. ഞാന്‍ കാര്യമായി ഒന്നും ശ്രദ്ധിക്കില്ല കുട്ടിയെ. എല്ലാം നിങ്ങള്‍ വേണം നോക്കാന്‍.!. . . മനസ്സിലായല്ലോ....കാര്യം മനസ്സിലായല്ലോ ? "

"ആ കാര്യം നമ്മള്‍ ഏറ്റു ! പിന്നൊരു കാര്യം .. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ ചോദിച്ചത് പോലെ ഓരോ മണ്ടത്തരങ്ങള്‍ ചോദിച്ചു നീ ആയിട്ട് കുളമാക്കതിരുന്നാല്‍ മതി " ഒരു ചിരിയോടെ  സജി പറഞ്ഞു.


"എടാ പിന്നൊരു കാര്യം... അവര്‍ ചായയുടെ കൂടെ എന്തേലും ഒക്കെ കഴിക്കാന്‍ തരും. പെണ്ണിനെ നിനക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ , ഇനി ഒരിക്കലും അവരെ കാണേണ്ടി വരില്ല എന്ന് ഉറപ്പാണെങ്കില്‍...., അങ്ങനെ ആണെങ്കില്‍ മാത്രം  നീ വാരി വലിച്ചു കഴിച്ചോളു .. വേണേല്‍ കുറച്ചു പോക്കറ്റിലും ഇട്ടോ " - എന്നാല്‍ ആവുന്ന ഉപദേശം ഞാനും കൊടുത്തു.

എന്തായാലും നടന്നു നടന്നു വീടിന്റെ അടുത്തെത്തി... നടത്തത്തിനു അല്പം സ്പീട് കുറഞ്ഞു.

"ഇനി ഡീസെന്‍റ് ആവു ..ഡീസെന്‍റ് ആവു !" അനീഷ്‌  ഞങ്ങളെ തോണ്ടി.

വീടിന്‍റെ മുറ്റത്തെത്തി.കൊച്ചു വീട്. പക്ഷെ നല്ല അടക്കവും ഒതുക്കവും വൃത്തിയും ഉണ്ട്. വാതില്‍ അടഞ്ഞു കെടക്കുന്നു. പക്ഷെ അകത്തു ആള്‍ ഉണ്ടെന്നു ഉറപ്പു.അടുക്കളയില്‍ നിന്ന് ആണെന്ന് തോന്നുന്നു ... ചെറിയ ശബ്ദങ്ങള്‍ പുറത്തേക്കു കേള്‍ക്കാമായിരുന്നു.

ഞങ്ങള്‍ മുറ്റത്തു  തന്നെ നിന്നു . ഒന്ന് ചുമച്ചു നോക്കി . ആരും വന്നില്ല. ഒടുവില്‍ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി.വാതില്‍ പതുക്കെ തുറന്നു. ഒരു സുന്ദരികുട്ടി വാതില്‍ തുറന്നു. എന്നിട്ട് ഞങ്ങളുടെ മൂന്നു പേരുടെയും മുഖത്തേക്ക് നോക്കി.

"നല്ല കുട്ടി. എന്തൊരു ഐശ്വര്യം. കൊള്ളാം ഡാ."ഞാന്‍ മനസ്സില്‍ അനീഷിനെ  പ്രശംസിച്ചു.

 പാതി തുറന്ന വാതില്‍ മുഴുവന്‍ ആയി തള്ളി നീക്കി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു

"കേറി ഇരിക്ക്"  - എന്നിട്ട് വരാന്തയിലെ കസേരയിലേക്ക് അവള്‍ കണ്ണോടിച്ചു കാണിച്ചു.

കൊള്ളാം നല്ല തറവാടിത്തവും ആതിഥ്യ മര്യാദയും ഉള്ള കുട്ടി.

അപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം  "ആരാ മോളെ? "

അവള്‍ അടുക്കള ഭാഗത്തേക്ക് നോക്കി അല്പം ഉറക്കെ പറഞ്ഞു

"അമ്മെ,പിരിവിനു വന്നവരാ.. . ഉത്സവത്തിന്‍റെ പിരിവിനു!! " അവള്‍ അകത്തേക്ക് പോയി.

ടപ്പേ... എല്ലാ തകര്‍ന്നു!!! ഞങ്ങള്‍ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി.
"സന്ദേശം ... ശ്രീനിവാസന്‍...... ... ചായ ..സ്ക്രിപ്റ്റ് ! ഹോ എന്തൊക്കെ ആയിരുന്നു !" എല്ലാം പോയില്ലേ ! ഞാന്‍ പതുക്കെ ഉരുവിട്ടു

അനീഷിന്റെ മുഖം വിളറി വെളുത്തിരുന്നു. ചമ്മല്‍ എന്ന് പറഞ്ഞാല്‍ നല്ല എ ക്ലാസ്സു ചമ്മല്‍ !!!

 ഇങ്ങനെ ഒരു ഇമേജില്‍ ഇനി എങ്ങനെ പെണ്ണ് ചോദിക്കും!

"തോമസ്‌ കുട്ടീ വിട്ടോട" എന്ന് പറഞ്ഞു മുകേഷും കൂട്ട്കാരും ഓടുന്നത് പോലെ  അമ്മ വരാന്തയില്‍ എത്തുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കിയാലോ  എന്ന് ഓര്‍ത്തതാ ... പക്ഷെ ഇത് സിനിമ അല്ലല്ലോ! അപ്പഴേക്കും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് അമ്മ എത്തിയിരുന്നു.

അവര്‍ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ അനീഷ്‌ ചാടി കേറി അങ്ങോട്ട്‌ പറഞ്ഞു "ഏച്ചീ, ഞങ്ങള്‍ ഇവിടെ അടുത്ത് ഒരിടം വരെ പോയതാ. വല്ലാത്ത ദാഹം . അപ്പൊ  ഇവിടെ വന്നു കുറച്ചു വെള്ളം കുടിക്കാലോ  എന്ന് കരുതി  കേറിയത "



"ഓഹ്.. അതിനെന്താ ...ഇപ്പൊ തരാം " അവര്‍ അടുക്കളയില്‍ പോയി വെള്ളം കൊണ്ട് വന്നു. മൂന്നു പേരും ശരിക്കും വെള്ളം കുടിച്ചു.



ഒരു പക്ഷെ അങ്ങനെ ചാടി കേറി ചോദിച്ചില്ലായിരുന്നു എങ്കില്‍ അവര്‍ കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ടിനെയോ ഉത്സവത്തെയോ കുറിച്ച് എന്തെങ്കിലും ഒക്കെ പരാമര്‍ശനങ്ങള്‍ നടത്തിയേക്കും എന്ന് ഓര്‍ത്തിട്ടാണ് അവന്‍ ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് പിന്നീടു അവന്‍ തന്നെ പറഞ്ഞു ഞാന്‍ അറിഞ്ഞു.വെറുതെ എന്തിനാ ശവത്തില്‍ കുത്തിക്കുന്നെ എന്ന് പാവം ഓര്‍ത്ത്‌ പോയിക്കാണും!

കല്യാണ കഴിക്കാത്ത യുവാക്കള്‍ ജാഗ്രതൈ ! പിരിവിനു പോകുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.അല്ലെങ്കില്‍ പെണ്ണ് കാണാന്‍ പോകുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടി വരും! :)







2012 ഫെബ്രുവരി 1, ബുധനാഴ്‌ച

ഐ ആം ദി കമ്പനി !!! [ ഇംഗ്ലീഷും ഞാനും ഓര്‍മ്മകളും ]

വീടിന്റെ വരാന്തയില്‍ ഇരുന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഒരു ഓട്ടോ റിക്ഷ  തെക്കോട്ടും മറ്റൊരു  ഓട്ടോ റിക്ഷ  വടക്കോട്ടും  പോകുന്നത് ഞാന്‍ കാണാറുണ്ട്. തെക്കോട്ടുള്ളതു ഹാരീസിന്റെ ചിക്കന്‍ സ്റ്റാളിലേക്ക് കോഴികളെയും നിറച്ചു പോകുന്നതായിരിക്കും. വടക്കൊട്ടുള്ളത് അടുത്തുള്ള  സര്‍ക്കാര്‍ സ്കൂളിലേക്ക് പിള്ളേരെയും കൊണ്ട് പോകുന്നതും!

കയ്യില്‍ ചൊളയുള്ളവര്‍ മക്കളെ രണ്ടാമതൊന്നു ആലോചിക്കാതെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ചൊള ഇല്ലാത്ത പാവം അപ്പന്മാരെ ബ്രെയിന്‍ വാഷ് ചെയ്തു വീഴ്ത്തി തല എണ്ണം തികയ്ക്കേണ്ട ഗതികേടില്‍ ആയി പാവം സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ !  പിസ ഓര്‍ഡര്‍ ചെയ്‌താല്‍ "ഫ്രീ ഹോം ഡെലിവറി" എന്ന് പറയുന്നത് പോലെ പിള്ളേരെ തന്നാല്‍ ഫ്രീ ട്രാന്‍സ്പോര്‍ട്ടെഷന്‍"". ഓഫര്‍ ചെയ്തു. അങ്ങനെ ആ ഓഫറില്‍ അറിഞ്ഞോ അറിയാതെയോ വീണു പോയ ദരിദ്ര കുടുംബങ്ങളിലെ അച്ഛനമ്മമാരുടെ  ചുണക്കുട്ടന്മ്മാരും കുട്ടികളുമാണ് വടക്കോട്ടുള്ള വാനില്‍ നിറയെ.

ഇതാണ് ഇന്നത്തെ കാഴ്ച. 

പക്ഷെ എന്റെ ചെറുപ്പത്തില്‍ ചെക്കനെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കണോ മലയാളം മീഡിയം സ്കൂളില്‍ ചേര്‍ക്കണോ എന്ന കണ്ഫ്യൂഷന്‍ ഒരു ദിവാ സ്വപ്നത്തില്‍ പോലും എന്റെ അച്ഛന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. കാരണം  ഇംഗ്ലീഷ് മീഡിയം എന്ന വാക്ക് ഗ്രാമത്തില്‍ എത്തുന്നതിനു ഏറെ മുന്പ് ആയിരുന്നു ഞാന്‍ എന്ന അവതാരത്തിന്റെ ഒന്നാം ക്ലാസ്സ്‌ പ്രവേശനം. പിറന്നു വീഴുന്ന ഓരോ ഉണ്ണിയും ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ജന്മാവകാശം ആയിരുന്നു അന്ന്. ആ അലിഖിത നിയമത്തില്‍ നാട്ടുക്കൂട്ടങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഒരു എതിര്‍പ്പും ഉണ്ടായിട്ടുള്ളതായി എവിടെയും പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. 

അങ്ങനെ പത്താം ക്ലാസ്സു വരെ മലയാളം മീഡിയത്തില്‍ ഞാന്‍ പഠിച്ചു വളര്‍ന്നു. പഠിച്ചോ എന്നുറപ്പില്ല എന്തായാലും വളര്‍ന്നു.  

ഏതൊരു മലയാളം മീഡിയം കാരനേയും പോലെ എനിക്കും ഇംഗ്ലീഷ് ഭാഷ കടുത്ത വെല്ലുവിളി ആയിരുന്നു. പരീക്ഷ സമയങ്ങളില്‍ ആയിരുന്നു ഇംഗ്ലീഷ് ഭാഷ അതിന്റെ ദംഷ്ട്രകള്‍ കാണിച്ചു  പേടിപ്പിച്ചത്.

  ഇംഗ്ലീഷ് സെക്കന്റില്‍ എസ്സേ ക്വെസ്റ്റ്യനു ഉത്തരം എഴുതുമ്പോള്‍ അവിടവിടെ ആയി  ഇംഗ്ലീഷ് വേര്‍ഡുകള്‍  കിട്ടാതെ വന്നാല്‍ മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിയും , രണ്ടു ഇംഗ്ലീഷ് വേര്‍ഡുകള്‍ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ വേണ്ടി സായിപ്പ് തന്ന "ഈസ്‌" , "ആസ്", "ആര്‍ " എന്നീ  ഗണത്തില്‍ പെട്ടവയില്‍ ഏതു ഉപയോഗിക്കണം എന്നറിയാതെ വരുമ്പോള്‍ ആദ്യം ഈസ്‌ എഴുതി പിന്നെ അതിന്റെ മുകളില്‍ ആസും ആറും എഴുതി ഇംഗ്ലീഷ് മാഷിന്റെ സൌകര്യാര്‍ത്ഥം ഏതു വേണമെങ്കിലും ഉപയോഗിച്ചോട്ടെ ഒന്നിനും ഒരു കുറവും വരരുത് എന്ന് കരുതി അങ്ങനെ വിടും. സഹപാഠികള്‍ പലരും ഇംഗ്ലീഷില്‍ ഉള്ള എന്റെ നൈപുണ്യമായി ഇതിനെയൊക്കെ നോക്കി കണ്ടു. ക്രിക്കറ്റ്‌ ടൂര്ന്നമെന്റില്‍  കെനിയ, ബംഗ്ലാദേശ്,കാനഡ, ഹോളണ്ട് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന സ്വപ്ന ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ ഗ്രൂപ്പ്‌ ചാമ്പ്യന്‍ ആകുന്നതുപോലെ  ഞാന്‍ അവരുടെ ഇടയില്‍ വിരാജിച്ചു എന്നതാണ് സത്യം. 

 "വെള്ളം പോലെ തന്നെ ഇംഗ്ലീഷും അമൂല്യമാണ്‌ .. പാഴാക്കരുത് ഒരു വാക്ക് പോലും"  എന്ന് പോളിസി മുറുകെ പിടിച്ചു നടന്നതിനാല്‍ അനാവശ്യമായി ... എന്തിനു ആവശ്യത്തിനു പോലും ഇംഗ്ലീഷ് ഉപയോഗിക്കാതെ പറ്റുമെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ പത്താം ക്ലാസ് വരെ ഒരു തരത്തില്‍ പിടിച്ചു നിന്നു. 

അടുത്ത അങ്കത്തട്ട് പ്ലസ്‌ ടു ആയിരുന്നു. അവിടെ നിര്‍ബന്ധമായും ഇംഗ്ലീഷ് ആണ് മീഡിയം ! കുടുങ്ങി എന്ന് പറഞ്ഞാ മതിയല്ലോ. എന്നും എസി കോച്ചില്‍ മാത്രം  യാത്ര ചെയ്തിരുന്ന ഒരാളെ പിടിച്ചു മലബാര്‍  എക്സ്പ്രസ്സിന്റെ   ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കെട്ടിയിട്ടു യാത്ര ചെയ്യിപ്പിച്ചത് പോലെ ആയി എന്റെ കാര്യം.ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു വന്ന പിള്ളേര്‍ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഇംഗ്ലീഷില്‍ സംശയങ്ങള്‍ ചോദിച്ചു  എന്നെ പോലുള്ള സര്‍ക്കാരിന്റെ ഉച്ചക്കഞ്ഞി പ്രൊഡക്ട്കളുടെ മുന്നില്‍ ഷൈന്‍ ചെയ്തു വിലസാന്‍ തുടങ്ങി. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന് പറയുന്നത് പോലെ നിറ മിഴികളോടെ ഇതൊക്കെ നോക്കി കാണാനേ എനിക്ക് കഴിഞ്ഞുള്ളൂ.

 ക്ലാസ്സില്‍ എന്നെ പോലെ വേറെയും കുറച്ചു പേരുള്ളതുകൊണ്ട് നേരിയ ആശ്വാസം തോന്നിയിരുന്നു. പൊതുവായ ഇഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ ഉള്ളതിനേക്കാള്‍ അടുപ്പം പൊതുവായ എതിര്‍പ്പുകള്‍ പ്രകടിപ്പുക്കുന്ന വിഭാഗത്തിന്റെ ഇടയില്‍ കാണുമല്ലോ. അങ്ങനെ ഞങ്ങളുടെ ഇടയില്‍ നല്ല ഒരു ബോണ്ട്‌ രൂപപ്പെട്ടു. 

 അങ്ങനെ രണ്ടാഴ്ച പൊട്ടന്‍ ആട്ടം കാണുന്നത് പോലെ കഴിഞ്ഞു പോയി.. അപ്പോഴാണ്‌ ഞാന്‍ ഉള്‍പ്പെടെ ഉള്ള സമുദായത്തിന്റെ ഉദ്ദരണത്തിനായി   പിന്നൊക്കെ ക്ഷേമ വകുപ്പ് മന്ത്രിയെ പോലെ കെമിസ്ട്രി സര്‍ ഒരു ഇടക്കാല ആശ്വാസവുമായി അവതരിച്ചത്. "മലയാളം മീഡിയത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് ആദ്യത്തെ മൂന്നു മാസം അല്പം ബുദ്ധിമുട്ട് ഫീല്‍ ചെയ്യും. അത് കഴിഞ്ഞാല്‍ കംഫെര്‍ട്ടബിള്‍ ആവും. അത്കൊണ്ട് വിഷമിക്കണ്ട" ഇതായിരുന്നു ദൈവിക വചനം!

ആദ്യത്തെ മൂന്നു മാസം ഉഴപ്പാന്‍ ഉള്ള ലൈസന്‍സ് മാത്രമായി അത് മാറി. കണ്ണടച്ച് തുറക്കുംബഴേക്കും മൂന്നു മാസം പിന്നിട്ടു. നാലാം മാസം ഒന്നാം ദിവസം തൊട്ടു ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കാര്യമായി ശ്രമിച്ചു. പക്ഷെ കാര്യങ്ങള്‍ തഥൈവ! പി എസ സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പോലെ ,കെമിസ്ട്രി സര്‍ നെ ഒന്ന്  കണ്ടു പഴയ പ്രസ്താവനയുടെ  കാലാവധി നീട്ടി തരാന്‍ ഒരു നിവേദനം സമര്‍പ്പിക്കാന്‍ മനസ്സ് കെഞ്ചി എങ്കിലും അതിന്റെ പ്രായോഗികതയെ കുറിച്ച് ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ച്. ഇംഗ്ലീഷ് മീഡിയം പിള്ളേരും ഞങ്ങളും തമ്മിലുള്ള സ്പര്‍ദ്ദ വര്‍ദ്ധിച്ചു വന്നു. അവര്‍ തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുമായി ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഒന്നും പുറത്തു കാണിച്ചില്ല.

മാസങ്ങള്‍ പിന്നെയും മുന്നോട്ടു ചെന്നപ്പോള്‍ എപ്പഴോ എങ്ങിനയോ ഒരു വിധം ഞങ്ങള്‍ ഇംഗ്ലീഷ് നോട്  പൊരുത്തപ്പെട്ടു.ക്ലാസ്സില്‍  സംശയങ്ങള്‍ ചോദിക്കുന്ന ശീലം പണ്ട് തൊട്ടേ ഇല്ലാതിരുന്നത് കൊണ്ടും ചോദ്യങ്ങള്‍ ചോദിച്ചാല്‍ മിണ്ടാതെ വടി പോലെ നില്‍ക്കുന്ന ശീലം ഉള്ളതും കൊണ്ടും ഇംഗ്ലീഷ് ഏറെ അങ്ങ്  ഉപദ്രവിച്ചില്ല എന്ന് പറയുന്നതാവുംശരി.

പ്ലസ്‌ ടു വില്‍ നിന്നും ഉള്‍ക്കൊണ്ട് ഊര്‍ജ്ജം ഉപയോഗിച്ച് മൂന്നു വര്ഷം ബി എസ സി ഡിഗ്രി ഓടി തീര്‍ത്തു.

ഒടുവില്‍ എം സി യെ ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയി. അത് വരെ കണ്ണൂരില്‍ മാത്രം ജീവിച്ചു വളര്‍ന്ന ഞാന്‍ തിരുവനന്തപുരത്തെക്കു ചെല്ലുമ്പോള്‍ മനസ്സ് ഉദ്ദ്വേക ഭരിതമായിരുന്നു. പാന്റും ഷര്‍ട്ടും ടൈ യും ഒക്കെ ഇട്ടു ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു കൂട്ടം പിള്ളേര്‍ ആയിരിക്കും അവിടെ എന്ന് കരുതി പേടിച്ചാണ് അങ്ങോട്ട്‌ ചെന്നത്. പക്ഷെ അവിടെ എത്തിയപ്പോള്‍ എല്ലാ പേടിയും അസ്ഥാനത്തായി. ഞാന്‍ പണ്ടേ ഇങ്ങോട്ട് വരേണ്ടതായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു പലരുടെയും ഇംഗ്ലീഷ് ലെ നിപുണത. 

ഇത് തന്നെ തക്കം... ഇനിയെങ്കിലും ഇംഗ്ലീഷ് പഠിക്കണം എന്ന് കരുതി,  കാഴ്ചയില്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവന്‍ എന്ന് പറയുന്ന , ഒറ്റ നോട്ടത്തില്‍ ഇംഗ്ലീഷ് അറിയില്ലെന്ന് തോന്നിപ്പിക്കുന്ന മൂന്നു നാല് പേരെ ഞാന്‍ തിരഞ്ഞു പിടിച്ചു ക്ലാസിനു വെളിയില്‍ കൊണ്ട് പോയി രഹസ്യ യോഗം ചേര്‍ന്നു. ഇംഗ്ലീഷ് അറിഞ്ഞിരിക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു പോകുന്നതിന്റെ  പ്രസ്കതിയെ കുറിച്ചും ഒരു ചെറു പ്രഭാഷണം തന്നെ നടത്തി.  അതില്‍ രണ്ടു പേര്‍  യോഗത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാതെ മൌനം അവലംബിച്ച് നിന്നപ്പോള്‍ അതിനുള്ള മൂല കാരണം അവര്‍ മലയാളത്തെക്കാള്‍ നന്നായി  ഇംഗ്ലീഷ് അറിഞ്ഞിരുന്നവര്‍ ആയിരുന്നതു കൊണ്ടാണ് എന്ന സത്യം ഏറെ വൈകിയാണ് എനിക്ക് മനസ്സിലായത്. എന്തായാലും മീറ്റിംഗ് വെറുതെ ആയില്ല. വരുണ്‍  എന്ന കൂട്ടുകാരന്‍ എന്നോടൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു വാരാന്‍ സമ്മതിച്ചു.

പിറ്റേ ദിവസം വൈകീട്ട് തന്നെ ഞങ്ങള്‍ രണ്ടു പേരും  തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ല്‍  സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു രണ്ടായിരം രൂപ കൊടുത്തു ജോയിന്‍ ചെയ്തു.   ആദ്യ രണ്ടു ദിവസത്തെ ക്ലാസ്സു കഴിഞ്ഞപ്പോള്‍ തന്നെ ഇത് നമുക്ക് പറഞ്ഞ സ്ഥലമല്ലെന്നും ചെറുതല്ലാത്ത  ധനനഷ്ട്ടവും മാനഹാനിയും പിണഞ്ഞിരിക്കുന്നു എന്നും ഞങ്ങള്‍  മനസ്സിലാക്കി. പിറ്റേ ദിവസം രാവിലെ ചെന്ന് ഇനി ഞങ്ങള്‍ ക്ലാസിനു വരുന്നില്ല എന്നും ബാക്കി കാശ് തിരിച്ചു തരണം എന്നും ആവശ്യപ്പെട്ടു നോക്കി എങ്കിലും അവരത് തരാന്‍ തയ്യാറായില്ല.എന്ന് മാത്രമല്ല  ക്ലാസ്സിനു വരാതിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ അവര്‍ ശ്രമം തുടങ്ങുകയും ചെയ്തപ്പോള്‍ ഒരു മാനഭംഗത്തിന് കൂടി  ഇരയാവാതിരിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും അവശേഷിക്കുന്ന മാനം മുറുക്കെ പിടിച്ച് അവിടുന്ന് ഇറങ്ങി ഓടി.  

വര്‍ഷങ്ങള്‍ മുന്നോട്ടു പോയി. ഫൈനല്‍ ഇയര്‍ പകുതി ആയി. ക്യാമ്പസ് റിക്രൂട്ട്മെന്റിനായി അങ്ങും ഇങ്ങും ഓടി നടക്കുന്ന സമയം. ഏതോ ഒരു ദയാനുകമ്പന്‍ എന്നെയും സെലക്ട്‌ ചെയ്തു! കോളേജ് ലെ നിയമം അനുസരിച്ച് ഒരു കമ്പനിയില്‍ സെലക്ഷന്‍ കിട്ടിയവര്‍ മറ്റ് കംപനികളിലെക്കുള്ള ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. 

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ ഒരു പ്രശസ്തമായ കോളേജില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി റിക്രൂട്ടുമെന്റിനായി വരുന്നു എന്നും എന്റെ കോളേജ് ലെ കുട്ടികള്‍ക്ക് അറ്റന്‍ഡ് ചെയ്യാന്‍ പെര്‍മിഷന്‍ ഉണ്ട് എന്നും പ്രിന്സിപാല്‍ അറിയിച്ചത്. സ്വന്തം തട്ടകമായ കണ്ണൂരില്‍ ആണ് സംഭവം നടക്കാന്‍ പോകുന്നത് എന്നതുകൊണ്ട് പിള്ളേരുടെ കൂടെ ഞാനും തിരിച്ചു. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ബോംബും വടിവാളും ഒക്കെ ആയിരുന്നു പലരുടെയും മനസ്സില്‍ . അതുകൊണ്ട് തന്നെ "ഇതൊക്കെ എന്ത് !!" എന്ന ഭാവത്തില്‍ അവരുടെ മുന്നില്‍ ഷൈന്‍ ചെയ്തു നടക്കാന്‍ പറ്റിയ ഒരു അവസരം ആയതുകൊണ്ടും സ്വന്തം നാട് ആയതുകൊണ്ടും ആ യാത്രയിലെ ജാഥാ ലീഡര്‍ ആയി ഞാന്‍ സ്വയം സ്ഥാനാരോഹണം ചെയ്തു. 

ബോംബ്‌ ഞാന്‍ കണ്ടിട്ടുണ്ട് ,,, തൊട്ടിട്ടുണ്ട് .... അതുണ്ടാക്കുന്ന ഒന്ന് രണ്ടു  ചെട്ടന്മ്മാരെ പരിചയം ഉണ്ട് എന്നൊക്കെ ഞാന്‍ പണ്ടേ തട്ടി വിട്ടിട്ടുണ്ടായിരുന്നു . കണ്ണൂരില്‍ നിന്നും വരുന്ന ഒരു ചെറുപ്പക്കാരന്‍ ബോംബും വടിവാളും ഒന്നും കണ്ടിട്ടില്ല എന്ന് പറയുന്നതില്‍ പരം നാണക്കേട്‌ വേറെ ഉണ്ടോ !പക്ഷെ ബോംബെന്ന് കേട്ടാല്‍ ആദ്യം ഓടുന്നത് ഞാന്‍ ആയിരിക്കും എന്ന സത്യം അവര്‍ക്കറിയില്ലല്ലോ. 

അങ്ങനെ കണ്ണൂരില്‍ എത്തി. എന്നിലെ ഉത്തരവാദി കര്‍മനിരതനായി. എല്ലാവരെയും ഒന്‍പതു മണിക്ക് മുന്‍പ് തന്നെ കോളേജില്‍ എത്തിച്ചു. റിക്രൂട്ടുമെന്റ് നടക്കുന്ന ഹാളിനകത്ത് കേറ്റി ഇരുത്തി.കയ്യില്‍ ഒരു ബാഗും പിടിച്ചു ഞാന്‍ പുറത്തു വെയിറ്റ് ചെയ്തു. 

റിക്രൂട്ടുമെന്റ് നടത്താന്‍  വരാമെന്ന് പറഞ്ഞ കമ്പനിയിലെ ആള്‍ക്കാര്‍ ഇത് വരേം എത്തിയിട്ടില്ല. എല്ലാവരും വെയിറ്റ് ചെയ്യുകയാണ്. അപ്പോഴാണ്‌ ചെറിയ ഒരു മൂത്രശങ്ക തോന്നി ഞാന്‍ ടോയിലെറ്റ് ലക്ഷ്യമാക്കി വലതു വശത്തേക്ക് നടന്നത്. എന്റെ കഷ്ടകാലത്തിനു ഞാന്‍ നടന്നു പോയത് സ്റ്റാഫ്‌ റൂം ഭാഗത്തേക്ക് ആയിരുന്നു. കയ്യില്‍ ഒരു ബാഗുമായി അല്പം ജാടയോടെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കുന്ന എന്നെ കണ്ടപ്പോള്‍ രണ്ടു വളണ്ടിയര്‍മ്മാര്‍ ഓടി വന്നു.  

റിക്രൂട്ട് മെന്റില്‍ പങ്കെടുക്കുന്നവര്‍ ആ ഹാളില്‍ ആണ് ഇരിക്കേണ്ടത് എന്ന്  പറഞ്ഞു അവര്‍ ഹാള്‍ ഭാഗത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ചു.അവര്‍ പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു എങ്കിലും അവരുടെ നിലവാരം എന്റെ അത്രയൊക്കെയേ ഉള്ളു എന്ന് ആ ഇംഗ്ലീഷ് കേട്ടപ്പോ എനിക്ക് മനസ്സിലായി. അപ്പൊ രണ്ടും കല്‍പ്പിച്ചു ഒന്ന് കൊമ്പ് കോര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.ഒന്നുമില്ലേലും ഞാന്‍ തലസ്ഥാന നഗരിയിലെ കോളേജില്‍ നിന്നും വരുന്നതല്ലേ !

ഞാന്‍ ടെസ്റ്റ്‌ അറ്റന്‍ഡ് ചെയ്യാന്‍ വന്നതല്ല എന്നും അറ്റന്‍ഡ് ചെയ്യുന്ന അഞ്ചു പത്തു പേര്‍ക്ക് ഒരു കമ്പനിയായി വന്നതാണ് എന്നും അവരെ പറഞ്ഞു മനസ്സിലാക്കിക്കാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു.

"ഐ ആം ദി കമ്പനി"

അത് കേട്ടപ്പോ ആ അല്‍പ ജ്ഞാനികള്‍ ഒന്ന് പകച്ചു പോയി. അവര്‍ മുഖത്തോടു മുഖം നോക്കി. എന്നിട്ട്  അല്‍പ്പം വിനയത്തോടെ സൌമ്യമായ ഭാഷയില്‍  അതില്‍ ഒരുത്തന്‍ എന്നോട് തിരിച്ചു ചോദിച്ചു. 

"സര്‍, യു ആര്‍ ദി കമ്പനി ? ?? "

"ഭാഗ്യം ഞാന്‍ ഉദ്ദേശിച്ചത് അവര്‍ക്ക് മനസ്സിലായി. സ്മാര്‍ട്ട്‌ ബോയ്സ് !" ഞാന്‍ മനസ്സില്‍ പറഞ്ഞു .

"യെസ്... ഐ ആം ദി കമ്പനി " ആത്മവിശ്വാസത്തോറെ ഞാന്‍ പറഞ്ഞു. 

"സര്‍ വണ്‍ മിനിറ്റ് " എന്നും പറഞ്ഞു അവര്‍ രണ്ടു പേരും സ്റ്റാഫ്‌ റൂമിലേക്ക്‌ ഓടി പോയി ഒരു മാഡത്തിനെയും കൂട്ടി തിരിച്ചു വരുന്നത് കണ്ടപ്പോ എനിക്ക് തോന്നി എന്തോ പന്തികേട്‌ സംഭവിച്ചിരിക്കുന്നു എന്ന്. പക്ഷെ എന്താണെന്ന് ഒരു പിടിയും കിട്ടീല്ല. 

മാഡം  എന്റെ അടുത്ത് വന്നു പുഞ്ചിരിയില്‍ കുതിര്‍ന്ന ബഹുമാനത്തോടെ ചോദിച്ചു .

"സര്‍, ആര്‍ യു ഫ്രം ദി കമ്പനി ? "

അത് ശരി.. അപ്പൊ അതാണ്‌ സംഭവം. ചെറിയൊരു മിസ്സ്‌ അണ്ടര്‍സ്റ്റാണ്ടിംഗ്... !!! അതിവിടെ സംഭവിച്ചിരിക്കുന്നു. തീര്തുകൊടുക്കാം. 

ഞാന്‍ പറഞ്ഞു - "നോ നോ ... മൈ ഫ്രണ്ട്സ് ആര്‍ ദേര്‍. ഇന്‍ ദി ഹാള്‍ ...... ഐ ആം ജസ്റ്റ്‌ എ  കമ്പനി !"

"ഓഹ്.. യു ആര്‍ നോട്ട് ഫ്രം ദി കമ്പനി!! യു ആര്‍ ജസ്റ്റ്‌ എക്കംപനിയിംഗ് ദെം!"

"യ യ...  എക്കംപനിയിംഗ്!! എക്കംപനിയിംഗ്!! "

അത് പറയുമ്പോള്‍ എന്റെ മുഖത്തുണ്ടായിരുന്ന ചമ്മല്‍ ഇപ്പഴും എനിക്ക് വര്‍ണ്ണിക്കാന്‍ പറ്റുന്നില്ല. 

പിന്നെ അവിടെ ഒരു പൊട്ടി ചിരി ആയിരുന്നു. ഞാന്‍ ഒഴികെ എല്ലാവരും ആസ്വദിച്ചു ചിരിച്ചു. മാഡം ചിരിച്ചതിനു എനിക്ക് പരാതിയില്ല . പക്ഷെ ആ രണ്ടു വളണ്ടിയര്‍മ്മാര്‍.... അവരുടെ ചിരി... അത് എന്നെ കുറെ കാലം നൊമ്പരപ്പെടുത്തി. !!

വര്‍ഷങ്ങള്‍ കുറെ മുന്നോട്ടു പോയി.ഇന്ന് ഞാന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.വലിയ തരക്കേടില്ലാതെ ഒരു വിധം പിടിച്ച് നില്‍ക്കാനുള്ള ഇംഗ്ലീഷ് ഒക്കെ ദൈവ കൃപയാല്‍ ഞാന്‍ എങ്ങനെയൊക്കെയോ സ്വായത്തമാക്കി.

എന്തായാലും ഇന്ന്  ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ആസ്വദിച്ചു ചിരിക്കാന്‍ എനിക്ക് പറ്റുന്നുണ്ട് ! :)   

                                      --------------------------



2012 ജനുവരി 26, വ്യാഴാഴ്‌ച

കഴുകന്മാര്‍

ഇന്നലെ വരെ താമസിച്ച സ്ഥലമല്ലേ .... ഒന്ന് പോയി കണ്ടിട്ട് വരാം.അത് മാത്രമല്ല ആരോടും ഒരു വാക്ക് പോലും പറയാതെയല്ലേ ഞാന്‍  അവിടം വിട്ടത്. 

 ഇപ്പൊ പണ്ടത്തെ പോലെ അല്ല.. എവിടെ വേണേലും നിമിഷ നേരം കൊണ്ട് പറന്നെത്താം. ദൂരം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. 

നേരെ നാട്ടിലേക്ക് വച്ചുപിടിച്ചു. വീടിനടുത്തുള്ള കവലയില്‍ ഒരാള്‍കൂട്ടം. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഒരു അനുശോചന യോഗം ആണെന്ന് മനസ്സിലായി. 

"അനന്തന്‍ നായരുടെ നിര്യാതം ഒരു മഹാ നഷ്ടം. നാടിനു വേണ്ടി ജീവിതം ഹോമിച്ചയാള്‍ " - പ്രഭാഷകന്‍ സ്ഥലത്തെ പഞ്ചായത്ത് പ്രസിടണ്ട് കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്നു. 


ഞാന്‍  പതുക്കെ അവിടുന്ന് മാറി വാസുവേട്ടന്റെ ചായക്കടയുടെ തിണ്ണയില്‍ ഇരുന്നു. അവിടെയും സംസാരം അനന്തന്‍ നായരുടെ മരണത്തെ കുറിച്ച് മാത്രം.
"കല്യാണം പോലും കഴിക്കാതെ നാടിനു വേണ്ടി ജീവിച്ചയാളാ! " 

വേണ്ട.. ഇവിടെയും ശരിയാവില്ല. 
ഞാന്‍  അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക് കേറി. അവിടെ  ആണെകില്‍ "അനന്തന്‍ നായരെ കുറിച്ച്  ഘോര ഘോരമായ ചര്‍ച്ച. 

അനന്തന്‍ നായരുടെ നിര്യാണത്തില്‍ എല്ലാവരും തുല്യദുഖിതര്‍ ! 

നാട്ടുകാര്‍ ഒക്കെ ഇത്രേം ദുഖിതര്‍ ആണോ ഈ അനന്തന്‍ നായരുടെ നിര്യാണത്തില്‍ !

തെണ്ടികള്‍ ! ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കത്തവരാ.ആദ്യമൊക്കെ ഒരു സ്വാതന്ത്ര സമര സേനാനി എന്ന ബഹുമാനം എങ്കിലും കൊടുത്തിരുന്നു. പക്ഷെ  ഒന്ന് രണ്ടു അഴിമതി കേസുകള്‍ പുറത്തു കൊണ്ട് വരാന്‍ വേണ്ടി ഒന്ന് ശ്രമിച്ചപ്പഴേക്കും രാഷ്ട്രീയക്കാര്‍ എല്ലാവരും കൈ വിട്ടു. കയ്യില്‍ കാശോ മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കാത്ത വീടോ ഇല്ലായിരുന്നു. അവസാനം ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരാഴ്ച പനി പിടിച്ചു കിടന്നു ഒടുവില്‍ ന്യൂമോണിയ പിടിപെട്ടാ  മരിച്ചത്.

സമയത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള കാരുണ്യം എങ്കിലും ഇതില്‍ ഏതെങ്കിലും ഒരുത്തന്‍ കാണിച്ചിരുന്നെങ്കില്‍ .... ഒരു പക്ഷെ ഇവരെ വിട്ടു പിരിയാതെ ഇന്നും ഞാന്‍ ഇവിടെ കാണുമായിരുന്നു. 

വേണ്ട ..ഒരു തരത്തില്‍ നോക്കിയാല്‍  മരിച്ചത് തന്ന്യാ നല്ലത്. അങ്ങനെ എങ്കിലും നാല് പേര്‍ എന്നെ കുറിച്ച് നല്ലത് പറഞ്ഞല്ലോ!










2012 ജനുവരി 12, വ്യാഴാഴ്‌ച

മരണമേ ഇവനെ തലോടു ...


ഏപ്രില്‍ മാസം. ചുട്ടു പൊള്ളുന്ന ചൂട് ...ന്നു വെച്ചാല്‍ " പോപ്‌ കോണ്‍ ചുമ്മാ കയ്യില്‍ വെച്ചാല്‍ വറുത്തു കിട്ടും" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തി കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ.  തലയില്‍  നിന്നും  മുഖത്ത്  നിന്നും  വെള്ളം  ധാര  ധാരയായി ഒഴുകി ശരീരം മുഴുവന്‍ നനച്ചുകൊണ്ട് ഭൂമിയിലേക്ക്‌ പതിക്കുകയാണ്.അല്പം  മുന്‍പേ  മുഖം  ഒന്ന്  തോര്‍ത്തിയിട്ട്  പിഴിഞ്ഞ് വെച്ച  കര്‍ചീഫ്‌  പോക്കെറ്റില്‍ നിന്നും വീണ്ടും  എടുത്തു  ഞാന്‍  മുഖവും തലയും  ഒന്നുകൂടി  തുടച്ചു.

 എ.സി . ഫിറ്റ്‌ ചെയ്ത ചൈനീസ്‌ കുടകള്‍ ഉണ്ടായിരുന്നെങ്കില്‍... അതൊരു 69 രൂപയ്ക്ക് കിട്ടിയിരുന്നെകില്‍ ... മനസ്സ് ചുമ്മാ മോഹിച്ചു പോയി.


 ഇതിനു  മുന്‍പ്  ഇത്രയും  വിയര്‍പ്പ്  ഞാന്‍  കണ്ടിട്ടുള്ളത്  മരം  വെട്ടുകാരന്‍  മമ്മദ്  ഇക്കായ്ക്കും   ക്രിക്കറ്റ്‌  കളിക്കാരന്‍  രാഹുല്‍ ദ്രാവിഡിനും  മാത്രമാണ്.

സൂര്യന്‍  വെയിലാണോ  അതോ ചൂട്  വെള്ളമാണോ   തലയിലേക്ക്  ഒഴിക്കുന്നത് !

ചൂട്  ഓരോ  വര്‍ഷവും  കൂടിവരികയെ ഉള്ളു  എന്ന്  പത്രത്തില്‍ വായിച്ചിരുന്നത്  കൂടി  ഓര്‍ത്തപ്പോ
ഭാവിയില്‍  സൂര്യനും  ഭൂമിയും   തമ്മില്‍  വലിയ  അന്തരം  ഒന്നും  ഉണ്ടാവില്ല  എന്ന്  ഞാന്‍ മനസ്സില്‍  കുറിച്ചു.

 വെയിലിനെ  പഴി  ചാരിയിട്ടു  കാര്യമില്ല.ഒരു  പാട്  ആവശ്യങ്ങള്‍  നിറവേറ്റാനുണ്ട്   എനിക്ക്. പട്ടണത്തില്‍  നിന്നും വാങ്ങിക്കേണ്ട  സാധനങ്ങളുടെ ഒരു  വലിയ  ലിസ്റ്റ്  അമ്മ ഇന്നലെ  രാത്രി  തന്നെ  എഴുതി  തയ്യാറാക്കി  എന്റെ  പേഴ്സിനകത്ത്  വെച്ചിട്ടുണ്ട് .

പട്ടണത്തിന്റെ  നാനാ  ഭാഗങ്ങളില്‍   ചിതറികെടക്കുന്ന   ഷോപ്പുകളില്‍ പലതവണ കേറി  ഇറങ്ങി  ഏറ്റവും  നല്ലത്  നോക്കി  വേണം  വാങ്ങിക്കാന്‍.അത്  കഴിഞ്ഞു  തിരിച്ചു  ബാംഗളൂര്‍ക്ക് പോകാന്‍  ഉള്ള  ടിക്കറ്റ്‌  ബുക്ക്‌  ചെയ്യണം. അങ്ങനെ  ഓരോരോ  കാര്യങ്ങള്‍  ആയി  സാധിപ്പിക്കാന്‍  വേണ്ടിയുള്ള  നെട്ടോട്ടത്തിനിടയിലാണ്  ഹൃദയഭേദകമായ  ഒരു  കാഴ്ച  എന്നെ പിടിച്ചുലക്കിയത്.


പട്ടണത്തിലെ  ഏറ്റവും  തിരക്കുള്ള  വീഥിയില്‍  ഒരു  യാചകന്‍  കെടക്കുന്നു. യാചകര്‍  കിടക്കുന്നത് ആദ്യമായല്ല ഞാന്‍ കാണുന്നത്. പക്ഷെ  ഈ  കാഴ്ച  കണ്ണുകള്‍ക്ക്‌ തീര്‍ത്തും  ദുസ്സഹമായിരുന്നു.


 പൊരി  വെയിലില്‍  വെറും  നിലത്തു  ഫുട്പാത്തില്‍  അയാള്‍  നിശ്ചലനായി  കമിഴ്ന്നു  കിടക്കുന്നു. വലത്തേ  കൈ,  മുട്ടിനു  താഴെ  വെച്ച് ഇല്ല. ഇടത്തേ  കൈക്കാണെങ്കില്‍ കൈപ്പത്തിയും ഇല്ല. ഷര്‍ട്ട്‌  ധരിച്ചിട്ടില്ല. സാമാന്യം  വണ്ണമുള്ള ശരീരം. അയാളുടെ  ഇടത്തെ  കാല്‍,  മുട്ടിനു  താഴെ വെച്ച് മുറിച്ചു മാറ്റിയതിന്റെ പാടുകള്‍ കാണാം.എന്ന്  മാത്രമല്ല  കാല്‍മുട്ടില്‍   വ്രണങ്ങളും  അതില്‍
നിറയെ  ഈച്ചകളെയും  കാണാം. തീര്‍ത്തും  നിശ്ചലനായി  കെടക്കുന്ന  അയാളെ  ശവം  എന്ന്  വിളിക്കുന്നതിനു  ഒരു അപവാദം ഇടയ്ക്കിടെ  തുറക്കുകയും അടക്കുകയും ചെയ്യുന്ന കണ്‍പോളകള്‍   മാത്രം.അയാള്‍  കിടന്നതിനു  അടുത്തായി  തറയില്‍ ഒരു  കുഞ്ഞു  തൂവാലയും  വിരിച്ചിട്ടുണ്ട്. അതില്‍  ധാരാളം  നാണയതുട്ടുകളും  അല്പം  നോട്ടുകളും  കാണാം.


ഞാന്‍ വഴിയില്‍  നിന്നും  രണ്ടടി  പിറകോട്ടു  മാറി  കമ്പി  വേലിയില്‍  ചാരി  നിന്ന്  നിര്‍ന്നിമേഷനായി  ആ മനുഷ്യനെ തന്നെ നോക്കി നിന്നു.

 പൊതുവേ  യാചകരെ  കാണുമ്പോള്‍  മനസ്സില്‍  പറയാറുള്ളത്  "നല്ല  ആരോഗ്യം   ഉണ്ടല്ലോ ... എവിടെയെങ്കിലും  പോയി മാന്യമായി  അദ്ധ്വാനിച്ചു  ജീവിച്ചു  കൂടെ ? "എന്നായിരുന്നു .

 തീര്‍ത്തും  ശുഷ്കിച്ച്   ആരോഗ്യം  തൊട്ടു  തീണ്ടിയിട്ടില്ലാത്ത ചിലരെ  കണ്ടാലും  ഞാന്‍ കാശ്  കൊടുത്തിരുന്നില്ല. കാരണം  ഇതൊക്കെ  ഭിക്ഷാടനത്തെ  പ്രോത്സാഹിപ്പിക്കുകയെ  ഉള്ളു.മലയാളികള്‍  ഇങ്ങനെ  കാശ്  എറിയുന്നത്  കൊണ്ടാണ്  ഇവിടെ  ഭിക്ഷക്കാരുടെ  എണ്ണം  അനുദിനം കൂടിവരുന്നത് .

 ഇങ്ങനെ ഒക്കെ ഉള്ള ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചായിരുന്നു ഇത്രേം കാലം പട്ടണത്തില്‍ വന്നത്.

പക്ഷെ ഇത്തവണ .... ആ കാഴ്ച കണ്ടപ്പോ പത്തു  പതിനഞ്ചു  മിനുട്ടോളം  ഞാന്‍  ആ  യാചകനെ  തന്നെ  നോക്കി  നിന്നു. ഇടയ്ക്ക്  ചില  കുഞ്ഞു  കുട്ടികള്‍ പട്ടിക്കു  ബിസ്സുറ്റ്  എറിഞ്ഞു  കൊടുക്കുന്നത്  പോലെ  എറിഞ്ഞു  കൊടുത്ത  നാണയ  തുട്ടുകള്‍  തറയില്‍  വീണു  തെറിച്ച്   ആ മനുഷ്യന്റെ   കണ്ണില്‍  കൊണ്ടപ്പോള്‍  എന്റെ കണ്ണും വേദനിച്ചു .

 എന്റെ മനസ്സില്‍  ചിന്തകള്‍  കൂടുകെട്ടി  തുടങ്ങി.

 ഇയാള്‍ക്ക്  ഒരു  കുടുംബം  ഉണ്ടാവുമോ ?
 ഭാര്യയോ  മക്കളോ  ആരെങ്കിലും  ഒക്കെ  ഉണ്ടാകില്ലേ ?
 അല്ല  ഇനി  ജന്മനാ   ഇയാള്‍  ഇങ്ങനെ  ആണോ ?
 ഇനിയിപ്പോ  ഇങ്ങനെ  ആണെങ്കില്‍  തന്നെ  ജന്മ്മം  കൊടുത്ത  ഒരു  അച്ഛനും  അമ്മയും  ഉറപ്പായിട്ടും  ഉണ്ടാവില്ലേ ?

ഉത്തരം  കിട്ടാത്ത  ഒരു  പാട്  ചോദ്യങ്ങള്‍  അനര്‍ഗ്ഗളമായി  പ്രവഹിച്ചുകൊണ്ടിരുന്നു.

ഒരു  പക്ഷെ  ഇയാളുടെ  അച്ഛനും  അമ്മയും  മരിച്ചു  പോയി  കാണും. അല്ലെങ്കില്‍  ചെറുപ്പത്തില്‍  സ്കൂളില്‍  പോകുന്ന  വഴിയില്‍ വല്ലവരും  ഇയാളെ  തട്ടിക്കൊണ്ടു  പോയി  കൈ  കാലുകള്‍  വെട്ടി  കളഞ്ഞു ഭിക്ഷാടനത്തിന് വിട്ടതാവാം. സ്കൂളില്‍ പോയി വരുമ്പോള്‍ ഏതോ കള്ളസ്വാമി വന്നു  മിഠായി കൊടുത്ത്  കുട്ടികളെ തട്ടിക്കൊണ്ടു പോയ കഥകള്‍ എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അപ്പൊ അതിലൊക്കെ വാസ്തവം ഉണ്ടെന്നാണോ? 

" സര്‍വൈവല്‍ ഓഫ്  ദി  വീകെസ്റ്റ് " എന്നായിരിക്കും പിച്ചക്കാരുടെ  വിജയ മന്ത്രം.

 ഇയാളെ  എന്നും രാവിലെ  നേരം  വെളുക്കുന്നതിനു  മുന്‍പ്  ഇവിടെ  കൊണ്ട് വന്നു  വിടുന്നത്  ആരായിരിക്കും?
വൈകീട്ട്   അയാളെ  തിരിച്ചു  കൊണ്ട്  പോകുന്നത്  ആരായിരുക്കും?
 അല്ല ഇയാള്‍ ഇവിടെ തന്നെ മരണവും കാത്തു കിടക്കുകയാണോ?
അങ്ങന എങ്കില്‍ ഇയാള്‍ക്ക് കാശ് എന്തിനാണ് ?
ഈ  കാശൊക്കെ  ഇയാള്‍ക്ക്  തന്നെ  കിട്ടുന്നുണ്ടാവുമോ?

ഒരു  പക്ഷെ  ഇയാളുടെ  വേണ്ടപ്പെട്ട  ആരെങ്കിലും  ഒക്കെ  ആയിരിക്കാം എന്നും ഇവിടെ കൊണ്ട് വരുന്നതും കൊണ്ട് പോകുന്നതും. അല്ലെങ്കില്‍ പിച്ചക്കാരെ  വെച്ചു  മുതലെടുക്കുന്ന  ഒരു  സംഘം  ആയിരിക്കാം ഇതിനു പിന്നില്‍. അങ്ങനെ  ഉള്ള  സംഘം  പട്ടണത്തില്‍  വ്യാപകമാണെന്ന് 
പത്രത്തില്‍  വായിച്ചിരുന്നു ഞാന്‍. 

ആ  നിലയ്ക്ക്  നോക്കുമ്പോള്‍  ഈ  കൊടുക്കുന്ന  കാശ്  ഇയാള്‍ക്ക്  തന്നെ  കിട്ടുമോ? കിട്ടുന്നില്ലെങ്കില്‍  , കാശ്  കൊടുക്കുന്നതില്ലൂടെ  പരോക്ഷമായി  ഞാനും ആ ക്രൂരതയ്ക്ക്  കൂട്ട് നില്‍ക്കുകയല്ലേ  ചെയ്യുന്നത്? 

ചോദ്യങ്ങള്‍ക്ക്  പഞ്ഞമില്ല. ഉത്തരങ്ങള്‍  പറയേണ്ട  മനുഷ്യനാണ് ഇവിടെ ശവം  പോലെ  കിടക്കുന്നത്. 

പെട്ടെന്ന് മൊബൈല്‍ ശബ്ദിച്ചത് കേട്ടാണ് ചിന്തകളുടെ ആ ലോകത്ത് നിന്നും ഞാന്‍ തിരിച്ചു വന്നത്.
" മോനെ  നീ  വരുമ്പോള്‍  രണ്ടു  പാക്കറ്റ്  പാലും  കുറച്ചു  ചിക്കനും  വാങ്ങിക്കണേ "- അമ്മ  ആയിരുന്നു. ഇത് എന്നും പതിവുള്ളതാണ്. എത്ര വലിയ ലിസ്റ്റ് തന്നു വിട്ടാലും എന്തെങ്കിലും ഒക്കെ വിട്ടു പോയി കാണും. 

 ഓഫീസില്‍ സഹ പ്രവര്‍ത്തകര്‍ ആരെങ്കിലും ഇത് പോലെ റിക്വസ്റ്റ് ഉം ആയി വന്നിരുന്നു എങ്കില്‍   "സോറി, ലാസ്റ്റ് മിനിറ്റ് ചേഞ്ചസ് ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല " എന്ന് പറഞ്ഞു നിഷ്കരുണം തള്ളിയേനെ. 

കാഴ്ച  കണ്ടു  കളയാന്‍  തനിക്കു  സമയമില്ല.ആ  യാചകനെ സഹായിക്കണം. കാഴ്ചകളു ടെ ദൈന്യതയ്ക്കു മുന്നില്‍ ഒടുവില്‍ ഞാന്‍ എന്റെ ആദര്‍ശ കുപ്പായം ഊരി വെച്ചു.

അനുകമ്പയാര്‍ന്ന മനസ്സോടെ പതിയെ ഞാന്‍  ആ  ജീവച്ഛവത്തിന്റെ  അടുത്തു  ചെന്ന്. പോക്കെറ്റില്‍ നിന്നും 20 രൂപ   നോട്ട് എടുത്തു  നിലത്തുള്ള  തൂവാലയില്‍  വെച്ചു. 

ചെയ്തത് ശരിയോ തെറ്റോ എന്ന് എനിക്കറിഞ്ഞുകൂട. എന്നാലും   ദൈന്യതയുടെ  നേര്‍ക്കഴ്ചയ്ക്ക്  നേരെ  നീട്ടിയ  കണ്ണീരില്‍   പൊതിഞ്ഞ  ഈ  ഇരുപതു  രൂപ , ഒരിക്കലും  ...ഒരിക്കലും  ... കൊടും  ക്രൂരതയ്ക്ക്  വില  പേശുന്ന നരാധമന്മാരുടെ   ഭണ്ടാരങ്ങളില്‍   ചെന്ന് വീഴരുതേ  എന്ന് ഞാന്‍  പ്രാര്‍ത്ഥിച്ചു.

 മെല്ലെ അവിടെ  നിന്നും  എഴുന്നേല്‍ക്കുമ്പോള്‍ അവസാനമായി ഞാന്‍ ആ  മനുഷ്യന്റെ  കണ്ണുകളില്‍ ഒന്ന്  നോക്കി. ആ  കണ്ണുകളില്‍  ഒന്നോ  രണ്ടോ  തുള്ളി  കണ്ണുനീര്‍  തങ്ങി  നില്‍ക്കുന്നതായി എനിക്ക് തോന്നി. 

ഒരു  പക്ഷെ  എന്നോടുള്ള  നന്ദി  അയാള്‍  കണ്ണുകളില്‍ കൂടി  ആനന്ദാശ്രു  ആയി  പ്രകടിപ്പിച്ചതാവാം .അല്ലെങ്കില്‍  ഈച്ചകള്‍  കാലിലെ  വ്രണത്തില്‍  കുത്തുമ്പോള്‍  ഉണ്ടാകുന്ന  അസ്വസ്ഥത  ആ  കണ്ണുകളില്‍  കൂടി പെയ്തിറങ്ങിയതാവാം . 

നാളെ ഇതും ഒരു പതിവ് കാഴ്ചയായി മാറുമ്പോള്‍ ഇതിലും വലിയ ക്രൂരതകള്‍ നടമാടിയ മറ്റൊരു ശരീരം ഇതേ സ്ഥാനത്ത് നിക്ഷേപിക്കപ്പെടും! അതറിയാഞ്ഞിട്ടല്ല!

 ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു.ഇനി എന്താണ് വാങ്ങിക്കേണ്ടത് എന്നറിയാന്‍  പോക്കെറ്റില്‍ നിന്നും ലിസ്റ്റ് എടുത്ത്  ഞാന്‍ കണ്ണോടിച്ചു. അതില്‍ മല്ലിയും മുളകും ഒന്നുമല്ല ഞാന്‍ കണ്ടത്. ആ പാവം മനുഷ്യന്റെ ദയനീയ ചിത്രം മാത്രമായിരുന്നു. 












2012 ജനുവരി 7, ശനിയാഴ്‌ച

മുഖംമൂടികള്‍

 അലമാരിയില്‍  ചിതലുകള്‍  ഘോഷയാത്ര  നടത്തുന്നത്  കണ്ടപ്പോഴാണ്  അതിനകത്ത് വെച്ചിട്ടുള്ള  സാധനങ്ങള്‍ ഓരോന്നായി അയാള്‍  വലിച്ചു പുറത്തേക്കിട്ടത്..അപ്പോഴാണ്‌  കൂടോത്രം  പോലെ  പൊതിഞ്ഞു  വെച്ചിരിക്കുന്ന  എന്തോ  ഒന്ന്  തികച്ചും യാദ്രിശ്ചികമായി  അയാളുടെ കയ്യില്‍ വന്നുപെട്ടത്. സ്വച്ചന്ദമായി  വിഹരിക്കുന്ന ചിതലുകള്‍ ആ പൊതിയുടെ  ഒരു ഭാഗം കാര്‍ന്നു തിന്നതിന്റെ പാടുകള്‍ അവിടവിടെയായി കാണാമായിരുന്നു.


  ചിതലുകളെ  തട്ടി  മാറ്റി അയാള്‍  പൊതി  തുറന്നു  നോക്കി. ഒരു  കീ  ചെയിന്‍ !അതിനോട്  ഒരു  ടാഗും  കെട്ടിയിട്ടിട്ടുണ്ട്. ആ  ടാഗില്‍  ഇങ്ങനെ  എഴുതിയിരുന്നു.

"വിത്ത്‌  ലവ് , യുവര്‍ ... "  ബാക്കി  ഭാഗം കാണാനില്ല . ചിതലുകള്‍ തിന്നിരിക്കുന്നു.

 ആര്  തന്നതായിരിക്കും  ഇത് ? റീമ ?...ലീഷ്മ ?....പ്രീത ?... സമീറ? ..ഇന്ദു ?

ബി.ടെക്  പഠന കാലത്ത് തന്റെ  പിറന്നാളിന്  ഏതോ  ഒരു കൂട്ടുകാരി  തന്നതാണ്  ഇത് .

കൂട്ടുകാരന്‍ അല്ല കൂട്ടുകാരി ആണ് എന്നുറപ്പാണ് .കാരണം  ഒരു  ആണ്‍കുട്ടി  മറ്റൊരു  ആണ്‍കുട്ടിക്ക്  ഗിഫ്റ്റ്  കൊടുക്കാറില്ലല്ലോ. അങ്ങനെ  ചിന്തിക്കുന്നത് പോലും  ആണ്‍  തറവാട്ടിലെ  അലിഖിത  നിയമ പ്രകാരം കുറ്റകരമാണ് .സൊ  പെണ്‍കുട്ടി  തന്നെ.

അയാള്‍ വിചാരണ നടത്തി തുടങ്ങി... വിധിയും പ്രഖ്യാപിച്ചു

 റീമ  ആവാന്‍  വഴിയില്ല ... അവള്‍  ജീരക മിഠയി   പോലും  ആര്‍ക്കും വെറുതെ കൊടുക്കാറില്ല. ലീഷ്മ യുനിവേര്സല്‍  ആക്സപ്ടര്‍ ആണ് .ഡോണേഷന്‍ ഇല്ല.
പിന്നെ  ചാന്‍സ്   ഉള്ളത്  പ്രീതയ്ക്കും  സമീറയ്ക്കും   ഇന്ദുവിനും  ആണ്.

 അയാള്‍  കണ്ണടച്ച്  ഒരു  നിമിഷം ആലോചിച്ചു. എന്നിട്ട്  മൊബൈല്‍  എടുത്തു രണ്ടും കല്‍പ്പിച്ചു   പ്രീതയുടെ  നമ്പര്‍  കുത്തി.

"ഹൈ  പ്രീത , ഞാന്‍  ആശിഷ്  ആണ് "
"ഹേയ്  ആശിഷ് ! വാട്ട്‌  എ  സര്‍പ്രൈസ് !! എന്താ  ഇപ്പൊ ? എവിടെയാ  നീ ?"

ഒരു  ദീര്‍ഘകാലത്തെ  ഇടവേളയ്ക്കു  ശേഷമാണ്  സംസാരിക്കുന്നത്  എന്ന്  തോന്നിപ്പിക്കുന്ന  എല്ലാം  അവരുടെ സംസാരത്തില്‍  ഉണ്ടായിരുന്നു. അല്പനേരത്തെ  കുഷലാന്വേഷനങ്ങള്‍ക്ക്  ശേഷം  അയാള്‍  പറഞ്ഞു

"പ്രീത , നിനക്കറിയോ ... നീ  പണ്ട്  എന്റെ  ബര്‍ത്ത്ഡേക്ക്  ഒരു  ഗിഫ്റ്റ്  തന്നിരുന്നില്ലേ . ഒരു  കീ  ചെയിന്‍ ?? ഓര്‍മ്മയുണ്ടോ ?? ഒരു നീല കളര്‍ ?"

 "ഹ്മം ...കീ  ചൈനോ?... ഏതു ? ഓഹ് ..ഓക്കേ  ഓക്കേ . ബര്‍ത്ത്ഡേ ഗിഫ്റ്റ്  ആയിട്ട്  തന്നത്... അല്ലെ ? ഒരു ബ്ലൂ കളര്‍ അല്ലെ? ... എന്താടാ  എന്ത്  പറ്റി  അതിനു?

(ഹാവൂ .. അപ്പൊ  എന്റെ  ഗസ്  കറക്റ്റ് !. ഇനി  ഞാന്‍  ഏറ്റു  ) വിജയശ്രീ ലാളിതനായി അയാള്‍ മനസ്സില്‍ പറഞ്ഞു.

"ഓര്‍മയുണ്ടല്ലെ ! ... ആ  കീ  ചെയിന്‍ ... അതാണ്‌  ഞാന്‍  ഇപ്പഴും  യൂസ്   ചെയ്യുന്നത് ... എനിക്കത്  കളയാന്‍  തോന്നുന്നില്ലെട"

( പണ്ട്തൊട്ടേ  പെണ്‍കുട്ടികളെ ഓരോന്ന് പറഞ്ഞു  സുഖിപ്പിക്കുന്നതില്‍ ഒരു വല്ലാത്ത ആനന്ദം അയാള്‍ കണ്ടെത്തിയിരുന്നു)

. " ഈ ഭൂമിയില്‍ ഒരു സൃഷ്ടിയും പാഴല്ല. ഒരു പെണ്ണിനെ വിളിക്കാന്‍ ഒരു കാരണവുമായി ചിതലുകള്‍ വന്നത് കണ്ടില്ലേ. ചിതലുകളെ നിങ്ങള്ക്ക് നന്ദി "-  അയാള്‍ മനസ്സില്‍ ചിതലുകളെ പ്രശംസിച്ചു.

" റിയലി ?.. ഈവെന്‍   ആഫ്റ്റര്‍  8 യിയെര്‍സ് !   സ്റ്റില്‍  യൂസിംഗ്  ദാറ്റ്‌ !!  സൊ  നൈസ്  ഓഫ്  യു  ഡിയര്‍ . ഹാപ്പി ടു ഹാവ് എ ഫ്രണ്ട് ലൈക്‌ യു !" അവള്‍  ആനന്ദ പുളകിതയായി.

 " ഐ  ടൂ  ലവ്  യു  ഡിയര്‍ "

 "കോള്‍  യു  ലേറ്റര്‍   ഡാ.. ബിറ്റ്  ബിസി  നവ് ..ചലോ...ബൈ "

"ബൈ . ക്യാച്ച് യു ലേറ്റര്‍"

അയാള്‍ കോള്‍ കട്ട്‌ ചെയ്തു.ഒരു കള്ള ചിരിയോടെ കീ  ചെയിന്‍  ഒരിടത്ത്  മാറ്റിവെച്  വീണ്ടും  ക്ലീനിങ്ങിലെയ്ക്ക് തിരിഞ്ഞു. അവിശ്വസനീയം എന്ന് പറയട്ടെ  ചിതല്‍  തിന്നു  തീര്‍ത്തു  എന്ന്  കരുതിയ ടാഗിന്റെ ആ  ബാക്കി  ഭാഗം അലമാരിയില്‍  ഒരിടത്ത് നിന്നും അയാള്‍ കണ്ടെടുത്തു!
 ആ  ടാഗുകള്‍ അയാള്‍  കൂട്ടി  യോജിപ്പിച്ചു. അതിലെ വാചകം കണ്ടു അയാള്‍ ഞെട്ടിപ്പോയി.

"വിത്ത്‌  ലവ് , യുവര്‍  ഫ്രണ്ട്  ഇന്ദു" !!!!








                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...