2012, ജനുവരി 5, വ്യാഴാഴ്‌ച

ബാല്യകാലം


   പ്രകൃതിയുമായി  തുന്നി  ചേര്‍ത്ത ഒരു ബാല്യകാലം എനിക്കുണ്ട്. അതിന്റെ  താളുകള്‍  മറിച്ചുനോക്കുമ്പോള്‍  കിളികളുടെ ചിറകടി  ഒച്ച  കേള്‍ക്കാം ...കണ്ടത്തിലെ ചെളിയുടെ മണമറിയാം ... ഇളംകാറ്റില്‍  മാങ്ങകള്‍  വീഴുന്ന  ശബ്ദം കേള്‍ക്കാം ...വേനലവധിക്കാലത്തെ  വെയില്‍  ഊറ്റിക്കുടിച്ച  വിയര്‍പ്പിന്റെ  ശേഷിച്ച  തുള്ളികള്‍ കാണാം...ചൂണ്ടയില്‍  കുരുങ്ങി പിടയുന്ന  മീനിന്റെ  വെപ്രാളം  കാണാം.ഒരുപക്ഷെ  ഇങ്ങനെയൊക്കെ അവകാശപ്പെടാന്‍  പറ്റുന്ന ബാല്യകാലം സ്വന്തമായുള്ള  അവസാനത്തെ  ജനറേഷന്‍ എന്റെതായിരിക്കാം!


 ജോലിക്ക്  പ്രവേശിച്ചതിന്  ശേഷം  ആദ്യമായാണ്   ഒരാഴ്ച  ലീവിന്  നാട്ടില്‍  വരാന്‍   പറ്റുന്നത്. സാധാരണ  രണ്ടോ  മൂന്നോ  ദിവസം  മാത്രമായിരിക്കും  അവധി .നമ്മള്‍ക്ക്  മാത്രം  ചെയ്യാന്‍  പറ്റുന്ന ജോലി  ആയതുകൊണ്ടോ  നമ്മളെ  കൊണ്ട്  പ്രത്യേകിച്ച്   എന്തെങ്കിലും   കാര്യം  ഉള്ളതുകൊണ്ടോ  ഒന്നുമല്ല. എന്നാലും ഒരാഴ്ചത്തെ  ലീവ്  ചോദിക്കുമ്പോള്‍  തന്റെ  ഒരേക്കര്‍  സ്ഥലം  വെറുതെ  കൊടുക്കുന്ന  പോലെ  ആണ്  മനേജറിനു .

  അതുകൊണ്ട് ഇത്തവണ അപ്രതീക്ഷിതമായി  കിട്ടിയ  ഒരാഴ്ചത്തെ   അവധിക്കാലം  ഞാന്‍  ശരിക്കും  അങ്ങാഘോഷിച്ചു.ബന്ധുജനങ്ങളെയും  സുഹൃത്തുക്കളെയുമെല്ലാം സന്ദര്‍ശിച്ചതിനു  ശേഷം വെറുതെ  കടന്നു  പോകുമായിരുന്ന ഒരു ശനിയാഴ്ച ദിവസം ഞാന്‍  പഴയ  സ്കൂളില്‍  ഒന്ന്  പോകാന്‍  തീരമാനിച്ചു.

   വിദ്യയുടെ  ആദ്യാക്ഷരങ്ങള്‍  പകര്‍ന്നു  തന്ന ആ  സരസ്വതി  മന്ദിരം സന്ദര്‍ശിക്കുന്നത്  ഏറെ  കാലത്തിനു  ശേഷമാണ് . ചീറിപായുന്ന  ബസ്സുകള്‍ ആരാധനാലയങ്ങള്‍ക്കു  മുന്നില്‍  എത്തുമ്പോള്‍  യാത്രക്കാരില്‍  ചിലര്‍  ഒരു  മിന്നായം  പോലെ  ഒന്ന്  കണ്ണടച്ച്  പ്രാര്‍ഥിക്കുന്നത്  പോലെ  ഞാനും  ഇത്  വഴി  ബസ്സില്‍  സഞ്ചരിക്കുമ്പോള്‍  മനസ്സില്‍  ഒന്ന്  വന്ദിക്കാറുണ്ട് - ഈ  വിദ്യാലയത്തെ.

 സ്കൂളിലേക്ക്  പോകുന്ന  ഈ  വഴിയുടെ  ഇരു  വശത്തും  ഒരുപാട്  ഓര്‍മ്മകള്‍  വീണു  കിടപ്പുണ്ട് . മിക്കതിനും   മുകളില്‍ ഇന്ന്  കോണ്‍ക്രീറ്റ്  സൌധങ്ങള്‍  കെട്ടിപടുത്തിട്ടുണ്ട് .ശ്രീരാമന്റെ  പാദസ്പര്‍ശം  ഏറ്റപ്പോള്‍  അഹല്യ എന്നപോലെ  എന്റെ  ഓരോ കാല്‍വെപ്പിലും  ഓര്‍മ്മയുടെ  തുടിപ്പുകള്‍  ഉയിര്‍ത്തെഴുന്നേറ്റു  വന്നു.


 വീട്ടില്‍ നിന്നും  കഷ്ടിച്ച്  ഒരു  കിലോമീറ്റര്‍  അകലെയാണ്  സ്കൂള്‍. 10 മണിക്ക്  തുടങ്ങുന്ന  ക്ലാസിനു  9.45 ആവുമ്പോള്‍ വീട്ടില്‍  നിന്നും  ഇറങ്ങും.വീട്ടില്‍  നിന്നും  സ്ചൂളിലെക്കുള്ള  റോഡിന്റെ  ഒരു  വശത്ത്‌  തോടാണ്.ഒരു  കയ്യില്‍  കുറേ പുസ്തകങ്ങളും  പെന്നും  പെന്‍സിലുകളും മഞ്ചാടിക്കുരുക്കളും  നിറച്ച  ഒരു  അലുമിനിയം  പെട്ടി. മറ്റേ  കയ്യില്‍  ഉച്ചയൂണ്‍ നിറച്ച  ഒരു  കുഞ്ഞി  ഡബ്ബ.

"മോനെ  വണ്ടി  വരുമ്പോള്‍  ശ്രദ്ധിക്കണം. റോഡിന്റെ  സൈഡിലൂടെ  മാത്രമേ  നടക്കാവൂ" എന്ന്  ഉപദേശിച്ച്  മുടി  ചീകിത്തന്നു അമ്മ  എന്നെ  യാത്രയാക്കും.

  വീട്ടില്‍  നിന്നും  ഇറങ്ങി  അല്പദൂരം  ചെന്ന്  അമ്മയുടെ  കണ്‍വെട്ടത്തു   നിന്നും  ഒത്തിരി അകലെ  എത്തിയതിനു  ശേഷം  രണ്ടു  കയ്യിലേയും  സാധനങ്ങള്‍  താഴെ  റോഡില്‍  ഇറക്കിവെച്ച്  വഴിയോരത്ത്  നിന്നും ഒരില  പിഴുതെടുത്ത്  തോട്ടിലെ  വെള്ളത്തിലേക്ക്‌  ഇടും. മഴക്കാലത്ത്  നല്ല  ഒഴുക്കായിരിക്കും  വെള്ളത്തിന്‌. എന്നിട്ട്  ആ  ഇലയുടെ  കൂടെ  അതിനെ  നോക്കിക്കൊണ്ട്  പാതയോരത്ത്  കൂടി  ഞാനും  നടക്കും. തോട്ടിലെ  കല്ലുകളിലോ  കുറ്റിക്കാടിലോ വെള്ളത്തിന്റെ ചുഴിയിലോ  പെട്ട്  തങ്ങിനിന്ന്  ഒഴുകാന്‍  പറ്റാതെ  ആയാല്‍  വഴിയില്‍നിന്നും  കല്ലുകള്‍  പെറുക്കി  ഇലയുടെ ചുറ്റും എറിഞ്ഞു ഓളങ്ങള്‍ സൃഷ്ടിച്  വീണ്ടും ട്രാക്കിലേക്ക് തിരിച്ചു കൊണ്ടുവരും.അങ്ങനെ  പലദിവസങ്ങളിലും സ്ചൂളിലെക്കുള്ള  യാത്രയില്‍  എന്റെ ഉറ്റചങ്ങാതി  ഇലയായിരുന്നു.കൂട്ടുകാര്‍ കൂടെ ഉണ്ടെങ്കില്‍ എല്ലാവരും സ്വന്തം പേരില്‍  ഇലകള്‍ ഇറക്കി ആദ്യം ലക്ഷ്യസ്ഥാനത്ത് എത്താന്‍ വേണ്ടി മത്സരിക്കുമായിരുന്നു.


10 മണിക്ക്  പ്രാര്‍ത്ഥന  ചൊല്ലിയത്തിനു  ശേഷം  ക്ലാസ്സ്‌  തുടങ്ങും .പിന്നെ  മുളവടി  കഷണങ്ങള്‍  കൊണ്ട്  100  വരെ  എണ്ണിയും ടീച്ചരുറെ കയ്യില്‍നിന്നും   സ്ലേറ്റില്‍  "ശെരി"   വാങ്ങാന്‍  വേണ്ടി  മത്സരിച്ചും  ശെരി   കിട്ടികഴിഞ്ഞാല്‍  അതിന്റെ  വലുപ്പചെറുപ്പങ്ങള്‍  കൂട്ടുകാരുടെ
ശെരിയുമായി  താരതമ്യം  ചെയ്തു  കലഹിച്ചും  ഇടവേളകളില്‍  കളിച്ചും  ചിരിച്ചും  നാല്  മണി  വരെ  സമയം  കളഞ്ഞത് ഈ  വിദ്യാലയത്തില്‍  ആയിരുന്നു. ചില  വിരുതന്മാര്‍  ക്ലാസ്സ്‌ റൂം  ഒരു  കക്കൂസ് ആക്കിയപ്പോഴും  അവരെ  ചെറുതായി  ഒന്ന് ഉപദേശിച്ചതിന്  ശേഷം  സ്വന്തം  മക്കളെ  പോലെ  അവരുടെ  ചന്തി  കഴുകിക്കൊടുത്ത  മാതൃതുല്യരായ അധ്യാപികമാര്‍  ഈ  വിദ്യാലയത്തില്‍
ഉണ്ടായിരുന്നു. വേറെ ചിലര്‍  ക്ലാസ്സില്‍  ശര്‍ദ്ദിക്കുമ്പോള്‍  ആഘോഷം   പോലെ  പുറത്തേക്കോടി  മണല്‍  വാരി   കൊണ്ട്  വന്നു അവിടം  മൂടിയതുമെല്ലാം  സ്കൂള്‍ ജീവിതത്തിലെ നനുത്ത ഓര്‍മ്മകളാണ്


കുരുത്തക്കേട്‌  കാണിച്ചതിന്   കൃഷ്ണനെയും  ഉത്തമനെയും  മോഹനന്‍  മാഷ്‌  തല്ലുന്നതും, തല്ലിന്റെ  നിലവാരം  കൂട്ടാന്‍  വേണ്ടി ചില  വിദ്വാന്മാര്‍   പറമ്പത്ത്  നിന്നും  ചൂരല്‍  കൊണ്ട് വന്നു  മാഷിനു  കൊടുത്തതും,സ്കൂള്‍  ലീഡര്‍  ആയ  ഞാന്‍ ലോങ്ങ്‌  ബെല്‍  അടിക്കാന്‍  വേണ്ടി  കയ്യില്‍  മുട്ടിയും  പിടിച്ചു  4 മണി  ആവാന്‍  വേണ്ടി  കാത്തിരുന്നതുമെല്ലാം  ഇന്നും മനസ്സില്‍  നിന്നും  മാഞ്ഞിട്ടില്ല.


വൈകീട്ട്  ക്ലാസ്സ്‌  കഴിഞ്ഞാല്‍  കൂട്ടുകാരോടൊപ്പം  ആടിയും  പാടിയും  ആണ്  വീട്ടില്‍  എത്തിയിരുന്നത് .വഴിയോരത്ത്  നിന്നും സ്ലേറ്റ്‌  മായിക്കാനുള്ള  മഷി  തണ്ടുകള്‍  പറിച്ചെടുത്ത്  പെട്ടിയില്‍  വെക്കുമായിരുന്നു. പിന്നെ  ഗോപാലന്‍ മണിയാണിയുടെ  മാവിലെ ഉണ്ണി  മാങ്ങകള്‍  പിഴുതെടുത്തതും  അമ്പുഅച്ചാച്ചന്റെ  മാവിലേക്ക്‌  കല്ലെറിഞ്ഞും  ഒടുവില്‍  "ആരെടാ  മാങ്ങയ്ക്ക്  കല്ലെറിയുന്നത്‌ ????"എന്ന്  അമ്പു  അച്ചാച്ചന്‍   ഉറക്കെ  അലറുമ്പോള്‍  പേടിച്ചോടിയതുമെല്ലാം  ഈ  വിദ്യാലയ  ഓര്‍മകളുമായി  കൂട്ടിചേര്‍ത്തു  വായിക്കേണ്ടതാണ്.


സ്കൂള്‍  വിട്ടു  വീട്ടിലെത്തികഴിഞ്ഞാല്‍   പുസ്തകപ്പെട്ടി  വലിച്ചെറിഞ്ഞു  നേരെ  ഒരു  പോക്കാ... കളിക്കാന്‍.ആ കാലത്ത് ക്രികെറ്റിലോ ഫുട്ബാളിലോ മാത്രമായി തളചിട്ടിരുന്നില്ല ഞങ്ങളെ ആരും.  വൈവിധ്യമാര്‍ന്ന ഒരു  പാട് കളികളില്‍ വ്യാപ്രുതരായിരുന്നു  അന്നത്തെ ബാലകന്മ്മാര്‍. കൂട്ടുകാരികളോടൊപ്പം  ചോറും  കറിയും  വെച്ചുള്ള  കളിയും,മണ്ണപ്പം  ചുട്ടുള്ള   കളിയും,നിലത്തു കളം വരഞ്ഞു ഒറ്റക്കാലില്‍  ചാടിക്കൊണ്ടുള്ള  "മല"  കളിയും  പിന്നെ  കൂട്ടുകാരന്മാരോടൊപ്പം  കാക്ക  കളി, ഡപ്പ  കളി  (ചട്ടി  കളി) , ക്രിക്കറ്റ്‌  , ഫുട്ബോള്‍  എന്നീ  കളികളും കളിച്ചു ഉല്ലസിച്ചു. പിന്നെ  എല്ലാവരും  ഒരുമിച്ച്  ആണെങ്കില്‍  "ആകാശം  ഭൂമി"  കളിയും, "കുളം  കര " കളിയും
കണ്ണ്  പൊത്തി  കളിയും  "കള്ളനും  പോലീസും"  കളിയും , "കളര്‍ കളര്‍ " കളിയും  അങ്ങനെ  അങ്ങനെ  എന്തോരം  കളികള്‍!

ഈ  കളികള്‍  എല്ലാം  കൊടികുത്തി  വാണിരുന്നത്‌  ഓണം,ക്രിസ്മസ്, മധ്യവേനലവധി  സമയത്ത്  ആയിരുന്നു.മറ്റൊരു പ്രധാന  കളി  ഗോട്ടി  കളി  ആയിരുന്നു.ഗോട്ടികളിയിലെ രാജാക്കന്മാരായിരുന്നു  സിനീഷും  ജെനുവും. അവധിക്കാലം തീരുമ്പോള്‍  തങ്ങളുടെ  ആ സീസണിലെ സമ്പാദ്യമായ ഗോട്ടികള്‍  കാലിയായ  പാല്‍പ്പൊടി  ടിന്നിലും  പല വലുപ്പത്തിലുള്ള അളുവിലും  കുത്തി നിറച്ച്
ഇവര്‍  രണ്ടു   പേരും  അവരുടെ  വീട്ടു  പറമ്പില്‍  കുഴിചിടുമായിരുന്നു. അടുത്ത അവധിക്കാലം വരെ അവ കുഴിക്കുള്ളില്‍ നിര്‍വൃതിയാണ്ട് കിടന്നു.

മറ്റൊരു പ്രധാന വിനോദം മാങ്ങ  എറിഞ്ഞിടലാണ് . ഒത്തിരി  പൊക്കമുള്ള  മാവില്‍ മാങ്ങകള്‍ ഏറെയുള്ള ചില്ലകള്‍ ലക്ഷ്യമിട്ട്  എറിഞ്ഞു  വീഴ്ത്തുമ്പോള്‍ ആ മാങ്ങകള്‍ ഓടി ചെന്നെടുത്ത് ചുന കളയുന്ന ജോലി കൂട്ടുകാരികള്‍ക്കായിരുന്നു.ഏറെ എറിഞ്ഞിട്ടും  മാങ്ങ  ഒന്നും  വീണില്ലെങ്കില്‍ എവിടെ  നിന്നോ  മെല്ലെ  ഓടിയെത്തുന്ന  ഇളം  കാറ്റിന്റെ ചെവിയില്‍  "കാറ്റേ  കാറ്റേ
വീശു  നീ .. മാങ്ങേ  മാങ്ങേ  വീഴ്  നീ " എന്ന്  കൂട്ടത്തോടെ  പാടിയതും  ഒടുവില്‍  ദാനം  പോലെ ഒന്നോ  രണ്ടോ  മാങ്ങ വീണതും  അത്  ഓടി  ചെന്നെടുത്തതും  എല്ലാം  ഇന്നലെ  കഴിഞ്ഞ  പോലെ.

ഓണക്കാലത്ത്  പൂക്കള്‍  തേടി  വളപ്പില്‍  ഓടി  നടന്നിട്ടുണ്ട്. അപ്പോള്‍   അറിയാതെ  ഒന്ന്  മുട്ടി  പോയതിനു തൊട്ടാല്‍വാടി  ചെടി പരിഭവം കാണിച്ചിട്ടുണ്ട്. ഉപ്പിലയുടെ  ഇലകള്‍  കോട്ടിപിടിച്ച്   ഈര്‍ക്കില്‍ കഷണങ്ങള്‍ കൊണ്ട് തുന്നി ചേര്‍ത്ത്  അതില്‍  ചുവന്ന  മുരിക്കിന്‍  പൂക്കള്‍  നിറച്ചിട്ടുണ്ട് .. ചെമ്പക മരത്തില്‍  കല്ലെറിഞ്ഞു  വെള്ള  ചെമ്പകപ്പൂക്കള്‍  വീഴ്ത്തിയിട്ടുണ്ട്...ഒരു പകല്‍ മാത്രം ആയുസുള്ള മഞ്ഞ കളറിലുള്ള പൂക്കളുടെ ഉള്ളില്‍ നിന്നും വണ്ടിനെ പിടികൂടി തീപ്പെട്ടി കൂട്ടിലാക്കി അതിന്റെ മുരളല്‍ കേട്ട് രസിച്ചിട്ടുണ്ട്...മറ്റുള്ളവരെ രസിപ്പിച്ചിട്ടുണ്ട് .മഞ്ഞിന്‍  കണങ്ങള്‍  കടിച്ചു  തൂങ്ങിനില്‍ക്കുന്ന  പുല്ലിന്റെ  അറ്റം  എടുത്ത്  കണ്ണില്‍  തലോടിയപ്പോള്‍  അനുഭവപ്പെട്ട  ആ  കുളിര്‍മ്മ ... അച്ചടി  ഇലകള്‍  പിഴുതെടുത്  തുടയില്‍  വെച്ച്   ശക്തിയായി   ഒന്ന് അമര്‍ത്തിയത്തിനു   ശേഷം  ഇല  മാറ്റി  തുടയില്‍ പതിഞ്ഞിരിക്കുന്ന  ഇലയുടെ  വെള്ള  ചിത്രം  നോക്കി  രെസിചിട്ടുണ്ട് ...തരിശു  ഭൂമിയില്‍  തഴച്ചു  വളരുന്ന പുല്ലിന്റെ  കൂര്‍ത്ത മുനയുള്ള  ഭാഗം  പിഴുതെടുത്  മുന്നില്‍  നടന്നു  പോകുന്ന  കൂട്ടുകാരന്റെ  യുനിഫോം ഷര്ട്ടിലേക്ക് എറിഞ്ഞു  വേദനിപ്പിച്ചിട്ടുണ്ട് ...പച്ച  തെങ്ങോല  മടഞ്ഞു  അതുകൊണ്ട്  തിരിട്ടം  ഉണ്ടാക്കി ...ബോള്‍  ഉണ്ടാക്കി ... ആ ബോള്‍  വെച്ച്   തലമ  കളിച്ചു ...ഈര്‍ക്കില്‍  ചെറിയ  കഷണങ്ങള്‍  ആക്കി  മുറിച്ചു ഈര്‍ക്കില്‍  കളി  കളിച്ചു...സമചതുര  കളങ്ങള്‍  വരഞ്ഞു   നിര  കളിച്ചു ... തീരെ  ചെറുതല്ലാത്ത  ഉരുണ്ട  കല്ലുകള്‍  കൊണ്ട്  "കൊത്തന്‍  കല്ലു"കള്‍ കളിച്ചു ...ചിരട്ടകള്‍  വടിയുടെ  രണ്ടറ്റത്തും  വാഴനാരു  കൊണ്ട്  കെട്ടിതൂക്കി  ത്രാസ്  ഉണ്ടാക്കി  കച്ചവടം  ചെയ്തു  ...വാഴയില  കൊണ്ട്  കുഞ്ഞി പായ  മെടഞ്ഞു ... മാവിന്റെ  കൊമ്പത്ത്  ഊഞ്ഞാല  കെട്ടി അതില്‍  ഓല  മടല്‍  കൊണ്ട്  സീറ്റ്‌  ഉണ്ടാക്കി...ഫിഷര്‍  ഹവായ്  ചപ്പലുകള്‍  വട്ടത്തില്‍  വെട്ടിയെടുത്ത്  ടയറുകള്‍  ഉണ്ടാക്കിയിട്ട്  ഉജാലപ്പാട്ടായുടെ താഴെ ഭാഗത്ത്‌ കൂടെ തുളച്ചു കേറ്റിയ കമ്പിന്റെ രണ്ടറ്റത്തും ഈ ടയറുകള്‍ ഫിറ്റ്‌ ചെയ്ത്   അടപ്പിന്റെ  ഭാഗത്ത്‌ നീളം കൂടിയ എന്നാല്‍ വണ്ണം  കുറഞ്ഞ  ഓല  മടല്‍  കുത്തിക്കേറ്റി  വണ്ടി  ഉണ്ടാക്കി  ഓടിച്ചു  കളിച്ചു ... തക്കാളി  പെട്ടിയ്ക്ക്‌  ഈ  ടയറുകള്‍ ഫിറ്റ്‌  ചെയ്ത്  ലോറി   ഉണ്ടാക്കി  കെട്ടി  വലിച്ചു.

അങ്ങനെ രസകരമായ എന്തോരം കളികള്‍... ഇതൊക്കെ ഓര്‍ക്കുന്ന ഈ വേളയില്‍ ഞാനും ഒരു കൊച്ചു കുഞ്ഞിനെ പോലെ ചെറുതായതായി എനിക്ക് തോന്നി.


തുറസ്സായ  സ്ഥലത്ത്  അല്പം  ഭക്ഷണം  വിതറി  അതിനു മുകളില്‍  ഒരു  കമ്പിന്റെ  സഹായത്തോടെ  ഒരു കൂട്ട  പകുതി  ഉയര്‍ത്തിവെച്ച്  കംബിനോട് ഒരു  കയര്‍  കെട്ടി  അതിന്റെ  മറ്റേ  അറ്റം കയ്യില്‍  പിടിച്ചു   ദൂരെ  വരാന്തയില്‍ മൈനയെ കാത്തിരുന്നു ഒടുവില്‍ മൈന വന്നു ഭക്ഷണം  കൊത്തുമ്പോള്‍  കയര്‍  വലിച്ചു  കൂട്ട  വീഴ്ത്തി മൈനയെ പിടിക്കുന്ന ഷിജു..
ചൂണ്ടയില്‍  മണ്ണിരയെ  കോര്‍ത്ത്‌  മീനിനെ  വഞ്ചിച്ച  പ്രിനീഷ് ...
തോട്ടിന്റെ  വക്കത്തുള്ള  മാളങ്ങളില്‍  നിന്നും  വല്ലപ്പോഴും  പുറത്തേക്കു  എത്തി  നോക്കുന്ന  ഞാന്ടിനെയും  കാത്ത്  ഊരാംകുടുക്കുമായി  കാത്തു  നിന്ന  അനൂപ്‌...
കലക്കവെള്ളത്തില്‍  തോര്‍ത്തുമുണ്ട്  ഇറക്കി  മീന്‍  വേട്ട  നടത്തുന്ന  റിജു...

ഇവരെല്ലാം എന്റെ കളിക്കൂട്ടുകാര്‍ ... ലോകത്തിന്റെ പലകോണുകളില്‍ ഇരുന്നു ഇതൊക്കെ വല്ലപ്പോഴുമൊക്കെ ഇവര്‍ ഓര്‍ക്കുന്നുണ്ടാവും.. കാരണം  ഈ  ഓര്‍മകളുടെ  ലഹരിയില്‍ നിന്നും മുക്തി നേടാന്‍ ആര്‍ക്കും ആവില്ല.

ഇന്നത്തെ  ബാല്യമേ  പറയൂ .. ഇത്രയും  സമ്പല്‍സമ്രിദ്ധി   അവകാശപ്പെടാന്‍ നിനക്ക് പറ്റുമോ? പറ്റില്ലെങ്കില്‍  നീ   അല്ല  കുറ്റക്കാരന്‍ ... ഞാന്‍  ആണോ  എന്നെനിക്കറിയില്ല. കമ്പ്യൂട്ടര്‍  ഗെയിമുകളിലും ട്യൂഷന്‍  സെന്‍റരുകളിലും വിരാജിക്കുവാന്‍ വിധിക്കപ്പെട്ടതായി പോയി നിന്റെ കാലം. നിനക്ക്  കളിക്കാന്‍ പറമ്പുകളോ പറിക്കാന്‍ പൂക്കളോ എറിയാന്‍ മാവുകളോ ഒന്നും ഞാന്‍  ബാക്കി വെച്ചില്ല...അങ്ങനെ ബാക്കി വെക്കുന്നതിനെ കുറിച്ച ഞാന്‍  ചിന്തിച്ചിരുന്നോ എന്നും എനിക്കറിഞ്ഞൂടാ.














22 അഭിപ്രായങ്ങൾ:

  1. ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങളില്‍ പലരും അനുഭവിചിട്ടുണ്ടാവും... പക്ഷെ പ്രാദേശികമായി അവ അറിയപ്പെട്ടത് വ്യത്യസ്തമായ പേരുകളില്‍ ആയിരിക്കും എന്ന് മാത്രം. എല്ലാവരാലും അറിയപ്പെടുന്ന പേരുകളില്‍ അവ ഇവിടെ കുറിച്ചിടാന്‍ എനിക്ക് കഴിയാതെ പോയതില്‍ മാപ്പ് .

    മറുപടിഇല്ലാതാക്കൂ
  2. നമ്മള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ജോലി ആയതുകൊണ്ടോ നമ്മളെ കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും കാര്യം ഉള്ളതുകൊണ്ടോ ഒന്നുമല്ല. എന്നാലും ഒരാഴ്ചത്തെ ലീവ് ചോദിക്കുമ്പോള്‍ തന്റെ ഒരേക്കര്‍ സ്ഥലം വെറുതെ കൊടുക്കുന്ന പോലെ ആണ് മനേജറിനു .

    അത് മാനേജര്‍മാരുടെ സ്ഥായിയായ ഭാവമാണ്...

    കൊള്ളാം ബാല്യകാലത്തേക്ക് ഒരു തിരിച്ച് പോക്ക്(പലര്‍ക്കും)

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, ജനുവരി 6 3:36 PM

    എന്നാലും ഒരാഴ്ചത്തെ ലീവ് ചോദിക്കുമ്പോള്‍ തന്റെ ഒരേക്കര്‍ സ്ഥലം വെറുതെ കൊടുക്കുന്ന പോലെ ആണ് മനേജറിനു .

    അത് കലക്കി!

    നല്ല പോസ്റ്റ്‌. വെറുതെ സെന്റി ആകി!.

    മറുപടിഇല്ലാതാക്കൂ
  4. @ചെലക്കാണ്ട് പോടാ :- ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

    @അടക്കാമരം :- കമന്റിനു നന്ദി. സെന്റി ആക്കിയെങ്കില്‍ സോറി :)

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2012, ജനുവരി 7 1:05 PM

    നന്നായിട്ടുണ്ട് , ഈ പറഞ്ഞ മധുര നിമിഷങ്ങളില്‍ ചിലയിടത്തെങ്കിലും കൂട്ടായി ഞാനും ഉണ്ടായിരുന്നെന്ന് അഹങ്കാരത്തോടെ ഓര്‍മ്മിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. കുട്ടിക്കാലത്തിലേക്ക് കൈ പിടിച്ചു നടത്തിയതിനു ഒരായിരം നന്ദി

    മറുപടിഇല്ലാതാക്കൂ
  7. മാഷേ Notalgia അടിപ്പിച്ചു പണ്ടാരം അടക്കി കളഞ്ഞു !!!

    മറുപടിഇല്ലാതാക്കൂ
  8. പ്രജിത്തേ, കൊള്ളാം.. പക്ഷെ എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ... ! മാനേജര്‍, ഒരേക്കര്‍ സ്ഥലം... ഇതൊക്കെ അവരുടെ സ്ഥിരം സ്വഭാവം തന്നെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരുമെങ്കിലും അങ്ങനെ ഒരു കാലം ഓര്‍ക്കാന്‍ ഓര്‍മ്മകളില്‍ പോലും ഇല്ലാത്ത ജെനറേഷന്റെ കാര്യം പറയാന്‍ വേണ്ടി എഴുതിയതാ.. :thanks for the comment

      ഇല്ലാതാക്കൂ
  9. kannine eeran aniyikkunna ee ormakalil chilathengilum entet kudi an...ipo orkuvan verum orma matramaya oru bhalyakaalam...

    മറുപടിഇല്ലാതാക്കൂ
  10. വെറുതെ ഒരു മടക്കയാത്ര . ഒരു പ്രവാസി ആയതിന്റെ ദുക്കം ഇപ്പോയും മനസ്സില്‍ കിടന്നു നീറുന്നു

    മറുപടിഇല്ലാതാക്കൂ
  11. പ്രജിത്തെട്ട നന്നായിട്ടുണ്ട് ,നമുക്കെനി ആ പഴയകാലം തിരിച്ചു കിട്ടുമോ,കൊതിയാവുന്നു .........

    മറുപടിഇല്ലാതാക്കൂ
  12. ഒരിക്കലും തിരിച്ച് കിട്ടില്ല. പകരം നമ്മുടെ കുഞ്ഞുങ്ങൾക്ക് അതിന്റെ ഒരു അംശം എങ്കിലും നല്കാൻ നമുക്ക് സാധിച്ചാൽ അവരിലൂടെ നമുക്കും ആസ്വദിക്കാം

    മറുപടിഇല്ലാതാക്കൂ
  13. ഇത് വായിച്ച ഓർമയുണ്ട്...പക്ഷെ സത്യമായും..ഇങ്ങനൊരു ബ്ലോഗ് നെ കുറിച്ച് ഒരു ഊഹവും ഇല്ലാരുന്നു ...

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. "അറിയാതെ ഒന്ന് മുട്ടി പോയതിനു തൊട്ടാല്‍വാടി ചെടി പരിഭവം കാണിച്ചിട്ടുണ്ട്.." തികച്ചും സ്വാഭാവികമായ ഈ പ്രയോഗം പക്ഷെ ഒരു നൊമ്പരമായി ഉള്ളിൽ തറച്ചു..നന്നായി...

    കുട്ടിക്കാലത്തെ കുസൃതികളും വികൃതികളും പറഞ്ഞാലും എഴുതിയാലും തീരില്ല സുഹൃത്തേ..ഒരിക്കലൂം തിരിച്ചു കിട്ടില്ല എന്നറിയാമെങ്കിലും അറിയാതെ കൊതിച്ചു പോകുന്നു ആ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ..ഒരല്ലലും ഇല്ലാതെ ഒരു തുമ്പിയെ പോലെ പാറി നടന്ന മധുരമനോഹര കാലം..പക്ഷെ ഇത്രയും മനോഹരമായ ഒരു കാലം നമ്മുടെ മക്കൾക്ക് കൊടുക്കാൻ കഴിയുന്നില്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരു കുറ്റബോധം..ഈ തെറ്റിന് കാലം പോലും മാപ്പു നൽകില്ല..അവരുടെ ബാല്യം തട്ടിയെടുത്തതിന്..അത് കമ്പ്യൂട്ടറിന്റെയും ടിവിയുടെയും മുന്നിലേക്ക് മാറ്റിയതിന്..എവിടെയൊക്കെയോ ഒരു നീറ്റൽ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശീമക്കൊന്നയും പ്ലാവും മാവും ഒക്കെ അതിർത്തി നിർണ്ണയിച്ചിരുന്ന , പരന്നു കിടക്കുന്ന ആ നാടും വീടും വിട്ട് മറ്റൊരു ദേശത്തു സ്‌ക്വയർ ഫിറ്റുകൾ എണ്ണി തിട്ടപ്പെടുത്തി വിലപേശി വാങ്ങിയ അകത്തളത്തിൽ നമ്മളെ- നമ്മുടെ കുട്ടികളെ- നമ്മൾ തളച്ചിടുമ്പോൾ, തളച്ചിടാൻ വിധിക്കപ്പെടുമ്പോൾ സ്പൈഡർ മാനും സൂപ്പർ മാനും ചോട്ടാ ഭീമും ഒക്കെ ആയി അവരുടെ ബാല്യം നിറയുന്നു. അവർ ദുഖിതരല്ല. എന്തൊക്കെ കിട്ടിയോ അതൊക്കെ വെച്ചാണ് അവരുടെ കുട്ടിക്കാലത്തിന്റെ സമ്പൽ സമ്രിദ്ധി അവരും അളക്കുന്നത് അല്ലാതെ അവർക്കു കിട്ടാതെ പോയെ നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് അവർക്കൊന്നും അറിയില്ല. നാട് ഓടുമ്പോൾ നടുവേ ഓടാനല്ലേ നമുക്ക് പറ്റു. ഇനിയും വ്യാകുലപ്പെടുന്നതിൽ കാര്യമില്ല .



      അഭിപ്രായം അറിയിച്ചതിനു നന്ദി :)

      ഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...